12 November 2024, Tuesday
KSFE Galaxy Chits Banner 2

വികസിത ഭാരതമെന്ന മരീചിക

Janayugom Webdesk
August 11, 2024 5:00 am

വികസിത ഭാരതമെന്ന സ്വപ്നം മരീചികയായി തുടരുകയാണ്. ഘടനാപരമായ മാറ്റങ്ങൾ സാധ്യമാക്കി യാഥാർത്ഥ്യമാകുക കഠിനവുമാണ്. ദിവസങ്ങളായി പട്ടിണി കിടക്കുന്ന അമ്മയോട് തന്റെ കുഞ്ഞിന് ഇനി ആവശ്യത്തിന് ഭക്ഷണം കിട്ടുമെന്ന് സമ്പദ്‌വ്യവസ്ഥയ്ക്ക് ബോധ്യപ്പെടുത്താനും കഴിയുന്നില്ല. ധനമന്ത്രി അവരുടെ പ്രഖ്യാപനങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുമ്പോഴും പലതും ഉള്ളടക്കമില്ലാത്തതും പൊള്ളയുമായിരുന്നു. തൊഴിലില്ലായ്മ കുറയുന്നു എന്ന് സർക്കാർ അവകാശപ്പെട്ടു. സർക്കാർ നിർമ്മിത റിപ്പോർട്ടുകളെ ഉപയോഗിച്ച് തങ്ങളുടെ അവകാശവാദം സാധൂകരിക്കാൻ ഭരണകൂടം പരിശ്രമിച്ചു. തൊഴിലില്ലായ്മയിൽ 3.2 ശതമാനം കുറവുണ്ടായി എന്നൊരു കണക്ക് ആനുകാലിക ലേബർ സർവേയിൽ നിന്ന് ഉദ്ധരിച്ചു. 2014നും 23നും ഇടയിൽ 125 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്ന റിപ്പോർട്ട് എസ്ബിഐയും പറഞ്ഞു. പക്ഷെ യാഥാർത്ഥ്യം മറിച്ചാണ്. നിലവിൽ തൊഴിലില്ലായ്മാ നിരക്ക് 9.2 ശതമാനമാണെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) അടിവരയിടുന്നു. തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണ്. യുപിയിലെ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ 60,244 ഒഴിവുകളിലേക്ക് 16 ലക്ഷം വനിതകൾ ഉൾപ്പെടെ 48 ലക്ഷം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. സ്റ്റാഫ് സെലക്ഷൻ കമ്മിഷനിൽ 7,500 ഒഴിവുകളിലേക്ക് വന്ന അപേക്ഷകൾ 24,74,030 ആയിരുന്നു. അനുപാതം 1: 80 ഉം 1: 329 ഉം. അഞ്ച് മാസത്തിനുള്ളിൽ ആദ്യമായി റിഫൈനറി ഉല്പാദനം കുറയുന്നു. വൈദ്യുതി ഉല്പാദനം ജൂണിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 7.7 ശതമാനത്തിലേക്ക് ഇടിഞ്ഞു. 13 മാസങ്ങളുടെ കണക്കെടുത്താൽ പ്രകൃതി വാതക ഉല്പാദനവും മന്ദഗതിയിലാണ്. വ്യാവസായികോല്പാദന സൂചികയുടെ (ഐഐപി) 40 ശതമാനത്തിലധികം വരുന്ന അടിസ്ഥാന വ്യവസായങ്ങളെ കേന്ദ്രീകരിച്ചുള്ള സൂചിക മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 3.2 ശതമാനം താഴെയാണ്. ഒരു ആഗോള വ്യാവസായികോല്പാദന ശക്തി എന്ന നിലയിൽ രാജ്യത്തിന്റെ സാധ്യതകൾ തിരിച്ചറിയുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ, നിയന്ത്രണ വെല്ലുവിളികൾ, പ്രധാന വ്യവസായങ്ങളിലെ സർക്കാർ ചെലവുകൾ, നൈപുണ്യ വികസനം, നൂതനാശയങ്ങൾ, പുതിയ തൊഴിലവസരങ്ങൾ എന്നിവ നിർണായകമാണ്. എന്നാൽ 10 വർഷത്തെ എൻഡിഎ ഭരണം വ്യാവസായിക, ഉല്പാദനമേഖലകളിൽ ശ്രദ്ധേയ വളർച്ചയ്ക്ക് വഴികാണുന്നതിൽ പരാജയപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വ്യക്തമായ രൂപരേഖയൊന്നും കേന്ദ്രത്തിന് ഇല്ലായിരുന്നു. തദ്ദേശീയ ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയങ്ങൾ പോലും — മേക്ക് ഇൻ ഇന്ത്യ ക്യാമ്പയിനും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും (പിഎൽഐ) ആരംഭത്തിൽ തന്നെ മുനയൊടിഞ്ഞു.

വികസിത് ഭാരത് എന്ന വ്യാജ ആഖ്യാനം 

ജൂലൈ 31 ന് പുറത്തിറക്കിയ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത് രാജ്യത്തിന്റെ പ്രധാന മേഖലയിലെ ഉല്പാദന വളർച്ച ജൂണിൽ നാലു ശതമാനമായി കുറഞ്ഞു എന്നാണ്. ഇത് 20 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണ്. രാജ്യത്തെ വ്യാവസായികോല്പാദനത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും പ്രധാന മേഖലകളിൽ നിന്നാണ് എന്ന അടിസ്ഥാന വസ്തുത തിരിച്ചറിയുമ്പോൾ തകർച്ചയുടെ ഗൗരവം അളക്കാനാകും. എട്ട് പ്രധാന മേഖലകളിലെ വളർച്ച മേയ് മുതൽ 2.4 ശതമാനമായി കുറഞ്ഞു. കൽക്കരി ഒഴികെയുള്ള മേഖലകളിൽ ജൂണിൽ ഉല്പാദന വളർച്ചയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. ദീർഘകാലാടിസ്ഥാനത്തിലുള്ള ദാരിദ്ര്യം കുറയ്ക്കുന്നതിന് ഉരുക്ക് വ്യവസായത്തിലും നിർമ്മാണ മേഖലയിലും വളർച്ച അനിവാര്യമാണ്. കുറഞ്ഞ വളർച്ച ദാരിദ്ര്യ നിർമ്മാർജനത്തിന് ഉതകില്ല. സാമ്പത്തിക വികസനത്തിന്റെ ദീർഘകാല പ്രക്രിയയിൽ വളർച്ച മാത്രമല്ല, ഉല്പാദന മേഖലകളും ഉൾപ്പെടുന്നു. കൃഷിയും സേവനങ്ങളും മുഖ്യധാരയിൽ പരിഗണിക്കണം. ഭരണകൂടവുമായി ചേർന്നുള്ള പൊതുനയങ്ങൾ ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിക്കും. സാമൂഹിക സുരക്ഷാശൃംഖലകള്‍ ചേർന്നുള്ള നയങ്ങളും ദാരിദ്ര്യം കുറയ്ക്കാൻ നേരിട്ട് സഹായിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, മെച്ചപ്പെട്ട പൊതുസേവനങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാക്കാൻ ദരിദ്രരെ ഇത് പ്രാപ്തമാക്കും.

കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ അതിജീവനവും

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്(എൻഎസ്ഒ)യുടെ ഉപഭോക്തൃ ചെലവ് സർവേയുടെ വിവരങ്ങളും പ്രതിശീർഷ ജിഡിപിയുടെ വാർഷിക വളർച്ചാനിരക്കും അടിസ്ഥാനമാക്കി ദാരിദ്ര്യത്തിന്റെ വളർച്ചാവ്യതിയാനം (ജിഇപി) വ്യക്തമാകും. ദാരിദ്ര്യനിരക്കിലെ ശതമാനം കുറഞ്ഞു എന്ന ഘോഷണം ഇതിന്റെ മറവിൽ നിന്നാണ്. പ്രതിശീർഷ വരുമാനത്തിലെ ഒരു ശതമാനം സ്വാഭാവിക വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, 2004-12 കാലഘട്ടം പ്രതിശീർഷ ജിഡിപി വളർച്ചാ നിരക്ക് ഏറ്റവും ഉയർന്ന കാലമായിരുന്നു. കഴിഞ്ഞ ദശകത്തിൽ, പ്രതിശീർഷ ജിഡിപി വളർച്ചാ നിരക്ക് ഉയർന്നില്ല. ഇത് ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് നയിച്ചു. ദാരിദ്ര്യം കുറയുന്നതിനെ സംബന്ധിച്ചിടത്തോളം മുൻദശകങ്ങളിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ അവ്യക്ത നിഴലിച്ചിരുന്നു. 1991ലെ ഉദാരവൽക്കരണം സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്തി. പക്ഷെ മൂന്ന് ദശാബ്ദങ്ങളിലെ നിരക്കുകളിൽ, മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ, ഉല്പാദനമേഖലയുടെ വിഹിതത്തിൽ നിർണായകമായ പങ്കാളിത്തം ഉണ്ടായില്ല. കഴിഞ്ഞ ദശകത്തിൽ ജിഡിപിയുടെ വിഹിതം ഏകദേശം 50 ശതമാനമായി ഉയർത്തിയത് സേവന മേഖലയാണ്. ഇതാണ് ഘടനാപരമായ മാറ്റത്തിന് കാരണമായത്. അതേസമയം ഉല്പാദന മേഖല നിശ്ചലമായി തുടർന്നു. അതിവേഗം വർധിച്ചുവരുന്ന ദാരിദ്ര്യം, വളർച്ചയിലെ തുടർച്ചയായ മുരടിപ്പ്, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, വൻതോതിലുള്ള വിലക്കയറ്റം എന്നിങ്ങനെ കുറവുകളും ഇല്ലായ്മകളും കെട്ടുപിണഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്ക് സ്തംഭനാവസ്ഥ ഉചിതമല്ല.

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.