21 November 2024, Thursday
KSFE Galaxy Chits Banner 2

സംഘ്പരിവാർ എന്നും മനുഷ്യപരിവാറിനെതിരെ

അജിത് കൊളാടി
വാക്ക്
September 22, 2024 4:30 am

ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തിൽ ഇരുട്ടാണ്. സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ അടിസ്ഥാനതത്വങ്ങൾക്കുമേൽ കനത്ത ഇരുട്ടാണ്. ആ ഇരുട്ടാണ് രാഷ്ട്രീയ സ്വയംസേവക് സംഘിനാൽ നിയന്ത്രിക്കപ്പെടുന്ന ഹിന്ദുത്വ മൂവ്മെന്റ്. കഴിഞ്ഞ നാല് ദശകങ്ങളിൽ ഇന്ത്യ കൂട്ടക്കൊലകൾ കണ്ടു, ആൾക്കൂട്ടകൊലപാതകങ്ങൾ കണ്ടു, ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നത് കണ്ടു. അവർ അപരന്മാരെ സൃഷ്ടിച്ചു. ശത്രുവില്ലാതെ സംഘ്പരിവാറിന് നിലനിൽക്കാനാവില്ല. അതുകൊണ്ടു തന്നെ ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
എന്താണ് സംഘ്പരിവാറിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ? വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ സാമുദായികസ്പർധ വളർത്തുകയാണ് അവരുടെ ലക്ഷ്യമെങ്കിൽ, പിന്നെ അവര്‍ക്കെങ്ങനെയാണ് കഴിഞ്ഞ ദശകങ്ങളിൽ രാജ്യമെമ്പാടും സ്വാധീനമുള്ള പ്രസ്ഥാനമായി മാറാൻ കഴിഞ്ഞത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കുമ്പോഴറിയാം സംഘ്പരിവാർ, ന്യൂനപക്ഷങ്ങൾക്ക് എതിരായിട്ടുള്ള ഒരു സംഘടന മാത്രമല്ല എന്ന്. യഥാർത്ഥത്തിൽ അത് ഇന്ത്യയിലെ സാമൂഹ്യനീതിക്കും ബഹുജനസമരത്തിനും എതിരെ നിൽക്കുന്ന വൻഭീഷണിയാണ്. ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘ്പരിവാർ വലുതാകുംതോറും ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യമേഖലയിൽ ബഹുജന സമരങ്ങൾക്കുള്ള ഇടം കുറയും. സംഘ്പരിവാർ ആശയങ്ങൾക്കെതിരെ പോരാടേണ്ടത് മതേതരത്വം സംരക്ഷിക്കാനോ, ന്യൂനപക്ഷ സംരക്ഷണത്തിനോ വേണ്ടി മാത്രമല്ല, സ്വാതന്ത്ര്യവും നീതിയും ജനാധിപത്യവും നിലനിർത്തുന്നതിനും വേണ്ടിയാണ്. 

സംഘ്പരിവാറിന്റെ യഥാർത്ഥ മുഖം നാം തിരിച്ചറിഞ്ഞേ മതിയാകൂ. ഇന്ത്യൻ വർഗീയത അഥവാ ഹിന്ദുത്വം അതിന്റെ ആശയപരമായ സംഘാതത്തിലും സംഘടനാപരമായ വികസനത്തിലും എത്തുന്നത് സവർക്കറുടെ “ഹു ഈസ് ഹിന്ദു” (1923) എന്ന പ്രസിദ്ധീകരണത്തിലൂടെയാണ്. തുടർന്ന് ഹിന്ദുത്വയുടെ സംഘടനാ രൂപമായിട്ടാണ് ഡോ. ഹെഡ്ഗെവാർ 1925 വിജയദശമി ദിനത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപീകരിക്കുന്നത്. ഇന്ന് പ്രബലമായി ക്കൊണ്ടിരിക്കുന്ന ഹിന്ദുരാഷ്ട്ര സങ്കല്പത്തിന്റെ ചാലകശക്തി വിശ്വഹിന്ദു പരിഷത്തോ, ബിജെപിയോ, ബിഎംഎസോ, എബിവിപിയോ അല്ല, ആര്‍എസ്എസ് ആണ്. ശാഖകളിൽ പഠിപ്പിക്കുന്ന ഹിന്ദു സംസ്കാരം ഭൂരിപക്ഷമതത്തിന്റെ അധികാര ഭാഷയാണ്. അതിന്റെ കളിനിയമങ്ങൾ അനുസരിക്കാൻ ന്യൂനപക്ഷങ്ങൾ ബാധ്യസ്ഥരാണ്.
ആർഎസ്എസിന്റെ ഉത്ഭവത്തെപ്പറ്റി ഹെ­ഡ്ഗെവാർ പറയുന്നത് നോക്കൂ. “മഹാത്മാഗാന്ധിയുടെ നിസഹകരണ സമരം മൂലം ദേശീയതയ്ക്കുവേണ്ടിയുള്ള ജനങ്ങളുടെ ഉത്സാഹം തണുത്തുകൊണ്ടിരിക്കുകയാണ്. ആ സമരം ഉയർത്തിവിട്ട ദുഷ്ടശക്തികൾ അവരുടെ തലകൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. ദേശീയ സമരത്തിന്റെ ഒഴുക്ക് ഇല്ലാതായതോടെ പരസ്പരമുള്ള ദുഷ്ടലാക്കും അസൂയയും ഉപരിതലത്തിലേക്ക് പൊന്തിവന്നു. നിസഹകരണം പാലൂട്ടി വളർത്തിയ യവന സർപ്പങ്ങൾ (മറ്റു മതവിഭാഗങ്ങൾ) കലാപമുണ്ടാക്കിക്കൊണ്ട് ചീറ്റാൻ തുടങ്ങി. അതിനെ പ്രതിരോധിക്കാനാണ് ആർഎസ്എസ് സ്ഥാപിക്കപ്പെട്ടത്.” ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ നിർണായക നാഴികക്കല്ലായ ഗാന്ധിയുടെ നിസഹകരണ സമരത്തെ തള്ളിക്കളയുന്ന ഹെ­ഡ്ഗെവാറിന്റെ ആർഎസ്എസ് ഒരിക്കൽപ്പോലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സാന്നിധ്യം പുലർത്തിയിട്ടില്ല.
ഹിന്ദു-മുസ്ലിം ഐക്യം ഹിന്ദു രാഷ്ട്രത്തിന് അപകടകരമാണെന്ന് അന്നും ഇന്നും അവര്‍ വിശ്വസിക്കുന്നു. 1934 ഡിസംബറിൽ ഹെഡ്ഗെവാറിന്റെ ക്ഷണപ്രകാരം ആദ്യമായും അവസാനമായും മഹാത്മാഗാന്ധി ഒരു ആർഎസ്എസ് ശാഖ സന്ദർശിക്കുകയുണ്ടായി. അതിനു ശേഷം തന്റെ സെക്രട്ടറി പ്യാരേലാലിനോട് ഗാന്ധി പറഞ്ഞു- “ഒരു കാര്യം മറക്കരുത്. ഹിറ്റ്ലറുടെ നാസികൾക്കും മുസോളിനിയുടെ ഫാസിസ്റ്റുകൾക്കും അച്ചടക്കവും കഠിനാധ്വാനവും ഉണ്ടായിരുന്നു. സ്വേച്ഛാധിപത്യ മനോഭാവമുള്ള വർഗീയ സംഘടനയാണ് ആർഎസ്എസ്.”

1940ൽ സർസംഘചാലകായി അവരോധിതനായ എം എസ് ഗോൾവൾക്കർ ‘വി, ഓർ അവർ നേഷൻ ഹുഡ് ഡിഫൈൻസ്’ എന്ന കൃതിയിൽ സാംസ്കാരിക ദേശീയത എങ്ങനെയാണ്, എവിടെ നിന്നാണ് രൂപപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്. (വിചാരധാരയിൽ ഇതിന്റെ ഭാഗങ്ങളുണ്ട്). ഹിറ്റ്ലറുടെ ജർമ്മൻ ദേശീയതയെ പ്രശംസിക്കുമ്പോൾ ഗോൾവാൾക്കർ പറയുന്നത് ശ്രദ്ധിക്കുക. “ജർമ്മൻ ദേശാഭിമാനം ഇന്നത്തെ ചർച്ചാ വിഷയമാണ്. രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും ശുദ്ധി നിലനിർത്താൻ രാജ്യത്തെ സെമിറ്റിക് വംശക്കാരായ ജൂതന്മാരെ ശുദ്ധീകരിച്ചു കൊണ്ട് ജർമ്മനി ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. അവിടെ ദേശാഭിമാനം അതിന്റെ ഔന്നത്യത്തിൽ പുലർത്തിപ്പോരുന്നു. വ്യത്യസ്ത സംസ്കാരങ്ങൾക്കും വംശങ്ങൾക്കും ഒന്നിന്റെ സമഗ്രതയിലേക്ക് അലിഞ്ഞുചേരാൻ എത്രമാത്രം അസാധ്യമാണെന്ന് ജർമ്മനി പഠിപ്പിക്കുന്ന പാഠം ഹിന്ദുസ്ഥാനും പഠിക്കേണ്ടതാണ്. ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഹിന്ദു സംസ്കാരവും ഭാഷയും സ്വായത്തമാക്കണം. ഹിന്ദു മതത്തെ ആദരിക്കാനും ആരാധിക്കാനും പഠിക്കണം. ഹിന്ദു രാഷ്ട്രത്തെ മഹത്വവല്‍ക്കരിക്കുകയല്ലാതെ മറ്റൊന്നും അവർ മനസിൽ വിചാരിച്ചുകൂടാ. ഇതിന്റെ പൗരാണികമായ പാരമ്പര്യങ്ങളോടും നാടിനോടുമുള്ള അവരുടെ അസഹിഷ്ണുതയും കൃതഘ്നതയും ഉപേക്ഷിക്കണം. പകരം അതിനോട് സ്നേഹവും അർപ്പണവും പുലർത്തണം. അവർ പൗരാവകാശം പോലും ചോദിക്കാതെ, മറ്റ് പരിഗണനകളൊന്നും ആവശ്യപ്പെടാതെ ഹിന്ദു രാഷ്ട്രത്തിന് കീഴ്പ്പെട്ട് ജീവിക്കണം.”
സംഘ്പരിവാറിനെ മനസിലാക്കേണ്ടത് അവർ ന്യൂനപക്ഷത്തിനെതിരെ എന്ത് പ്രവർത്തിക്കുന്നു പ്രചരിപ്പിക്കുന്നു എന്ന് മാത്രം നോക്കിയല്ല. അവർ അവരെക്കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കിയാണ്. ഐക്യത്തെക്കുറിച്ചും സമന്വയത്തെക്കുറിച്ചും ആർഎസ്എസിന്റെ പല ഗ്രന്ഥങ്ങളിലും കാണാം. എന്താണ് അവർ ഐക്യം കൊണ്ട് ഉദ്ദേശിക്കുന്നത്? ആർഎസ്എസ് പ്രചാരകനും ജനസംഘം പ്രസിഡന്റുമായിരുന്ന ദീനദയാൽ ഉപാധ്യായ ഒരു സിദ്ധാന്തം പറയുന്നുണ്ട്; ‘സമഗ്ര മാനവികത’ എന്ന സിദ്ധാന്തം. അതാണ് ബിജെപിയുടെ തത്വചിന്ത. ജനാധിപത്യം, സോഷ്യലിസം എന്നിവയെല്ലാം പാശ്ചാത്യ സിദ്ധാന്തങ്ങളാണെന്ന് ഗോൾവാൾക്കറും ദീനദയാലും പറയുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഭാരതീയത ഇല്ല എന്നു വരെ അവർ പറഞ്ഞു. 

ഉപാധ്യായയുടെ വരികൾ നോക്കൂ. ‘ജീവിതത്തെ സമഗ്രമായി കാണണം. അത് സമഗ്രമായ പൂർണതയാകണം. അതിനെ ഭാഗങ്ങളായി കാണരുത്. ജീവിതത്തിൽ വൈവിധ്യവും ബഹുസ്വരതയും ഉണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ അതിന്റെ പിന്നിൽ ഏകത്വം ഉണ്ട്. നാനാത്വത്തിൽ ഏകത്വം ഉണ്ടെങ്കിലും ഏകത്വം ആണ് ഭാരതീയ സംസ്കാരം. സംഘട്ടനം ജീർണതയുടെ ലക്ഷണം. ഏവരും ഒന്നാകൂ. ഒന്നിനു കീഴിൽ അണിനിരക്കൂ. നമ്മുടെ വീക്ഷണത്തിൽ നാല് ജാതികൾ ഉണ്ട്. ഇവയെല്ലാം വിരാട് പുരുഷന്റെ ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ഉത്ഭവിച്ചു. മുഖത്തു നിന്ന് ബ്രാഹ്മണനും ബാഹുക്കളിൽ നിന്ന് ക്ഷത്രിയനും തുടയിൽ നിന്ന് വൈശ്യനും കാല്പാദങ്ങളിൽ നിന്ന് ശൂദ്രനും ഉത്ഭവിച്ചു. ശരീരത്തിന്റെ ഒരു ഭാഗത്തിന് മറ്റൊരു ഭാഗവുമായി ഏറ്റുമുട്ടാനാവില്ല. സംഘട്ടനം ഉണ്ടായാൽ ശരീരമില്ല. അപ്പോൾ സമഗ്ര മനുഷ്യനാകാൻ ഓരോന്നും ഐക്യപ്പെടണം. മുഖത്ത് നിന്ന് ഉത്ഭവിച്ചതിന് മറ്റുള്ളവ കീഴ്പ്പെടുക. ഉയർന്നവന്റെ വിനീതദാസരാകുക മറ്റുള്ളവർ.’ എല്ലാവരും വിനീതദാസരായി പരമോന്നത നേതാവിന് കീഴിൽ ജീവിക്കുന്ന ഐക്യം. ഇതാണ് അവർ ലക്ഷ്യമിടുന്നത്.

ഫാസിസത്തിന്റെ മൗലികത അതിന്റെ സംഘടനയിലും രീതിയിലും ആണ്. പ്രതീകങ്ങൾ, രാഷ്ട്രീയ കൊറിയോഗ്രാഫി, കാല്പനിക ഭാവങ്ങൾ, ജനങ്ങളോടുള്ള ആശയ സംവാദന രീതികൾ, പുരുഷാധിപത്യം, പൗരുഷമായ ശരീരഭാഷ എന്നിവയെല്ലാം അതിന്റെ സവിശേഷതകളാണ്. യുവാക്കളെയാണ് അത് ഹരംപിടിപ്പിക്കുക. മധ്യവർഗവും അതിന്റെ താഴെയുള്ളവരും അതിന്റെ ടാർജറ്റ് ഗ്രൂപ്പാണ്. വമ്പൻ വ്യവസായികൾ, കച്ചവടക്കാർ, ഭൂവുടമകൾ എന്നിവരാണ് ഇവർക്കു വേണ്ടി മൂലധനം മുടക്കുന്നത്. അവർ മിത്തുകളെയും ലജന്‍ഡുകളെയും മഹത്വവല്‍ക്കരിക്കുന്ന ഒരു ഭൂതകാലത്തിൽ അഭിരമിക്കുന്നു. അവർ ചരിത്രത്തെ വളച്ചൊടിക്കുന്നു. കാലത്തെയും ദേശത്തെയും പിന്നിലാക്കുന്ന മിത്തുകളാണ് അവരുടെ ആയുധം. മിത്ത് ഭാവനയുടെ സൃഷ്ടിയല്ല, മറിച്ച് പ്രവർത്തിക്കാനുള്ള മുന്നറിയിപ്പാണ് എന്നവർ പറഞ്ഞു കൊണ്ടിരിക്കും. 

ജനാധിപത്യ പ്രക്രിയയെയും നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ രാഷ്ട്രീയത്തെയും നിലനിർത്തുന്നത് ഒറ്റയാന്മാരായ വിപ്ലവകാരികളല്ല, മറിച്ച് ഇടതുപക്ഷ പ്രസ്ഥാനവും അവരുടെ പ്രത്യയശാസ്ത്രവും ആണ്. ഇന്ത്യയിലും കേരളത്തിലും ഇടതുപക്ഷ പൊതുമണ്ഡലത്തിന്റെ തകർച്ചയാണ് ഈ മണ്ണിനെ അധികാരദാഹികളായ ജാതി-മത സംഘടനകൾക്കും വംശീയചിന്തകൾക്കും വളക്കൂറുള്ളതാക്കി മാറ്റിയത്. ഐതിഹാസികമായ പോരാട്ടമാണ് ഇടതുപക്ഷം വർഗീയതക്കെതിരെ എന്നും നടത്തിയത്. ആർഎസ്എസിന്റെ മേൽവിവരിച്ച പ്രത്യയശാസ്ത്രങ്ങളെ ആശയപരമായി നേരിടാൻ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനേ കഴിയൂ.
ഫാസിസ്റ്റുകളുടെ നിർവികാരമായ ക്രൂരത ഗുജറാത്തിലും മണിപ്പൂരിലും മറ്റു പലയിടങ്ങളിലും കണ്ടു, ബാബറി മസ്ജിദ് തകർത്തപ്പോൾ കണ്ടു. എത്ര നിർഭയമായാണ്, എത്ര തണുത്ത രക്തത്തോടെയാണ് ഒ‌ാരോ പ്രവൃത്തിയും ഒരു ധർമ്മാനുഷ്ഠാനമെന്ന നിലയിൽ ഹിന്ദുത്വവാദികൾ ചെയ്തത്. അത്തരം ക്രൂരതകളെ എതിർക്കാൻ ഇടതുപക്ഷം ആശയത്തിന്റെ കവച കുണ്ഡലങ്ങൾ അണിയണം. മാനവികതയെ ചേർത്തുപിടിക്കണം. ഉപരിപ്ലവ വർത്തമാനം പറഞ്ഞു സമയം കളയുകയല്ല വേണ്ടത്, ആശയ പോരാട്ടമാണ്. ഉണരുകയാണ് യഥാർത്ഥമായ വൈരുധ്യാത്മക ചിന്തയുടെ കടമ. പ്രശ്നങ്ങൾ അറിയുകയാണ് അവയെ നേരിടാനുള്ള ആദ്യമാർഗം എന്നത് മാർക്സിസത്തിന്റെ ബാലപാഠമാണ്. ജീർണവസ്ത്രങ്ങൾ നമ്മെ രക്ഷിക്കുന്നതിനു പകരം വിചാരപരമായ നാണക്കേടിലെത്തിക്കുകയേ ചെയ്യൂ. ഇന്നത്തെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ബോധമാണ് മാർക്സിസത്തിന്റേതായ പുതിയവസ്ത്രം. അതുകൊണ്ട് പുരോഗതിക്ക് തടസമായ ജീർണചിന്തകൾ ജീർണ വസ്ത്രങ്ങൾ പോലെ ഉരിഞ്ഞെറിയേണ്ടിയിരിക്കുന്നു. സംഘ്പരിവാർ ആശയത്തിനെതിരെ സടകുടഞ്ഞെഴുന്നേൽക്കണം. അവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമരുത്. പ്രാകൃത ആശയങ്ങൾക്കെതിരെ അചഞ്ചലമായ പോരാട്ടമാണ് നാടിനെ വലിയ വിപത്തിൽ നിന്നു രക്ഷിക്കാനുള്ള ഏക മാർഗം. അതാണ് ഇടതുപക്ഷം നിർവഹിക്കേണ്ടത്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.