15 June 2024, Saturday

വികസിത് ഭാരത് എന്ന വ്യാജ ആഖ്യാനം

Janayugom Webdesk
April 24, 2024 5:00 am

കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളിലടക്കം രണ്ടാംഘട്ട പോളിങ് നടക്കുന്ന 87 മണ്ഡലങ്ങളിലെ വോട്ടിങ് ആരംഭിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പരസ്യപ്രചാരണത്തിന് സമാപ്തിയാകും. വോട്ടെടുപ്പിനുമുമ്പ് അന്തിമ തീരുമാനത്തിൽ എത്തിച്ചേരാൻ ഓരോ സമ്മതിദായകനും ലഭിക്കുന്ന അവസാന നിർണായക മണിക്കൂറുകളാണ് ഇത്. ഓരോ പൗരന്റെയും, രാജ്യത്തിന്റെതന്നെയും ഭാവി സംബന്ധിച്ച നിർണായക തീരുമാനം കൈക്കൊള്ളേണ്ട മുഹൂർത്തമാണ് ഇത്. വോട്ടർമാരുടെ ഈ സുപ്രധാനതീരുമാനത്തെ സ്വാധീനിക്കാൻ തെറ്റിദ്ധാരണാജനകങ്ങളായ പരസ്യങ്ങളും നുണപ്രചാരണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപിയും സംഘ്പരിവാർ ശക്തികളും സമസ്ത അടവുകളും പുറത്തെടുത്തുള്ള ജീവന്മരണ പോരാട്ടത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്. ഇവിടെയാണ് പൗരന്മാർ യാഥാർത്ഥ്യബോധത്തോടെ നിർണായക തീരുമാനങ്ങൾക്ക് നിർബന്ധിതരാകുന്നത്. 2004ൽ ‘ഇന്ത്യ തിളങ്ങുന്നു‘വെന്ന വ്യാജ ആഖ്യാനം സൃഷ്ടിക്കാനായിരുന്നു അന്നത്തെ പ്രധാനമന്ത്രിയും ബിജെപിയുടെ എക്കാലത്തെയും പ്രമുഖ നേതാവുമായിരുന്ന അടൽബിഹാരി വാജ്പേയ് ശ്രമിച്ചു പരാജയമേറ്റുവാങ്ങിയത്. നരേന്ദ്ര മോഡിയാകട്ടെ ‘വികസിത് ഭാരത്’ എന്ന ആഖ്യാനം മുന്നോട്ടുവച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള പാ‌ഴ്‌വേലയിലാണ് ഏർപ്പെട്ടിട്ടുള്ളത്. വികസിത് ഭാരത് എന്ന ആ ആഖ്യാനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന കണക്കുകളും വസ്തുതകളുമാണ് ലോകം ഇന്ത്യൻ ജനതയ്ക്കുമുമ്പിൽ തുറന്നുവയ്ക്കുന്നത്. ജനങ്ങളുടെ പൊതു ഓർമ്മശക്തി ഒരിക്കൽക്കൂടി പൊടിതട്ടിയെടുക്കാനുള്ള അവസരമാണിത്.


ഇതുകൂടി വായിക്കൂ: ചരിത്രത്തെ തമസ്കരിക്കുന്ന പാഠപുസ്തക തിരുത്തല്‍


ലോകമെമ്പാടും സർക്കാരുകളും ജനതകളും അംഗീകരിക്കുന്ന വളർച്ചയുടെയും വികാസത്തിന്റെയും ചിത്രം വരച്ചുകാട്ടുന്ന ആധികാരിക രേഖയാണ് ഐക്യരാഷ്ട്രസഭ വികസന പരിപാടിയുടെ (യുഎൻഡിപി- യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം) പ്രതിവർഷ മാനവ വികാസ റിപ്പോർട്ട് അഥവാ ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട്. 2023–24 റിപ്പോർട്ട് അനുസരിച്ച് ലോകത്തെ 193 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 134 ആണ്. അയൽ രാജ്യങ്ങളായ ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവയ്ക്ക് പിന്നിലാണ് ആ സ്ഥാനം എന്നത് വികസിത് ഭാരത് എന്ന മോഡിയുടെയും കൂട്ടാളികളുടെയും അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്.
നാം അഭിമാനപൂർവം ഉദ്ഘോഷിക്കുന്ന ‘ഭാരത് മാതാ കി ജയ്’ എ­ന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്തയെക്കുറിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി തന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ‘നമുക്ക് ഏറ്റവും പ്രിയങ്കരവും നമ്മെ പരിപോഷിപ്പിക്കുന്നതുമായ ഭൂമിയും നദികളും പർവതങ്ങളും വയലുകളും മാത്രമല്ല ഭാരതം. അത് ആത്യന്തികമായി ഈ പ്രിയപ്പെട്ട ഭൂപ്രദേശത്ത് ജീവിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരാണ്. ഭാരതത്തിന്റെ വിജയം എന്നത് അവരുടെ വിജയമാണ്.’ അതുകൊണ്ടുതന്നെ ആ മനുഷ്യരെ ഉൾക്കൊള്ളാത്ത വികസനം ഭാരതത്തിന്റെ വികസനം ആവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഊറ്റംകൊള്ളുന്നത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) അടിസ്ഥാനത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വികസിത സമ്പദ്ഘടന ആണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ്. അതെ, ഇന്ത്യ ലോകത്തെ വിരലിൽ എണ്ണാവുന്ന അതിസമ്പന്നരുടെ രാഷ്ട്രമാണ് എന്നതിൽ തർക്കമില്ല. അതേസമയം ലോകത്ത് ഏറ്റവുമധികം പട്ടിണിക്കാർ അധിവസിക്കുന്ന രാഷ്ട്രവും ഇതുതന്നെയാണെന്ന് വസ്തുതകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. യുഎൻഡിപിയുടെ ഏറ്റവും പുതിയ മാനവ വികാസ റിപ്പോർട്ട്, അനുസരിച്ച് ഇന്ത്യക്കാരുടെ ആളോഹരി ജിഡിപി വിഹിതം 2850 യുഎസ് ഡോളറാണ്. ഉദ്ദേശം 2,37,433 രൂപ മാത്രം. ഇക്കാര്യത്തിൽ ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ പട്ടികയിൽ 149-ാം സ്ഥാനത്താണ്. അതായത്, പഠനവിധേയമായ 193 ലോകരാഷ്ട്രങ്ങളിൽ ഇന്ത്യക്ക് പിന്നിൽ കേവലം 44 രാഷ്ട്രങ്ങൾ മാത്രമാണുള്ളത്. ജിഡിപി വളർച്ചയും അതിന്റെ ആളോഹരി വിഹിതവും തമ്മിലുള്ള ഈ ഭീമമായ അന്തരം വിരൽചൂണ്ടുന്നത് രാജ്യത്ത് നിലനിൽക്കുന്ന വരുമാനത്തിലുള്ള കടുത്ത അനീതിയിലേക്കാണ്. സാമ്പത്തിക അസമത്വത്തെയും പൊതുനയങ്ങളെയും പഠനവിധേയമാക്കുന്ന ‘വേൾഡ് ഇനീക്വാലിറ്റി ലാബ്’, 2022–23 വർഷത്തെ ദേശീയ വരുമാനത്തിന്റെ 22.6 ശതമാനവും ജനസംഖ്യയിൽ ഒരു ശതമാനത്തിന്റെ കൈകളിലാണ് എത്തിച്ചേർന്നതെന്ന് വിലയിരുത്തുന്നു. വരുമാനത്തിന്റെയും അതിന്റെ വിതരണത്തിന്റെയും ഭീമമായ അന്തരമാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും നീതിരഹിതമായ സമ്പദ്ഘടനകളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നത്. ഈ യാഥാർത്ഥ്യം അംഗീകരിക്കാനോ അതിന് പരിഹാരം കാണാനോ ശ്രമിക്കാതെ സമ്പദ്ഘടനയുടെ കുതിപ്പിനെപ്പറ്റി നടത്തുന്ന എല്ലാ അവകാശവാദങ്ങളും മഹാഭൂരിപക്ഷം പൗരന്മാരെ സംബന്ധിച്ചിടത്തോളവും അർത്ഥശൂന്യമാണ്.


ഇതുകൂടി വായിക്കൂ:കള്ളം പറഞ്ഞ് വോട്ട് തേടുന്നവര്‍ 


രാജ്യത്ത് നിലനിൽക്കുന്ന കടുത്ത സാമ്പത്തിക അനീതികളെപ്പറ്റിയും തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം തുടങ്ങി അതിന്റെ അനന്തരഫലങ്ങളെപ്പറ്റിയുമുള്ള എല്ലാ ചർച്ചകളെയും വഴിതിരിച്ചുവിടാനുള്ള തീവ്രയത്നത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും സംഘ്പരിവാറും ഏർപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോ ജനങ്ങൾ അഭിമുഖീകരിക്കുന്ന യാതൊരു ജീവൽപ്രശ്നങ്ങളെപ്പറ്റിയും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരാമർശിക്കുന്നേയില്ല. രാമക്ഷേത്രം, മുസ്ലിം വിരുദ്ധത തുടങ്ങിയവയിൽ ജനശ്രദ്ധ തളച്ചിട്ട് ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ അധികാരം നിലനിർത്താനാണ് അവർ പരിശ്രമിക്കുന്നത്. ബിജെപിയുടെ ഈ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ ജനത അത് തള്ളിക്കളയുന്നതിന്റെ സൂചനകളാണ് ഏപ്രിൽ 19ന് നടന്ന വോട്ടെടുപ്പിനോടുള്ള പ്രതികരണം നൽകുന്നത്. 26ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന പോളിങ്ങും ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കും നൽകുക എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.