21 December 2024, Saturday
KSFE Galaxy Chits Banner 2

ഭക്തിയുടെ കാലം മൈക്കിന്റെ പൂക്കാലം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
November 21, 2024 4:30 am

വൃശ്ചികം ഒന്നുമുതൽ എല്ലാ ഹിന്ദുമതാരാധനാലയങ്ങളിലെയും ഉച്ചഭാഷിണികൾ ആവുന്നത്ര ഉച്ചത്തിൽ മുഴങ്ങിത്തുടങ്ങിയിരിക്കുകയാണ്. ഭക്തിയുടെ മാർഗം ഉച്ചഭാഷിണിയല്ലല്ലോ. ആരാധനാലയങ്ങളിലും പരിസരത്തും ശാന്തിയും സ്വസ്ഥതയും ഉണ്ടാകണമെങ്കിൽ നിശബ്ദമായ അന്തരീക്ഷമാണ് അഭികാമ്യം. സങ്കല്പദൈവങ്ങൾ പോലും ഉച്ചഭാഷിണിയുടെ ശല്യം സഹിക്കാനാവാതെ ഒന്നടങ്കം നാടുവിട്ടുപോയിരിക്കാനാണ് സാധ്യത. ഉച്ചഭാഷിണിയും ദൈവസങ്കല്പവുമായി യാതൊരു ബന്ധവുമില്ല. ഉച്ചഭാഷിണി കണ്ടുപിടിക്കുന്നതിനു മുമ്പേതന്നെ കേരളത്തിൽ ദൈവസങ്കല്പവും ആരാധനാലയങ്ങളും ഒക്കെയുണ്ട്. ഉച്ചഭാഷിണിയെക്കുറിച്ച് ക്ഷേത്രാചാര ഗ്രന്ഥങ്ങളിലെങ്ങും ഒരു പരാമര്‍ശവുമില്ല.

ശബ്ദമലിനീകരണം മറ്റു പരിസ്ഥിതി മലിനീകരണ പ്രവർത്തനം പോലെ വളരെ ഗൗരവത്തോടെ തന്നെയാണ് നമ്മുടെ നിയമവ്യവസ്ഥ കണ്ടിട്ടുള്ളത്. കൃത്യമായ നിയമനടപടികളും ശിക്ഷാരീതികളുമെല്ലാം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇതെല്ലാം മതതീവ്രവാദ രാഷ്ട്രീയത്തോടുള്ള ഭയപ്പാടുമൂലം അസാധുവാക്കപ്പെടുകയാണ്. എത്ര കൈകളും ആയുധങ്ങളുമുണ്ടെങ്കിലും സങ്കല്പദൈവങ്ങളെ ഭക്തർക്ക് ഭയമില്ല. അവരെ ഭയപ്പെടുത്തി ബധിരരാക്കുന്നത് സങ്കല്പദൈവങ്ങളുടെ കാവൽക്കാരാണ്. ദൈവമില്ലെന്നും നരകവും അവിടുത്തെ തിളച്ച വെളിച്ചെണ്ണപ്പാത്രവും മുടിനാരേഴായിക്കീറി കെട്ടിയ പാലവും ബാർ അറ്റാച്ച്ഡ് സ്വർഗവും ചുവന്നപരവതാനി വിരിച്ച സുന്ദരിത്തെരുവുകളും ഭാവനയാണെന്ന് നന്നായറിയാവുന്നത് പാവം ഭക്തജനങ്ങൾക്കല്ല; അന്ധവിശ്വാസങ്ങളെ മൊത്തമായും ചില്ലറയായും കച്ചവടം ചെയ്ത് ജീവിക്കുന്ന ദൈവ സെക്യൂരിറ്റിക്കാർക്കാണ്. അവർ പ്രവാസികളിൽ നിന്നും നേർച്ചപ്പണം സ്വീകരിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങളിൽ വരെ കേൾക്കത്തക്ക രീതിയിൽ മൈക്ക് പ്രവർത്തിപ്പിക്കും. അതവരുടെ വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണ്. അമേരിക്കൻ മലയാളിയാണ് സംഭാവന നല്‍കിയതെങ്കിൽ അമേരിക്കയിൽ കേൾക്കുവോളം മൈക്കുവയ്ക്കും.

ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ, ഓഫിസുകൾ എന്നിവ പോലെത്തന്നെ ആരാധനാലയങ്ങളും നിശബ്ദമേഖലയാണ്. അവയുടെ നൂറ് മീറ്റർ ചുറ്റളവിൽ ശബ്ദയന്ത്രങ്ങളൊന്നും പ്രവർത്തിപ്പിക്കാൻ പാടില്ല. മറ്റു സ്ഥലങ്ങളിൽ അനുവദനീയമായ ശബ്ദത്തിന്റെ ഡെസിബെൽ അളവുകളും നിയമവ്യവസ്ഥയിലുണ്ട്. വ്യവസായ മേഖലയിൽ 75 ഡെസിബെൽ വരെയും ഭവനമേഖലയിൽ 55 ഡെസിബെൽ വരെയും അനുവദനീയമാണ്. ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) റൂൾ 2000 ഇപ്പോഴും നിലവിലുണ്ട്. ഇതനുസരിച്ചാണ് കേരളാ പൊലീസിന്റെ ലൗഡ് സ്പീക്കർ ലൈസൻസ് നിബന്ധനകൾ. കുട്ടികൾ പരാതിപ്പെട്ടാൽ ഒരു മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാകേണ്ടതാണ്. ബാലാവകാശ കമ്മിഷന്റെ സുവ്യക്തമായ ഉത്തരവും നിലവിലുണ്ട്. നിയമം ലംഘിച്ചാൽ അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷയായിട്ടുണ്ട്. ഉപകരണങ്ങൾ പൊലീസിന് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കാവുന്നതുമാണ്.

അമിതമായ ശബ്ദം മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാകയാലാണ് പ്രധാനമായും ഈ നിയമങ്ങളൊക്കെ നിർമ്മിച്ചിട്ടുള്ളത്. വ്യക്തികളുടെ സ്വകാര്യതയും സമാധാനവും സംരക്ഷിക്കപ്പെടണമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവിധ പൊതുസമ്മേളനങ്ങൾക്കും ഈ ശബ്ദനിയന്ത്രണം ബാധകമാണ്. ആരെങ്കിലും ഇത് ലംഘിച്ചാൽ 112 എന്ന നമ്പറിലേക്ക് അറിയിക്കേണ്ടതാണ്. അവിടെനിന്നും സ്ഥലം പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പുകൊടുക്കും. ഉടൻ നടപടി ഉണ്ടാകേണ്ടതാണ്. എന്നാൽ ആരാധനാലയങ്ങളുടെ സാമ്പത്തികദാഹികൾ കാട്ടുന്ന മതതീവ്രവാദ ശക്തികളുടെ ഭീഷണിക്കുമുന്നിൽ നിയമപ്പരുന്തിന്റെ ചിറകുകൾ കുഴഞ്ഞു പോകാറുമുണ്ട്. ഏത് അധികാരിക്കും പരാതികൊടുക്കാനുള്ള അവകാശം പൗരർക്കുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ ജില്ലാ പൊലീസ് സൂപ്രണ്ടിനും ജില്ലാ കളക്ടർക്കും സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിക്കും ഒക്കെ പരാതി സമർപ്പിക്കാവുന്നതാണ്. എവിടെനിന്നെങ്കിലും പൗരാവകാശം സംരക്ഷിച്ചു കിട്ടുമെന്ന് ഉറപ്പാക്കാവുന്നതാണ്. ആലപ്പുഴയിലെ പി പി സുമനൻ, കൊല്ലത്തെ മനു തുടങ്ങിയവർ ശബ്ദമലിനീകരണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏറെ മുന്നോട്ടുപോയിട്ടുള്ളവരാണ്. ഇവരുടെ നേതൃത്വത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ പ്രതികരിക്കുന്നവർക്കെതിരെ അമ്പലക്കമ്മിറ്റിക്കാർ ഭക്തജനക്കൂട്ടായ്മ എന്നൊക്കെയുള്ള കള്ളപ്പേരുകളിൽ പോസ്റ്റർ അടിച്ച് ഒട്ടിക്കാറുണ്ട്. നാമജപഘോഷയാത്ര പോലും സംഘടിപ്പിച്ചെന്നു വരും. അതൊക്കെ അവർ മുന്നോട്ടുവയ്ക്കുന്ന സംഹാരശക്തിസ്വരൂപിണിയായ ദൈവസങ്കല്പത്തിന്റെ ശക്തിരാഹിത്യത്തിനു തെളിവായിമാത്രമേ മാറുകയുള്ളൂ.

മണ്ഡലകാലം മൈക്ക് വച്ചുകെട്ടി അഹങ്കരിച്ച് ആഘോഷിക്കുമ്പോൾ ചവിട്ടിയരയ്ക്കപ്പെടുന്നത് മനുഷ്യന്റെ സമാധാനമാണ്. സ്വസ്ഥജീവിതം ആഗ്രഹിക്കാത്ത മനുഷ്യരില്ല. കിടപ്പുരോഗികളെ സംബന്ധിച്ചാണെങ്കിൽ തടവറയ്ക്കുചുറ്റും സിംഹഗർജനം ഉണ്ടായാലത്തെ അനുഭവമായിരിക്കും. എഴുത്തുകാർക്ക് വായിക്കുന്നതിലുള്ള ശ്രദ്ധയും എഴുത്തിലുള്ള ഏകാഗ്രതയും വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാർത്ഥികൾക്ക് ശബ്ദരഹിതവും സ്വസ്ഥവുമായ അന്തരീക്ഷം പഠനത്തിന് അത്യാവശ്യമാണ്. മൈക്കുകൾ മിതമായിരിക്കട്ടെ. ശാന്തമായ കേരളം നമ്മുടെ അവകാശമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.