10 May 2024, Friday

പൗരാണിക വിജ്ഞാനം ആധുനിക വെല്ലുവിളികൾക്ക് ഉത്തരം

ഡോ. അഭിൽ മോഹൻ
December 30, 2023 4:27 am

ഭാരതത്തിന്റെ തനതായ ചികിത്സാ ശാസ്ത്രങ്ങളിൽ ഏറ്റവും പഴക്കം ചെന്നതും ദ്രാവിഡ സംസ്കൃതിയിൽ ഉരുത്തിരിഞ്ഞതുമായ ചികിത്സാ ശാസ്ത്രമാണ് സിദ്ധ വൈദ്യം. ഈ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായ അഗസ്ത്യ മഹർഷിയുടെ ജന്മദിനമായ ധനു മാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് എല്ലാവർഷവും സിദ്ധദിനമായി ആചരിക്കുന്നത്. ഡിസംബർ 30 ഏഴാമത് ദേശീയ സിദ്ധദിനമാണ്. വാതം, പിത്തം, കഫം, എന്നിങ്ങനെയുള്ള ത്രിദോഷങ്ങളും, പൃഥ്വി, ജലം, അഗ്നി, വായു, ആകാശം, എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും പഞ്ചകോശങ്ങളും ഉൾപ്പെടുന്ന 96 അടിസ്ഥാന തത്വങ്ങളാണ് സിദ്ധവൈദ്യം ആധാരമാക്കിയിരിക്കുന്നത് എന്ന് പറയാം. പ്രകൃതിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ശരീരത്തിൽ പ്രതിഫലിക്കപ്പെടുന്നു എന്ന സാമാന്യമായ അണ്ഡ‑പിണ്ഡ തത്വം സിദ്ധ ചികിത്സാ ശാസ്ത്രത്തിൽ ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുള്ള ജീവിത രീതികൾക്കും അതതു കാലാവസ്ഥയ്ക്കും ഋതുഭേദങ്ങൾക്കും അനുസരിച്ചുള്ള ജീവിതശൈലിക്കും വളരെയേറെ പ്രാധാന്യമാണ് നൽകുന്നത്. ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ ആശ്രയിച്ചുകൊണ്ട് പകർച്ചവ്യാധി പ്രതിരോധത്തിനും ജീവിതശൈലി രോഗങ്ങൾക്കും മാരകവ്യാധികളുടെ ചികിത്സക്കും ഫലപ്രദമാണ്. വാദം, വൈദ്യം, യോഗം, ജ്ഞാനം, എന്നിവയാണ് സിദ്ധ വൈദ്യത്തിന്റെ നാല് നെടുംതൂണുകൾ. വാദം എന്നത് വിവിധതരം രസവാദപ്രയോഗങ്ങളിലൂടെ ശരീരത്തെ കല്ലുപോലെ ബലമുള്ളതാക്കുകയും കഠിനമായ ആത്മീയ സാധനകൾക്ക് ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന കായകൽപ്പമുറകൾ ഉൾപ്പെടുന്നവയാണ്. വൈദ്യം എന്നത് ചികിത്സ തന്നെ. “എൺ വകൈ തേർവ് ” എന്ന എട്ടുതരത്തിലുള്ള രോഗനിർണയ രീതികളിലൂടെ രോഗത്തെ മനസിലാക്കി ഔഷധപ്രയോഗങ്ങളിലൂടെയും പത്ഥ്യാചരണത്തിലൂടെയും രോഗമുക്തി നൽകുക എന്നതാണ് വൈദ്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

 


ഇതുകൂടി വായിക്കൂ; നല്ല കഥയ്ക്ക് ജൈവചലനമുണ്ട്


‘യോഗം’ എന്ന പദം കൊണ്ട് കൂടിച്ചേരൽ എന്നാണ് ഉദ്ദേശിക്കുന്നത്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ധ്യാനവും യോഗയും ഉൾപ്പെടെയുള്ള സാധനകൾ സിദ്ധന്മാർ അനുഷ്ഠിച്ചു വന്നു. ശാരീരികവും മാനസികവുമായ രോഗാവസ്ഥകളിൽ യോഗയ്ക്ക് വളരെയേറെ പ്രാധാന്യമാണ് സിദ്ധർ തിരുമൂലർ എഴുതിയ “തിരുമന്തിരം” എന്ന ഗ്രന്ഥത്തിലുള്ളത്. ജ്ഞാനം എന്നത് അറിവിനെ സൂചിപ്പിക്കുന്നു. ആധുനിക കാലഘട്ടത്തിൽ സിദ്ധ വൈദ്യത്തിന്റെ പ്രസക്തി വർധിച്ചുവരികയാണ്. പ്രത്യേകിച്ചും പകർച്ചവ്യാധി പ്രതിരോധം, കാൻസർ പോലുള്ള മാരകവ്യാധികൾ, പക്ഷാഘാതം, ഓട്ടിസം, സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങൾ, വിവിധതരം ജീവിതശൈലീ രോഗങ്ങൾ, എന്നിവയിലെല്ലാം സിദ്ധവൈദ്യത്തിന്റെ സാധ്യതകൾ പഠനവിധേയമാവുകയാണ്. ‘പൗരാണിക വിജ്ഞാനം ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് ഉത്തരം’ (Ancient wis­dom, Mod­ern solu­tion) എന്നതാണ് ഈ വർഷത്തെ സിദ്ധദിനാചരണത്തിന്റെ സന്ദേശം. കോവിഡ് പോലൊരു മഹാമാരി മാനവരാശിക്ക് ഭീഷണി ഉയർത്തിയപ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക എന്ന അടിസ്ഥാനതത്വമാണ് സിദ്ധ വൈദ്യം മുന്നോട്ടുവച്ചത്. കേരള സർക്കാരും കേന്ദ്ര ആയുഷ് മന്ത്രാലയവും മഹാമാരിയുടെ വ്യാപനം തടയുന്നതിന് പ്രത്യേകമായി സിദ്ധ പ്രോട്ടോകോളുകൾ പുറത്തിറക്കി. രോഗപ്രതിരോധത്തിനും ചികിത്സക്കും കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച രീതിയിൽ സിദ്ധ ചികിത്സ പ്രയോജനപ്പെടുത്തി.

സുഖായുഷ്യം, സ്വാസ്ഥ്യം, പുനർജനി എന്നീ പദ്ധതികളിലൂടെ രണ്ട് ലക്ഷത്തോളം ആളുകളിൽ പ്രതിരോധത്തിനും രോഗം വന്നുപോയവരുടെ ആരോഗ്യ സംരക്ഷണത്തിനും ഉപയുക്തമാക്കി. ഭാരത സർക്കാരിനു കീഴിലുള്ള നിതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഈ പ്രവർത്തനങ്ങൾ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. തമിഴ്‌നാട് സർക്കാരിന് കീഴിൽ നടത്തിയ വിവിധ പഠനങ്ങളിൽ കോവിഡ് മൂർച്ഛിച്ച അവസരങ്ങളിൽ പോലും സിദ്ധ ഔഷധങ്ങൾ ഉപയോഗിച്ചുള്ള സമന്വയ ചികിത്സ വളരെ മികച്ച ഫലസിദ്ധി നൽകി എന്ന് തെളിയിക്കപ്പെട്ടു. കേരളത്തിൽ സർക്കാർ തലത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ സിദ്ധ മർമ്മ തെറാപ്പി സെന്ററുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുർവേദം, സിദ്ധ,യുനാനി, പ്രകൃതി ചികിത്സ, ഹോമിയോപ്പതി വിഭാഗങ്ങൾക്കുവേണ്ടി രൂപകല്പന ചെയ്തിട്ടുള്ള ആയുഷ് മന്ത്രാലയത്തിന് കീഴിലാണ് സിദ്ധ ചികിത്സ ദേശീയതലത്തിൽ പരിപോഷിപ്പിക്കപ്പെടുന്നത്. സർക്കാർ മേഖലയിൽ മൂന്ന് മെഡിക്കൽ കോളജ് ഉൾപ്പെടെ ആകെ പന്ത്രണ്ട് മെഡിക്കൽ കോളജുകളും ഒരു ദേശീയ സിദ്ധ ഇൻസ്റ്റിറ്റ്യൂട്ടും നിലവിലുണ്ട്. ശ്രീലങ്കൻ സർക്കാരിനു കീഴിൽ രണ്ട് മെഡിക്കൽ കോളജുകളും പ്രവർത്തിച്ചുവരുന്നു. മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും സിദ്ധ ചികിത്സ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ സർക്കാർതലത്തിൽ ഒരു ആശുപത്രിയും ആറ് ഡിസ്പെൻസറികളും എട്ട് അറ്റാച്ചഡ് യൂണിറ്റുകളും, നാഷണൽ ഹെൽത്ത് മിഷനു കീഴിൽ 30 ഡിസ്പെൻസറികളും സ്വകാര്യമേഖലയിൽ ഒരു മെഡിക്കൽ കോളജുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.