4 November 2024, Monday
KSFE Galaxy Chits Banner 2

ഓഹരിവിപണി കൂപ്പുകുത്തി; ആറ് ദിവസംകൊണ്ട് നഷ്ടം 17.57 ലക്ഷം കോടി

Janayugom Webdesk
മുംബൈ
October 26, 2023 10:25 pm

വില്പന സമ്മര്‍ദത്തില്‍ ഓഹരിവിപണികളില്‍ വന്‍ ഇടിവ്. സെന്‍സെക്സും നിഫ്റ്റിയും വന്‍ നഷ്ടം രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകള്‍, യുഎസ് ട്രഷറി ആദായം ഉയര്‍ന്നത്, ക്രൂഡ് വിലയിലെ വര്‍ധന, പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത കോര്‍പറേറ്റ് വരുമാന പ്രകടനം എന്നിവ വിപണികളിലെ വില്പന സമ്മര്‍ദം ശക്തമാക്കുകയായിരുന്നു. 

നിഫ്റ്റി 270 പോയിന്റ് (1.41 ശതമാനം) നഷ്ടത്തിൽ 18,852.20 ലും സെൻസെക്സ് 901 പോയിന്റ് (1.41 ശതമാനം) ഇടിവില്‍ 63,148.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ ആറാംദിവസമാണ് ഓഹരി വിപണി ഇടിവ് രേഖപ്പെടുത്തുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കാര്യമായി ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു.
യുദ്ധം ക്രൂഡോയില്‍ വില കയറുന്നതിനും പണപ്പെരുപ്പത്തിനും പലിശനിരക്ക് വര്‍ധനയ്ക്കും വഴിയൊരുക്കുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. യുഎസ് സര്‍ക്കാരിന്റെ 10 വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡ് (കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായം) 2007ന് ശേഷം ആദ്യമായി അഞ്ച് ശതമാനം ഭേദിച്ചത് മറ്റൊരു ഘടകമായി. കടപ്പത്രങ്ങളില്‍ നിന്ന് മികച്ച ലാഭം കിട്ടുന്നതിനാല്‍ നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്‍വലിയുകയായിരുന്നു. ഏഷ്യൻ‑യൂറോപ്യൻ വിപണികളിലെല്ലാം ഇന്നലെ ഇടിവുണ്ടായി.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് എന്നീ ഓഹരികളാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. ആക്സിസ് ബാങ്ക്, ഐടിസി, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയവ നേട്ടത്തിലായിരുന്നു. വിദേശ നിക്ഷേപം കൊഴിഞ്ഞതും ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും രൂപയെയും തളര്‍ത്തി. ആറ് പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 83.23 രേഖപ്പെടുത്തി. 

ഇന്നലെ മാത്രം ബിഎസ്ഇയിലെ കമ്പനികളുടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.97 ലക്ഷം കോടി രൂപയാണ്. ആറ് ദിവസത്തിനിടെ നഷ്ടം 17.57 ലക്ഷം കോടി രേഖപ്പെടുത്തി. 323 ലക്ഷം കോടി രൂപയില്‍ നിന്ന് 309.22 ലക്ഷം കോടിയായി സംയുക്ത നിക്ഷേപകമൂല്യം ഇടിഞ്ഞു. ഇന്നലെ രാവിലെ മൂല്യം 303 ലക്ഷം കോടി രൂപ വരെ താഴ്ന്നിരുന്നു. 

Eng­lish Sum­ma­ry: The stock mar­ket plunged; 17.57 lakh crore loss in six days

You may also like this video

TOP NEWS

November 4, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.