23 December 2024, Monday
KSFE Galaxy Chits Banner 2

ഒരു കവിതയുടെ പൊരുൾ പെരുക്കം

രാജീവ് ആലുങ്കൽ
April 10, 2022 7:20 am

അഴകും ആഴവും ഉള്ള കവിതകളെ അടുത്തറിഞ്ഞ് അനുഭവിക്കാൻ കഴിയുന്നത് ഇക്കാലത്ത് അനുവാചകന്റെ അപൂർവഭാഗ്യമാണ്. വായിച്ചു തീർന്നതിനു ശേഷം പൊള്ളി പിടയുന്ന പൊരുളുകളുമായി പല കവിതകളും കൂടെ വരാത്ത കാലമാണിത്.
ബുദ്ധി സമ്മതിക്കുന്നതും ഹൃദയം സമ്മതിക്കാത്തതുമായ അത്തരം വായനാനുഭവങ്ങളിൽ നിന്ന് വേറിട്ടതായിരുന്നു ഷൈൻ എസ് ന്റെ കണ്ണുകൾ പറഞ്ഞ കഥകൾ എന്ന കവിതാ സമാഹാരം സമ്മാനിച്ചത്.

നിലാവിന്റെ നിറം കൊണ്ടെഴുതിയ നൃത്തം വയ്ക്കുന്ന വാക്കുകൾ, നിശബ്ദതയിൽ നിന്നും ശബ്ദാകാശത്തിലേക്ക് കടക്കുന്ന രാഗ വിസ്താരം, ചടുലവും സചേതനവും ധ്വനി നിർഭരമായ ചിന്തകൾ ഷൈൻ കവിതകളെ മനോഹരമാക്കുന്നത് അങ്ങനെ പലതുമാണ്. ജീവിതത്തിന്റെ ഏത് കടലിരമ്പങ്ങളെയും വഹിക്കാൻ കഴിയുന്ന കാല്പനികമായ കരുത്തുള്ള കവിതകൾ! മൂന്നോ നാലോ വരിക്കുള്ളിൽ മുൻപെങ്ങും അറിഞ്ഞിട്ടില്ലാത്ത അർത്ഥ ദീപ്തി അടക്കി വച്ച് അതിശയിപ്പിക്കുകയാണ് ഷൈൻ. ഹൃദയത്തെ ധ്യാന നിരതമാക്കുന്ന പ്രതിഭാ വിലാസത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഇത്.
ധ്യാനിക്കുന്നവന്റെ കൂടെപിറപ്പാണ് ദുഖം. ധ്യാനിക്കുക എന്നാൽ ദു: ഖിക്കുക എന്നാണ് അർത്ഥമെന്ന് സെൻ ഗുരുക്കന്മാർ പറയുന്നു. ആൽമരച്ചോട്ടിലിരുന്ന് ബുദ്ധൻ ധ്യാനിക്കുകയല്ല ദുഃഖിക്കുകയാണ് ചെയ്തത് എന്നത് സത്യം. ആദ്യ ദർശനത്തിൽ നമുക്കത് ധ്യാനത്തിന്റെ അടയാളപ്പെടലായി തോന്നിയേക്കാം. അത് ജ്ഞാനത്തിന്റെ കൺകെട്ട് വിദ്യയാണ്. ആനന്ദത്തിനും സങ്കടത്തിനും ഇടയിലെവിടെയോ ആണ് ഒരെഴുത്തുകാരന്റെ സർഗ്ഗബിന്ദു. മഹാശൂന്യതയിൽ നിന്നും മഹാനഭസ്സിലേക്ക് ഉയരുന്ന ഒരു സാലവൃക്ഷമാണത്.

ഗാന്ധിജയന്തി ദിനത്തിലും വൃത്തിയാകാത്ത മനസിന്റെ മാലിന്യങ്ങളെക്കുറിച്ചും വാർദ്ധക്യത്തിന്റെ ചുവരിൽ തൂക്കിയിട്ട കലണ്ടറിൽ കണ്ടെത്തിയ ശിശുദിനങ്ങളെക്കുറിച്ചും
ഷൈൻ പറയുമ്പോൾ കടലിരമ്പുന്ന ശംഖ് പോലെ കവിതയുടെ അർത്ഥാന്തരങ്ങൾ ആഴപ്പെടുന്നത് കാണാം. ‘വേർപാട് ’ എന്ന കവിതയിൽ കൊഴിഞ്ഞു വീഴുന്ന പച്ച ഇലകളെ കണ്ട് പഴുത്ത ഇലകൾ തേങ്ങുന്നു എന്ന പുതിയകാല ചിത്രം വരച്ചിടുമ്പോൾ ഒരു കടുകിന്നുള്ളിൽ കടൽ ഒളിപ്പിച്ചു വച്ച കവിയെ തിരിച്ചറിയാനാകും. രണ്ട് സമുദ്രങ്ങൾ സംഗമിക്കുന്നത് പോലെയാണ് രണ്ട് സങ്കടങ്ങൾ ഒന്നിച്ചു ചേരുന്നതെന്ന് പണ്ട് സെൻ കവി ഇഗോൻ എഴുതിയിട്ടുണ്ട്. അത് ഒരു കവിയുടെ ഭാവനാത്മകമായ നിർവചനമല്ല. കണ്ണുകൾ കണ്ട് പറഞ്ഞതിനു മപ്പുറത്തുള്ള പൊരുളും വെളിച്ചവുമാണ്. കവിയുടെ ധ്യാനം സങ്കടമാണ്. പരമാനന്ദത്തിലേക്ക് എത്തുന്നതിന് മുൻപുള്ള വൈതരണി ആണത്. ആ ഉഷ്ണകാലം അനുഭവിച്ചാണ് ഷൈൻ കണ്ണുകൾ പറഞ്ഞ കഥയെ അപൂർവ ചാരുതയുള്ള കവിതകളാക്കിയത്.
ദുർബലമായ എന്റെ മനസ് തളരാതിരിക്കുവാൻ ഹൃദയത്തിലേക്ക് അടർന്നുവീണ പോളിയോ തുള്ളിമരുന്നായി പൊരുൾ തിളക്കമുള്ള പ്രണയത്തെ ഷൈൻ അടയാളപ്പെടുത്തുന്നുണ്ട്.

എന്റെ കവിതയുടെ വൃത്തം അമ്മയുടെ അടുക്കളത്താളവും, അലങ്കാരം ഉമ്മറപ്പടിയിലെ അച്ഛന്റെ ചാരുകസേരയുമാണെന്ന് മൂടുപടമില്ലാത്ത ഒരു കവിയുടെ നിഷ്കളങ്കതയ്ക്ക് മാത്രമേ
വെളിപ്പെടുത്തിത്തരാനാകൂ. ചിതലെടുക്കാത്ത ചിന്തകൾ ച്യുതി ചോർന്നുപോകാത്ത ഉൾപടർപ്പിൽ ചേർന്നു പുൽകുന്ന തീവ്രാനുഭവം സമ്മാനിക്കും ‘കണ്ണുകൾ പറഞ്ഞ കഥകൾ’ എന്ന കാവ്യസമാഹാരം. കണ്ണുകൾ ഭിക്ഷാ പാത്രമാവുമ്പോൾ ഒച്ചയുണ്ടാക്കാതെ വീഴുന്ന സ്നേഹത്തിന്റെ നാണയത്തുട്ടുകളെ മൂന്ന് വരിയുടെ നേരറിവിൽ കുറിച്ചുവയ്കുന്നുണ്ട് ഷൈൻ. കവിതയെക്കുറിച്ച് സർവ്വസമ്മതമായ ഒരു സിദ്ധാന്തമോ ലക്ഷണമോ വ്യാഖ്യാനമോ വിശദീകരണമോ ഇല്ല. കവി അഗാധമായ ജ്ഞാനാനന്ദം അനുഭവിക്കണമെന്നുമില്ല.
അല്ലാതെ തന്നെ അയാളുടെ കവിത അറിവിന്റെ നിറവ് നേടിക്കൊണ്ടിരിക്കും. അതു കൊണ്ടാണ് കവി അയാൾക്കറിയുന്നതിനേക്കാൾ കൂടുതൽ എഴുതുന്നു എന്ന് ടി എസ് ഏലിയറ്റ് പറഞ്ഞത്. എന്നാൽ ഒരു കവിക്ക് മനുഷ്യജീവിതത്തിന്റെ സങ്കീർണത സംബന്ധിക്കുന്ന ജിജ്ഞാസ ഉണ്ടായിരിക്കണം. ജീവിതത്തെ ശ്രദ്ധിക്കുന്ന വാക്കുകളാണ് കവിതയെ
കലാതിവർത്തി ആക്കുന്നത്.
ചുറ്റുവട്ടക്കാഴ്ചകളിലേക്ക് കണ്ണുകളുടെ വലയെറിഞ്ഞ് ഷൈൻ, കവിതയുടെ ശബ്ദപ്പെരുമ സമ്മാനിക്കുന്ന അപൂർവ അനുഭൂതിയിൽ നിന്നും വെളിപ്പെട്ട അനുഭവക്കുറിപ്പുകളാണിത്. വായനയെ കാമ്പുള്ള കവിതകളാക്കി ഒതുക്കി അലങ്കരിക്കുന്നു. നമുക്കിതൊന്നനുഭവിച്ചു പോകാം.
“ചിറകുകളില്ലാതെ
സാന്ത്വനവുമായി പറന്നെത്താറുണ്ട്
ഭൂമിയിലും മാലാഖമാർ.”

കണ്ണുകള്‍ പറഞ്ഞ കഥകള്‍
(കവിത)
ഷൈന്‍ എസ്
ചിന്ത പബ്ലിഷേഴ്സ്
വില: 90 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.