21 November 2024, Thursday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

കെ ദിലീപ്
നമുക്ക് ചുറ്റും
November 5, 2024 4:30 am

ഒരു ജനാധിപത്യ രാഷ്ട്രത്തിലെ തെരഞ്ഞെടുപ്പ് അത് ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റുവരെയുള്ള ഏത് ജനസഭകളിലേക്കായാലും വോട്ടര്‍മാര്‍ അതീവ ശ്രദ്ധപാലിക്കേണ്ട പ്രക്രിയയാണ്. ഇന്നത്തെ ലോകത്ത് സമൂഹ മാധ്യമങ്ങള്‍, പത്രങ്ങള്‍, ടെലിവിഷന്‍ തുടങ്ങിയ വിവിധ വാര്‍ത്താ മാധ്യമങ്ങളിലൂടെ വലിയ പണം മുടക്കി പ്രചാരവേലകള്‍ നടത്തിയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും നവ ഫാസിസ്റ്റുകളും നവഉദാരീകരണ ശക്തികളും അവരുടെ പാര്‍ശ്വവര്‍ത്തികളെ അധികാരത്തിലെത്തിക്കുവാന്‍ പരിശ്രമിക്കുന്നതും അതില്‍ വിജയിക്കുന്നതും നമ്മുടെ രാജ്യത്തടക്കം കണ്ടുകഴിഞ്ഞു. 2014 മുതലിങ്ങോട്ട് വ്യാജപ്രചരണങ്ങളുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും പച്ചയായ അധികാര ദുര്‍വിനിയോഗത്തിന്റെയും ലജ്ജയില്ലാത്ത പ്രയോഗത്തിലൂടെ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന എന്‍ഡിഎ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കാര്‍ഷിക, വ്യാവസായിക, വാണിജ്യ രംഗങ്ങളിലെല്ലാം തന്നെ വലിയ പരാജയമായി എന്നു മാത്രമല്ല, രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം വളര്‍ത്തുകയും ചെയ്യുന്നു.

തുടര്‍ച്ചയായ ഇടതുപക്ഷ ഭരണകാലത്ത് ശാന്തിയും സമാധാനവും പുരോഗതിയും നിലനിന്നിരുന്ന മണിപ്പൂര്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി വ്യാജപ്രചരണങ്ങള്‍ നടത്തിയും വിവിധ ഗോത്രവിഭാഗങ്ങള്‍ക്ക് പരസ്പവിരുദ്ധമായ വാഗ്ദാനങ്ങള്‍ നല്‍കിയും അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനം കലാപഭൂമിയായി. വംശീയ സംഘര്‍ഷങ്ങളില്‍ നൂറുകണക്കിന് സാധാരണ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ക്ക് കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ടു. അനേകംപേര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. നാളിതുവരെ സംഘര്‍ഷങ്ങള്‍ അവസാനിച്ചിട്ടില്ല. ഈ സംഘര്‍ഷങ്ങളില്‍ മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രി പ്രകടമായ പക്ഷപാതനിലപാടുകള്‍ സ്വീകരിച്ചു എന്ന് ബിജെപി എംഎല്‍എമാര്‍ പോലും പരാതിപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കുവാന്‍ ഒരു ഇടപെടലും നടത്തിയില്ല. എന്നു മാത്രമല്ല ഇപ്പോഴും തുടരുന്ന സംഘര്‍ഷത്തില്‍ മൗനത്തിലുമാണ്. ഈ അവസ്ഥ വിരല്‍ചൂണ്ടുന്നത് വ്യാജപ്രചരണങ്ങള്‍ വിശ്വസിച്ച് വോട്ടര്‍മാര്‍ തെറ്റായ തീരുമാനങ്ങളെടുക്കുമ്പോള്‍ സംഭവിക്കുന്ന വലിയ ദുരന്തത്തിന് ഉദാഹരണമാണ് മണിപ്പൂര്‍ എന്നാണ്.

കുത്തക മുതലാളിമാര്‍ക്കും അന്താരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കും ഓശാന പാടുന്ന ഇന്ത്യയിലെ തീവ്ര വലത്, വര്‍ഗീയ ശക്തികള്‍ രാജ്യമൊട്ടാകെ സംഘര്‍ഷങ്ങളും വിഭാഗീയതയും വളര്‍ത്തുവാന്‍ തീവ്രശ്രമം നടത്തുകയാണ്. കേരളമടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനം നിലനില്‍ക്കുന്നു. രാജ്യത്തെ പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം തന്നെ കുത്തക മുതലാളികളും അന്താരാഷ്ട്ര കോര്‍പറേറ്റുകളും കൈപ്പിടിയിലൊതുക്കിയതോടെ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വാര്‍ത്തകള്‍ തമസ്കരിക്കപ്പെട്ടു. പകരം ഇല്ലാത്ത വികസനത്തിന്റെയും വളര്‍ച്ചയുടെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു. വാര്‍ത്താസമ്മേളനങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും നേരെ മുഖംതിരിക്കുന്ന പ്രധാനമന്ത്രി എല്ലാ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നു.

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയാവുമ്പോള്‍ ഇന്നത്തെ കേരളമുള്‍പ്പെടുന്ന മദ്രാസ് സംസ്ഥാനവും കൊടും ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതേ അവസ്ഥയായിരുന്നു. എന്നാല്‍ 1957ല്‍ കേരള സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുതല്‍ പിന്നീട് അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിച്ച സര്‍ക്കാരുകള്‍ നടപ്പിലാക്കിയ ജന്മിത്തം അവസാനിപ്പിക്കലില്‍ തുടങ്ങിയ സാമൂഹ്യ പരിഷ്കരണ നടപടികള്‍, ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വ്യാവസായിക മേഖലകളിലെ ജനപക്ഷ വികസന പദ്ധതികള്‍ ഇവയെല്ലാം ഒത്തുചേര്‍ന്ന് ലോകം മുഴുവന്‍ അംഗീകരിച്ച ‘കേരള മോഡല്‍’ നടപ്പിലാക്കപ്പെട്ടു.

കേരളം ഇന്ന് നിതി ആയോഗ് ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ ആരോഗ്യം, വിദ്യാഭ്യാസം, വനിതാശാക്തീകരണം, സാമൂഹ്യ സമത്വം തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹതയുള്ള വിഹിതം അനുവദിക്കുന്നില്ല. കേരളത്തില്‍ 2018ല്‍ സംഭവിച്ച ലോകത്തെതന്നെ ആ വര്‍ഷത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തം സംഭവിച്ചപ്പോഴോ 2024ല്‍ വയനാട്ടില്‍ നടന്ന രാജ്യത്തെ നടുക്കിയ ഉരുള്‍പൊട്ടലിലോ അര്‍ഹമായ നഷ്ടപരിഹാരം പോയിട്ട് ഒരു ചില്ലിക്കാശുപോലും നാളിതുവരെ അനുവദിച്ചില്ല. ഒട്ടും ദൂരക്കാഴ്ചയില്ലാത്ത, ഏകപക്ഷീയമായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ പാര്‍ലമെന്റിലെ ജനോന്മുഖമായ എല്ലാ നിയമനിര്‍മ്മാണങ്ങളും ഇടതുപക്ഷത്തിന് സഭയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കാലഘട്ടത്തില്‍ സമ്മര്‍ദഫലമായി നിലവില്‍ വന്നവയാണ്. 2013ലെ കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയവയെല്ലാം ഇടതുപക്ഷത്തിന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്. ഇടതുപക്ഷത്തിന് സ്വാധീനം നഷ്ടപ്പെട്ട 2014ന് ശേഷമുള്ള കാലഘട്ടത്തില്‍ ജനവിരുദ്ധ നിയമ നിര്‍മ്മാണങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി എന്ന് നമ്മള്‍ കണ്ടതാണ്. തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുന്നതും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ അടിച്ചേല്പിക്കുന്നതും കോര്‍പറേറ്റുകള്‍ക്ക് പൊതുസ്വത്ത് വിറ്റുതുലയ്ക്കുന്നതും ആ നയങ്ങള്‍ക്കെതിരെയുള്ള നിരന്തര സമരങ്ങളും നമ്മള്‍ കാണുന്നു. ഈ അവസ്ഥയ്ക്കുള്ള ഒരേയൊരു പരിഹാരം ഇടതുപക്ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു നിര്‍ണായക ശക്തിയായി മാറുക എന്നതാണ്. അതിനാല്‍ത്തന്നെ ഏത് തെരഞ്ഞെടുപ്പും, അത് പൊതുതെരഞ്ഞെടുപ്പായാലും ഉപതെരഞ്ഞെടുപ്പായാലും ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട് എന്ന വസ്തുത ഓര്‍ത്തുകൊണ്ട് വേണം ഓരോ വോട്ടറും സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. വര്‍ഗീയ, വംശീയ വിദ്വേഷം പരത്തുന്ന വ്യാജവാര്‍ത്തകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുവാനുള്ള പക്വതയാണ് ഈ തെരഞ്ഞെടുപ്പ് സമ്മതിദായകരില്‍ നിന്ന് ആവശ്യപ്പെടുന്നത്.

പാലക്കാട്, ചേലക്കര അസംബ്ലി മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനാല്‍ സിറ്റിങ് എംഎല്‍എമാര്‍ രാജിവച്ചതിനാലാണ് പാലക്കാടും ചേലക്കരയും അസംബ്ലി മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. എന്നാല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പരാജയഭീതി പൂണ്ട രാഹുല്‍ഗാന്ധി മത്സരിക്കുകയും റായ്ബറേലിയില്‍ വിജയിച്ചതോടെ വയനാട് മണ്ഡലം ഉപേക്ഷിക്കുകയും ചെയ്തതിന്റെ ഫലമായാണ് ഉപതെരഞ്ഞെടുപ്പ് സംജാതമായത്.

വയനാട് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയാണ്. സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് സത്യന്‍ മൊകേരി എന്ന കാര്യത്തില്‍ എതിരാളികള്‍ക്കുപോലും സംശയമില്ല. 1987 മുതല്‍ മൂന്നു തവണ തുടര്‍ച്ചയായി കേരള നിയമസഭയില്‍ സിപിഐ പ്രതിനിധിയായി നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഏറ്റവും മികച്ച യുവജന പ്രതിനിധിയായി അംഗീകരിക്കപ്പെട്ടു. നാദാപുരം മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സത്യന്‍ മൊകേരി ഇന്നും ജനങ്ങള്‍ക്ക് പ്രിയങ്കരനാണ്. കിസാന്‍സഭയുടെ സംസ്ഥാന സെക്രട്ടറിയായും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഐ ദേശീയ കൗണ്‍സിലിലും കിസാന്‍സഭയുടെ ദേശീയ നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. സത്യന്‍ മൊകേരി ഇന്ത്യന്‍ പാര്‍ലമെന്റില്‍ വയനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്താല്‍ വയനാട്ടിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പ്രകൃതിദുരന്തം, വന്യമൃഗ ശല്യം, കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഫലപ്രദമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാനും പരിഹാരം നേടാനും സാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനപ്രതിനിധി, പൊതു പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സത്യന്‍ മൊകേരിയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തിന് അടിവരയിടുന്നു. പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി പ്രിയങ്കാവാദ്രയാണ്. അവരുടെ പാര്‍ലമെന്റിലേക്കുള്ള കന്നിയങ്കമാണ് വയനാട്ടില്‍. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി 2019 ഒക്ടോബര്‍‍ മുതല്‍ 22 നവംബര്‍ വരെ, തെരഞ്ഞെടുപ്പ്‍ കമ്മിഷന്‍ പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ട് കണക്ക് പ്രകാരം 170 കോടി രൂപയാണ് ബിജെപിക്ക് സംഭാവന നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുശേഷം ഹരിയാനയിലെ ഗുരുഗ്രാമില്‍ 2018 സെപ്റ്റംബറില്‍ ഡിഎല്‍എഫിനെതിരെ അഴിമതിയും വഞ്ചനയും ആരോപിച്ച് ഹരിയാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കപ്പെട്ടു. പലപ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയ റോബര്‍ട്ട് വാദ്രയും പ്രിയങ്കയോടൊപ്പം വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയിട്ടുണ്ട് എന്നത് കൗതുകകരമാണ്. വയനാട്ടിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാനുള്ളത് സ്ഥാനാര്‍ത്ഥികളുടെ മികവാണ്. മൂന്നു തവണ കേരള അസംബ്ലിയിലേക്ക് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട മികവുറ്റ ജനപ്രതിനിധിയും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക നേതാവും സര്‍വോപരി വയനാട്ടിലെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ സുപരിചിതനുമായ സത്യന്‍ മൊകേരിയാണോ വയനാട്ടില്‍ കുടുംബസമേതം ഉല്ലാസയാത്രയ്ക്കെത്തിയ പ്രിയങ്ക വാദ്രയാണോ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യേണ്ടത് എന്നതാണ് തീരുമാനിക്കുവാനുള്ള വിഷയം. ഈ വിഷയത്തില്‍ തീരുമാനമെടുക്കുവാന്‍ എളുപ്പമാണ്. ടെലിവിഷന്‍ ചാനലുകള്‍, മുഖ്യധാരാ പത്രങ്ങള്‍ ഇവയിലെല്ലാം വരുന്ന വാഴ്ത്തുപാട്ടുകളും സ്തുതിഗീതങ്ങളും മാറ്റിവച്ചുകൊണ്ട് വസ്തുതകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോള്‍ സത്യന്‍ മൊകേരി തന്നെയാണ് വയനാട്ടിലെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ജനപ്രതിനിധി എന്നതില്‍ മറ്റൊരഭിപ്രായമുണ്ടാവേണ്ട കാര്യമില്ല.

ജനാധിപത്യത്തില്‍ ശരിയായ തെരഞ്ഞെടുപ്പ് സര്‍വപ്രധാനമാണ്. ശ്രീലങ്കയിലെ സമീപകാല തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയ വലിയ വിജയം ഇതിനുദാഹരണമാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി സരിനും ചേലക്കരയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യു ആര്‍ പ്രദീപും വിജയിക്കേണ്ടത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളിലധിഷ്ഠിതമായ സാമൂഹ്യഘടനയ്ക്ക് കരുത്തുപകരാന്‍ അനിവാര്യമാണ്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.