21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 27, 2024
October 10, 2024
May 5, 2024
November 23, 2023
October 12, 2023
September 21, 2023
September 21, 2023
August 6, 2023
February 13, 2023
July 19, 2022

മലയാളികളെ കോരിതരിപ്പിച്ച കാവ്യ തരംഗങ്ങൾ

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനം ഇന്ന് 
അനശ്വര രാധാകൃഷ്ണൻ
October 10, 2024 6:00 am

ലയാള കവിതക്ക് പ്രണയത്തിന്റെയും സംഗീതത്തിന്റെയും കനകചിലങ്ക അണിയിച്ച പ്രതിഭയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. പ്രണയവും വിരഹവും നഷ്ട്ടവുമെല്ലാം മലയാളികളുടെ ഹൃദയത്തിൽ പകർന്ന് നൽകിയ ആ വരികൾ ജനമനസുകളിൽ ഇന്നും മായാതെയുണ്ട് . അനുഭൂതിയുടെ ആത്മാവിലോളം ഒഴുകിയെത്തുന്നു ആ സ്വരരാഗസുധ…മലയാള കവിത ഉള്ളിടത്തോളം കാലം ആ മധുരരാഗത്തിനു മരണമില്ല, പ്രിയ കവിക്കും.രോഗബാധിതനും അവശനുമായി ജീവിതത്തിന്റെ അവസാനനാളുകളിൽ ചങ്ങമ്പുഴ എഴുതിയ കാവ്യനർത്തകി എന്ന കവിതയിൽ, തന്നെ അനുഗ്രഹിച്ച കാവ്യദേവതയുടെ അംഗലാവണ്യം മുഴുവൻ ആവാഹിച്ചിട്ടുണ്ട്.  ‘കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി, കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി, കടമിഴിക്കോളുകളിൽ‌ സ്വപ്നം മയങ്ങി’- ചങ്ങമ്പുഴ സൃഷ്ടിച്ച കാവ്യതരംഗങ്ങൾ മലയാളികളെ അക്ഷരാർഥത്തിൽ കോരിത്തരിപ്പിച്ചു. പ്രിയ സുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ വേർപാട് ചങ്ങമ്പുഴയുടെ ഹൃദയത്തെ ഉലക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കായി ചങ്ങമ്പുഴ രചിച്ച ’ രമണൻ ’ ജനമനസുകളിൽ നിറഞ്ഞുനിൽക്കുന്നു . മഹാകവി അല്ലായിരുന്നിട്ടും അദ്ദേഹം രചിച്ച പലകവിതകളും മലയാളത്തെ പിടിച്ചുലച്ചത് ചരിത്രം . കവിതയുടെ മറ്റൊരു തലം കാട്ടിതന്ന അനശ്വര കവിയായി അദ്ദേഹം വളർന്നു. മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത സ്വതസിദ്ധമായൊരു ശൈലി ചങ്ങമ്പുഴയെ വേറിട്ടുനിർത്തി . കാനനച്ചായയില്‍ ആടുമേയ്ക്കാന്‍ പോകുമ്പോള്‍ തന്നെയും കൂടെക്കൂട്ടാന്‍ രമണനോട് ആവശ്യപ്പെടുന്ന ചന്ദ്രിക പ്രണയാര്‍ദ്ര ലോകത്തേക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോയി. ഒടുവിൽ മാതാപിതാക്കളുടെ ഭീഷണിക്ക് വഴങ്ങി അവള്‍ രമണനെ ഉപേക്ഷിച്ചപ്പോള്‍ വായനക്കാരന്റെ കണ്ണ് നിറഞ്ഞെങ്കില്‍, പ്രേമ നൈരാശ്യത്തില്‍ ജീവന്‍ വെടിഞ്ഞ രമണനെയോര്‍ത്ത് ഇടനെഞ്ച് തകര്‍ന്നെങ്കില്‍ അത് തന്നെയാണ് ചങ്ങമ്പുഴ എന്ന എഴുത്തുകാരന്റെ വിജയം. അതെ മലയാളക്കരയെയാകെ തന്റെ ഇടയകാവ്യം കൊണ്ട് അനുഭൂതി നിറച്ച പ്രതിഭ … അദ്ദേഹത്തിന്റെ നൂറ്റി പതിമൂന്നാം ജന്മദിനമാണ് ഒക്‌ടോബർ 10 ന്.

‘കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം,
തെറ്റിദ്ധരിക്കരുതെങ്കിലും നീ
നിന്നിലുപരിയായില്ലയൊന്നും
മണ്ണിലെനിക്കെന്റെ ജീവിതത്തില്‍’

മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കിയ കവി 

ഇങ്ങനെ എത്രയെത്ര കവിതകള്‍ കൊണ്ട് അദ്ദേഹം മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കി . മനസ്വിനി, വാഴക്കുല,സ്പന്ദിക്കുന്ന അസ്ഥിമാടം, ഭാവഗീതം, ഉദ്യാനലക്ഷ്മി, യവനിക,പാടുന്ന പിശാച് അങ്ങനെ മലയാളികൾ ഏറ്റുചൊല്ലുന്ന നിരവധി കവിതകള്‍ രചിച്ചു .തെല്ലൊന്ന് മയക്കത്തിലായിരുന്ന മലയാള സാഹിത്യത്തെ, കവിതയെ പുല്ലാങ്കുഴലൂതി ഉണര്‍ത്തിയ പാട്ടുകാരനായിരുന്നു ചങ്ങമ്പുഴ എന്ന് പറയാതെ വയ്യ.ഒടുവില്‍ ക്ഷയരോഗത്തിന്റെ പിടിയിലമര്‍ന്ന് വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ സ്വയം തിരഞ്ഞെടുത്ത ഏകാന്ത ജീവിതം നയിക്കുമ്പോഴും തന്റെ കവിതകളില്‍ കേഴുന്ന സ്വരമോ വേദനയോ കുത്തിനിറയ്ക്കാന്‍ തയ്യാറായിരുന്നില്ല അദ്ദേഹം. സ്‌നേഹം നിറച്ച വരികള്‍ തന്നെയായിരുന്നു അന്നും പകർന്ന് നൽകിയത് . അക്ഷരങ്ങളെ സ്‌നേഹിച്ച പുല്‍നാമ്പുകളെപ്പോലും പ്രണയിക്കാന്‍ പഠിപ്പിച്ച പ്രിയ കവി.

 

പ്രാരാബ്ധങ്ങളുടെ നടുക്കുള്ള ജീവിതം 

1911 ഒക്ടോബര്‍ 10ന് തെക്കേടത്ത് വീട്ടില്‍ നാരായണ മേനോന്റെയും പാര്‍വ്വതി അമ്മയുടെയും മകനായി ജനിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവത്തില്‍ നിന്നാണ് ആദ്യമായി തൂലിക ചലിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനായി എറണാകുളം മഹാരാജാസ് കോളജിലും തുടര്‍ന്ന് തിരുവനന്തപുരം ആര്‍ട്ട്‌സ് കോളജിലും പഠിച്ച് ഓണേഴ്‌സ് ബിരുദം നേടി.കോളജ് വിദ്യാഭ്യാസകാലത്ത് തന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീര്‍ന്നു. വിദ്യാഭ്യാസ കാലഘട്ടം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കുടുംബജീവിതത്തിലേക്ക് കടന്ന അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്തു.എന്നാല്‍ പഠനത്തിന് ശേഷം വില്ലനായി കടന്നുവന്ന സാമ്പത്തിക പ്രതിസന്ധി പൂര്‍ണമായും എഴുത്ത് മേഖലയില്‍ തുടരാന്‍ ചങ്ങമ്പുഴയെ അനുവദിച്ചില്ല. ജീവിത ക്ലേശം നിമിത്തം അദ്ദേഹം യുദ്ധസേവനത്തിനായി പോയി. എന്നാല്‍ അധികനാള്‍ അവിടെ തുടരാന്‍ അദ്ദേഹത്തിനായില്ല. രണ്ട് വര്‍ഷത്തിന് ശേഷം ജോലി രാജിവച്ച് മദിരാശിയിലെ ലോ കോളജില്‍ ചേര്‍വെങ്കിലും പഠനം മുഴുമിപ്പിക്കാതെ തന്നെ നാട്ടിലേക്ക് മടങ്ങി. പില്‍ക്കാലത്ത് ചങ്ങമ്പുഴയെ പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിച്ച പല കൃതികളും പിറന്നത് ഇക്കാലത്താണ്. 1948 ജൂണ്‍ 17ന് കോരിച്ചൊരിയുന്ന ഒരു മഴ ദിവസം.കേവലം 37 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ അതുല്യ പ്രതിഭ ലോകമുള്ള കാലത്തോളം എല്ലാവര്‍ക്കും ഓര്‍ത്തിരിക്കാന്‍ പാകത്തിന് ഒരുപിടി നല്ല കവിതകള്‍ സമ്മാനിച്ച് യാത്രയായി. ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത ലോകത്തേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.