7 December 2025, Sunday

Related news

December 3, 2025
December 3, 2025
October 24, 2025
October 22, 2025
October 21, 2025
October 21, 2025
October 20, 2025
October 5, 2025
September 4, 2025
July 21, 2025

ചതുര്‍ദിന സന്ദ‍ര്‍ശനത്തിന് രാഷ്ട്രപതി ഇന്ന് കേരളത്തില്‍

Janayugom Webdesk
തിരുവനന്തപുരം
October 21, 2025 7:35 am

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകിട്ട് കേരളത്തിലെത്തും. 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഇന്ന് രാജ്ഭവനിൽ താമസിക്കുന്ന രാഷ്ട്രപതി നാളെ ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ നിലക്കയ്ക്കലിലെത്തും. അവിടെ നിന്ന് റോഡ് മാർഗം പമ്പയിലെത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തിൽ ശബരിമല സന്നിധാനത്തെത്തും. ഉച്ചയ്ക്ക് 12.20നും ഒന്നിനും ഇടയിലാണ് ദർശനം നടത്തുക. തുടർന്ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണവും വിശ്രമവും. മൂന്നുമണിയോടെ പ്രത്യേക വാഹനത്തിൽ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങും. തുടർന്ന് നിലയ്ക്കലിലെത്തി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങും. 

രാത്രി ഹയാത്ത് റീജൻസിയിൽ ഗവർണർ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. രാജ്ഭവനിൽ തന്നെയാവും താമസിക്കുക. 23ന് രാവിലെ രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്ററിൽ ശിവഗിരിയിൽ എത്തുന്ന രാഷ്ട്രപതി, ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ഉദ്ഘാടനം ചെയ്യും. തുടർന്ന് വർക്കലയിൽ നിന്ന് പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ പോകും. കോട്ടയം കുമരകത്തെ താജ് റിസോർട്ടിലാവും രാത്രി താമസിക്കുക. 24ന് കോട്ടയത്തുനിന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തി സെന്റ് തെരേസാസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് മുളവുകാട്, ബോൾഗാട്ടി പാലസ് ആന്റ് ഐലൻഡ് റിസോർട്ടിൽ ഉച്ചഭക്ഷണവും വിശ്രമവും. നാല് മണിക്കു ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.