23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 23, 2024
January 31, 2024
January 18, 2024
January 16, 2024
December 3, 2023
October 1, 2023
September 29, 2023
September 11, 2023
August 4, 2023
June 21, 2023

നാഷണൽ ഫാർമസി കമ്മിഷൻ ബിൽ ഭരണഘടനാ വിരുദ്ധം

കെ സി അജിത് കുമാർ
January 18, 2024 4:45 am

ആരോഗ്യ രംഗത്തെ വിവിധ പ്രൊഫഷണൽ മേഖലകളെ നിയന്ത്രിച്ചിരുന്ന നിയമങ്ങൾ ഒന്നൊന്നായി കേന്ദ്രസർക്കാർ പൊളിച്ചെഴുതുകയാണ്. മെഡിക്കൽ കൗൺസിൽ ആക്ട് 1956, നഴ്സിങ് ആന്റ് മിഡ് വൈഫറി കൗൺസിൽ ആക്ട് 1956, ദി ഡന്റിസ്റ്റ്സ് ആക്ട് 1948 എന്നിവ പുതിയ നിയമങ്ങളായ നാഷണൽ കമ്മിഷൻ ആക്ടുകളായി മാറിക്കഴിഞ്ഞു. 1948ലെ ഫാർമസി ആക്ട് റദ്ദ് ചെയ്യാനും പകരം നാഷണൽ ഫാർമസി കമ്മിഷൻ ബിൽ 2023 (എൻപിസി ബിൽ 2023) നിയമമാക്കാനുമുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഫാർമസി പ്രൊഫഷനും പ്രാക്ടീസും നിയന്ത്രിക്കുന്നതിനും, ഔഷധ സംഭരണ വിതരണ മേഖലയിൽ നിയമവാഴ്ച ഉറപ്പാക്കാനും സംസ്ഥാന സർക്കാരിന് ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന സംസ്ഥാന ഫാർമസി കൗൺസിലുകൾ ഇല്ലാതാക്കുന്ന നിയമ നിർമ്മാണത്തിലേക്കാണ് കേന്ദ്രം നീങ്ങുന്നത്. ബ്രിട്ടീഷ് നിയമങ്ങൾ മാറ്റി സ്വദേശി ന്യായസംഹിത നടപ്പാക്കാനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ നിയമ നിർമ്മാണം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പ്രതിപാദിച്ച ആരോഗ്യമേഖലയിലെ മെഡിക്കൽ, നഴ്സിങ്, ഡന്റൽ, ഫാർമസി; പ്രൊഫഷനും പ്രാക്ടീസും നിയന്ത്രിക്കാൻ ആവശ്യമായ നിയമനിർമ്മാണങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളായിരുന്നു. എൻപിസി ബിൽ 2023 സംസ്ഥാന അധികാരത്തിൻമേലുള്ള കടന്നുകയറ്റവും ഫെഡറൽ ഭരണ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമാണ്.

ഭരണഘടനാ വ്യവസ്ഥകൾ അക്ഷരംപ്രതി പാലിച്ചുകൊണ്ട് രൂപപ്പെടുത്തിയ നിയമമാണ് ദി ഫാർമസി ആക്ട് 1948. ഫാർമസി വിദ്യാഭ്യാസവും പ്രൊഫഷനും സംവിധാനം ചെയ്യുന്നതിനും മരുന്നുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പുവരുത്തുന്നതിനും ദുരുപയോഗം തടയുന്നതിനും, പ്രൊഫഷണൽ രംഗത്തെ കുറ്റകൃത്യങ്ങൾ ക്രിമിനൽ കുറ്റങ്ങളായിക്കണ്ട് ശിക്ഷ ഉറപ്പാക്കുന്നതിനും ആക്ട് ലക്ഷ്യമിടുന്നു. സ്വാതന്ത്ര്യാനന്തരം രൂപം കൊണ്ടതും ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും സ്വീകരിച്ചതുമായ നിയമങ്ങൾ പ്രായോഗികവും കാലോചിതവുമായ പരിഷ്കരണങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിലെ സുപ്രധാനമായ 42-ാം വകുപ്പ് ഉൾപ്പെടെ നിയമങ്ങളിൽ കാലോചിതമായ പരിഷ്കരണങ്ങൾക്കുപകരം നിയമം നടപ്പാക്കാതിരിക്കുന്നതിനുളള പരിശ്രമങ്ങളാണ് കാലമിത്രയും നടന്നിട്ടുള്ളത്. മരുന്നുകളുടെ നിർമ്മാണ രംഗത്തും ഫാർമസി പ്രൊഫഷണലുകളുടെ സേവനം നാമമാത്രമാണ്. മരുന്ന് നിർമ്മാണം ഫാർമസി ആക്ടിൽ പരാമർശവിഷയം പോലും ആയിരുന്നില്ല എന്നതാണ് മേഖലയിൽ അരാജകത്വം വളർന്നുവരാൻ കാരണം. ഈ അപര്യാപ്തത പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഗൗരവ പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാഹചര്യത്തിൽ നിലവിലുള്ള നിയമങ്ങൾ പോലും ദുർബലപ്പെടുത്തുന്ന നടപടികളാണ് ഉണ്ടാവുന്നത്. കോർപറേറ്റ് താല്പര്യങ്ങൾക്ക് തണലേകുന്ന എൻപിസി ബിൽ 2023 കാര്യമായ ചർച്ചകൾ പോലുമില്ലാതെ നിയമമാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത് രാജ്യത്തെ ആരോഗ്യ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.


ഇതുകൂടി വായിക്കൂ:സ്വേച്ഛാധിപത്യം കടുപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം


രാജ്യത്തിന്റെ വ്യാവസായിക വളർച്ചയിൽ വലിയ സംഭാവന നൽകിയതാണ് ഔഷധ മേഖല. രാജ്യത്ത് 30–35 ശതമാനം രോഗങ്ങൾക്കും കാരണം മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്ന സാഹചര്യത്തിൽ മരുന്നുകൾ അശാസ്ത്രീയമായും അനിയന്ത്രിതമായും വിറ്റഴിക്കപ്പെടുന്നതിലൂടെ സംഭവിച്ചിട്ടുള്ള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്നതിൽ രാജ്യത്തെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് തികഞ്ഞ പരാജയമായിരുന്നു. ഫാർമസി പ്രൊഫഷൻ ശക്തിപ്പെടുത്തുന്നതിനു പകരം ദുർബലപ്പെടുത്തുന്ന നടപടികളാണ് പിന്തുടർന്നുപോന്നത്. മരുന്നു കൈകാര്യം ചെയ്ത് പരിചയമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന കോമ്പിറ്റന്റ് പേഴ്സൺ സർട്ടിഫിക്കറ്റുകൾ എഴുതി നൽകുന്ന സാഹചര്യം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നു. നിരന്തരമായ സമ്മർദങ്ങളുടെ ഫലമായിട്ടാണ് 1976ൽ ഫാർമസി പ്രാക്ടീസ് സാങ്കേതിക യോഗ്യതയുള്ളവർക്കു മാത്രം പ്രാക്ടീസ് ചെയ്യാവുന്ന തൊഴിൽമേഖലയായി നിയമപരിരക്ഷ ഉറപ്പുനൽകിയത്. നിയമം പ്രാബല്യത്തിൽ വരുന്നതിന് വിവിധ ഘട്ടങ്ങളിലായി എട്ട് വർഷം കാലാവധി നീട്ടി നൽകി എന്നതുതന്നെ ഈ നിയമത്തിനെതിരെ ഉയർന്നുവന്ന പ്രതിരോധത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു.

കേന്ദ്രസർക്കാർ 2015ൽ നടപ്പാക്കിയ ഫാർമസി പ്രാക്ടീസ് റെഗുലേഷൻ ആക്ട് രൂപീകരണത്തിലും ഫെഡറല്‍വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. പൂർണമായും സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരേണ്ട നിയമനിർമ്മാണം കേന്ദ്രസർക്കാർ നടത്തിയതിലൂടെ ഭരണഘടനാപരമായ സാധുത ഇല്ലാതെ വരികയും ഒരു സംസ്ഥാനത്തും പ്രാക്ടീസ് റെഗുലേഷൻ ആക്ട് നടപ്പാക്കാൻ കഴിയാതെ വരികയും ചെയ്തു. 2023 മാർച്ചിൽ ഫാർമസി ആക്ട് 1948 ഭേദഗതി ചെയ്യുന്നതിനായി 16 അംഗ വിദഗ്ധ സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. കമ്മിറ്റി രൂപീകരണം തന്നെ ഏറെ വിമർശിക്കപ്പെട്ടു. അംഗങ്ങളിൽ 10 പേരും ഫാർമസി ആക്ടിനെക്കുറിച്ച് ധാരണയില്ലാത്ത മെഡിക്കൽ പ്രൊഫഷണലുകളായിരുന്നു. ഭേദഗതി സംബന്ധിച്ച് ടേംസ് ഓഫ് റഫറൻസ് നിർവചിച്ച് നൽകിയില്ല എന്നത് കമ്മിറ്റിയുടെ പ്രവർത്തനത്തെ സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ല എന്നതിന് തെളിവായും ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മാസം സമയപരിധി നിശ്ചയിച്ചിരുന്ന കമ്മിറ്റി യോഗം ചേർന്നതിനെക്കുറിച്ചോ, ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന എൻപിസി ബിൽ (ഡ്രാഫ്റ്റ്) 2023 മായി ബന്ധപ്പെട്ട് എന്തെങ്കിലും ശുപാർശ കമ്മിറ്റി നൽകിയതായോ റിപ്പോര്‍ട്ടില്ല. പുതിയ നിയമനിർമ്മാണങ്ങളുടെ നടപടികൾ അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഫാർമസി ആക്ടിലെ നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ പരിഷ്കരിച്ചുകൊണ്ട് ജൻ വിശ്വാസ് (അമന്റ്മെന്റ് ഓഫ് പ്രൊവിഷൻസ്) ആക്ട്, 2023 നിലവിൽ വന്നു. യുജിസിക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പാഠ്യവിഷയങ്ങളെ അടിസ്ഥാനമാക്കി അധ്യാപക പ്രതിനിധികളും, തിരഞ്ഞെടുക്കപ്പെടുന്ന ഫാർമസി പ്രൊഫഷണലുകളും, വിവിധ വകുപ്പ് തലവൻമാർ ഉൾപ്പെടുന്ന എക്സ് ഒഫിഷ്യോ അംഗങ്ങളും അടങ്ങിയ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരമായി കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥ പ്രാധാന്യമുള്ള കമ്മിഷന്റെ ഘടന ജനാധിപത്യ സ്വഭാവമില്ലാത്തതും സ്വതന്ത്ര അധികാരങ്ങളും സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളും ഇല്ലാത്ത ഒരു സർക്കാർ സംവിധാനവും മാത്രമാവുകയാണ്.


ഇതുകൂടി വായിക്കൂ:പൗരാണിക വിജ്ഞാനം ആധുനിക വെല്ലുവിളികൾക്ക് ഉത്തരം


1948ലെ ആക്ട് പ്രകാരം ഫാർമസി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയരൂപീകരണ ചുമതല ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിൽ നിക്ഷിപ്തമായിരുന്നു. രാജ്യത്ത് ഏതെല്ലാം കോഴ്സുകൾ വേണം, അവയുടെ കാലദൈർഘ്യം, പഠന വിഷയങ്ങൾ, പരീക്ഷാ സമ്പ്രദായം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയുടെ പരിശോധന, അംഗീകാരം നൽകൽ തുടങ്ങിയ ചുമതലകളും നിർവഹിച്ചിരുന്നത് ഫാർമസി കൗൺസിലായിരുന്നു. പുതിയ കമ്മിഷന്റെ ചുമതല സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കും അംഗീകാരം നൽകുക എന്നതുമാത്രമായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏതൊരു സ്ഥാപനത്തിനും അവരുടേതായ കോഴ്സുകൾ രൂപപ്പെടുത്താം എന്നതും കാലയളവും വിഷയങ്ങളും തീരുമാനിക്കാം എന്നതും വിദേശ സ്ഥാപനങ്ങളുടെ കോഴ്സുകൾ അടിസ്ഥാനമാക്കി രാജ്യത്ത് കോഴ്സുകൾ അനുവദിക്കാമെന്നതും ഫാർമസി മേഖലയുടെ വിവിധ സംവിധാനങ്ങൾക്ക് മാത്രമായി പരിമിതമായ സിലബസുകളെ അധികരിച്ച് കോഴ്സുകൾ രൂപപ്പെടുത്താമെന്നുമുള്ളത് ഫാർമസി ആക്ട് വിവക്ഷിച്ചിരുന്ന ഫാർമസി വിദ്യാഭ്യാസ സമ്പ്രദായത്തിനു കടക വിരുദ്ധമായ സമീപനമാണ്. ഫെഡറൽ ഭരണസംവിധാനത്തിന്റെ അടിസ്ഥാനത്തിൽ പ്രാക്ടീസ് റെഗുലേഷനുകൾക്ക് രൂപം കൊടുക്കാനും, പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താനും നിയമലംഘനങ്ങളിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും കഴിയുന്ന നിയമനിർമ്മാണങ്ങൾക്കുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായിരുന്നു. നാഷണൽ ഫാർമസി കമ്മിഷന്റെ അധികാരപരിധിയിൽ നിന്നും ഇത്തരം ചുമതലകള്‍ എടുത്തുമാറ്റപ്പെടുന്ന സാഹചര്യം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണ്.

ഫാർമസി പ്രൊഫഷനും പ്രാക്ടീസിനും പുതിയ വിദ്യാഭ്യാസ രീതി അവലംബിക്കുന്നതോടെ കോർപറേറ്റുവൽക്കരണത്തിന് ആക്കം കൂടും. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് പകരം ഫാർമസി മേഖലയുടെ തൊഴിൽ സാഹചര്യങ്ങളെ സൂക്ഷ്മ മേഖലകളായി തരംതിരിച്ച് ഹ്രസ്വകാല കോഴ്സുകൾക്ക് രൂപം കൊടുക്കുന്നതോടെ, തൊഴിൽ സാഹചര്യങ്ങൾ പരിമിതപ്പെടുത്തുന്നതിനും തൊഴിൽമേഖലയിൽ ചൂഷണം വർധിക്കാനും സാഹചര്യമൊരുങ്ങും. വളർന്നുവരുന്ന കോർപറേറ്റ് സംവിധാനങ്ങൾക്ക് കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ സേവനങ്ങൾ ലഭിക്കാനും പ്രാക്ടീസ് റെഗുലേഷന്റെ പ്രസക്തി ഇല്ലാതാക്കാനും പുതിയ നിയമം വഴിവയ്ക്കും. ഫാർമസി കൗൺസിൽ അംഗീകാരം നൽകിയിട്ടില്ലാത്തതും എന്നാൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നതുമായ ചില സ്ഥാപനങ്ങൾ നടത്തിവരുന്ന ഫാർമസി അസിസ്റ്റന്റ് കോഴ്സുകൾ അഗീകരിക്കപ്പെടാനും ഇവരുടെ സേവനങ്ങൾ ഫാർമസി പ്രാക്ടീസിന്റെ ഭാഗമാക്കാനും ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രം മതിയാവും. കേന്ദ്ര‑സംസ്ഥാന നിയമ നിർമ്മാണങ്ങൾ രണ്ടുവഴിക്ക് മുന്നോട്ടുപോയാൽ ആരോഗ്യ മേഖലയിലെ നിയമപരിപാലനം കോടതി വ്യവഹാരങ്ങളിൽ കുരുങ്ങാനും സാധാരണക്കാരുടെ ആരോഗ്യ സംബന്ധമായ നിയമപ്രശ്നങ്ങളിൽ നീതിനിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകും. ആരോഗ്യ രംഗത്ത് പ്രൊഫഷനും പ്രാക്ടീസും നിയന്ത്രിക്കാനും അതിനാവശ്യമായ നിയമങ്ങൾ രൂപീകരിക്കാനും സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടന അനുവദിച്ചുകൊടുത്തിട്ടുള്ള അധികാരങ്ങൾ പുനഃസ്ഥാപിച്ചു കിട്ടേണ്ടത് രാജ്യത്തിന്റെയാകെ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.