1 January 2026, Thursday

Related news

August 15, 2024
July 19, 2024
January 10, 2024
September 18, 2023
August 22, 2023
August 3, 2023
July 4, 2023
March 7, 2023
February 14, 2023
February 9, 2023

ചട്ടങ്ങൾ നിരവധിയെങ്കിലും സര്‍വത്ര മറിമായം

ടി കെ അനിൽകുമാർ 
ആലപ്പുഴ
January 10, 2023 10:40 am

ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ചട്ടങ്ങൾ നിരവധി ഉണ്ടെങ്കിലും കുറ്റക്കാർക്ക് പിടിവള്ളിയാകുന്നത് സാങ്കേതികത്വം. വളരെ സാങ്കേതിക മികവോടെയാണ് മായവും മാലിന്യവും ഭക്ഷണ വസ്തുക്കളിൽ ചേർക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്ര കർശന നടപടികൾ എടുത്താലും കോടതികൾ കയറി വൻകിട നിർമ്മാതാക്കൾ അവയിൽ നിന്നൊക്കെ രക്ഷപെടും. നിറമോ മണമോ രുചിയോ കൃത്രിമമായി വർധിപ്പിക്കാനോ ഗുണനിലവാരമില്ലായ്മ മറച്ചുവയ്ക്കാനോ വേണ്ടി ഏതെങ്കിലും വസ്തു ഭക്ഷ്യവസ്തുവിനോട് ചേർത്ത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കരുത് എന്നാണ് ഭക്ഷ്യ സുരക്ഷാ നിയമത്തിൽ പറയുന്നത്. ശുചിത്വം പാലിക്കാതെയുള്ള നിർമ്മാണം, പായ്ക്കിങ്, സംഭരണം, വിതരണം എന്നിവക്കെതിരെയും നടപടി സ്വീകരിക്കാൻ നിയമം അനുശാസിക്കുന്നു.

ലേബലിൽ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്നത്, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം ചെയ്യുന്നത്, ഭക്ഷണ ഉല്പന്നങ്ങളിൽ കീടനാശിനികൾ കലർത്തുന്നത് എല്ലാം ശിക്ഷകൾ കിട്ടുന്ന തെറ്റുകൾ തന്നെ. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെ ബാധിക്കുന്ന ഭക്ഷണേതര വസ്തുക്കൾ കലർത്തുന്നത്, ഭക്ഷ്യ ഉല്പന്നങ്ങളിലെ ഏതെങ്കിലും ഭാഗമോ, സത്തോ ഭാഗികമായോ മുഴുവനായോ ഊറ്റി എടുത്തിട്ട് ആ ഉല്പന്നം വിൽക്കുന്നതും ശിക്ഷക്ക് അർഹമായ കാര്യമാണെന്ന് നിയമത്തിൽ അനുശാസിക്കുന്നു. ഇത്രയും കർശനമായ നിയമങ്ങൾ നിലനിൽക്കെയാണ് ജനങ്ങളെയെല്ലാം വിഡ്ഢികളാക്കി മായം ചേർക്കൽ വ്യാപകമാകുന്നത്.

ജീവിത തിരക്കുകൾക്കിടയിൽ പാക്കറ്റുകളിൽ വിപണിയിൽ കിട്ടുന്ന പാചകക്കൂട്ടുകളോടാണ് വീട്ടമ്മമാർക്ക് താൽപര്യം. പലതരം പൊടികൾ, ബേക്കറി സാധനങ്ങൾ, ആരോഗ്യ പാനീയങ്ങൾ, പഴസത്തുകൾ എന്നിവയും വ്യാപകമായി ഉപയോഗിക്കുന്നു. പലതരം മായങ്ങൾ കലർന്ന ഇത്തരം ഉല്പന്നങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ ചെറുതല്ല. പാക്കറ്റ് ഭക്ഷണങ്ങളിൽ നിറത്തിനും മണത്തിനും രുചിക്കുമൊക്കെയായി ചേർത്തിരിക്കുന്ന ഭക്ഷ്യേതര ചേരുവകൾ, അവയുടെ അളവ്, അനുവദിക്കപ്പെട്ടവയോ അതോ വ്യാജമോ എന്നൊന്നും മനസ്സിലാക്കാനുള്ള മാർഗങ്ങൾ ഉപഭോക്താവിന് ലഭ്യവുമല്ല. 

മായം ചേർക്കാൻ മുന്തിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ ഉയർന്ന നിലവാരമുള്ള പരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താനാകൂ. പാക്കറ്റ് ഭക്ഷണ സാധനങ്ങൾ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാൻ അപകടകാരികളായ പല രാസവസ്തുക്കളും ചേർക്കാറുണ്ട്. ഫോസ്ഫറിക് ആസിഡ് ചേർത്തുള്ള ഭക്ഷണം പതിവായി കഴിച്ചാൽ അസ്ഥികൾ ബലമില്ലാതാവുകയും വൃക്കകൾക്ക് തകരാർ സംഭവിക്കുകയും ചെയ്യും. പരമ്പരാഗത രീതിയിൽ നിന്നകന്ന് കടയിൽ നിന്നും ലഭിക്കുന്ന ബേബിഫുഡ് ആണ് പലരും കുട്ടികൾക്ക് നൽകുക. അമിതമായ മധുര ചേരുവകളുള്ള ഇത്തരം ബേബി ഫുഡ് ശീലിക്കുന്നതുകൊണ്ടാണ് കുട്ടികൾക്ക് ചോറിനോടും പച്ചക്കറികളോടും താല്പര്യക്കുറവ് തോന്നുന്നതെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. 

—————————-

നാളെ

മരണത്തിന്റെ മഞ്ചലൊരുക്കുന്ന ജങ്ക് ഫുഡ് 

Eng­lish Summary;The rules are many, but not all
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.