27 July 2024, Saturday
KSFE Galaxy Chits Banner 2

കാതരയായൊരു പക്ഷി ചിലച്ച നേരത്ത്…

ആശ സി
ഓര്‍മ്മയിലെ പാട്ട്
June 4, 2023 3:00 am

എൺപതുകളുടെ ഒടുവിലാണ്. അന്നൊക്കെ എൻട്രൻസ് കിട്ടിയില്ലേൽ അടുത്ത ഓപ്ഷൻ ബാങ്ക് ടെസ്റ്റ് കോച്ചിംഗായിരുന്നു. മകൾ ഡോക്ടറായി കാണാൻ ആഗ്രഹിച്ചിരുന്ന ഒരു പാവം അച്ഛൻ, ഡിഗ്രി പഠനത്തിനിടയിൽ റ്റൈപ്പ് റൈറ്റിംഗ് പഠനത്തിന് കൊണ്ടുചേർക്കുന്നു. അച്ഛന്റെ ദീർഘവീക്ഷണം മനസിലാക്കാനാവാതെ പോയ മകൾ ഒരു മണിക്കൂർ ജയിലിലെന്നപോലെ അവിടെ തള്ളിനീക്കുന്നു. അങ്ങനൊരു ദിവസം റ്റൈപ്പ് റൈറ്റിംഗ് മെഷീന്റെ അരോചകമായ താളത്തിനൊരാശ്വാസമെന്ന പോലെ എവിടെ നിന്നോ ഒഴുകിയെത്തുന്ന മധുരമായ ശബ്ദം. അപ്രിയമായൊരു സ്ഥലത്ത്, പ്രിയതരമായൊരു പാട്ടുകേൾക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെ. ഒരു മാത്ര വെറുതേ ശ്രദ്ധിച്ചു.
“അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വെറുതേ നിനച്ചു പോയീ…”
ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്ത കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നാണ് എൺപതുകളിലെ കാമുകഹൃദയങ്ങൾ ഏറ്റു പാടിയ ഗാനത്തിന്റെ ഈരടികൾ ഒഴുകിയെത്തുന്നത്. ഗായകനെ കാണണമെന്ന ആഗ്രഹം മാറ്റിവയ്ക്കാനാവാതെ അന്നത്തെ പ്രാക്ടീസ് നിർത്തി ഇറങ്ങുമ്പോൾ ഉണ്ണിമേനോനെ അനുസ്മരിപ്പിക്കുന്ന ഒരു താടിക്കാരൻ, കയ്യിലൊരു പുസ്തകവുമായി ബാൽക്കണിയിലെ ചാരുകസേരയിൽ. ശ്രദ്ധിക്കുന്നത് കണ്ടിട്ടാവണം അയാൾ പാട്ടു നിർത്തി ചെറു ചിരിയോടെ പുസ്തകത്തിൽ മുഖം പൂഴ്ത്തി. പല്ലവിയിലെത്തിയിട്ടേയുണ്ടായിരുന്നുള്ളു.
“ഇറ്റിറ്റു വീഴും നീർത്തുള്ളി തൻ സംഗീതം
ഹൃത്തന്ത്രികളിൽ പടർന്ന നേരം
കാതരയായൊരു പക്ഷിയെൻ ജാലക
വാതിലിൻ ചാരേ ചിലച്ച നേരം…”
ഇന്നായിരുന്നെങ്കിൽ, പ്ലീസ് പാടൂ… എന്ന് പറയാനുള്ള ധൈര്യം എനിയ്ക്കുണ്ടായേനെ. ചരണത്തിലെ ഏറെ പ്രിയപ്പെട്ട വരികൾ മൂളി ബസ്റ്റാൻഡിലേക്ക് നടക്കുമ്പോൾ
“ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നിൽ ചിറകടിക്കേ…” ഒരു മാത്ര വെറുതേ ഓർത്തു, എന്തായിരിക്കും അയാളുടെ പേര്. അല്ലെങ്കിൽ ഒരു പേരിലെന്തിരിക്കുന്നു, ഞാനയാളെ ‘ഗായകൻ’ എന്നു വിളിച്ചു. ഇപ്പോഴോർക്കുമ്പോൾ ഒരു കൗമാരക്കാരിയുടെ ചാപല്യമെന്നല്ലാതെന്ത് പറയാൻ.
കെ കെ സുധാകരന്റെ ‘ഒരു ഞായറാഴ്ചയുടെ ഓർമ്മയ്ക്ക്’ എന്ന നോവലിന് ജോൺപോൾ തിരക്കഥ എഴുതി ജേസി സംവിധാനം ചെയ്ത, 1987 ൽ റിലീസായ ‘നീയെത്ര ധന്യ’ എന്ന ചിത്രത്തിലെ അനശ്വരഗാനം. പാട്ടിന്റെ പിൻബലമില്ലാതെ പ്രണയിക്കാൻ കഴിയില്ലായിരുന്ന ഒരു തലമുറയുടെ ഹൃദയം പ്രണയാതുരമാക്കിയ മലയാളസിനിമയിലെ എക്കാലത്തേയും സുന്ദരമായ പ്രണയ ഗാനങ്ങളിലൊന്ന്. അന്നൊക്കെ ഞങ്ങളുടെ നാട്ടിൻപുറത്ത് തീയേറ്ററിൽ പോയി സിനിമ കാണുന്ന പതിവ് കുറവാണ്. ദൂരദർശൻ ശനിയാഴ്ച ദിവസങ്ങളിൽ കാണിക്കുന്ന ചലച്ചിത്രങ്ങൾ ആവേശത്തോടെ കാത്തിരുന്നകാലം. അങ്ങനൊരു ശനിയാഴ്ചയാണ് ‘നീയെത്ര ധന്യ’ കാണിക്കുന്നതായ അറിയിപ്പ്. ഡിഗ്രി പഠനകാലമാണ്. ശനിയാഴ്ചയും ട്യൂഷനുണ്ട്. തമ്പാനൂരിൽനിന്നും 25 കിലോമീറ്ററിനപ്പുറമുള്ള വീട്ടിൽ, സിനിമ തുടങ്ങുന്നതിന് മുമ്പ് എത്തുക അത്ര എളുപ്പമല്ല. ട്യൂഷൻ കഴിഞ്ഞൊരോട്ടമായിരുന്നു. ഒരു ബസ് പോയിക്കഴിഞ്ഞാൽ മണിക്കൂറുകൾ കഴിഞ്ഞേ അടുത്ത ബസ്സുള്ളൂ. ‘ഒരു ഞായറാഴ്ചയുടെ ഓർമ്മയ്ക്ക്’ കലാകൗമുദിയില്‍ വായിച്ച കാലം മുതൽ മനസിൽ ഒരു നൊമ്പരമായി മാറിയതാണ് ശ്യാമ. സിനിമ മിസ്സാക്കാൻ കഴിയില്ല, പ്രത്യേകിച്ചും ഗാന രംഗം. ഒരു സിനിമ കാണാൻ ഇത്രയും റിസ്ക് പിന്നീടൊരിക്കലും എടുത്തിട്ടില്ലെന്ന് തോന്നാറുണ്ട്. ഗേറ്റിലെത്തിയപ്പോഴേ അകത്ത് കേൾക്കാം ” അരികിൽ നീയുണ്ടായിരുന്നെങ്കിൽ…” ഗാനരംഗം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു.

പ്രണയഭാവം തീരെയില്ലാത്ത, പരുക്കൻ മുഖഭാവമുള്ള മുരളിയും അയലത്തെ വികൃതിയായ അനിയത്തിക്കുട്ടിയെ അനുസ്മരിപ്പിക്കുന്ന കാർത്തികയുമാണ് രംഗത്ത്.
മുരളി അവതരിപ്പിക്കുന്ന ഹാഫിസ് അലിയുടെ മനോവ്യാപാരത്തിലൂടെയാണ് ഗാനം ഒഴുകിയെത്തുന്നത്. പാട്ടു മാത്രം കേൾക്കുന്നൊരാൾക്ക് നായകനായി മുരളിയെ സങ്കൽപ്പിക്കാനാവില്ല. മലയാളിയുടെ പ്രണയ സങ്കല്പങ്ങൾക്ക് ചേർന്ന രൂപഭാവങ്ങളല്ല മുരളിയുടേത്. ഏറെ നാളത്തെ അകൽച്ചയ്ക്ക് ശേഷം ഒഎൻവിയും ദേവരാജൻ മാഷും ഒന്നിച്ച ചിത്രമാണ് നീയെത്ര ധന്യ. ദേവരാജൻമാഷുമായി ഒഎൻവി അകന്നു നിന്ന നാളുകളിൽ സംവിധായകൻ ജേസിക്കും തനിക്കും തോന്നിയ ഒരാഗ്രഹമായിരുന്നു ഒരു പടത്തിൽ ഇവരെ യോജിപ്പിക്കണമെന്നുള്ളതെന്ന് തിരക്കഥാകൃത്ത്, ജോൺ പോൾ അനുസ്മരിച്ചിട്ടുളളത് ഓർത്തു പോവുന്നു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: “എറണാകുളത്തെ ഒരു ഹോട്ടലിലാണ് കമ്പോസിങ് തീരുമാനിച്ചിരുന്നത്. ഒഎൻവി തലേന്നെത്തി. നാലു പാട്ടുകളാണ്. പാട്ടുകളുടെ സിറ്റ്വേഷൻസ് കേട്ടു എഴുതുന്നതിൽ ധ്യാനനിമഗ്നായി. അദ്ദേഹത്തെ എഴുതാൻ വിട്ട ശേഷം, പിറ്റേന്ന് സ്നേഹാന്വേഷണത്തിനായി കടന്നുചെന്ന എന്റെ മുമ്പിൽ അദ്ദേഹം വലിയ അസ്വസ്ഥനായിരുന്നു. ‘ഭൂമിയെ സ്നേഹിച്ച ദേവാംഗന…’ ഉൾപ്പെടെ മൂന്ന് പാട്ടുകൾ അദ്ദേഹം എഴുതി കഴിഞ്ഞിരുന്നു. നാലാമത്തെ ഗാനരംഗത്തിന് വേണ്ട വരികൾ അദ്ദേഹത്തിന് എഴുതാൻ കഴിഞ്ഞിട്ടില്ല. മൂന്ന് പാട്ടുകൾ നമ്മുടെ കയ്യിലുണ്ടല്ലോ, ദേവരാജൻ മാഷ് ഉച്ചയ്ക്കല്ലേ വരൂന്ന് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അപ്പോൾ അദ്ദേഹം അങ്ങോട്ടുമിങ്ങോട്ടും നോക്കി ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വച്ചു. അപൂർവ്വമായി മാത്രമേ ഒഎൻവി സിഗരറ്റ് വലിക്കാറുള്ളൂ. മനസിന് വല്ലാത്ത അസ്വസ്ഥത വന്നാൽ അദ്ദേഹം ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങി രണ്ട് പുകയെടുത്ത ശേഷം മാറ്റിവയ്ക്കും. അസ്വസ്ഥതയോടെ അദ്ദേഹം പറഞ്ഞു, ”ഇന്നലെ എഴുതാൻ നോക്കുമ്പോൾ പുലർച്ചയ്ക്ക് വല്ലാത്ത മഴയായിരുന്നു. കാറ്റത്ത് ജനൽ കട കടാന്ന് അടിക്കയും വെള്ളം ഏറാമ്പലിൽ നിന്ന് ഇറ്റിറ്റ് വീഴുകയും എങ്ങാണ്ടിന്നൊരു പക്ഷി അവിടിരുന്ന് കാകീന്ന് ഒച്ചയെടുക്കുകയും ചെയ്ത് I was total­ly disturbed.”
അദ്ദേഹത്തെ, അദ്ദേഹത്തിന്റെ പാട്ടിന് വിട്ട് ഞാൻ ദേവരാജൻ മാസ്റ്ററെ സ്വീകരിക്കാൻ പോയി. ദേവരാജൻ മാസ്റ്ററുടെ മുറിയിലേക്ക് ഒഎൻവിയെ കൈ പിടിച്ച് ആനയിച്ചത് നിർമ്മാതാവ് ജോർജ്ജും സംവിധായകൻ ജേസിയും ചേർന്നാണ്. ഗാനങ്ങൾ അദ്ദേഹം ദേവരാജൻ മാസ്റ്റർക്ക് കൈമാറി. നാല് ഗാനങ്ങളിൽ ഒഎൻവി മുകളിൽ വച്ചിരുന്നത് എഴുതാൻ കഴിഞ്ഞില്ലാന്ന് അദ്ദേഹം പറഞ്ഞ നാലാമത്തെ ഗാനമാണ്. ആ വരികളിലൂടെ കണ്ണോടിച്ച ദേവരാജൻ മാസ്റ്റർ നാലാമത്തെ ഗാനം എന്റെ കയ്യിലേക്ക് തന്നു. അത് വായിച്ചു നോക്കിയ ഞാൻ ഒഎൻവിയുടെ മുഖത്ത് നോക്കി ആദരപൂർവ്വം തൊഴുതു.”
ആ വരികൾ ഇങ്ങനായിരുന്നു:
രാത്രി മഴ പെയ്തു തോർന്ന നേരം
കുളിർ കാറ്റിലിലച്ചാർത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീർത്തുള്ളി തൻ സംഗീതം
ഹൃത്തന്ത്രികളിൽ പടർന്ന നേരം
കാതരയായൊരു പക്ഷിയെൻ ജാലക
വാതിലിൻ ചാരേ ചിലച്ച നേരം
വാതിലിൻ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി…
ഒഎൻവിയുടെ മാന്ത്രിക വരികൾക്ക് ഹരികാംബോജിയുടെ എല്ലാ സാധ്യതകളും ആവാഹിച്ച് പ്രണയാർദ്രമായി ദേവരാജൻ മാസ്റ്റർ ഈണം പകർന്നപ്പോൾ തീവ്രപ്രണയത്തിന്റെ മാത്രമല്ല, വിരഹത്തിന്റേയും സിംഫണിയായി അത് മാറി. മാഷിന്റെ തന്നെ മറ്റു പ്രണയ ഗാനങ്ങളിൽ നിന്നും വേറിട്ട ഭാവവും ആഴവും. മഴയും നിലാവും പക്ഷിയും പൂവും ഒക്കെയായി അനുരാഗത്തിൽ മുക്കിയെടുത്ത വരികൾ. ആരുടെ മനസാണ് പ്രണയാതുരമാവാത്തത്! അനുരാഗഗീതികൾ പാടി ഫലിപ്പിക്കാനുള്ള തന്റെ കഴിവിന് യേശുദാസ് ഒരിയ്ക്കൽ കൂടി അടിവരയിട്ടപ്പോൾ സിനിമയെ പിന്തള്ളി ഒരു പാട്ട് ആസ്വാദകഹൃദയങ്ങളിൽ ചേക്കേറുന്നത് മലയാളി കണ്ടു. “ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു…” ഉൾപ്പെടെയുളള പാട്ടുകൾ അതിന്റെ നിഴലായി മാറുന്നതും, മഴനൂലുകൾ പെയ്തിറങ്ങുന്ന ഏകാന്ത സുന്ദര രാത്രികളിൽ, ഏതൊരു കാമുക ഹൃദയമാണ് ഒരു മാത്രയെങ്കിലും ഒരു പ്രിയ സാന്നിധ്യം കൊതിച്ചു പോവാത്തത്. ചിലർ, അകലെ തന്നെ മാത്രം നിനച്ചിരിക്കുന്ന പ്രണയിയെ ഓർത്തും മറ്റു ചിലർ അകന്നുപോയ പ്രിയ സാന്നിധ്യം ഓർത്തും ഇന്നും മൂളുന്നു ആ വരികൾ…
“രാത്രിമഴ പെയ്തു തോർന്ന നേരം…”

പ്രിയമുള്ള പത്ത് ഗാനങ്ങൾ തിരഞ്ഞെടുത്താൽ എന്നും അതിലൊന്ന് ഈ ഗാനം തന്നെയാണ്. മുറ്റത്ത് ഒരു ചെമ്പകം നട്ട്, ആദ്യത്തെ മൊട്ട് വിരിയാൻ കാത്തിരുന്ന ഒരു കാലം. വരികളിലെ മാന്ത്രികതയാണ് എന്നെ കൂടുതൽ സ്വാധീനിച്ചതെന്ന് തിരിച്ചറിയാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല.
“മുറ്റത്തു ഞാൻ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളിൽ
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാർത്തിലെൻ
മുഗ്ദ്ധ സങ്കല്പം തലോടി നിൽക്കേ…” അരികിൽ ഒരു പ്രിയ സാന്നിധ്യം കൊതിച്ചു പോയ ഒരു തലമുറ മലയാളത്തിന്റെ മഹാകവിയോട് കടപ്പെട്ടിരിക്കുന്നു. പ്രണയിക്കാൻ പഠിപ്പിച്ചതിന്, വിരഹം അതിലേറെ മധുരമെന്ന് പഠിപ്പിച്ചതിന്. സന്ധ്യയ്ക്ക് തുടങ്ങിയതാണ് വേനൽച്ചൂടിനൊരാശ്വാസം പോലെത്തിയ മഴ. രാത്രിയായിട്ടും മഴയുടെ ശക്തി കുറഞ്ഞിട്ടില്ല. ടൈൽസ് പാകിയ മുറ്റത്ത് വീണ് ചിതറുന്ന മഴത്തുള്ളികൾ. ജനൽ കമ്പികളിൽ മുഖം ചേർത്ത് നിൽക്കുമ്പോൾ മണ്ണിന്റെ മണം നഷ്ടമാക്കുന്ന ആധുനികതയോട് വല്ലാത്ത വെറുപ്പ്. യൂടൂബിൽ പ്രിയ ഗാനം തിരയുമ്പോൾ ഒരുമാത്ര വെറുതേ ഓർത്തു. ഇന്നും ഈ പാട്ടുകേൾക്കുമ്പോൾ പേരറിയാത്ത ആ ഗായകനെ ഞാൻ ഓർത്തു പോവുന്നത് എന്തുകൊണ്ടായിരിക്കും. അയാളിപ്പോൾ നരച്ച താടി തടവി എവിടെയോ ഇരുന്ന് ഇപ്പോഴും ഈ പാട്ട് പാടുന്നുണ്ടാവണമെന്ന് ഒരു മാത്ര ആഗ്രഹിച്ചു പോവുന്നതെന്താവും. ഓരോ ഇഷ്ട ഗാനങ്ങൾക്കു പിന്നിലും ഓർമ്മയുണ്ടാവും.
Behind every girls favourite song
is an untold story.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.