26 December 2024, Thursday
KSFE Galaxy Chits Banner 2

പുസ്തകത്താളിൽ പുരുഷനായി ജീവിക്കേണ്ടി വന്ന സാഹിത്യകാരി

വലിയശാല രാജു
ലേഖനം
July 14, 2024 2:15 am

ലോക ബാലസാഹിത്യത്തിൽ ശ്രദ്ധേയമായ വ്യക്തിയാണ് ജെ കെ റോളിങ്. ഒരൊറ്റ കഥാപാത്രത്തിൽ നിന്നും കോടീശ്വരിയായ ബാലസാഹിത്യകാരി. ഹാരി പോട്ടർ വായിക്കാത്ത കുട്ടികൾ കുറവായിരിക്കും മുതിർന്നവർക്കും അവർ പ്രിയങ്കരിയാണ്. പ്രസിദ്ധയായപ്പോഴാണ് അവർ ഒരു സ്ത്രീയാണെന്ന് ലോകം തിരിഞ്ഞറിഞ്ഞത്. റോളിങ് എന്ന് കേൾക്കുമ്പോൾ അതൊരു പുരുഷനല്ലേ എന്ന് സംശയിക്കാം. അത് അവരുടെ പിതാവിന്റെ പേരിന്റെ അവസാന ഭാഗമാണ്. ഏതൊരു സാധാരണ എഴുത്തുകാരിയെയും പോലെ ദുർഘടം പിടിച്ച വഴികളിലൂടെ തന്നെയായിരുന്നു ഇവരുടെയും തുടക്കം. ആദ്യം എഴുതിയതൊക്കെ തൃപ്തി തോന്നാത്തത് കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു. തൃപ്തി തോന്നിയ ആദ്യ ഹാരിപോട്ടർ നോവലായ ‘ഹാരിപോട്ടർ ആൻഡ് ദ് ഫിലോസഫേർസ് സ്റ്റോൺ’ 1995ൽ എഴുതി തീർത്ത് പ്രസിദ്ധികരണത്തിന് കൊടുത്തപ്പോൾ 12 സ്ഥാപനങ്ങളാണ് നിരസിച്ചത്. അവസാനം പ്രസിദ്ധികരിക്കാമെന്നേറ്റ ബ്ലൂംസ്‌ബെറി ഒരു നിബന്ധന മുന്നോട്ട് വച്ചു . നോവൽ അവർക്ക് ഇഷ്ടപ്പെട്ടു. പക്ഷെ എഴുത്തുകാരിയുടെ പേര് മാറ്റണം. ജോവാൻ റോളിങ് എന്നതിന് ചെറിയ മാറ്റം. ജോവനാനെന്ന സ്ത്രീ നാമം മാറ്റി റോളിങ് എന്ന പുരുഷ നാമത്തിൽ മാത്രമാക്കണം. ഈ മാറ്റത്തിന് പ്രസിദ്ധികരണശാല പറഞ്ഞ കാരണം, ഒരു സ്ത്രീയുടെ കഥ വായിക്കാൻ ആൺകുട്ടികൾ ഇഷ്ടപ്പെടില്ലെത്രെ! അവസാനം ജെ കെ റോളിങ് എന്ന പേരിൽ നോവൽ 1997ൽ പ്രസിദ്ധീകൃതമായി. ഹാരിപോട്ടർ വൻ ഹിറ്റായി. എഴുത്തുകാരി കോടീശ്വരിയും. ആദ്യ നോവലിന് ശേഷം ആറ് ഹാരിപോട്ടർ നോവലുകൾ അവർ എഴുതി. എല്ലാം വമ്പൻ ഹിറ്റുകൾ. മുതിർന്നവർക്ക് വേണ്ടിയും അഞ്ച് നോവലുകൾ അവരെഴുതിയിട്ടുണ്ട്.

ബ്രിട്ടണിൽ 1965ലാണ് പീറ്റർ ജെയിംസ് റോളിങ്ങിന്റെയും ആനി റോളിങ്ങിന്റെയും മകളായി ജോവാൻ റോളിങ് ജനിച്ചത് അടുപ്പമുള്ളവർ ജോ എന്ന് വിളിച്ചു. മാതാ പിതാക്കൾ കമിതാക്കളായിരിക്കുമ്പോൾ ജോയെ അമ്മ ഗർഭത്തിൽ വഹിച്ച് കഴിഞ്ഞിരുന്നു. പിറക്കാൻ പോകുന്ന കുട്ടിയെ നന്നായി വളർത്താൻ വേണ്ടിയാണ് അവർ വിവാഹിതരായത്. അപ്പോൾ 19വയസ് മാത്രമായിരുന്നു ഇവർരണ്ട് പേർക്കും പ്രായം. 1965 മാർച്ചിലായിരുന്നു വിവാഹം ആ വർഷം ജൂലൈയിൽ ജോവാൻ ജനിക്കുകയും ചെയ്തു. ഇവർക്ക് ഒരു അനുജത്തി കൂടിയുണ്ട്. വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ജോവാൻ ജോലികൾ ചെയ്തുതുടങ്ങി. അമ്മയുടെ മരണം അവരെ ആകെ ഉലച്ചു. അതോടെ പിതാവുമായും അകന്നു. 1992ൽ പരിചയപ്പെട്ട ഒരു പോർട്ട്ഗീസ് പത്രപ്രവർത്തകനെ വിവാഹം കഴിച്ചു. ആ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല.

ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടായിരുന്നു. കുഞ്ഞിനെ വളർത്താൻ വളരെ കഷ്ടപ്പെട്ടു. അതിനിടക്ക് ജോലിയും പോയി. തുടര്‍ന്നാണ് എഴുത്തിലേക്ക് തിരിഞ്ഞത്. നിർധനരായ ഒരു കുഞ്ഞുള്ള അമ്മമാർക്കുള്ള സർക്കാൻ സഹായം സ്വികരിച്ചാണ് അക്കാലത്ത് അവർ ജീവിച്ചത്. അത് ഒന്നിനും തികയുമായിരുന്നില്ല. പുതിയ ജോലി കണ്ട് പിടിക്കുവാൻ കുട്ടിയുമായി അലയുന്നതിനിടയിൽ അഞ്ച് മണിക്കൂറോളം വൈകിയോടിയ ഒരു ട്രയിനിലിരുന്നാണ് ആദ്യ ഹാരിപോട്ടർ നോവലിന്റെ ഇതിവൃത്തം ജോയുടെ മനസ്സിൽ തെളിയുന്നത്. മായജാലം പഠിപ്പിക്കുന്ന ഒരു സ്കൂളിനെക്കുറിച്ചും അവിടേക്ക് പോകുന്ന കുട്ടിയെക്കുറിച്ചുമുള്ള കഥയായിയുന്നു അത്. ഹാരിപോട്ടറിന്റെ പിറവിയങ്ങനെയായിരുന്നു. 1993 ലായിരുന്നു ഇത്. അതിനടുത്ത വർഷം ജോവാന് പോർട്ടുഗലിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി കിട്ടി. കൈകുഞ്ഞായ മകളുമൊത്തുള്ള കഷ്ടപ്പാടുകൾക്കിടയിൽ ഹാരിപോട്ടർ എഴുതി തീർക്കാൻ തന്നെ തീരുമാനിച്ചു. മകൾ ഉറങ്ങുന്ന സമയത്തും ചിലപ്പോൾ മകളുമൊത്ത് കാപ്പിക്കടകളിൽ ഇരുന്നുമൊക്കെയാണ് അവർ എഴുതിയത്.

ചെറു പ്രായത്തിൽ ലണ്ടനെന്ന വലിയ നഗരത്തിൽ ഒരു കുഞ്ഞുമായി ജീവിക്കാൻ തുടങ്ങിയ യുവതി. സാമ്പത്തിക ബുദ്ധിമുട്ടും ഒറ്റപ്പെടലും അത് സൃഷ്‌ടിച്ച മാനസിക പ്രശ്നങ്ങളും അവരെ വിഷാദ രോഗിയാക്കി. അപ്പോഴും എഴുത്ത് എന്ന തീപ്പൊരി അവർക്കുള്ളിൽ ജ്വലിച്ചു നിന്നു.
ഹാരിപോട്ടറിന്റെ മാന്ത്രികക്കഥ പോലെ വിചിത്രമാണ് പിന്നീടുള്ള റോളിങ്ങിന്റെ കഥയും. എഴുതിയ പുസ്തകങ്ങളുടെ കോപ്പികളുടെ എണ്ണം 50കോടിയിലേറെ വരും. പരിഭാഷപ്പെടുത്തിയ ഭാഷകളാകട്ടെ 80തിൽപ്പരവും. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തക പരമ്പര എന്ന റിക്കോർഡ് ഹാരിപോട്ടർക്കുള്ളതാണ്. ലോകമെങ്ങുമുള്ള കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരിച്ചു കൊണ്ടുവന്ന എഴുത്തുകാരി കൂടിയാണ് ജെ കെ റോളിങ്. സാധാരണ ബാലസാഹിത്യ കൃതികൾക്കൊന്നും സ്ഥാനം ലഭിക്കാത്ത ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ സ്ഥാനം പിടിച്ചു കൊണ്ടാണ് ഹാരിപോർട്ടർ പുസ്തകം അമേരിക്കയിൽ ഒന്നാം സ്ഥാനം പിടിച്ചത്. ഒട്ടനവധി പുരസ്‌കാരങ്ങൾ ജോവാൻ റോളിങ്ങിനെ തേടിയെത്തി. നിരവധി യൂണിവേഴ്സിറ്റികളുടെ ഡോക്ടറേറ്റുകളും അവർക്ക് നല്കപ്പെട്ടു. ഹാരി പോർട്ടറിലൂടെ ജെ കെ റോളിങ് ഇതുവരെ ഉണ്ടാക്കിയ വരുമാനം 5000കോടി രൂപയിലേറെ വരും. 2017ൽ ലോകത്തിലെ ഏറ്റവും ധനികയായ എഴുത്തുകാരിയായി അവർ മാറി. 1997ൽ കഷ്ടിച്ച് 500കോപ്പികൾ മാത്രം വിറ്റഴിഞ്ഞ പുസ്തകത്തിന്റെ രചയിതാവ് കാൽ നൂറ്റാണ്ട് കൊണ്ട് നേടിയ മാന്ത്രിക വളർച്ച. ഇക്കലയളവിൽ ആകെ വിറ്റഴിഞ്ഞ റോളിങ്ങിന്റെ പുസ്തകങ്ങൾ 60,000കോടിയിലേറെ രൂപയുടേതായിരുന്നു.

കുട്ടികൾക്ക് വേണ്ടിയാണ് ഹാരി പോട്ടർ കഥകൾ റോളിങ് എഴുതിയെതെങ്കിലും മുതിർന്നവർക്കും ഇതിൽ കമ്പം കയറി. പക്ഷെ പ്രായപൂർത്തിയായവർ പരസ്യമായി വായിക്കാൻ മടിച്ചു. അതവർക്ക് നാണക്കേടായി തോന്നി. ഇത് മനസിലാക്കിയ പ്രസാധകർ തങ്ങളുടെ കച്ചവട തന്ത്രം പുറത്തെടുത്തു. കുട്ടികൾക്കുള്ള ഹാരിപോട്ടർ പുസ്തകത്തിന്റെ പുറം ചട്ട കാർട്ടൂൺ ചിത്രങ്ങളുടെ രീതിയിലായിരുന്നു. ഇതിലവർ മാറ്റം വരുത്തി കുറച്ച് ഗൗരവമുള്ള ചിത്രം പുറം ചട്ടയാക്കി. ഒറ്റ നോട്ടത്തിൽ കുട്ടികളുടെ പുസ്തകമാണെന്ന് തോന്നാത്ത രീതിയിലായിരുന്നു അത്. മുതിർന്നവർ കൂടി ഇതോടെ ധാരാളം വായിക്കാൻ തുടങ്ങിയതോടെ വില്പന വൻ തോതിൽ വർധിച്ചു. ഹാരിപോട്ടർ നോവലുകൾ മിക്കതും പിന്നീട് സിനിമയായി. ഇതിനൊക്കെ തിരക്കഥ എഴുതിയത് റോളിങ്ങും സഹായി സ്റ്റീവ് ക്ലോവ്സും ചേർന്നായിരുന്നു. ഈ സീരിസിലെ എട്ടാമത്തെതും അവസാനത്തെതുമായ സിനിമ ലോക സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ റിക്കോർഡ് നേടിയ പത്താമത്തെ ചിത്രമായി കണക്കാക്കുന്നു. 9000കോടി രൂപയാണ് ഇത് നേടിയത്.

ഹാരിപോട്ടർ സിനിമകളിൽ നായകനായി അഭിനയിച്ച ഡാനിയൽ റാഡ് ക്ലിഫ് എട്ട് സിനിമകളിലൂടെ 770കോടി രൂപ സമ്പാദിച്ച് 30വയസ്സിന് താഴെ പ്രായമുള്ളവരിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നടന്മാരിൽ ഒരാളായി തീർന്നു. ജെ കെ റോളിങ് 2001ൽ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിൽ അവർക്ക് രണ്ട് കുട്ടികളുണ്ട്. ആകെ മൂന്ന് കുട്ടികൾ. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും. ഇന്ന് ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുകയാണ് ജെ കെ. കഴിഞ്ഞ കോവിഡ് മഹാമാരി കാലത്ത് കോടി ക്കണക്കിന് രൂപയാണ് ബ്രിട്ടീഷ് സർക്കാരിന് അവർ നൽകിയത്. സാഹിത്യചരിത്രത്തിലെ ഈ അത്ഭുത വനിതക്ക് അടുത്ത വർഷം 60വയസ് തികയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.