19 December 2024, Thursday
KSFE Galaxy Chits Banner 2

ഓഹരിവിപണി കിതയ്ക്കുന്നു; ഏഴുവര്‍ഷത്തിനിടെ ആദ്യമായി വാര്‍ഷിക ഇടിവ്

Janayugom Webdesk
ബംഗളുരു
May 25, 2022 10:28 pm

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏഴുവര്‍ഷത്തിനിടെ ആദ്യമായി വാര്‍ഷിക ഇടിവ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും വളര്‍ച്ചാ അനുമാനം കുറഞ്ഞതും ഈ വര്‍ഷം സംഭവിച്ച കുത്തനെയുള്ള ഇടിവിൽ നിന്ന് പെട്ടെന്നുള്ള തിരിച്ചുവരവിന്റെ സാധ്യത കുറയ്ക്കുമെന്നും റോയിട്ടേഴ്സിന്റെ സര്‍വേയില്‍ പറയുന്നു. റഷ്യ‑ഉക്രെയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്ന് പണപ്പെരുപ്പം കുതിച്ചുയര്‍ന്നത് മിക്ക രാജ്യങ്ങളെയും പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരാക്കി. ഇതോടെ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും കൂടി. ഈ വര്‍ഷം ഇതുവരെ മാത്രം 21.4 ദശലക്ഷം ഡോളര്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചുകഴിഞ്ഞു. ഇത് 2008ലെ സാമ്പത്തിക മാന്ദ്യ സമയത്തുണ്ടായ പിന്‍വലിക്കലിനേക്കാള്‍ ഇരട്ടിയാണ്. വിദേശനിക്ഷേപം പിന്നോട്ടൊഴുകിയത് ഓഹരിവിപണികളില്‍ വന്‍ ഇടിവിന് കാരണമായി. 

ബിഎസ്ഇ സെൻസെക്സ് ഈ വർഷം ഇതുവരെ ഏകദേശം ഏഴ് ശതമാനം ഇടി‌ഞ്ഞു. ജനുവരി 18ന് 12 ശതമാനം ഇടിഞ്ഞ് 61,475.18 പോയിന്റ് നിലവാരത്തില്‍ എത്തിയിരുന്നു. അതുകൊണ്ടു തന്നെ സൂചികയില്‍ ഉടന്‍ ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ആഗോള ഓഹരി സൂചികയിലും 16 ശതമാനത്തിലേറെ ഇടിവ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. 

സമീപകാല നഷ്ടങ്ങളില്‍ നിന്ന് 3.2 ശതമാനം മാത്രമാണ് ബിഎസ്ഇക്ക് തിരിച്ചുപിടിക്കാനായത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2015 ന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആദ്യമായി നാല് ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തും, സര്‍വേ വിലയിരുത്തുന്നു. ഹ്രസ്വ കാലത്തേക്ക് ചാഞ്ചാട്ടം തുടരുമെങ്കിലും ബിഎസ്ഇ നഷ്ടം വീണ്ടെടുക്കുമെന്നും അടുത്ത വര്‍ഷം അവസാനത്തോടെ സൂചിക 60,000 കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. വരുന്ന മൂന്ന് മാസത്തേക്ക് വിപണിയില്‍ ചാഞ്ചാട്ടം തുടരുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. 

പലിശ നിരക്കുകള്‍ വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായി സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ഈ മാസം ആദ്യ വാരത്തില്‍ ആര്‍ബിഐ പലിശ നിരക്കുകള്‍ 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.4 ശതമാനമായി നിശ്ചയിച്ചിരുന്നു. വരും മാസങ്ങളില്‍ റിപ്പോ നിരക്കില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന. 

Eng­lish Summary:The stock mar­ket downs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.