ശരപഞ്ജരത്തിന്റെ വൻ വിജയത്തിനു ശേഷം പ്രേംനസീർ പ്രവചിച്ചതു പോലെ ജയൻ ഒരു സംഭവമായി മാറുകയായിരുന്നു. ജയന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഹരിഹരൻ ജയനോട് വീണ്ടും നമ്മുക്കൊരുമിക്കാം എന്ന് പറഞ്ഞ ഓഫർ പാലിക്കാനും കഴിഞ്ഞില്ല. 1980 നവംബർ16ന് ഞായറാഴ്ച ചെന്നൈയിലെ ഷോളാവാരത്ത് നേവിയുടെ അധീനതയിലുള്ള എയർപോർട്ടിൽ പി എൻ സുന്ദരം സംവിധാനം ചെയ്യുന്ന കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിൽ ഹെലികോപ്ടറിൽ നിന്നു വീണ് ജയൻ സാഹസികമരണം ഏറ്റുവാങ്ങുകയായിരുന്നു. പീരുമേട്ടിൽ, വേണു സംവിധാനം ചെയ്യുന്ന അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ലൊക്കേഷനിൽ നിന്ന് രണ്ടു ദിവസം അവധിയെടുത്താണ് ഷോളാവാരത്തെത്തി ക്ലൈമാക്സിൽ അഭിനയിക്കാനെത്തിയത്. ജയൻ എന്ന മിന്നിത്തിളങ്ങിയ താര ജീവിതത്തിന്റെ അന്ത്യരംഗം കൂടിയായിരുന്നു അത്.
ജീവിതത്തിലും സിനിമയിലും സാഹസികനായിരുന്ന ജയനെ മലയാളികൾക്ക് അമിതമായ ഇഷ്ടമായിരുന്നു. സമ്പൂർണ പൗരുഷത്തിന്റെ പ്രതീകമായിരുന്നു ജയൻ. ജയന്റെ ആകസ്മിക നിര്യാണം മലയാളികൾ ഹൃദയവേദനയോടെയാണ് അറിഞ്ഞത്. മരണസമയത്ത് കേരളത്തിലെ തിയേറ്ററുകളിലെ ജയൻ അഭിനയിച്ച പല സിനിമകളും പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. പ്രദർശനത്തിനിടയിൽ ജയന്റെ മരണവാർത്ത സ്ലൈഡിൽ പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകർ ഞെട്ടിത്തരിച്ച് തിയേറ്ററുകളിൽ നിന്നിറങ്ങി അവിശ്വസനീയമായ വാർത്ത ഉൾക്കൊള്ളാനാവാതെ അലറിക്കരഞ്ഞു. ചിലർ തിയേറ്ററുകൾക്കു നേരെ കല്ലെറിഞ്ഞു. ഒടുവിൽ വസ്തുതയറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ പൊട്ടിക്കരഞ്ഞു. എല്ലാവരും കൊല്ലത്തെ തേവള്ളയിലുള്ള വീട്ടിലെത്തി യാഥാർത്ഥ്യം ഉൾക്കൊള്ളുകയായിരുന്നു. ചെന്നൈ ജനറൽ ആശുപത്രിയിൽ നിന്നും ജയന്റെ ഭൗതികശരീരവുമായി തിരുവനന്തപുരത്തെ എയർപോർട്ടിലെത്തിച്ച് അവിടെ നിന്ന് വിലാപയാത്രയായി കൊല്ലത്തെത്തുമ്പോൾ കൊല്ലം അതുവരെ കാണാത്ത ജനക്കൂട്ടം അവിടെ തമ്പടിച്ചിരുന്നു. ഒടുവിൽ കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ ജയൻ എരിഞ്ഞടങ്ങുമ്പോഴും ആൾക്കൂട്ടത്തിന്റെ വിലാപം ഒടുങ്ങിയിരുന്നില്ല. സഞ്ചയനദിനത്തിൽ ചിതയിൽ നിന്നും അസ്ഥിയെടുത്ത് നിമഞ്ജനം ചെയ്യാൻ എത്തിയ ബന്ധുകൾക്ക് ജയന്റെ ചിതയിൽ നിന്നു ഒരസ്ഥിക്കഷണം പോലും ലഭിച്ചില്ല. പല ആരാധകരും അതു കൈക്കലാക്കി കൊണ്ടുപോയിരുന്നു. പിന്നെ, ഒരു പിടി ചാരം മാത്രം ശേഖരിച്ചാണ് കർമ്മം പൂർത്തിയാക്കിയത്.
കൊല്ലം തേവള്ളി പൊന്നച്ചം വീട്ടിൽ മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും സീമന്തപുത്രനായി 1939 ജൂലായ് 25 നാണ് ജയൻ എന്ന കൃഷ്ണൻ നായർ ജനിച്ചത്. അനുജൻ സോമൻ നായർ ഭാര്യ ശ്രീദേവി, മക്കൾ കണ്ണൻ, ലക്ഷ്മി, ആദിത്യൻ. ഇവരിൽ ലക്ഷ്മിയും സീരിയൽ നടൻ ആദിത്യനും മാത്രമേ ഇപ്പോഴുള്ളൂ. ജയൻ ഓർമ്മയായി നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും ആരാധകരുടെ എണ്ണം കുറഞ്ഞിട്ടില്ല. എല്ലാ വർഷവും ജയന്റെ ജന്മദിനമായ ജൂലൈ 25 നും ചരമദിനമായ നവംബർ പതിനാറിന് കൊല്ലത്തെ ജയന്റെ വസതിക്കു മുമ്പിലുള്ള പ്രതിമയിൽ ഹാരാർപ്പണം നടത്തി വരുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ജയൻ സ്മാരക ഓഡിറ്റോറിയവും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ പല ജില്ലകളിലും ജയൻ സ്മാരക സമിതികൾ പ്രവർത്തിച്ചു വരുന്നു. ജയദീപം, ജയൻ അവതാര നായകൻ, ജയൻ ഫാൻസ്, ജയൻ സാംസ്കാരിക സമിതി, ജയ തരംഗം, ജയൻ ദ് എവർഷൈൻസ്റ്റാർ… എന്നിങ്ങനെ നൂറുകണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളും ജയന്റെ പേരിൽ നിലവിൽ പ്രവർത്തിച്ചു വരുന്നു. ജയന്റെ മരണത്തിനു ശേഷം ജനിച്ചവർ പോലും ജയന്റെ ആരാധകരായി ഉണ്ട്. ഇത്രയും ജനപ്രീതി കണ്ടിട്ടു തന്നെയാവണം ജയൻ ഹിറ്റുകളുടെ രണ്ടാം വരവ് ഉണ്ടാകുന്നത്. ഏപ്രിൽ 25 ന് തിയേറ്ററുകളിലെത്തുന്ന ശരപഞ്ജരം എന്ന സിനിമയ്ക്ക് വൻവരവേൽപ്പ് നൽകാനൊരുങ്ങുകയാണ് ജയൻ ആരാധകർ. ശരപഞ്ജരത്തിന്റെ റീ- റിലീസിനു പിന്നാലെ ഐ വി ശശിയുടെ അങ്ങാടി, മീൻ, വിജയാനന്ദ് സംവിധാനം ചെയ്ത ശക്തി എന്നീ ജയൻ നിറഞ്ഞാടിയ സിനിമകളും സാങ്കേതിക മികവോടെ സ്ക്രീനിൽ എത്തിക്കാനള്ള പദ്ധതിയുണ്ട്. എ ഐ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് പ്രേക്ഷകരുടെ ഇഷ്ട ജോഡിയായിരുന്ന പ്രേംനസീറിനെയും ജയനെ ഉൾപ്പെടുത്തി സിനിമാ നിർമ്മിക്കാനുള്ള പദ്ധതിയുമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.