22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 8, 2024
November 8, 2024
November 6, 2024
October 28, 2024
October 12, 2024
October 11, 2024
October 8, 2024
September 22, 2024
September 22, 2024

ചെറുധാന്യ വിപ്ലവം ഫലവത്തായില്ല; വരുമാനമില്ലാതെ കര്‍ഷകര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2024 1:48 pm

ചെറുധാന്യ ഉല്പാദനത്തിലൂടെ ലാഭം നേടാമെന്ന മോഡിസര്‍ക്കാരിന്റെ ആഹ്വാനത്തില്‍ ആകൃഷ്ടരായ കര്‍ഷകരുടെ സ്വപ്നം വാടിക്കരിയുന്നു.
2023ല്‍ ഇന്ത്യയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്ര സംഘടന ചെറുധാന്യ വര്‍ഷമായി ആചരിച്ചതിന് പിന്നാലെ രാജ്യത്ത് വന്‍ തോതില്‍ കര്‍ഷകര്‍ ചെറുധാന്യ കൃഷിയിലേക്ക് നീങ്ങിയിരുന്നു. ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയും കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിച്ചു. സ്വകാര്യ — സ്റ്റാര്‍ട്ടപ്പ് വ്യവസായികളും ധാന്യകൃഷി ലാഭകരമെന്ന് വിശ്വസിച്ച് മേഖലയില്‍ നിക്ഷേപം നടത്തി. എന്നാല്‍ പ്രഖ്യാപനത്തിനപ്പുറം സര്‍ക്കാരിന്റെ ഇടപെടലില്ലാത്തതും ഉല്പന്നത്തിന്റെ വിലക്കുറവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്വിന്റലിന് 1,700 രൂപ വിലയുള്ള ചോളത്തിന് നാളിതുവരെയായി വില വര്‍ധന ഉണ്ടായിട്ടില്ലെന്ന് രാജസ്ഥാനിലെ കര്‍ഷകനായ കജോഡമല്‍ ശര്‍മ്മ പറഞ്ഞു. ധാന്യങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി കാരണം സ്വകാര്യ സംരംഭകര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുണ്ടായിരുന്ന മറ്റ് കൃഷികള്‍ ഉപേക്ഷിച്ചാണ് ധാന്യക്കൃഷിയിലേക്ക് ചുവടുമാറ്റിയത്. എന്നാല്‍ ആനുപാതികമായ വില ലഭിക്കുന്നതില്‍ ഇപ്പോഴും വിവേചനം നേരിടുന്നതായും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് ഏറ്റവുമധികം ചോളം വിളയുന്ന രാജസ്ഥാനില്‍ 2023–24ല്‍ 95 ലക്ഷം ടണ്‍ ആയിരുന്നു ഉല്പാദനം. മറ്റ് കൃഷിരീതികളെ അപേക്ഷിച്ച് ജലലഭ്യത കൂടുതല്‍ വേണ്ടതും ചെറുധാന്യ കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ധാന്യങ്ങളുടെ ആവശ്യകതയിലെ കുറവും നല്ലവില ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതായി പീലിയ ഗ്രാമത്തിലെ കര്‍ഷകനായ ലല്ലു ലാല്‍ പറഞ്ഞു. മറ്റ് വിളകള്‍ വേഗത്തില്‍ വിറ്റുപോകുന്ന അവസരത്തിലും ചെറുധാന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്.
ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ധാന്യ ഉല്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതല്‍. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത വിലയാണ് പല ഉല്പന്നങ്ങള്‍ക്കും എന്നതും വിപണി മാന്ദ്യത്തിന് കാരണമാകുന്നുണ്ട്. 70 ഗ്രാം മൈദയുടെ നൂഡില്‍സ് 14 രൂപയ്ക്കും, ഗോതമ്പ് നൂഡീല്‍സ് 26 രൂപയ്ക്കും ലഭിക്കുമ്പോള്‍ ധാന്യ നൂഡില്‍സിന് 35 രൂപയാണ് നഗരങ്ങളില്‍ ഈടാക്കുന്നത്.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാപകമായി ചെറുധാന്യ കൃഷിയുള്ളത്. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇടയിലെ ഇടത്തട്ടുകാരാണ് കൊള്ളലാഭം കൊയ്യുന്നതെന്നും ലല്ലു ലാല്‍ പറഞ്ഞു. പല കര്‍ഷകരും മേഖലയോട് വിടപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.