മഞ്ഞിന് വിട നൽകി സംസ്ഥാനം കനത്ത ചൂടിലേക്ക്. ഈയാഴ്ച തണുപ്പ് വിടവാങ്ങുന്നതോടെ പകലിനൊപ്പം രാത്രിയും ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
ഡിസംബർ മുതൽ ഫെബ്രുവരി വരെ സാധാരണ തണുപ്പ് കാലമാണ്. എന്നാൽ ഇത്തവണ ജനുവരിയിൽ തന്നെ ചൂട് കൂടി. കേരളത്തിൽ വരും ദിവസങ്ങളിൽ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും ഏപ്രിൽ, മേയ് മാസങ്ങളിൽ ചൂടും ജലക്ഷാമവും കൂടുതൽ കടുക്കുമെന്നും ഭൗമശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരും മുന്നറിയിപ്പുനൽകുന്നു.
കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ ഉടൻ രൂക്ഷമായ ജലക്ഷാമം ഉണ്ടാകാനാണ് സാധ്യത. തുടർന്ന് മറ്റു ജില്ലകളിലും വേനൽ ശക്തമാകുമെന്നും ജലക്ഷാമം രൂക്ഷമാകുമെന്നും സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലമെന്റ് ആൻഡ് മാനേജ്മെന്റിലെ കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
നിലവിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ ഭൂഗർഭജലത്തിൽ ഗണ്യമായ കുറവുണ്ട്. ഭൂരിപക്ഷം നദികളും വറ്റിവരണ്ടു. കടുത്ത ചൂടിൽ കടലും തിളച്ചുമറിയുന്നത് വൻതിരയിളക്കത്തിനും കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് മുൻ വർഷങ്ങളിൽ മാർച്ച് പകുതിയോടെയാണ് ജലലഭ്യത കുറഞ്ഞിരുന്നത്. എന്നാൽ ഇത്തവണ ജനുവരി അവസാന ആഴ്ചയോടെ തന്നെ പലയിടത്തും വെള്ളം കിട്ടാതെയായി. ജനുവരിയിൽ കിട്ടേണ്ട മഴയുടെ അളവ് ശരാശരിക്കും താഴെയായതാണ് ഇതിന് കാരണം.
സാധാരണ നിലയിൽ മാർച്ചോടെ രേഖപ്പെടുത്താറുള്ളതിന് സമാനമായ ചൂടാണ് ഇപ്പോഴുള്ളത്. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ നിലക്ക് മഴ പെയ്യുന്നുണ്ട്. പ്രാദേശികമായ കാരണങ്ങൾ മൂലം ഒറ്റപ്പെട്ടു ലഭിക്കുന്ന മഴയാണിത്. ഇത് വേനൽമഴയിൽ ഉൾപ്പെടുത്താനാവില്ല. അന്തരീക്ഷം കൂടുതൽ ചൂടുപിടിക്കുന്നതോടെ മാത്രമേ വേനൽമഴ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയുള്ളൂ. എന്നാൽ ഫെബ്രുവരി ഒന്നിന് മൂന്നാറിൽ ചൂട് മൈനസ് ഒന്നിലേക്ക് താഴ്ന്നിരുന്നു. ജനുവരിയിലും സമാനമായിരുന്നു.
english summary; The state goes to summer season
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.