ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയില്‍. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ ആഗോള ഓഹരി വിപണികള്‍ തകർന്നടിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ സെൻസെക്സ് 2226.79 പോയിന്റ് അഥവാ 2.95 ശതമാനം ഇടിഞ്ഞ് 73,137.490 ലും നിഫ്റ്റി 725.10 പോയിന്റ് അഥവാ 3.17 ശതമാനം ഇടിഞ്ഞ് 22,179.35 ലും ക്ലോസ് ചെയ്തു. പത്ത് മാസത്തെ ഏറ്റവും കനത്ത ഇടിവിനാണ് ദലാല്‍ സ്ട്രീറ്റ് ഇന്നലെ സാക്ഷ്യംവഹിച്ചത്. പകരച്ചുങ്കം ഏർപ്പെടുത്തിയ യുഎസ് നടപടിക്ക് പിന്നാലെ ഏഷ്യൻ വിപണികളെല്ലാം കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇതിന്റെ അലയൊലിയാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. എല്ലാ സെക്ടറുകളും നഷ്ടത്തിലേക്ക് വീണു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം ഒറ്റ ദിവസം കൊണ്ട് 14.09 ലക്ഷം കോടി രൂപ കുറഞ്ഞ് 389 ലക്ഷം കോടി രൂപയായി. രാവിലത്തെ വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ നിക്ഷേപകരുടെ സമ്പാദ്യത്തിൽ 20.16 ലക്ഷം കോടി രൂപയുടെ വരെ കുറവുണ്ടായി.
ഏഷ്യൻ വിപണികളിൽ ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 13 ശതമാനത്തിലധികവും ടോക്കിയോയിലെ നിക്കി എട്ടും ഷാങ്ഹായ് ഏഴും ശതമാനത്തിലധികം ഇടിഞ്ഞു. ഒന്നര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്കാണ് നിക്കി സൂചിക നിലം പതിച്ചത്. ദക്ഷിണ കൊറിയയുടെ കോസ്പി അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. യൂറോപ്യൻ വിപണികളും ആറുശതമാനം വരെ ഇടിവോടെയാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികളും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എസ് ആന്റ് പി 500 രണ്ട് ശതമാനം ഇടിഞ്ഞു. നാസ്ഡാക് കോമ്പോസിറ്റ് സൂചികയില്‍ 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡൗ ജോണ്‍സ് 962 പോയിന്റ് ഇടിഞ്ഞു. വെള്ളിയാഴ്ച യുഎസ് ഓഹരി സൂചികകളില്‍ അഞ്ച് ശതമാനത്തിലധികം ഇടിവ് നേരിട്ടിരുന്നു. ഒരുവേള സെൻസെക്സും നിഫ്റ്റിയും അഞ്ച് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. സെൻസെക്സ് 3,939.68 പോയിന്റ് ഇടിഞ്ഞ് 71,425.01 എത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 3.8 ശതമാനവും സ്മോൾക്യാപ് സൂചിക 4.5 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി 1,160.8 പോയിന്റ് ഇടിഞ്ഞ് 21,743.65 എത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 85.79 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 85.57 എന്ന നിലയിലേക്ക് ഉയർന്ന ശേഷമാണ് 85.76 ല്‍ ക്ലോസ് ചെയ്തത്. വെള്ളിയാഴ്‌ച ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞിരുന്നു. യുഎസിന്റെ പകരചുങ്കം ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അമേരിക്കൻ ഉല്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ചൈന വര്‍ധിപ്പിച്ചതും വിപണികളെ സ്വാധീനിച്ചു. വ്യാപാര സംഘര്‍ഷം രൂക്ഷമായതോടെ തുടര്‍ച്ചയായ അഞ്ച് സെഷനുകളായി വിദേശ സ്ഥാപന നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചു. ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ വിറ്റഴിക്കുന്ന നിക്ഷേപം ഒന്നരലക്ഷം കോടി കടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.