‘ഹാജിറയെന്നും ഇന്ദിരയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ ജാതിമത ബോധങ്ങൾക്കപ്പുറത്ത് ഹൃദയം ചേർത്തുവച്ച നന്മ മാത്രം കൈമുതലായുള്ള രണ്ടുപേരുടെ ജീവിതമാണ്. സ്വന്തമായൊരു വീടെന്ന സ്വപ്നത്തിലേക്ക് ഇന്ദിരയെ കൈപിടിച്ചുകയറ്റുകയാണ് ഹാജിറയെന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ.
വീട് നിർമ്മാണത്തിന് സ്ഥലം വാങ്ങാൻ ഇന്ദിരയ്ക്ക് പണം നൽകുന്നത് ഓഫിസിൽ ഒരുമിച്ച് ജോലി ചെയ്യുന്നു എന്ന ബന്ധം മാത്രമുള്ള ഹാജിറയാണ്. മലപ്പുറം ജില്ലയിലെ പുളിക്കലിൽ പ്രധാന റോഡിൽ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരത്ത് ഒരു കുന്നിൻ മുകളിലാണ് ഹാജിറയുടെ കൊച്ചുവീട്. സ്വന്തമായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം ഒരു വർഷം മുമ്പാണ് ഹാജിറ നടത്തിയത്. അതുമായി ബന്ധപ്പെട്ട ബാധ്യതകൾ ഇനിയും പൂർത്തിയാവാതെ കിടക്കുമ്പോഴാണ് ഇന്ദിരയെ ഹാജിറ ചേർത്തുപിടിക്കുന്നത്.
ഹാജിറ ജോലി ചെയ്യുന്ന ഫറോക്ക് അസി. കമ്മിഷണർ ഓഫിസിലെ പാർട്ട് ടൈം സ്വീപ്പറാണ് ഇന്ദിര. മൂന്നുവർഷം മുമ്പ് ഓഫിസിൽ ജോലി ആരംഭിച്ചതു മുതലാണ് ഇരുവരും തമ്മിലുള്ള പരിചയം. 15 വർഷങ്ങളായി തന്റെ രണ്ടു മക്കളുമൊത്ത് വാടകവീടുകളിൽ കഴിയുകയാണ് ഇന്ദിര. സ്വീപ്പർ ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ പ്രതിഫലം കൊണ്ട് വീടും സ്ഥലവുമൊന്നും വാങ്ങാൻ അവർക്ക് സാധിക്കുമായിരുന്നില്ല. സ്വന്തമായൊരു വീടില്ലാത്തതിന്റെ പ്രയാസങ്ങൾ ഇന്ദിര അനുഭവിക്കുന്നത് ഹാജിറയ്ക്കും വേദനയായിരുന്നു. ഈ പ്രയാസങ്ങൾ കണ്ടാണ് ഇന്ദിരയേച്ചിക്ക് താൻ കുറച്ച് പണം കൊടുക്കുകയാണെന്ന് ഹാജിറ കോഴിക്കോട്ടെ പൊലീസ് സൊസൈറ്റിയുടെ പ്രസിഡന്റും സഹപ്രവർത്തകനുമായ ജി എസ് ശ്രീജിഷിനോട് പറയുന്നത്. കടമായി നൽകുകയാവും എന്നാണ് ശ്രീജിഷ് ആദ്യം കരുതിയത്. എന്നാൽ തന്റെ വകയായി ചെറിയൊരു സഹായമാണ് നൽകുന്നതെന്ന് ഹാജിറ പറഞ്ഞപ്പോൾ ശ്രീജിഷിന് അത്ഭുതമൊന്നും തോന്നിയില്ല. ഹാജിറയുടെ മനസിന്റെ നന്മ എത്രയോ തവണ അദ്ദേഹം കണ്ടറിഞ്ഞിരുന്നു.
കേരളത്തിലെ ഏറ്റവും മികച്ച എംപ്ലോയീസ് സഹകരണ സംഘമായി തെരഞ്ഞെടുക്കപ്പെട്ട സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റാണ് ഹാജിറ. ജോലിത്തിരക്കുകൾക്കൊപ്പം സഹകരണ സംഘത്തിന്റെ വളർച്ചയിലും ഹാജിറ വലിയ പങ്കുവഹിക്കുന്നു. സഹജീവിയെ ആപത്ത് ഘട്ടത്തിൽ ചേർത്തുപിടിച്ചതിന് കുറച്ചുനാൾ മുമ്പാണ് ഇവർ സേനയുടെ ആദരം ഏറ്റുവാങ്ങിയത്. ജോലിക്കിടെയാണ് ടാങ്കിന് മുകളിലേക്ക് മുഖം കുനിച്ചിരുന്ന് ആടിയാടി ഒരാൾ ബൈക്കിൽ പോകുന്നത് ഹാജിറ കാണുന്നത്. മദ്യലഹരിയിലാണ് ആളെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. മദ്യപിച്ച് വണ്ടിയോടിച്ചതിന് കേസെടുക്കണമെന്നുള്ള അഭിപ്രായപ്രകടനങ്ങൾക്കിടെ ഹാജിറ ആ മനുഷ്യനടുത്തേക്ക് ചെന്നു. മദ്യലഹരിയിൽ അല്ലെന്ന് മനസിലാക്കിയ അവർ ഉടൻ തന്നെ മരണത്തിന്റെ വക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു.
ഹാജിറ നൽകുന്ന അഞ്ചു ലക്ഷത്തിലധികം രൂപ കൊണ്ട് അടുത്ത ദിവസം തന്നെ നാല് സെന്റ് ഭൂമി ഇന്ദിരയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യും. കഷ്ടിച്ച് ടൂവീലറിന് കടന്നുപോകാൻ സാധിക്കുന്നത്ര ഇടുങ്ങിയതാണ് ഹാജിറയുടെ വീട്ടിലേക്കുള്ള വഴി. എന്നാൽ ഇന്ദിരയ്ക്കായി വാങ്ങുന്ന ഭൂമിയിലേക്ക് വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുചെല്ലാൻ കഴിയുന്ന വിശാലമായ വഴിയുണ്ട്. താൻ നിത്യേന പോകുന്ന വീട്ടിലേക്കുള്ള ഇടുങ്ങിയ വഴി പോലെയല്ല തന്റെ മനസെന്ന് തെളിയിക്കുകയാണ് ഹാജിറ. വിശാലവും സ്നേഹസമ്പന്നവുമായ മനസുമായി കേരള പൊലീസിന് ഒരിക്കൽ കൂടി അഭിമാനമാകുകയാണ് ഹാജിറ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.