ഭീമന്‍ പറഞ്ഞു; ജ്യേഷ്ഠാ അവര്‍ കൊടുംപാപികളാണെന്ന് അങ്ങ് മറക്കുന്നു. ജനങ്ങള്‍ എന്തു പറയുന്നു എന്നവര്‍ നോക്കില്ല. എന്നെ കൊല്ലാന്‍ നോക്കിയ ആ കാലം ഓര്‍ക്കൂ. കാളകൂടമെന്ന വിഷം തീറ്റി. പാമ്പുകളുടെ കടിയേല്ക്കുവാന്‍ അവര്‍ എന്നെ നദിയിലെറിഞ്ഞു. ഞാന്‍ മരിച്ചുവോ? ഇല്ല!-
കമലാ സുബ്രഹ്മണ്യത്തിന്റെ ‘മഹാഭാരതകഥ’ എന്ന ഗ്രന്ഥത്തിലെ 25-ാം അധ്യായമായ ‘വാരണാവതത്തിലെ, ശകലമാണിത്. അരക്കില്ലത്തില്‍ സസ്നേഹത്തോടെ പാണ്ഡവരെ പാര്‍പ്പിച്ച ധൃതരാഷ്ട്രരുടെയും ദുര്യോധന മേധാവിത്വമുള്ള കൗരവരുടെയും ദുരുപദിഷ്ട അജണ്ട തിരിച്ചറിഞ്ഞുകൊണ്ട് മുതിര്‍ന്ന പാണ്ഡവ സോദരന്‍ യുധിഷ്ഠിരന്റെ ആശങ്കയ്ക്കാണ് ഭീമന്‍ മറുമൊഴി നല്കുന്നത്. സൂര്യവംശത്തിലെ ഹരിശ്ചന്ദ്രന്‍ ആപത്തുകാലത്ത് വസിച്ചതിനാല്‍ ശാശ്വത കീര്‍ത്തി ലഭിച്ച വാരണാവതത്തില്‍ പാണ്ഡവന്മാര്‍ എത്തിച്ചേര്‍ന്നു. വളരെ ആവേശത്തോടും സന്തോഷത്തോടും കൂടിയാണ് നഗരവാസികള്‍ അവരെ വരവേറ്റത്. നഗരമെല്ലാം അലങ്കരിച്ചിരുന്നു. പൗരമുഖ്യന്മാര്‍ രാജകുമാരന്മാരെ അതിഥികളായി സ്വീകരിച്ചു. പത്താം ദിവസം പുരോചനന്‍ വളരെ വിനയാന്വിതനായി യുധിഷ്ഠിരന്റെ അടുത്തുവന്നു. പുതുതായി നിര്‍മ്മിച്ച കൊട്ടാരത്തില്‍ താമസിക്കാനപേക്ഷിച്ചു.’ പക്ഷെ യുധിഷ്ഠിരന്‍ അപകടം മണത്തു. അദ്ദേഹം ഭീമനോട് ചോദിച്ചു” ഭീമാ ഒരസാധാരണ ഗന്ധം ഈ ഗൃഹത്തിലുള്ളതായി നിനക്കു തോന്നുന്നില്ലേ? ആളിക്കത്തുന്ന വസ്തുക്കളെ കൊണ്ടുണ്ടാക്കിയതാണ് ഈ ഗൃഹം. നമ്മെ ഏറ്റവും സ്നേഹിക്കുന്നുവെന്ന് പറയുന്ന നമ്മുടെ ബന്ധുക്കള്‍ നമുക്കുവേണ്ടി നിര്‍മ്മിച്ചതാണ് ഇത്. ഈ ഗൃഹം കത്തിക്കണമെന്ന് കൗരവന്മാര്‍ നിശ്ചയിച്ചിട്ടുണ്ട്. ജാഗരൂകരായിരിക്കണമെന്ന് ഇളയച്ഛനായ വിദുരന്‍ പറഞ്ഞതിന്റെ ആന്തരികാര്‍ത്ഥമാണിത്-”.
ഇന്ന് വര്‍ത്തമാനകാല ഇന്ത്യയില്‍ ധൃതരാഷ്ട്രാലിംഗം നടത്തുന്ന ധൃതരാഷ്ട്രന്മാരുടെയും സ്ഥലജല വിഭ്രാന്തിയില്‍ അഭിരമിക്കുന്ന ദുര്യോധനന്മാരുടെയും വസ്ത്രാക്ഷേപം നടത്തി രമിക്കുന്ന ദുഃശ്ശാസനന്മാരുടെയും കുത്സിത തന്ത്രങ്ങളുടെ ആചാര്യനായിരുന്ന ശകുനിമാരുടെയും അതിദുരന്ത പര്‍വങ്ങളുടെ കാലത്താണ് നാം ജീവിക്കുന്നത്. അവര്‍ പുതിയ അരക്കില്ലങ്ങളും കുരുക്ഷേത്ര ഭൂമികളും പുനരവതരിപ്പിക്കുന്നു. എവിടെയാണ് വിദുരര്‍? എവിടെയാണ് ഭീഷ്മ പ്രതിജ്ഞയെടുത്ത ഗംഗാദത്തന്‍, എവിടെയാണ് ധാര്‍മ്മിക സന്ദേശം പ്രകമ്പനം കൊള്ളിച്ച കൃഷ്ണന്‍ എന്ന് ഈ അസുരകാലത്ത് ഹൃദയവൃഥയോടെ നാം വിളിച്ചു ചോദിക്കേണ്ട ഘട്ടമാണിത്. ചോദ്യശരങ്ങള്‍ക്ക് വര്‍ത്തമാനകാലത്തും ഇടമുണ്ട്, ആ ചോദ്യശരങ്ങള്‍ വര്‍ഷിക്കുമ്പോഴേ ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും സ്വാതന്ത്ര്യവും സമ്പുഷ്ടമാവൂ. വര്‍ഗീയ ഫാസിസത്തിനെതിരായും ഭരണഘടനാ ജനാധിപത്യ‑മതനിരപേക്ഷ മൂല്യങ്ങളുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള സ്വരമാധുരികള്‍ക്ക് ഗര്‍ജ്ജന ശബ്ദമുണ്ടാവു.
പുതുകുരുക്ഷേത്ര സഭകള്‍ നിര്‍മ്മിക്കുന്ന കൗരവസംഘം അവരുടെ സ്വയം നിര്‍മ്മിത അരക്കില്ലങ്ങളിലിട്ട് ഇന്ത്യന്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സ്വാതന്ത്ര്യമഹത്വത്തെയും ചുട്ടുകരിക്കുകയാണ്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അരക്കില്ലത്തിന്റെ പുതുമാതൃകകളായ വമ്പന്‍ റിസോര്‍ട്ടുകളില്‍ വിലപേശി, കോടികള്‍ വാരിയെറിഞ്ഞ് ചൊല്പടിയിലെത്തിക്കുന്നു. ജനാധിപത്യ സമ്പ്രദായത്തിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരുകളെ പണാധിപത്യത്തിലൂടെയും കേന്ദ്രഭരണ സ്വേച്ഛാ മേധാവിത്വത്തിലൂടെയും കീഴ്പ്പെടുത്തി തങ്ങളുടെ കാല്‍ക്കീഴിലാക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മഹാരാഷ്ട്രയാണ്. മണിപ്പുരിലും ഗോവയിലും മധ്യപ്രദേശിലും കര്‍ണാടകയിലും അരുണാചല്‍പ്രദേശിലും അസമിലും ബിജെപി പരീക്ഷിച്ച ‘ആയാറാം ഗയാറാം’ രാഷ്ട്രീയം ഒടുവില്‍ മഹാരാഷ്ട്രയിലും അവര്‍ ഫലവത്താക്കി. സൂററ്റില്‍ നിന്ന് ഗുവാഹട്ടിയിലേക്ക്, ഗുവാഹട്ടിയില്‍ നിന്ന് ഗോവയിലെ പനാജിയിലേക്ക്, പനാജിയില്‍ നിന്ന് ബംഗളുരുവിലേക്ക് നീണ്ടുപടര്‍ന്നൂ റിസോര്‍ട്ട് രാഷ്ട്രീയം. ഒരുപാടു കാലമായില്ല രാജസ്ഥാനിലും ഈ റിസോര്‍ട്ട് രാഷ്ട്രീയമരങ്ങേറി. പക്ഷേ എണ്ണം ഒപ്പിക്കുവാനാകാതെ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ കൈവിടേണ്ടിവന്നു.
മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യക്ക് ഒപ്പിച്ചെടുക്കുവാനായതുപോലെ 25 എംഎല്‍എമാരെ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ എത്തിക്കുവാനാവാത്തതുകൊണ്ട് രാജേഷ് പൈലറ്റിന്റെ പുത്രന്‍ സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസിലേക്ക് മടങ്ങുവാന്‍ നിര്‍ബന്ധിതനാവേണ്ടിവന്നു.
മഹാരാഷ്ട്രയില്‍ റിസോര്‍ട്ടു രാഷ്ട്രീയത്തിനുശേഷം സ്പീക്കര്‍ തെരഞ്ഞെടുപ്പിലും വിശ്വാസ വോട്ടെടുപ്പ് വേളയിലും എംഎല്‍എമാരുടെ സംഖ്യം നോക്കിയാല്‍ കുതിരക്കച്ചവട രാഷ്ട്രീയത്തിന്റെ നഗ്നത വ്യക്തമാവും. ഗവര്‍ണര്‍ എന്ന ഭരണഘടനാമൂല്യമുള്ള പദവിയെപ്പോലും കുതിരക്കച്ചവടത്തിനും റിസോര്‍ട്ട് രാഷ്ട്രീയത്തിനും ദുരുപയോഗം ചെയ്യാന്‍ തെല്ലും മടിയില്ലാത്ത, അതില്‍ ജാള്യത ഒട്ടുമേ കാണാത്ത കേന്ദ്ര ഭരണകൂടമാണ് നിലനില്ക്കുന്നത്. കാലുമാറ്റ – കൂറുമാറ്റങ്ങളിലൂടെ ബിജെപി അട്ടിമറിച്ച് അധികാരത്തിലേറിയ സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാരുടെ നിഴല്‍യുദ്ധം കാണാം. നരേന്ദ്രമോഡിക്കും അമിത് ഷായ്ക്കും മുന്നില്‍ വിനീത വിധേയന്മാരായി ഗവര്‍ണര്‍മാര്‍ വര്‍ത്തിക്കുന്നു. ഈ വിധം ദാസ്യവൃത്തി ചെയ്തില്ലെങ്കില്‍ ഗവര്‍ണര്‍ കസേരയും രാജ്ഭവന്‍ വാസവും നഷ്ടമാകുമെന്ന ഭീതി അവര്‍ക്കുള്ളതുകൊണ്ട് കുതിരക്കച്ചവടത്തില്‍ താനാണ് കേമന്‍ എന്ന് ഗവര്‍ണര്‍മാര്‍ തെളിയിക്കുവാന്‍ മുന്നിട്ടിറങ്ങുന്നു. മഹാരാഷ്ട്രയിലും അതു കണ്ടു. ശിവസേന വിപ്പ് ലംഘിച്ച് എംഎല്‍സി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത 12 എംഎല്‍എമാരെ അയോഗ്യരാക്കുവാനുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കവേ, വിധി കൂറുമാറ്റക്കാര്‍ക്ക് എതിരായാലോയെന്ന ആശങ്കയില്‍ ബിജെപി ആസൂത്രണശാലകള്‍ നിര്‍ദ്ദേശിച്ച പ്രകാരം ഗവര്‍ണര്‍ അടിയന്തര വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിച്ചു. അയോഗ്യത സുപ്രീം കോടതി ശരിവച്ചാല്‍ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ പണക്കൊഴുപ്പ് കണ്ട് ചെന്നുപെട്ടവര്‍ മടങ്ങിപ്പോകുമെന്ന ആകുലതയാണ് ഇതിന് പ്രേരിപ്പിച്ചത്.
ഭരണ അട്ടിമറികള്‍ക്ക് മാത്രമല്ല, സംഘ്പരിവാരം അരക്കില്ലങ്ങള്‍ സൃഷ്ടിക്കുന്നത് മതവിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വിഘടന തന്ത്രങ്ങളുടെയും ഫാസിസ്റ്റ് അജണ്ടകളുടെയും അരക്കില്ലങ്ങള്‍ കൂടി തീര്‍ക്കുന്നു. ബിജെപി ഔദ്യോഗിക വക്താക്കളായി മോഡിയും അമിത് ഷായും ജെ പി നഡ്ഢയും നിയോഗിച്ചിരുന്ന ഔദ്യോഗിക വക്താക്കള്‍ നടത്തിയ പ്രവാചക നിന്ദ ഇതിന്റെ മറ്റൊരു ഭാഗം. ഇന്ത്യയുമായി നിരന്തരം ഐക്യം പുലര്‍ത്തുന്ന രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കെതിരായി ശബ്ദിക്കുന്ന നയന്ത്ര ബന്ധങ്ങളിലെ ആരോഗ്യകരമല്ലാത്ത സാഹചര്യമുണ്ടാക്കി. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം പാര്‍ട്ടി വക്താക്കളുടെ പ്രസ്താവനകളെ ഇതുവരെ തള്ളിപ്പറയാത്തത് കേന്ദ്ര സര്‍ക്കാരിന്റെ നിഗൂഢ അജണ്ടകളെ തിരശീലനീക്കി വ്യക്തമാക്കുന്നു. ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മ്മയെ പുറത്താക്കിയെന്ന കപടനാടകം മാത്രമാണ് അവര്‍ അരങ്ങേറ്റിയത്. ഉന്നത നീതിപീഠത്തില്‍ ഹര്‍ജിയെത്തുമ്പോള്‍ നിശിതമായ വിമര്‍ശനമാണ് ന്യായാധിപരില്‍ നിന്നുണ്ടായത്. ഇവരെയൊക്കെ അറസ്റ്റു ചെയ്യാത്തതെന്തെന്ന് സുപ്രീം കോടതി ആരായുകയും നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി തള്ളികയും ചെയ്തു. നൂപുര്‍ ശര്‍മ്മയുള്‍പ്പെടെയുള്ള ബിജെപി വര്‍ഗീയ വക്താക്കള്‍ക്ക് സംരക്ഷിത കവചമൊരുക്കുവാന്‍ ബിജെപി അഭിഭാഷകരുമുണ്ടായി.
രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും അവരുടെ വാവിട്ട വാക്കുകള്‍ രാജ്യത്ത് തീപടര്‍ത്തിയെന്നു പറഞ്ഞ സുപ്രീം കോടതി അവര്‍ രാജ്യത്തോടും ലോകത്തോടും മാപ്പിരക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ, ഇങ്ങനെ വാക്കാല്‍ പരാമര്‍ശം നടത്തിയ സൂര്യകാന്ത്, ജെ ബി പാര്‍ഡിവാല എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണികള്‍ മുഴക്കുകയുമാണ് സംഘ്പരിവാര ശക്തികള്‍ ചെയ്തത്. മുന്‍ ജഡ്ജിമാരും സുപ്രീം കോടതി അഭിഭാഷകരും നൂപുര്‍ ശര്‍മ്മയ്ക്കുവേണ്ടി രംഗത്തുവരുമ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അപമാനിതമാവുകയാണെന്ന യാഥാര്‍ത്ഥ്യം അക്കൂട്ടര്‍ തങ്ങളുടെ സങ്കുചിതമാനസം കൊണ്ട് തിരിച്ചറിയുന്നില്ല.
ബുള്‍ഡോസര്‍ തന്ത്രത്തിലൂടെയും അരക്കില്ല രാഷ്ട്രീയം സംഘ്പരിവാര ഭരണകൂടം സൃഷ്ടിക്കുന്നു. യുപിയിലും മധ്യപ്രദേശിലും ഡല്‍ഹിയിലും ഒരു പ്രത്യേക മതവിഭാഗം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് ബുള്‍ഡോസറുകള്‍ പാഞ്ഞടുക്കുന്നു. ദശാബ്ദങ്ങളായി അവര്‍ താമസിക്കുന്ന ഭവനങ്ങള്‍ ഇടിച്ചുനിരത്തുന്നു. ഈ അരക്കില്ല രാഷ്ട്രീയത്തിന് അറുതിവേണ്ടേ? ഭരണഘടനാ സംരക്ഷകരെന്ന് സ്വയം മേനിനടിക്കുന്ന കോണ്‍ഗ്രസ് ഇക്കാര്യങ്ങളിലെല്ലാം മൗനത്തിന്റെ വത്മീകത്തിലാണെന്നത് ശ്രദ്ധേയം.
‘ഉണരുവിന്‍, ഉയിര്‍ത്തെഴുന്നേല്‍ല്പിന്‍
അനീതിക്കെതിരായി പൊരുതുവിന്‍’ എന്ന മഹദ്‌വാക്യം നമുക്ക് ഉച്ചത്തില്‍ ഉദ്ഘോഷിക്കാം.
‘ക്ഷണമെഴുന്നേല്പിന്‍
അനീതിയോടെതിര്‍പ്പിന്‍’ എന്ന വാഗ്ഭടാനന്ദ ഗുരുവിന്റെ വരികളും പ്രതിരോധ പോരാട്ടങ്ങളില്‍ കരുത്തു പകരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.