വഞ്ചിപ്പാട്ടിന്റെ ഈണം ഇനി മലബാറിലും. ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് നിർമ്മിച്ച പുത്തൻ ചുരുളൻ വള്ളം ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ തുഴയെറിയും. ചുരുളൻ വള്ളത്തിന്റെ ഔദ്യോഗിക നീറ്റിലിറക്കൽ ചടങ്ങ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചെറുവണ്ണൂരിലെ ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് അങ്കണത്തിൽ നിർവഹിച്ചു. ജില്ലാ കളക്ടർ നരസിംഹുഗരി ടി എൽ റെഡ്ഡി സന്നിഹിതനായിരുന്നു. നെഹ്രു ട്രോഫി വള്ളംകളി ലോക പ്രശസ്തമാണ്. മലബാർ ഭാഗത്തും അത്തരം ജലോത്സവങ്ങൾക്കുള്ള സൗകര്യങ്ങളുണ്ട്. സാധ്യതയുമേറെയാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് ആരംഭിക്കുന്നത്. വള്ളം കളിയും അതിന്റെ ഭാഗമാകേണ്ടതുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
24 തുഴക്കാർ, ഒരു അമരത്തുഴക്കാരനും ഒരു അണിയത്തുഴക്കാരനും, തുഴച്ചിൽ നയിക്കാൻ വള്ളത്തിന്റെ മധ്യത്തിലൊരാൾ അങ്ങനെ 27 പേരുമായി ബേപ്പൂർ ഫെസ്റ്റിന്റെ ഭാഗമായി ചാലിയാറിന്റെ ഓളപ്പരപ്പിൽ താളത്തിനൊത്ത് തുഴകൾവീഴും. അത് മലബാറുകാർക്ക് പുതിയൊരു അനുഭവമാകും. വാട്ടർ സ്പോർട്സ് കയാക്കിങ്, സ്റ്റാൻഡ് അപ്പ് പാഡലിങ് റേസ്, സെയിലിങ് റേസ്, മറ്റ് വൈവിധ്യമാർന്ന ജലകായിക വിനോദങ്ങൾ എന്നിവ ജെല്ലി ഫിഷ് ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ ഒരുക്കുന്നുണ്ട്.
പാമ്പു വള്ളം എന്ന പേരിൽ അറിയപ്പെടുന്ന ചുരുളൻ വള്ളം മലബാറിൽ ആദ്യമായാണ് നിർമ്മിക്കുന്നത്. ഉരു നിർമ്മാണത്തിന് പുകൾപെറ്റ ബേപ്പൂരിന്റെ തീരപ്രദേശമായ ചെറുവണ്ണൂരിലെ ഒരു തച്ചൻ ഒറ്റക്ക് നിർമ്മിച്ച വള്ളം എന്ന പ്രത്യേകതയും ജെല്ലി ഫിഷ് വാട്ടർ സ്പോർട്സിന്റെ ചുരുളൻ വള്ളത്തിനുണ്ട്.
കടലുണ്ടി സ്വദേശിയായ പി ബി മോഹൻദാസാണ് ആഞ്ഞിലിത്തടിയിൽ വള്ളം തീർത്തത്. വെറും മൂന്നു മാസമാണ് നിർമ്മാണത്തിനെടുത്തത്. ഇത് ലോക റെക്കോഡാണ്. എണ്ണ, തവിട്, കുന്തിരിക്കം എന്നിവ ചേർത്ത് വള്ളം ബലപ്പെടുത്തി. ജെല്ലിഫിഷിനായി ഒരു ചുരുളൻ വള്ളം കൂടി മോഹൻദാസ് നിർമ്മിക്കുന്നുണ്ട്. പരമ്പരാഗത വള്ളം നിർമ്മാണം വിദ്യാർത്ഥികൾക്ക് പഠിക്കാനും ജെല്ലി ഫിഷ് അവസരം ഒരുക്കുന്നുണ്ടെന്ന് മാനേജിങ് ഡയറക്ടർ റിൻസി ഇക്ബാൽ പറഞ്ഞു.
ENGLISH SUMMARY:the melody song will now go to malabar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.