“സർ, അങ്ങയുടെ സ്ഥാപനത്തിൽ എനിക്ക് എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തിത്തരണം”.
ഇരുപത്തിമൂന്നുകാരൻ ടോംബാവു ആണ്. ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. ജീവിതസാഹചര്യങ്ങൾ അനുവദിക്കാത്തതു കാരണം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല.
ലോവൽ ഒബ്സർവേറ്ററിയിൽ ഇടവേളയിൽ അല്പമൊന്നു വിശ്രമിക്കുകയായിരുന്നു മഹാനായ ഖഗോളശാസ്ത്രജ്ഞനായിരുന്ന വെസ്റ്റോ സ്ലൈഫർ (Vesto Slipher: 1875–1969). പുതിയൊരു ദൗത്യം ‑നെപ്ട്യൂബിനപ്പുറത്തൊരു ഗ്രഹമുണ്ടോ- ഏറ്റെടുത്തിരിക്കുകയായിരുന്നു ടോംബാവു കാണാനെത്തിയ സമയത്തദ്ദേഹം. അപ്രകാരം ഒരു ഗ്രഹമുണ്ടെങ്കിൽ ഫോട്ടോഗ്രാഫിക് പ്ലേറ്റിൽ അതിന്റെ ചിത്രം പതിപ്പിക്കാൻ കഴിയും. അതിന് കഷണംകഷണമായി ആകാശത്തെ ഒപ്പിയെടുത്തു നിരീക്ഷിക്കണം.
“ടോംബാവു.. ഒരു എട്ടിന്റെ പണിയുണ്ട്.. നക്ഷത്രമെണ്ണലാണ് “.
“എട്ടിന്റെയായാലും കുഴപ്പമില്ല. സാറെനിക്കൊരു പണി തന്നാൽമതി”.
“ഹ ഹ ഹ.. എന്നാൽ ശരി.. ഇന്നു രാത്രിമുതൽ നിന്റെ പണി തുടങ്ങുന്നു”.
ടോംബാവു സന്തോഷവാനായി. വാനനിരീക്ഷണം പെരുത്തിഷ്ടം. ഉല്ക്കകളെയും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അവൻ ചെറുപ്പത്തിൽത്തന്നെ തിരിച്ചറിഞ്ഞിരുന്നു.
കഷണംകഷണമായി ഒപ്പിയെടുത്ത പല ആകാശചിത്രങ്ങളിലായി മൂന്നുലക്ഷത്തിലധികം നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. സസൂക്ഷ്മം പരിശോധിച്ച് ഏതു ചിത്രത്തിൽ പതിഞ്ഞ ബിന്ദുപോലുള്ള വസ്തുവാണ് അതിനിടയിലൂടെ നീങ്ങുന്നതെന്നു കണ്ടെത്തണം.ബിന്ദു നീങ്ങുന്നുണ്ടെങ്കിലതു ഗ്രഹമായിരിക്കും. ധാരാളം ക്ഷമ വേണ്ടതായ പണിയാണത്.
ടോംബാവുവിന് ആ ദൗത്യം ബുദ്ധിമുട്ടായി തോന്നിയില്ല. ഫോട്ടോകൾ ഓരോന്നും എടുത്ത് അവൻ തലങ്ങും വിലങ്ങും പരിശോധിച്ചു. മിഥുനംരാശിയിൽ പതിഞ്ഞ ചിത്രത്തിൽ അതാ ഒരു വ്യത്യാസം. ടോംബാവു ആ ചിത്രത്തിലെ ബിന്ദുവിനു ചുറ്റിലും തന്റെ പെൻസിൽകൊണ്ടു വൃത്തം വരച്ചു. അതായിരുന്നു പ്ലൂട്ടോയുടെ ആദ്യ ചിത്രം.
ആഹ്ലാദഭരിതനായ ടോംബാവു സ്ലൈഫറെ ചിത്രം കാണിച്ചു. മിഥുനംരാശിയാവുമ്പോൾ സ്ഥാനം നെപ്ട്യൂണിനപ്പുറത്ത്. ഒമ്പതാമതായി ഒരു ഗ്രഹം കണ്ടെത്തിയിരിക്കുന്നു. സ്ലൈഫർ ശിഷ്യനെ കെട്ടിപ്പിടിച്ചു.
“ടോംബാവു.. നീ കണ്ടെത്തിയിരിക്കുന്നു”..
“സർ.. ഞാനോ.. അങ്ങേല്പിച്ച ജോലി നിർവ്വഹിക്കുകമാത്രമേ ഞാൻ ചെയ്തുള്ളൂ”.
“ടോംബാവു.. ദൈവത്തിനുള്ളത് ദൈവത്തിന്. സീസറിനുള്ളത് സീസറിനും. ഈ ഗ്രഹം നിന്റെ പേരിൽ അറിയപ്പെടും. പ്ലൂട്ടോ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ക്ലൈഡ് ടോംബാവു”.
ആ ചെറുപ്പക്കാരൻ ആനന്ദാതിരേകത്താൽ പൊട്ടിക്കരഞ്ഞു. അജ്ഞാതനായി ലോവൽ ഒബ്സർവേറ്ററിയിലെത്തിയ ക്ലൈഡ് ടോംബാവു (Clide Tombaugh:1906–1997) പ്രശസ്തിയുടെ പടവിലേയ്ക്ക് ഉയരുകയാണ്. സഹായിയായി കൂലികൊടുത്തു നിറുത്തിയ ചെറുപ്പക്കാരന് കണ്ടുപിടുത്തത്തിന്റെ നേട്ടം അവകാശപ്പെടാൻ കഴിയുമായിരുന്നില്ല. ഗവേഷകവിദ്യാർത്ഥിക്കുപോലും കണ്ടുപിടുത്തത്തിന്റെ നേട്ടം നല്കാതെ തട്ടിയെടുക്കുന്നവർ ചുറ്റിലുമുള്ളപ്പോൾ സ്ലൈഫർ കാട്ടിയ ഔദാര്യം വാഴ്ത്താതിരിക്കുന്നത് അനാദരവാണ്. പ്ലൂട്ടോപര്യടനവും അതിനപ്പുറത്തേക്കുമുള്ള പ്രയാണവും നടത്തുമ്പോൾ നാം വിസ്മരിച്ചു പോവുന്നത് ഒരുപക്ഷേ ഇത്തരക്കാരെയാണ്.
കുള്ളൻഗ്രഹമാണ് പ്ലൂട്ടോ. കൂപ്പർവലയത്തിൽ ആദ്യമായി കണ്ടെത്തിയ പദാർത്ഥം. ട്രാൻസ് നെപ്ട്യൂണിയൻ ഛിന്നഗ്രഹമേഖലയാണ് കൂപ്പർ ബെൽറ്റ് (Kuiper belt) എന്നറിയപ്പെടുന്നത്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. 11 വയസ്സുകാരിയായ വെനിഷ്യ ബെർണി( Venetia Burney1918–2009) ആണ് “പ്ലൂട്ടോ” എന്ന പേരു നിർദ്ദേശിച്ചത്. മൂന്നുപേരുകളാണ് ലോവൽ ഒബ്സർവേറ്ററി അവസാന പരിഗണനയ്ക്കായി തെരഞ്ഞെടുത്തത്. മിനർവ, ക്രോണസ്, പ്ലൂട്ടോ എന്നിവയായിരുന്നു അവ. ഈ പേരുകൾ വോട്ടിനിടുകയും “പ്ലൂട്ടോ” തെരഞ്ഞെടുക്കുകയുമാണുണ്ടായത്. വോട്ടെടുപ്പിൽ എല്ലാ വോട്ടുകളും പ്ലൂട്ടോയ്ക്ക് ലഭിച്ചുവെന്നതും ഒരു പ്രത്യേകതയാണ്. അങ്ങനെ 1924 മാർച്ച് 30ന് പ്ലൂട്ടോയുടെ നാമധേയം ഔദ്യോഗികമായി അംഗീകരിച്ചു. 1930 മെയ് 1ന് ആ പേര് പ്രഖ്യാപിച്ചു. പേര് നിർദേശിച്ച വെനീഷ്യ ബെർണിയ്ക്ക് 5പവൻ സമ്മാനമായി ലഭിച്ചു.
PLUTO എന്നതിലെ ആദ്യ രണ്ടക്ഷരങ്ങൾ Percival Lowell (1855- 1916)നെ സൂചിപ്പിക്കുന്നു എന്നതാണ് ആ പേര് തെരഞ്ഞെടുക്കാനുണ്ടായ പ്രധാനകാരണം. അദ്ദേഹമാണ് പ്ലൂട്ടോയെ കണ്ടെത്തിയ ലോവൽ ഒബ്സർവേറ്ററി സ്ഥാപിച്ചത്. P, L എന്നീ രണ്ടക്ഷരങ്ങൾ ചേർത്താണ് പ്ലൂട്ടോയുടെ ജ്യോതിശാസ്ത്രചിഹ്നം രൂപപ്പെടുത്തിയത്.
കുള്ളൻഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാംസ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്. ചന്ദ്രന്റെ വലിപ്പത്തിന്റെ മൂന്നിലൊന്നും പിണ്ഡത്തിന്റെ ആറിലൊന്നും മാത്രമാണിതിനുള്ളത്. സൂര്യനുമായുള്ള പ്ലൂട്ടോയുടെ അകലം ഏറ്റവും അടുത്തു വരുമ്പോൾ 30 ജ്യോതിർമാത്രയും ഏറ്റവും അകലെയാവുമ്പോൾ 49 ജ്യോതിർമാത്രയുമാണ്. ഇതു കാരണം ചില കാലങ്ങളിൽ പ്ലൂട്ടോ നെപ്റ്റ്യൂണിന്റെ പരിക്രമണപഥത്തിനകത്താകും. തന്റേതു മാത്രമെന്ന് അവകാശപ്പെടാൻ ഒരു പാർക്കിങ്ഓർബിറ്റ് ഇല്ലാതെ പോയത് പ്ലൂട്ടോയുടെ ഗ്രഹപദവി നഷ്ടപ്പെടാൻ ഒരുകാരണമായി.
“നക്ഷത്രങ്ങളെക്കാൾ വലിപ്പം കുറഞ്ഞ, അണുസംയോജനം നടക്കാത്ത, സ്വയം ഗോളാകൃതി കൈവരിക്കാൻ ആവശ്യമായ ഗുരുത്വബലമുള്ള, എന്നാൽ ഭ്രമണപഥസ്വഭാവം പരിഗണിക്കേണ്ടതില്ലാത്ത ആകാശവസ്തുവാണ് ഗ്രഹം”. ഈ പുതിയ നിർവചനം പ്രാബല്യത്തിൽ വന്നാൽ പ്ലൂട്ടോയുടെ ഗ്രഹനില വീണ്ടും തെളിയും. കാത്തിരിക്കുകതന്നെ.
(സമർപ്പണം: ശനീശ്വരന്റെ വലയങ്ങൾ കാട്ടിത്തന്ന ഗുരുവിന്)
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.