കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്ത് വരവെ രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം മാറ്റം വരുമെന്ന സൂചനയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. എന്നാല്‍ രാജസ്ഥാനില്‍ വലിയൊരു വിഭാഗം എംഎല്‍എമാര്‍ അശോക് ഗലോട്ടിനെ മാറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്.
സഖ്യകക്ഷികളോട് ആലോചിക്കാതെ ഗെലോട്ടിനെ മാറ്റാനോ മത്സരിക്കാനോ അനുവദിക്കില്ലെന്നാണ് നേതാക്കളുടെ നിലപാട്. എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടായി ഗലോട്ടിനാപ്പമാണ്. ഇരട്ടപ്പദവിക്കായി ഗലോട്ട് തന്നെയാണ് ഈ നീക്കം നടത്തുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നു മാത്രമാണ് രാജസ്ഥാന്‍ . ഇവിടെ ഇപ്പോള്‍ പാര്‍ട്ടി രണ്ട് തട്ടിലാണ്. അശോക് ഗെലോട്ട മാറുന്നതിനോട് വലിയൊരു വിഭാഗത്തിന് താല്‍പര്യമില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി ഒരാള്‍ക്ക് ഒരു പദവി എന്ന നിയമത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇത് എന്ത് വന്നാലും നടപ്പാക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.
ഇത് ഉദയ്പൂര്‍ ചിന്തനില്‍ എടുത്ത തീരുമാനമാണ്. അതുകൊണ്ട് തന്നെ നടപ്പാക്കിയേ തീരൂ. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാരിലെ നിരവധി മന്ത്രിമാരും പാര്‍ട്ടി എംഎല്‍എമാരും ഗലോട്ട് തുടരണമെന്ന് ഉറപ്പിച്ച് പറയുകയാണ്.അതേസമയം സച്ചിന്‍ പൈലറ്റിനെ പിന്തുണച്ചവരുമുണ്ട്. ഗാന്ധി കുടുംബത്തിന്റെ പൂര്‍ണ പിന്തുണ സച്ചിനാണ്. പക്ഷേ അതിന് അശോക് ഗലോട്ട് മുഖ്യമന്ത്രി സ്ഥാനം മാറണം. എന്നാല്‍ സ്ഥാനമൊഴിയാതിരിക്കാനാണ് ഗലോട്ട്ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഗലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തനിക്ക് പകരം ആര് മുഖ്യമന്ത്രിയാകുമെന്ന് സോണിയാ ഗാന്ധിയും രാജസ്ഥാന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജയ് മാക്കനും ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഗലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഭൂരിപക്ഷാഭിപ്രായം ഗലോട്ട് തുടരണമെന്നാണെന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും സ്വതന്ത്ര എംഎല്‍എയുമായ സന്യം ലോധ പറഞ്ഞു. ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ രാജസ്ഥാനില്‍ സര്‍ക്കാര്‍ വീഴുമെന്ന് എല്ലാവരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ലോധ പറഞ്ഞു. ആരോഗ്യ മന്ത്രി പര്‍സാദി ലാല്‍ മീണ പറഞ്ഞത്, മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ്. അത് എല്ലാവരും അംഗീകരിക്കുമെന്നും മീണ പറഞ്ഞു.
താന്‍ ഗലോട്ടിനൊപ്പം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 56 എംഎല്‍എമാര്‍ ഇപ്പോള്‍ ഗെലോട്ടിനൊപ്പമുണ്ട്. പതിനാറ് മന്ത്രിമാര്‍ അടക്കം സച്ചിനൊപ്പമുണ്ട്. പക്ഷേ ഭൂരിപക്ഷ പിന്തുണ ഗെലോട്ടിനൊപ്പമാണ്. ഇന്ന് ശാന്തി ധാരിവാളിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മല്ലികാര്‍ജുന്‍ ഗാര്‍ഗെയും അജയ് മാക്കനും ഇന്നത്തെ യോഗത്തിനായി ജയ്പൂരിലെത്തിയിട്ടുണ്ട്. എന്നാല്‍ സോണിയാ ഗാന്ധിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. രാജസ്ഥാനില്‍ മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗലോട്ടിന് ഇപ്പോഴും മനസ്സില്ല. തന്റെ വിശ്വസ്തനെ തന്നെ പകരം മുഖ്യമന്ത്രി പദം ഏല്‍പ്പിക്കാനാണ് ഗലോട്ടിന്‍റെ ആഗ്രഹം. പതിമൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ നിലപാട് വളരെ നിര്‍ണായകമാകും. ഇതില്‍ പന്ത്രണ്ട് പേരും ഗലോട്ട് പക്ഷത്തിനൊപ്പമാണ്.
രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് അധികാരം കൈമാറുന്നത് സര്‍ക്കാരിനെ വീഴ്ത്തുന്നതിന് തുല്യമാണെന്നും, അന്ന് സര്‍ക്കാരിനൊപ്പം നിന്ന 102 എംഎല്‍എമാരുടെ തീരുമാനത്തിന് അപ്പോള്‍ വിലയില്ലേ എന്നും മന്ത്രിയായ സുഭാഷ് ഗാര്‍ഗ് ചോദിച്ചു. രാജസ്ഥാൻ കോൺഗ്രസിൽ കലഹം തുടരുന്നതിനിടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ ഡൽഹിയിലേക്ക് തിരിച്ചുവിളിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി.തർക്കം മുറുകുന്ന സാഹചര്യത്തിൽ അശോക് ഗെലോട്ടിനേയും, സച്ചിൻ പൈലറ്റിനേയും സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു.
നിർണായക യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗലോട്ടുമായി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസാരിച്ചു. അതേസമയം രാജസ്ഥാനിലെ സാഹചര്യങ്ങൾ നിലവിൽ തന്‍റെ നിയന്ത്രണത്തിലല്ലെന്നാണ് അദ്ദേഹം പറയുന്നത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വേണമെന്ന അശോക് ഗെലോട്ടിന്റെ ആവശ്യത്തോട് ചിന്തന്‍ ശിവിറിലെ തീരുമാനം മാനിക്കണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരു നേതാവ്, ഒരു സ്ഥാനം എന്ന തീരുമാനം ഉദയ്പൂരിലെ ചിന്തന്‍ ശിവിറില്‍ എടുത്തിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡിന് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ ശ്രമം.
English Summary: The Rajasthan chief ministership is a headache for the Congress high command
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.