പഞ്ചഗുസ്തിയുടെ വീറും വാശിയുമായിരുന്നു പഞ്ചാബിലെ കോൺഗ്രസിൽ. ആര് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും എന്നായിരുന്നു രാഷ്ട്രീയമണ്ഡലം കാത്തിരുന്നത്. നിലവിലെ മുഖ്യമന്ത്രി ചന്നിയും പിസിസി അധ്യക്ഷൻ സിദ്ദുവും തീർത്തും അങ്കലാപ്പിലായിരുന്നു. തെരഞ്ഞെടുപ്പിനെ നയിക്കണം എന്ന രണ്ടുപേരുടെയും അടങ്ങാത്ത മോഹം, സംസ്ഥാനത്തെ പാർട്ടിയെ ആകെ ബാധിച്ചു. തലവേദനയാകെ ഹൈക്കമാൻഡിനായിരുന്നു. ഒടുവിൽ സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ നേരിട്ടിടപെട്ട് തീർപ്പുണ്ടാക്കി. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചു. അതുവരെയുള്ള രോഷമെല്ലാം ഉള്ളിലൊതുക്കി സിദ്ദു അതിനെ പിന്തുണച്ചു. ഇനിയങ്ങോട്ട് രണ്ടുപേരും ഒരുമിച്ചുനിന്ന് പഞ്ചാബ് തെരഞ്ഞെടുപ്പിനെ നയിക്കും.
സിദ്ദുവിനെ കീഴ്പ്പെടുത്തിയ ആ രഹസ്യമെന്തെന്നാണ് രാഷ്ട്രീയലോകം ചികയുന്നത്. രണ്ടര വർഷത്തിനുശേഷം സിദ്ദുവിലേക്ക് മുഖ്യമന്ത്രിപദം എത്തുമെന്ന സൂചനകളാണ് ലഭ്യമാകുന്നത്. സിദ്ദുവിന്റെ ലക്ഷണങ്ങളും അത് വെളിപ്പെടുത്തുന്നുണ്ട്. പാർട്ടി നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നടന്ന സർവേയിൽ ചന്നിക്കായിരുന്നു മുൻതൂക്കം. ജനപിന്തുണയുടെ കുറവ് സിദ്ദുവിന്റെ മനംമാറ്റത്തിന് കാരണമായെന്നും പറയുന്നു. പാർട്ടി മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളും തീരുമാനങ്ങളും താൻ കൃത്യമായി പാലിക്കുമെന്നാണ് സിദ്ദു ഇപ്പോൾ പറയുന്നത്. നേരത്തെ കേന്ദ്രനേതൃത്വത്തിനെതിരെ പരസ്യമായ വിമർശനമുയർത്തുകയും നിലപാടെടുക്കുകയും ചെയ്ത സിദ്ദു, രാഹുൽ ഗാന്ധി എല്ലാകാര്യങ്ങളിലും വ്യക്തത നൽകുന്ന മാർഗദീപമാണെന്നാണ് ഏറ്റവുമൊടുവിൽ ട്വീറ്റ് ചെയ്തത്.
കോൺഗ്രസിന്റെ ശക്തിദുർഗമായ കിഴക്കൻ അമൃത്സറിൽ നിന്നാണ് സിദ്ദു ജനവിധി തേടുന്നത്. ബിജെപിക്കും ആംആദ്മിക്കും അത്ര വേരോട്ടമില്ലാത്ത മണ്ഡലത്തിൽ കോൺഗ്രസ് കഴിഞ്ഞാൽ ശിരോമണി അകാലിദൾ(എസ്എഡി) ആണ് ജനസ്വാധീനമുള്ള പാർട്ടി. സിദ്ദുവിനെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തി എസ്എഡി തങ്ങളുടെ ഉന്നതനേതാവായ ബിക്രം മജിതിയെയാണ് കിഴക്കൻ അമൃത്സർ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത്. മജിതിയുടെ മുന്നേറ്റത്തിന് കോൺഗ്രസിൽ നിന്നുതന്നെ ആളനക്കമുണ്ടാകുമോ എന്ന സംശയം നേരത്തെ സിദ്ദുവിന്റെ ക്യാമ്പിലുണ്ടായിരുന്നു. എന്നാൽ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിച്ചതോടെ ചിത്രമാകെ മാറി. സിദ്ദുവിന്റെ പരസ്യപിന്തുണകൂടി വന്നതോടെ കിഴക്കൻ അമൃത്സറിലും കോൺഗ്രസ് വിജയം ആവർത്തിക്കുമെന്ന് ഉറപ്പായി.
ഇതുവരെ കണ്ടതും കേട്ടതുമല്ല ഇനിയങ്ങോട്ട് പഞ്ചാബിൽ നിന്നുണ്ടാവുക. ഭരണത്തുടർച്ചയ്ക്ക് സകലസാധ്യതകളും പഞ്ചാബിൽ ഉണ്ടെന്നതാണ് വസ്തുത. ബിജെപിക്കെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യചർച്ചയാണ്. 117 അംഗ പഞ്ചാബ് നിയമസഭയിൽ 60 സീറ്റുകൾ വിജയിച്ചാൽ സർക്കാർ രൂപീകരിക്കാം. 59 നിയമനിർമ്മാണ കമ്മിറ്റിയേക്കാൾ ഒരാൾ അധികം വേണമെന്നതിനാലാണത്. ഫെബ്രുവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലമറിയാൻ മാർച്ച് 10 വരെ കാത്തിരിക്കണം.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയെ മാത്രമല്ല, ലോകത്തെയാകെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി പാർലമെന്റിൽ വാ തുറന്നു. ചൈന ഭൂമി കയ്യേറിയ സമയത്ത് കേദാർനാഥിലെ ഗുഹയിൽ മൗനം തുടർന്ന അതേ സ്ഥിതിയാണിപ്പോഴും എന്ന ഖാർഗെയുടെ കുത്തുവാക്കുകൾ തീരുംമുമ്പേ മോഡി പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയത് കഴിഞ്ഞ ദിവസമായിരുന്നു. മോഡി ഇന്നലെ സഭയിൽ തിരിച്ചെത്തി പ്രസംഗം നടത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി ആയതുകൊണ്ട് ഒഴിവാക്കാൻ നിർവാഹമില്ലായിരുന്നു എന്നതാണ് വസ്തുത.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ലോകത്ത് മുന്നിൽത്തന്നെ എന്നാണ് നരേന്ദ്രമോഡി ഇന്നലെ സഭയിലും ആവർത്തിച്ചത്. ടെലിപ്രോംപ്റ്റർ ഇല്ലാതിരുന്നതിനാൽ ‘വലിയ അപകടം’ ഒഴിവാകുകയും ചെയ്തു.
മോഡിയുടെ ‘തള്ള്’ കേട്ടാണ് പ്രോംപ്റ്റർ കേടായതെന്ന ട്രോൾ ഇറക്കിയ രാഹുൽ ഗാന്ധി പതിവായി സഭയിലെത്തുന്നില്ലെന്ന ആരോപണം ഉന്നയിച്ചാണ് മോഡി തിരിച്ചടികൊടുത്തത്. നൂറ് വർഷത്തേക്ക് കോൺഗ്രസ് ഭരണത്തിലെത്തില്ലെന്ന ശാപവാക്കും സംഘപരിവാറിന് ഭഗവത് അവതാരമായ മോഡിയിൽ നിന്നുണ്ടായി.
എന്നാൽ പാർലമെന്റ് പ്രസംഗത്തിലൂടെ പ്രധാനമന്ത്രിയിൽ നിന്ന് ആഗ്രഹിച്ചതൊന്നും ഇന്ത്യക്കാർക്ക് കേൾക്കാനായില്ല. അകത്തും പുറത്തും രാഷ്ട്രീയം തന്നെ എന്ന് മോഡി തെളിയിച്ചു.
നരേന്ദ്രമോഡി സർക്കാരിന്റെ പ്രതിമ നിർമ്മാണം പരിശോധനകൾക്കും വിശകലനങ്ങൾക്കും വിധേയമാക്കേണ്ടത് അനിവാര്യമായിരിക്കുന്നു. നിർമ്മാണച്ചെലവും അധികം വൈകാതെയുള്ള തകരാറുകളും അന്വേഷിക്കുന്നില്ലെന്നത് ആശ്ചര്യമാണ്. സ്വർണവും വെള്ളിയും ഇരുമ്പും ചെമ്പും ഈയവും ചേർത്ത് 135 കോടി ചെലവിട്ട് ചൈനയിൽ നിർമ്മിച്ച 216 അടിയുള്ള രാമാനുജാചാര്യന്റെ പ്രതിമ ഈയിടെയാണ് മോഡി അനാവരണം ചെയ്തത്. ഹൈദരാബാദിൽ സ്ഥാപിച്ച ഈ പഞ്ചലോഹപ്രതിമയുടെ അനാച്ഛാദനചടങ്ങ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ബഹിഷ്കരിച്ചത് കേവലം രാഷ്ട്രീയം മാത്രമല്ലെന്ന് കരുതാം.
3000 കോടി രൂപയോളം ചെലവിട്ട് സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമനിർമ്മിച്ചതു മുതൽ ഇങ്ങോട്ടുള്ള സർവ പദ്ധതികൾക്കും ധൂർത്തിന്റെയും അഴിമതിയുടെയും മണമുണ്ട്. പട്ടേൽ പ്രതിമയുടെ നിരീക്ഷണ ഗ്യാലറിയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി‘ക്കുള്ളിൽ ചോർച്ചയാണ്. സഞ്ചാരികളിലൊരാൾ പകർത്തിയ അതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പടരുകയാണ്. ഗ്യാലറിയുടെ തളത്തിൽ വെള്ളം കെട്ടിനിൽക്കുന്നതും മുകളിൽ നിന്ന് വെള്ളമൊഴുകി വരുന്നുതും വീഡിയോയിലുണ്ട്. സഞ്ചാരികൾ തങ്ങളുടെ സങ്കടവും വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു. എന്നാൽ കാറ്റിൽ വരുന്ന വെള്ളമാണെന്ന ഒഴുക്കൻ മറുപടിയാണ് ഔദ്യോഗികമായി വന്നത്.
അതേസമയം ചോർച്ചയുടെ രംഗം പകർത്തിയ നാളുകളിൽ ഇവിടെ മഴ പെയ്തിരുന്നില്ലെന്നത് അധികൃതരുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ്. 2018 ഒക്ടോബറിലാണ് ഗുജറാത്ത് നർമദയിൽ പട്ടേൽ പ്രതിമ സ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.