23 October 2024, Wednesday
KSFE Galaxy Chits Banner 2

ഊര്‍ജസ്വലമായ ഓഹരി വിപണിയുടെ തകര്‍ച്ച

പ്രൊഫ. കെ അരവിന്ദാക്ഷന്‍
December 16, 2021 6:30 am

2021 നവംബര്‍ മൂന്നാംവാരം വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ കോവിഡ് അടിച്ചേല്പിച്ച ദുരന്തങ്ങള്‍ക്കിടയിലും ഇന്ത്യയിലെ ഓഹരി വിപണികള്‍ അനുദിനം ശക്തിപ്രാപിച്ചുവരുന്നതായിട്ടാണ് കാണാന്‍ കഴിഞ്ഞത്. അതേ അവസരത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മൊത്തത്തില്‍ ഗുരുതരമായ തളര്‍ച്ചയില്‍ തുടരുകയുമായിരുന്നു. ഓഹരി വിപണികളില്‍ നിലവിലുള്ള ഓഹരികളുടെ കരുതല്‍ ശേഖരം, ഭാവി കോര്‍പറേറ്റ് ലാഭത്തിന്റെ നിലവിലുള്ള മൂല്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നിലവിലുള്ളതും ആസന്നഭാവിയില്‍ ഉണ്ടാകാനിടയുള്ളതുമായ ലാഭത്തിന് സ്വാഭാവികമായും കൂടുതല്‍ പ്രാധാന്യം നല്കപ്പെടുകയും ചെയ്യും. കോവിഡ് കാലഘട്ടത്തില്‍ പോലും ഈ ലാഭം ഉയര്‍ന്നുതന്നെ നിലനിന്നിരുന്നു. ഈ പ്രതിഭാസം ഭാഗികമായി ചാക്രികമാറ്റത്തിന്റെ പ്രതിഫലനം കൂടിയാവാനുമിടയുണ്ട്. ഇത് പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. മോഡി സര്‍ക്കാര്‍ പെതുവില്‍ കോര്‍പറേറ്റ് പ്രീണനനയമാണ് പിന്‍തുടര്‍ന്നു വരുന്നതെന്നതിനാല്‍ 2019ല്‍ കോര്‍പറേറ്റ് നികുതികളില്‍ ഗണ്യമായ കുറവുവരുത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്ക് 2020ല്‍ കോവിഡ് 19ന്റെ ഫലമായി ഇതിന്റെ ആനുകൂല്യം കോര്‍പറേറ്റുകള്‍ക്ക് ലഭ്യമായിരുന്നുമില്ല. 2021 ആയതോടെ കോവിഡിന്റെ ഒന്നാം തരംഗം ഉയര്‍ത്തിയ ഭീഷണി ഏറെക്കുറെ ശമിച്ചതിന്റെ ഫലമായി ലാഭ നിരക്കില്‍ ക്രമേണ വര്‍ധന രേഖപ്പെടുത്തുകയാണുണ്ടായത്. മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം ലക്ഷ്യമാക്കി ഏതാനും പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. ഉദാഹരണത്തിന് ഉല്പാദന വര്‍ധനവുമായി ബന്ധപ്പെടുത്തിയ പ്രോത്സാഹന പദ്ധതികള്‍ (പിഎല്‍ഐകള്‍). കോര്‍പറേറ്റ് മേഖലയുടെ നിര്‍ണായകമായൊരു വിഭാഗത്തെ ഇതെല്ലാം നന്നായി സഹായിക്കുകയും ചെയ്തിരുന്നു. കോവിഡ് 19 എന്ന മഹാമാരി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിത ദുരന്തങ്ങള്‍ ഉയര്‍ത്തിയപ്പോഴും മോഡി സര്‍ക്കാര്‍ പ്രയോഗത്തിലാക്കിയ ചരക്കു-സേവന നികുതി വ്യവസ്ഥ (ജിഎസ്‌ടി) റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ, വികസന നിയമം (ആര്‍ഇആര്‍എ) തുടങ്ങിയ പരിഷ്കാരങ്ങള്‍, ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയുടെ വിപണി ആധിപത്യത്തില്‍ വര്‍ധനയും ബിസിനസ് ഓഹരിയില്‍ ഉയര്‍ച്ചയും സാധ്യമാക്കി എന്നതാണ് അനുഭവം. ഇത്രയെല്ലാം ആയതിനു ശേഷവും കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണന നയം തുടര്‍ന്നുകൊണ്ടുതന്നെയിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യഥാര്‍ത്ഥ പലിശ നിരക്കില്‍ വരുത്തിയത് മൂന്നു ശതമാനം കുറവായിരുന്നു. ഈ നടപടി കോര്‍പറേറ്റ് മേഖലയുടെ ചെലവ് കുറയ്ക്കുകയും ലാഭത്തോത് ഉയര്‍ത്തുകയും ചെയ്തു. പണപ്പെരുപ്പത്തിന്റെ ഉയര്‍ന്ന പരിധി നാല് ശതമാനമെന്നത് ആറ് ശതമാനം വരെ ആകാം എന്ന പ്രഖ്യാപനവും കേന്ദ്ര ബാങ്കിന്റെ ഭാഗത്ത് നിന്നുമുണ്ടായി. കസ്റ്റംസ് തീരുവ നിരക്കുകള്‍ ക്രമേണ അഞ്ച് ശതമാനത്തോളം ഉയര്‍ത്തിയ നടപടി ആഭ്യന്തര ഉല്പാദകരുടെ ലാഭം വര്‍ധിക്കാന്‍ സഹായിക്കുകയായിരുന്നു. മാത്രമല്ല, ആര്‍സിജി പണവിപണിയില്‍ നേരിട്ട് ഇടപെടുകയും സ്വന്തം വിദേശ കറന്‍സി കരുതല്‍ ശേഖരത്തിന്റെ വലിയൊരു ഭാഗം വാങ്ങുകയും അങ്ങനെ കരുതല്‍ ശേഖരത്തിന്റെ മൂല്യം ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. ഈ നടപടി യഥാര്‍ത്ഥത്തില്‍ സഹായിച്ചത് കയറ്റുമതി വ്യാപാരികളെയാണ്. ഒറ്റപ്പെട്ട നിലയില്‍ ഈ നയങ്ങള്‍ പരിഗണിക്കുമ്പോല്‍ അത് അത്ര ഗൗരവമുള്ളതായി കരുതേണ്ട കാര്യമില്ലെങ്കിലും മൊത്തത്തില്‍ അതിലൂടെ ഉണ്ടാകുന്ന ഫലം കോര്‍പറേറ്റ് ലാഭവിഹിതത്തെ കുത്തനെ ഉയര്‍ത്തുക എന്നത് തന്നെയായിരിക്കും. നമുക്കിനി കോര്‍പറേറ്റ് മേഖലയില്‍ നിന്നും സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള സ്ഥിതിവിശേഷത്തിന്റെ പരിഗണനയിലേക്കെത്തണം. ഈ ഘട്ടത്തിലാണ് ഓഹരി വിപണി വളര്‍ച്ചയിലുണ്ടാകുന്ന കുതിച്ചു ചാട്ടവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കില്‍ കാണപ്പെടുന്ന മെല്ലെപ്പോക്കും തമ്മിലുള്ള വൈരുധ്യം വെളിവാക്കപ്പെടുക. ഡിമോണറ്റൈസേഷന്‍ മുതല്‍ ജിഎസ്‌ടി വരെയും സമ്പദ്‌വ്യവസ്ഥയിലെ നിര്‍ണായക സ്ഥാനത്തുള്ള അനൗപചാരിക മേഖലയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ പ്രത്യേക പ്രോത്സാഹന പദ്ധതികളും‍ റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമ നിര്‍മ്മാണവും പലിശ നിരക്കിലെ തുടര്‍ച്ചയായ കുറവുകളും കോര്‍പറേറ്റ് നികുതി ഇളവുകളും മറ്റ് നടപടികളും കോര്‍പറേറ്റ് മേഖലയെ മാത്രമാണ് തുണച്ചത്. പലിശനിരക്കിലുള്ള ഇളവുകള്‍, സാധാരണക്കാരുടെ പലിശ വരുമാനത്തെയും സമ്പാദ്യത്തെയും പ്രതികൂലമായി ബാധിച്ചു. ഇതിനെല്ലാം ഉപരിയായി ഇറക്കുമതി തീരുവ വര്‍ധനയും ഡോളറിന്റെ വിനിമയ മൂല്യവര്‍ധനവും ഇറക്കുമതി ഉല്പന്നങ്ങളുടെ വില വര്‍ധനവിലൂടെ സാധാരണ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിപോലെയുള്ള അനുഭവമാണുണ്ടാക്കിയത്.


ഇതുകൂടി വായിക്കാം; ഓഹരിക്കൈമാറ്റം: സിയാലും ടാറ്റയുടെ കൈകളിലേക്ക്


ഓഹരി വിപണികളുടെ ലാഭത്തോതില്‍ വര്‍ധനവുണ്ടാകുന്നു എന്നതിനു പുറമെ ഇവ ശക്തിയാര്‍ജിക്കുന്നതിന് വേറെയും കാരണങ്ങളുണ്ട്. ഒന്ന്, താണ വായ്പാ പലിശ നിരക്കുകള്‍. ഈ സ്ഥിതി ഓഹരി നിക്ഷേപത്തെ ബാങ്കു നിക്ഷേപത്തെക്കാള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. രണ്ട്, പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണവിധേയമാക്കുന്നതിന് അധികൃത സ്ഥാനത്തുള്ളവര്‍ക്ക് കാര്യമായ താല്പര്യമൊന്നും കാണുന്നില്ല. ഈ ഘടകം യുക്തിസഹമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നല്ല. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ ബാധ്യസ്ഥമായ ആര്‍ബിഎ പോലും കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങിയാണ് പണനയരൂപീകരണം നടത്തിവരുന്നത്. ചുരുക്കത്തില്‍ കോര്‍പറേറ്റ് ലാഭത്തോത് കുതിച്ചുയരുന്നതിനും ഓഹരി വിപണികള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് കേന്ദ്ര സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നാണ്. കോര്‍പറേറ്റ് മേഖല വികസിത രജ്യങ്ങളുടെ സത്വര വികസനത്തിന് അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. ഈ മേഖലയുടെ വളര്‍ച്ച കേവലം സര്‍ക്കാരിന്റെ സഹായത്തോടെ മാത്രമല്ല. വിപണിയുടെ അദൃശ്യകരങ്ങളും അതിന് സഹായകമായിട്ടുണ്ട്. ഇതിനുപുറമെ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ അതിവേഗ വളര്‍ച്ചയും കോര്‍പറേറ്റ് മേഖലയ്ക്ക് പിന്നിലുണ്ട്. വികസിത സമ്പദ്‌വ്യവസ്ഥകളിലെ സ്ഥിതി ഇതാണെങ്കില്‍ ഇന്ത്യയെപ്പോലുള്ള കാര്‍ഷികപ്രധാന വികസ്വര രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ഈ യാഥാര്‍ത്ഥ്യം നമ്മുടെ ഭരണാധികാരികള്‍ക്ക് ബോധ്യമാകുന്നതിന് പിന്നിട്ട ഒരു വര്‍ഷക്കാലയളവില്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക സമരത്തിന്റെ ചരിത്രവിജയം കുറച്ചൊന്നുമല്ല സഹായകമായിട്ടുള്ളത്. ഈ സമരം ഇന്ത്യന്‍ ജനതയേയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയേയും കോര്‍പറേറ്റുകളുടെ ആധിപത്യത്തില്‍ നിന്നും എന്തു വില നല്കിയും — 762 പാവം കര്‍ഷകരാണ് സമരകാലയളവില്‍ വീരമൃത്യു അടഞ്ഞത്- രക്ഷിക്കണമെന്ന പാഠമാണ്. അല്പം വൈകിയാണെങ്കിലും രാജ്യം തുടര്‍ച്ചയായി രണ്ടാം വട്ടവും ഭരണം നടത്തുന്ന ബിജെപിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും നല്ല ബുദ്ധി തോന്നിയെന്നതില്‍ നമുക്കാശ്വസിക്കാം. മാത്രമല്ല, നിര്‍ദ്ദിഷ്ട കാര്‍ഷിക മേഖലാ നിയമങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കാനായിരുന്നു മോഡി സര്‍ക്കാര്‍ രൂപം നല്കിയതെന്ന് നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വന്ന ഉടന്‍ തന്നെ അതിനോട് ഓഹരി വിപണികളില്‍ നിന്നുണ്ടായ പ്രതികരണം തന്നെ വ്യക്തമാക്കിയിരിക്കുകയുമാണ്. ഇന്ത്യന്‍ ഓഹരി വിപണികളില്‍ നടപ്പു വര്‍ഷത്തില്‍ മെയ് മാസത്തിനു ശേഷം ഏറ്റവും രൂക്ഷമായ ഇടിവാണ് രേഖപ്പെടുത്തപ്പെട്ടത്. സെന്‍സെക്സില്‍ റിലയന്‍സിന്റെ ഓഹരികളിലുണ്ടായത് 4.4 ശതമാനം വരെ ആയിരുന്നെങ്കില്‍ ബജാജ് ഫിനാന്‍സിന്റേത് 5.7 ശതമാനവും ബജാജ് ഫിന്‍സെര്‍വിന്റേത് 4.7 ശതമാനമായിരുന്നു. ഇത് പ്രതിഫലിപ്പിക്കുന്നത് കര്‍ഷക നിയമം പിന്‍വലിക്കേണ്ടന്ന തീരുമാനത്തെ തുടര്‍ന്ന് ഓഹരി നിക്ഷേപത്തില്‍ നിക്ഷേപകര്‍ക്കുണ്ടായ നെഗറ്റീവ് വികാരമാണ്. അതുപോലെ തന്നെ ഡിജിറ്റല്‍ ഇടപാടുകളുടെ മുന്നണിയിലുള്ള പേടിഎംന്റെ ഓഹരി വിപണികളില്‍ ഉണ്ടായ വന്‍ ഇടിവിന്റെ ഫലമായി കമ്പനിയുടെ വിപണി മൂലധന പ്രക്രിയയിലുണ്ടായ തകര്‍ച്ച 51,194 കോടി രൂപയോളവുമായിരുന്നു. ഇതിന്റെ ആഘാതം ചില്ലറ നിക്ഷേപകരുടെ വികാരത്തെയും പ്രതികൂലമായി ബാധിക്കുകയുണ്ടായി. ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്ക് ഒറ്റപ്പെട്ട ആഘാതമല്ല, തകര്‍ച്ചകളുടെ ഒരു പരമ്പരയായിരുന്നു അനുഭവപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. സൗദിയിലെ വമ്പന്‍ എണ്ണക്കമ്പനിയായ റിലയന്‍സില്‍ ലക്ഷ്യമിട്ടിരുന്ന നിക്ഷേപത്തിലും അനിശ്ചിതത്വമാണ് ഇതുമൂലം അനുഭവപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താല്‍ കൂടിയായിരുന്നുവത്രെ, പേടിഎമ്മിന്റെ വിപണി ക്യാപിറ്റലൈസേഷനിലും ആഘാതമേല്പിക്കപ്പട്ടത്. രാജ്യത്തിനകത്തുള്ള വ്യാപാര‑വാണിജ്യ ബന്ധങ്ങള്‍ക്കും കാര്‍ഷിക നിയമ ഭേദഗതികള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ആഘാതം ഏല്ക്കേണ്ടിവന്നിരിക്കുകയാണ്. സെന്‍സെക്സില്‍ 2.7 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ഓഹരി സൂചികയിലുണ്ടായ ഇടിവിന്റെ ഫലമായി സംഭവിച്ച നഷ്ടം 1.96 ശതമാനമായിരുന്നുവെങ്കിലും അതിലൂടെ 8.2 മില്യന്‍ രൂപയോളം വരുന്ന ചില്ലറ നിക്ഷേപകരുടെ വക സ്വത്താണത്രെ ഒലിച്ചുപോയത്. 2008ല്‍ അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ പൊട്ടിപ്പുറപ്പെട്ട ഓഹരി വിപണി പ്രതിസന്ധിയെ തുടര്‍ന്ന് ലോക മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പുതന്നെ അപകടത്തിലകപ്പെടുന്നൊരു സാഹചര്യം നിലവില്‍ വന്ന കാര്യം നമുക്ക് ഓര്‍മ്മയുണ്ട്. അന്ന് മുതലാളിത്ത രാഷ്ട്രങ്ങള്‍ യോജിച്ചൊരു തീരുമാനത്തിലെത്തിയിരുന്നു. ഏതു വിധേനയും മുതലാളിത്ത വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചെടുക്കുക എന്നതായിരുന്നു ഈ തീരുമാനം. ഇതേതുടര്‍ന്നാണല്ലോ 1930 കളില്‍ മഹാമാന്ദ്യം മുതലാളിത്തത്തിന് കടുത്ത ഭീഷണിയായി കടന്നു വന്നപ്പോള്‍ അതിനെതിരായി പ്രതിരോധമുയര്‍ത്താന്‍ ഒരു മുതലാളിത്ത ധനശാസ്ത്രജ്ഞന്‍ തന്നെയായി ലോര്‍ഡ് ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സിന്റെ സ്റ്റേറ്റ് ആഭിമുഖ്യത്തിലുള്ള നയങ്ങള്‍ സ്വീകരിക്കാന്‍ അന്നത്തെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങള്‍ സന്നദ്ധമായത്. അന്നത്തെ ലക്ഷ്യം മുതലാളിത്ത ഓഹരി വിപണികളിലെ ഊഹക്കച്ചവക്കാരില്‍ നിന്നും രക്ഷിക്കാന്‍ സ്റ്റേറ്റിന്റെ ഇടപെടലിനെ അനുകൂലിക്കുക എന്നതായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുതലാളിത്തത്തെ മുതലാളിത്ത വ്യവസ്ഥയുടെ തന്നെ ഒരു പ്രതിഭാസത്തില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന നയം തന്നെയായിരുന്നു ഇത്. ഇന്ത്യയില്‍ മോഡി ഭരണകാലഘട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത് കോവിഡ് അനന്തര സമ്പദ്‌ഘടനാ പുനര്‍നിര്‍മ്മാണത്തിന് നരേന്ദ്രമോഡിയുടെ ഇഷ്ടതോഴന്മാരായ അംബാനിമാര്‍ക്കും അഡാനിമാര്‍ക്കും അവരെ ആശ്രയിക്കുന്ന ഓഹരി വിപണി ഇടപാടുകാര്‍ക്കു ഹാനികരമാണെങ്കിലും ഇന്ത്യയുടെ കര്‍ഷക സമൂഹത്തെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താന്‍ പരിശ്രമിക്കുക എന്ന നയം സ്വീകരിച്ചു നടപ്പാക്കുക എന്ന സമീപനമാണ്. ഇതല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും സാധ്യമാണെന്നു തോന്നുന്നുമില്ല. ഇപ്പോഴിതാ കൂനിന്മേല്‍ കുരു എന്നു പറയുംപോലെ ഒമിക്രോണ്‍ എന്ന കോവിഡ് 19ന്റെ പുതിയതും കൂടുതല്‍ മാരകമെന്നു കരുതപ്പെടുന്നതുമായ പുതിയൊരു വകഭേദവും വന്നുചേര്‍ന്നിരിക്കുന്നത് ഓഹരി വിപണിയില്‍ പ്രതികൂല ചലനങ്ങള്‍ക്കിടയാക്കിയിരിക്കുകയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.