15 November 2024, Friday
KSFE Galaxy Chits Banner 2

സ്നേഹത്തിന്റെ മാന്ത്രികസ്പർശം

ഷർമിള സി നായർ
June 4, 2023 4:00 am

“If you can dream it, you can do it.”
Walt Dis­ney

ദിവസങ്ങൾക്ക് മുമ്പ് ഒരു മൂന്ന് മണി നേരത്താണ്, കഴക്കൂട്ടം കിൻഫ്ര പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിലേക്ക് കടന്നു ചെല്ലുന്നത്. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയിൽ പിറന്നുവീണ കുറേ കുട്ടികൾ. സ്വന്തം മക്കളെപ്പോലെ അവരെ ചേർത്തുപിടിക്കുന്ന മാന്ത്രിക സ്പർശമുള്ള വിരലുകൾ. നോട്ടത്തിലും, സംസാരത്തിലും, ചിരിയിലും സ്നേഹത്തിന്റെ മാന്ത്രിക സ്പർശമുള്ള മലയാളിയുടെ സ്വന്തം ജാലവിദ്യക്കാരൻ, ഗോപിനാഥ് മുതുകാടിനും അദ്ദേഹത്തിന്റെ മക്കൾക്കും ഒപ്പം ചിലവഴിച്ച കുറേ നല്ല നിമിഷങ്ങളിലൂടെ…

അനുയാത്ര
അംഗപരിമിത മേഖലയിൽ അനിവാര്യമായ ഇടപെടലുകൾ നടത്തുന്നതിനും സംസ്ഥാനത്തെ അംഗപരിമിത സൗഹൃദമാക്കുന്നതിനുംവേണ്ടി കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സമഗ്ര പരിപാടിയാണ് അനുയാത്ര. അംഗപരിമിത മേഖലയിൽ നടപ്പാക്കേണ്ട പ്രതിരോധപ്രവർത്തനങ്ങൾമുതൽ പുനരധിവാസംവരെയുള്ള സമഗ്ര ജീവിതചക്ര സമീപനമാണ് ഈ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് കിൻഫ്രാ പാർക്കിലെ മാജിക് പ്ലാനറ്റിനോട് ചേർന്ന് ഡിഫറന്റ് ആർട്ട് സെന്റർ എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികസനത്തിനായി ഒരിടത്തിന് ഗോപിനാഥ് മുതുകാട് തുടക്കം കുറിക്കുന്നത്. കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷൻ ഏൽപ്പിച്ച 23 കുട്ടികളുമായാണ് തുടക്കം.

 

 

കുട്ടികൾക്ക് കലകൾ അവതരിപ്പിക്കുന്നതിനുള്ള വേദികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെന്റർ സന്ദർശിക്കാൻ വരുന്നവർക്കുമുന്നിൽ കലകൾ അവതരിപ്പിക്കുന്നതിൽനിന്ന് ലഭിക്കുന്ന പ്രോത്സാഹനവും അംഗീകാരവും കുട്ടികളിൽ പലവിധ മാറ്റങ്ങൾക്ക് കാരണമായി. ഒരക്ഷരം പോലും സംസാരിക്കാതിരുന്ന കുട്ടികൾ പിന്നീട് സംസാരിക്കാൻ തുടങ്ങി. സംസ്ഥാന സർക്കാറിന്റെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ കുട്ടികൾക്ക് മാനസികവും ശാരീരികവും സാമൂഹികവുമായ മാറ്റങ്ങളുണ്ടായെന്ന് ഡോക്ടർമാരുടെ പാനൽ കണ്ടെത്തിയിരുന്നു. അതിനുശേഷം എന്താണ് കുട്ടികളുടെ ബ്രെയിനിൽ സംഭവിക്കുന്നത് എന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ പഠനങ്ങൾ നടത്തി. പരിശീലനത്തിന് മുമ്പ് അവരുടെ ഐക്യു, ഇക്യു, ‘സോഷ്യൽ ബിഹേവിയർ’ എന്നിവയെല്ലാം പരിശോധിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞ് വീണ്ടും ഇവയെല്ലാം പരിശോധിച്ചപ്പോഴാണ് ലോകത്തിൽ ആദ്യമായി ഇത്തരം കുട്ടികളിൽ ഐക്യു, ഇക്യു വർധിച്ചതായി കണ്ടെത്തിയ റിപ്പോർട്ട് പുറത്ത് വന്നത്. ഇത് നൽകിയ ആത്മവിശ്വാസമാണ് ഡിഫറന്റ് ആർട്ട് സെന്ററിന്റെ ഇപ്പോഴത്തെ വളർച്ചയ്ക്ക് പിന്നിൽ. ഇപ്പോൾ 300 മക്കളുണ്ട് അദ്ദേഹത്തിനൊപ്പം. ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി, എംആർ വിഭാഗങ്ങളിൽപെടുന്നവരാണ് ഇവരെല്ലാം.

സഹയാത്ര
രണ്ട് ദിവസം നീളുന്ന ഭിന്നശേഷി കലാമേളയായ ‘സഹയാത്ര’ ടാലന്റ് ഷോയിലൂടെയാണ് കുട്ടികളെ ആർട്ട് സെന്ററിലേക്ക് തെരഞ്ഞെടുക്കുന്നത്. മാജിക്, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണ സംഗീതം, സ്പെഷ്യൽ ടാലന്റ്സ്, മിമിക്രി തുടങ്ങിയ വിവിധ കലകളിലാണ് കുട്ടികൾ മാറ്റുരക്കേണ്ടത്.
തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ഒരു വർഷമാണ് പരിശീലനം. ഇതിനു പുറമേ സൗജന്യ തെറാപ്പികളുമുണ്ട്. ഡിഫറന്റ് ആർട്ട് സെന്ററിൽ ആകെ ഏഴ് സ്റ്റേജുകളാണുളളത് വ്യത്യസ്തമായ കാര്യങ്ങൾക്കു വേണ്ടി ഭിന്നശേഷിസൗഹൃദമായി പണി കഴിപ്പിച്ചിട്ടുള്ളതാണ് ഈ ഏഴു സ്റ്റേജുകളും.

ഇന്ത്യഫോർട്ട്
ഡൽഹിയിലെ റെഡ് ഫോർട്ടിന്റെ മാത്യകയിലാണ് ഇത് പണിതിരിക്കുന്നത്. ഇവിടെയാണ് കുട്ടികളുടെ മൾട്ടി ടാലന്റഡ് ആക്ടിവിറ്റീസ് അരങ്ങേറുന്നത്. ഷോർട്ട് ഫിലിമിൽ അഭിനയിച്ച മിമിക്രി കലാകാരൻ എൽദോ കുര്യാക്കോസ് ഉൾപ്പെടെ എത്രയെത്ര കുട്ടികളാണ് ഇവിടെ അവരുടെ കഴിവ് പ്രദർശിപ്പിക്കുന്നത്.

ബേഥോവൻ ബംഗ്ലാവ്
പ്രശസ്ത ജർമൻ കമ്പോസറും പിയാനിസ്റ്റുമായിരുന്ന ലുഡ്വിംഗ് വാൻ ബേഥോവന്റെ പേരിലുള്ള ഈ സ്റ്റേജിൽ കുട്ടികളുടെ മ്യൂസിക് ഷോ നടന്നുവരുന്നു. അമലയും, ശ്രീകാന്തും, റുക്സാനയും, കാശിനാഥും, ജെറിയുമൊക്കെ ഇപ്പോഴും ഒരത്ഭുതവും നൊമ്പരവുമായി ഒപ്പമുണ്ട്.

ജലേയോ മഹൽ
ഭിന്നശേഷി കുട്ടികൾക്ക് ഡാൻസ് അവതരിപ്പിക്കുവാനുള്ള ഒരു വേദിയാണിത്. ഡാൻസ് കുട്ടികളുടെ മോട്ടോർ ഏകോപനത്തിനും ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉപകരിക്കുന്നു. ജലേയോ മഹലിലെ ഭിന്നശേഷി സൗഹൃദപരമായ സ്റ്റേജും മനോഹരമായ ഇന്റീരിയറും വല്ലാത്തൊരു പോസിറ്റീവ് എനർജി നൽകുന്നതാണ്.

ആഞ്ചലോസ് ആർട്ട് ടീ കാമ്പസ്
വാക്കുകൾക്ക് പറയാനാവാത്തത് വരകൾക്ക് പറയാനാവുമെന്നല്ലേ. സംസാരിക്കാനോ കേൾക്കാനോ കഴിവില്ലാത്ത മക്കളുടെ കലാവിരുത് ഇവിടെ കാണാം. പെയിന്റും ബ്രഷും മാറ്റുരയ്ക്കുന്ന നിറങ്ങളുടെ ലോകം. അവിടെ ഋത്വികിനെ കണ്ടു. അവന്റെ പെയിന്റിങ് എടുത്ത് നോക്കിയ ശേഷം, അശ്രദ്ധമായി തിരിച്ചുവച്ച എന്നെ അവൻ ആംഗ്യഭാഷയിലൂടെ തിരുത്തി, നോ… നോ… പെയിന്റിങ് യഥാരീതിയിൽ വച്ച് അവിടുന്നിറങ്ങുമ്പോൾ ഋത്വിക്കും രാഹുലും മാത്രമല്ല അവിടുണ്ടായിരുന്ന പല മക്കളുടേയും മുഖം മനസിൽ പതിഞ്ഞു പോയി.

കാമിലേ കാസ്കേഡ
ഈ സ്റ്റേജിന്റെ മുഖ്യമായ ഉദ്ദേശം സിനിമയുമായി ബന്ധപ്പെട്ട എഡിറ്റിങ്, സിനിമാറ്റോഗ്രാഫി, കംബോസിങ് ഒക്കെയാണ്. അവിടെ ദിവസവും ഷോകൾ നടന്നു വരുന്നു.

വണ്ടർവിംഗ്
എയർ ക്രാഫ്റ്റിന്റെ മോഡലിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു ക്രിയേറ്റിവ് സ്റ്റേജ് ആണിത്. ഇവിടെയാണ് കുട്ടികളുടെ മാജിക് ഷോ നടക്കുന്നത്.

ഡിഫറന്റ് തോട്ട് സെന്റർ
കുട്ടികളിൽ ഉണ്ടായേക്കാവുന്ന ഡിസെബിലിറ്റി തടയാൻ, ഗർഭാവസ്ഥയിൽ അമ്മമാർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, ഭിന്നശേഷിക്കരായ കുട്ടികളോട് മറ്റുള്ളവർ എങ്ങനെയാണ് പെരുമാറേണ്ടത് ഇതൊക്കെ ഇവിടെ പരിശീലിപ്പിക്കുന്നു. മറ്റു കുട്ടികൾ ഒറ്റപ്പെടുത്തുന്നുവെന്ന് പറഞ്ഞ്, സ്കൂളിൽ പോവില്ലാന്ന് നിർബ്ബന്ധം പിടിച്ച ഒരു കുട്ടിയുടെ മുഖം അറിയാതെ മനസിൽ തെളിഞ്ഞു. പഠിച്ചില്ലേൽ വേണ്ട, പഠിച്ചിട്ട് എന്തോ എടുക്കാനാ എന്ന് വിലപിച്ച അവളുടെ അമ്മയുടെ നിസംഗതയും.

യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ
ഡിഫറന്റ് ആർട്ട് സെന്ററിൽ വിജയകരമായി പരിശീലനംപൂർത്തിയാക്കുന്ന ഭിന്നശേഷിക്കുട്ടികളുടെ ശാക്തീകരണത്തിലൂടെ അവർക്കു ജീവിതമാർഗമൊരുക്കുക എന്നതാണ് യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ (UEC) കൊണ്ടുദ്ദേശിക്കുന്നത്. ഇത്തരത്തിലൊരു സെന്റർ ലോകത്തുതന്നെ ആദ്യത്തേതാണ്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികൾക്ക് യുഇസി സൗജന്യമായി പ്രയോജനപ്പെടുത്താം.
ഭിന്നശേഷി സൗഹൃദപരമായി നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മൂന്ന് വേദികളുണ്ട്. കാഴ്ചശക്തി പരിമിതർക്കായി മാജിക് ഓഫ് ഡാർക്ക്നെസ്, കേൾവി ശക്തി പരിമിതർക്കായി മാജിക് ഓഫ് സൈലൻസ്, ചലനശേഷി പരിമിതർക്കായി മാജിക് ഓഫ് മിറക്കിൾ. മാജിക് ഓഫ് ഡാർക്ക്നെസ്… സ്റ്റേജിനു മുന്നിലെത്തിയപ്പോൾ പെട്ടെന്ന് ശ്രദ്ധയാകർഷിച്ചത് അവിടെ ആലേഖനം ചെയ്തിരുന്ന ഹെലൻ കെല്ലറുടെ വാക്കുകളാണ്.
“The only thing worse than being blind is hav­ing sight but no vision” ഒരാളുടെ വിഷൻ, എത്രയോ കുട്ടികൾക്ക് വെളിച്ചമാവുമ്പോൾ ഈ വാക്കുകൾ അർത്ഥവത്താവുന്നു.
കുട്ടികളുടെ മാനസിക സ്വഭാവ വൈകാരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സൈക്കോതെറാപ്പി/ബിഹാവിയറൽ തെറാപ്പി സെൻസറി ഇംപ്രൂവ്മെന്റ്, ഭാവനാശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി വെർച്വൽ തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി തുടങ്ങി ഏഴ് തെറാപ്പി സെന്ററുകൾ. വെർച്വൽ തെറാപ്പി സെന്ററിൽ കഴിച്ചു കൂട്ടിയ നിമിഷങ്ങൾ വല്ലാത്തൊരനുഭവമായിരുന്നു. പൂമ്പാറ്റകൾക്കും പൂത്തുമ്പികൾക്കും പിന്നാലെ ഓടിത്തളർന്ന ബാല്യം പുനർജ്ജനിച്ചതു പോലൊരനുഭൂതി.
കലകൾ പരിശീലിക്കാനും അവതരിപ്പിക്കാനുമുള്ള വേദികൾ, സ്പോർട്സ് പരിശീലനത്തിനു കളിക്കളങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. എല്ലാം ഭിന്നശേഷിസൗഹൃദപരമായാണ് ഇവിടെ ഒരുക്കിയിട്ടുള്ളതത്.
കുട്ടികളോടൊപ്പം വരുന്ന അമ്മമാർക്കായി സ്വയംതൊഴിൽ പരിശീലന കേന്ദ്രവും (കരിഷ്മ)അവരുടെ ഉത്പന്നങ്ങൾക്ക് വിപണന സ്റ്റാളുകളും (മം സെന്റർ ) ഇവിടെയുണ്ട്.
ചിത്രകലാപ്രദർശനത്തിനായി ആർട്ടീരിയ ഗാലറി, ഉപകരണസംഗീതത്തിനായി സിംഫോണിയ, സയൻഷ്യ എന്നപേരിൽ ഗവേഷണകേന്ദ്രം അങ്ങനെ നീളുന്നു ഇതിനുള്ളിലെ വേദികൾ. ഇതിൽ എടുത്ത് പറയേണ്ടത് സയൻഷ്യയാണ്.

സയൻഷ്യ
ഞങ്ങൾ കടന്നു ചെല്ലുമ്പോൾ നിറഞ്ഞ ചിരിയുമായി ഗോപിനാഥ് മുതുകാടിന്റെ മകൻ വിസ്മയും ഉണ്ടായിരുന്നു സയൻഷ്യയിൽ. കാലിഫോർണിയ ആസ്ഥാനമായ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഡോ. ഫിനോഷ് തങ്കത്തിന്റെ മാർഗദർശനത്തിലാണ് ഇവിടെ കുട്ടികൾ പരീക്ഷണങ്ങളും ഗവേഷണവും നടത്തുന്നത്.
2022 ൽ മുപ്പത്തിനാലാമത് കേരളാ സയൻസ് കോൺഗ്രസിൽ ഭിന്നശേഷിക്കാരായ പത്ത് കുട്ടികളെ പങ്കെടുപ്പിക്കാൻ സയൻഷ്യക്കായി. തുടർന്ന് മുപ്പത്തിയഞ്ചാം സയൻസ് കോൺഗ്രസിൽ, കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് വിജയികൾക്കൊപ്പം മൂന്ന് കുട്ടികൾ, പാർവതി എൽ എസ്, അപർണ പി എൽ, സായ മറിയം തോമസ് എന്നിവർ പങ്കെടുക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. ഇത് ഡിഫറന്റ് ആർട്ട് സെന്ററിന്റെ തൊപ്പിയിൽ മറ്റൊരു പൊൻ തൂവലായി.
ഭിന്നശേഷികുട്ടികൾ ഒരു പ്രാവശ്യം എന്തെങ്കിലും പഠിച്ചാൽ അത് എന്നും ഓർമയിൽ നിൽക്കുമെന്ന് സയൻഷ്യയിൽ നിന്നിറങ്ങുമ്പോൾ റിസർച്ച് കോർഡിനേറ്റർ ജോസ് ഓർമ്മിപ്പിച്ചു. ഭിന്നശേഷിക്കുട്ടികൾ നിർമ്മിച്ച റോബോട്ടിനെ ചലിപ്പിച്ചുകൊണ്ടാണ് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് സയൻഷ്യ ഉദ്ഘാടനം ചെയ്തത്. ഭിന്നശേഷിക്കുട്ടികളാണ് ഈ ക്രമീകരണങ്ങളൊക്കെ നടത്തിയതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ശാസ്ത്ര പ്രതിഭകളുടെ സംഗമേവദിയാണ് സയൻഷ്യയെന്നും, ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ സേവനങ്ങൾ ഈ ഗവേഷണകേന്ദ്രത്തിന് ലഭ്യമാക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞു.
ഇനിയും ഏറെയുണ്ട് ഈ മാന്ത്രിക ലോകത്തിലെ അത്ഭുതങ്ങൾ. അഞ്ഞൂറോളം പേർക്കിരുന്ന് ഭിന്നശേഷിക്കുട്ടികളുടെ മെഗാഷോ ആസ്വദിക്കാവുന്ന ഗ്രാന്റ് തീയേറ്റർ, കാർഷിക പരിപാലനത്തിലൂടെ കുട്ടികളിൽ മാറ്റംവരുത്താൻ ഹോർട്ടികൾച്ചറൽ തെറാപ്പി സെന്റർ, അത് ലറ്റിക്സിനും ഇൻഡോർ ഗെയിമുകൾക്കും കളിക്കളങ്ങൾ എന്നിവയും ഇവിടെയുണ്ട്. യുകെ സ്വദേശിയും ഗോകുലം കേരള അക്കാദമി പ്രധാന കോച്ചുമായ ജോയൽ റിച്ചാർഡ് വില്യംസ്, ജിബ്രാൾട്ടർ എന്നിവരാണ് കുട്ടികൾക്ക് കായികപരിശീലനത്തിനു നേതൃത്വം നൽകുന്നത്. ഭിന്നശേഷിക്കുട്ടികളുടെ പേടി അകറ്റാനുള്ള ചെറുതീവണ്ടിയാത്ര, നിർമിതമായ കാടും മഴയും വെള്ളച്ചാട്ടവും ഇടിമിന്നലും മരംവീഴ്ചയുമൊക്കെ അത്ഭുതത്തോടെ നോക്കികാണുകയായിരുന്നു. ശരിയ്ക്കും അത്ഭുത ലോകത്ത് എത്തപ്പെട്ട ആലീസിന്റെ അവസ്ഥ.
രണ്ട് മണിക്കൂർകൊണ്ട് കണ്ടുതീരാവുന്നതോ ഒരു കവർ സ്റ്റോറിയിൽ ഒതുക്കാവുന്നതോ അല്ല അന്താരാഷ്ട്ര നിലവാരത്തിലുള്ള ആ അത്ഭുതലോകം.

സമ്മോഹൻ
ഭിന്നശേഷി സമൂഹത്തിന്റെ സർഗാവിഷ്കാരങ്ങൾക്ക് പൊതുവേദിയൊരുക്കി അവരെ മുഖ്യധാരയിലേക്ക് ഉയർത്താനും തുല്യനീതി ഉറപ്പാക്കാനുമായി യൂണിയൻ സാമൂഹിക നീതി ശാക്തീകരണ വകുപ്പും-സംസ്ഥാന സാമൂഹ്യനീതി വകുപ്പുകളും ചേർന്നൊരുക്കുന്ന ആദ്യ ദേശീയ ഭിന്നശേഷി കലോത്സവം സമ്മോഹന് വേദിയായത് ഡിഫറന്റ് ആർട്ട് സെന്ററായിരുന്നു. മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികൾ കഴിവുകൾ പ്രദർശിപ്പിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽനിന്നായി ആയിരത്തിൽപ്പരം ഭിന്നശേഷിക്കുട്ടികളും അവരുടെ രക്ഷിതാക്കളും, സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത മേള വിജയകരമായി പൂർത്തിയാക്കാനായത് ഡിഫറന്റ് ആർട്ട് സെന്ററിനും ഗോപിനാഥ് മുതുകാടിനും അവിസ്മരണീയ മുഹൂർത്തമായി. ഇരുന്നോളം വോളന്റിയേഴ്സ് ഉണ്ടായിരുന്നു മേളയ്ക്ക് ചുക്കാൻ പിടിക്കാൻ. സമ്മോഹന്റെ വിജയം തന്നോടൊപ്പം പ്രവർത്തിച്ച ടീമിന്റെ വിജയമാണെന്ന് പറഞ്ഞ് വിനയാന്വിതനാവുന്നു ഗോപിനാഥ് മുതുകാട്. ഡിഫറന്റ് ആർട്ട് സെന്റർ മാതൃക നടപ്പിലാക്കാനൊരുങ്ങുകയാണ് തമിഴ്‌നാട് സർക്കാറും. ഇന്ദ്രജാലം മുഖ്യ ബോധന മാധ്യമമാക്കി ഭിന്നശേഷി കുട്ടികളിൽ നടത്തിയ കലാപരിശീലനങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങളെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ഗോപിനാഥ് മുതുകാട് നടത്തിയ ചർച്ചയെ തുടർന്നാണിത്.

ഒരു കാലത്ത് തന്നെ ത്രസിപ്പിച്ചിരുന്ന കയ്യടികളും ആരവങ്ങളും ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ മുന്നൂറോളം മക്കളെ ചേർത്തുപിടിച്ചുകൊണ്ട്, നിറഞ്ഞ ചിരിയുമായി സ്നേഹത്തിന്റെ ജാലവിദ്യ തുടരുന്ന ഗോപിനാഥ് മുതുകാട് കാസർകോഡ് പുതിയ സെന്റർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള തിരക്കിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.