28 December 2025, Sunday

തെയ്യക്കാലം വരവായി

പ്രിയേഷ് എം പി
October 22, 2025 10:16 pm

വടക്കൻ കേരളത്തിലെ മാനവ ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ട് മറ്റൊരു പത്താമുദയം വന്നെത്തുകയായി. കാവുകളും കഴകങ്ങളും കോട്ടങ്ങളും തറവാടുകളും തോറ്റം പാട്ടിനും ആസുര വാദ്യമായ ചെണ്ടക്കൂറ്റിനും ചിലമ്പൊലികൾക്കും കാതോർക്കുന്ന നിമിഷങ്ങൾ. ഒരു അനുഷ്ഠാനം എന്നതിലുപരി തെയ്യം നമ്മുടെ അഭിമാനം കൂടിയാണ്. അമ്മ ദൈവാരാധന, മൃഗാരാധന, നാഗാരാധന, വൃക്ഷാരാധന, പ്രേതാരാധന, ശൈവ വൈഷ്ണവാരാധന, യശഃശരീരരായ കാരണവരെ ആരാധിക്കൽ എന്നിങ്ങനെ പല ആരാധനാ രീതികളുടെയും സമന്വയമാണ് തെയ്യം.

‘ദൈവം’ എന്ന വാക്ക് ലോപിച്ച് തെയ്വമായെന്നും പിന്നീടത് തെയ്യമായി എന്നും വിശ്വസിക്കുന്നു. അതിനാൽ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന കേരളത്തിന്റെ നാമധേയത്തിന് ഈ അനുഷ്ഠാനം മാറ്റുകൂട്ടുന്നു. വൈവിധ്യങ്ങളായ ആചാരാനുഷ്ഠാനങ്ങളുടെ കലവറ കൂടിയാണ് തെയ്യം. 64 കലകളിൽ മിക്കതും പല സന്ദർഭങ്ങളിലായി തെയ്യത്തിൽ സമന്വയിക്കുന്നു. ഇത്രയേറെ സവിശേഷതകളുള്ള തെയ്യം ഏവരെയും വിസ്മയം കൊള്ളിക്കാനുതകുന്ന നാടൻ കലാരൂപമാണ്.

തെയ്യങ്ങളുടെ ഉദയം

ഒട്ടേറെ നൂറ്റാണ്ടുകളുടെ പഴമയും പെരുമയും തെയ്യത്തിനുണ്ട്. തെയ്യങ്ങളുടെ ഉല്പത്തിയെ കുറിച്ച് കൃത്യമായ ലിഖിതരേഖകൾ ലഭ്യമായിട്ടില്ല. കരിവെള്ളൂർ മണക്കാടൻ തറവാട്ടിൽ ജാതനായ കുഞ്ഞിരാമൻ ഗുരുക്കളെയാണ് തെയ്യം എന്ന അനുഷ്ഠാനത്തിന്റെ ആവിഷ‌്കർത്താവായി കണക്കാക്കുന്നത്. മണക്കാടൻ ഗുരുക്കൾ എന്നാണ് ഇദ്ദേഹം പിന്നീട് അറിയപ്പെട്ടത്. ഇദ്ദേഹത്തിന് അതുല്യങ്ങളായ സിദ്ധികൾ ഉണ്ടായിരുന്നു. കോലത്തിരി തമ്പുരാന്റെ ആഗ്രഹപ്രകാരം ഇദ്ദേഹം ഒറ്റരാത്രികൊണ്ട് 39 തെയ്യക്കോലങ്ങളുടെ രൂപം ചിട്ടപ്പെടുത്തി ആടിക്കാണിച്ചു എന്നാണ് വിശ്വാസം. ഇതിനുശേഷം തെയ്യത്തിന് കൂടുതൽ പ്രചാരം ലഭിച്ചെങ്കിലും ഇദ്ദേഹത്തിനു മുന്നേയും തെയ്യം എന്ന ആശയം ഉടലെടുത്തിരുന്നു.

തെയ്യത്തിലെ വൈവിധ്യം

450ൽ പരം വൈവിധ്യങ്ങളുള്ള അനുഷ്ഠാന രൂപമാണ് തെയ്യം. അമ്മ ദൈവങ്ങൾ, കാളികൾ, ചാമുണ്ഡികൾ, മന്ത്രമൂർത്തികൾ, നാഗദേവതകൾ, വനദേവതകൾ, അടിച്ചമർത്തപ്പെട്ടവർ, വീരമൃത്യു വരിച്ചവർ, ദേഹവിയോഗം ചെയ്ത കുല പൂർവികർ എന്നിങ്ങനെ പോകുന്നു വൈവിധ്യങ്ങൾ. എന്നിരുന്നാലും മാതൃദേവതകളാണ് തെയ്യപ്രപഞ്ചത്തിൽ കൂടുതലായി കാണുന്നത്. മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, തായ പരദേവത, കടാങ്കോട്ട് മാക്കം, പുതിയ ഭഗവതി, പരാളിയമ്മ എന്നിങ്ങനെ എണ്ണമറ്റ അമ്മ ദൈവങ്ങളുണ്ട്. ഭൂരിഭാഗം തെയ്യങ്ങളും ശൈവാംശം ഉള്ളതാണ്. പൊട്ടൻ തെയ്യം, ഗുളികൻ, ഭൈരവൻ, കണ്ഠാകർണ്ണൻ എന്നിവ ഉദാഹരണങ്ങളാണ്.

തെയ്യത്തിലെ ജാതി വൈവിധ്യം

മിക്കവാറും സമുദായങ്ങൾ അവരുടെ സ്ഥാനങ്ങളിൽ തെയ്യങ്ങളെ ആരാധിക്കുന്നുണ്ടെങ്കിലും തെയ്യം കെട്ടിയാടുന്ന സമുദായങ്ങൾ ചുരുക്കമാണ്. വണ്ണാൻ, മലയർ, തുളു വേലർ, അഞ്ഞൂറ്റാൻ, മാവിലർ, നൽകിത്തായ പുലയർ എന്നീ വിഭാഗത്തിൽ പെട്ടവരാണ് തെയ്യം കെട്ടിയാടുന്നത്. തെയ്യം കെട്ടിക്കഴിഞ്ഞാൽ കോലധാരി ദൈവവുമായി താദാത്മ്യം പ്രാപിക്കുന്നു. ഒരിക്കൽ അവർണർ എന്ന് മുദ്ര ചാർത്തി തീണ്ടാപ്പാടകലെ നിർത്തിയ സമൂഹ വിഭാഗം തന്നെയാണ് തെയ്യമായി പകർന്നാടി ജനങ്ങളെ അനുഗ്രഹിക്കുന്നത്. അങ്ങനെ തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും ചോദ്യം ചെയ്യാനുള്ള ഉപാധിയായി തെയ്യം മാറി.

തെയ്യച്ചമയം

തെയ്യങ്ങളുടെ രൂപങ്ങൾ കണ്ണിന് പ്രദാനം ചെയ്യുന്ന ആനന്ദം അവർണനീയം തന്നെയാണ്. തെയ്യത്തോടുള്ള ഇമ്പവും ഭക്തിയും കാരണം നാം മനസ്സിൽ ചാലിച്ച നിറങ്ങളാണ് ഹരിത വർണവും രുധിര വർണവും. ഒട്ടേറെ രൂപ വൈവിധ്യങ്ങൾ സംഗമിക്കുന്ന അനുഷ്ഠാനമാണ് തെയ്യം. തെയ്യത്തിന്റെ ആടയാഭരണങ്ങളുടെ അഥവാ അണിയലുകളുടെ അടിസ്ഥാനത്തിലാണ് വിവിധ രൂപങ്ങൾ കൈവരിക്കുന്നത്. കാക്കരു, കൈക്കരു, അരച്ചമയം, മെയ്യാഭരണം, തലച്ചമയം എന്നീ ഭാഗങ്ങൾ അടങ്ങിയതാണ് അണിയലുകൾ.
കാലുകളിൽ അണിയുന്ന ചിലമ്പ്, പറ്റും പാടകം, മണിക്കയൽ എന്നിവയടങ്ങിയതാണ് കാക്കരു. ഇത് ഭൂരിഭാഗം തെയ്യങ്ങൾക്കും ഒരു പോലെയാണ്. കൈക്കൂട്, ചൂടകം, തണ്ടവള, കൈത്തണ്ട എന്നിവയടങ്ങിയ ഭാഗമാണ് കൈക്കരു. അരച്ചമയം തുണി, കുരുത്തോല എന്നിവ കൊണ്ടാണ് നിർമ്മിക്കുന്നത്. അഗ്നിയുമായി ബന്ധപ്പെട്ട തെയ്യങ്ങൾക്ക് കുരുത്തോല കൂടുതൽ ഉപയോഗിക്കുന്നു. എയ്യാരം, അരിമ്പൂമാല, മാർവട്ടം, മുലക്കൂട് എന്നിവ പ്രധാന മെയ്യാഭരണങ്ങളാണ്. മാറിൽ ആഭരണങ്ങൾ ഇല്ലാത്ത തെയ്യങ്ങൾക്ക് മേയ്ക്കെഴുത്താണ് പതിവ്. ചമയങ്ങളിൽ പ്രധാനമായും വൈവിധ്യം ഉളവാക്കുന്ന ഭാഗമാണ് തലച്ചമയം. മുഖത്തെഴുത്ത്, തലപ്പാളി, തലപ്പൂവ്, ഓലക്കാത്, തലയിൽ വെക്കുന്ന മുടി എന്നിവയാണ് തലച്ചമയത്തിലെ വൈവിധ്യങ്ങൾ. മനയലവും ചായില്യവും ചാലിച്ചെഴുതുന്ന മുഖത്തെഴുത്ത് കൂടുതലും സങ്കീർണമാണ്.
പ്രാക്കെഴുത്ത്, കട്ടാരംപുള്ളി, നരിക്കുറിച്ചെഴുത്ത്, വൈരി ദളം, വട്ടകണ്ണിട്ടെഴുത്ത്, ഹനുമാൻ കണ്ണിട്ടെഴുത്ത്, നാഗം താഴ്ത്തിയെഴുത്ത്, കൊടും പുരികം എന്നിങ്ങനെ വിവിധ തരം എഴുത്തുകളുണ്ട്.
പ്രധാനമായും കണ്ണിനെ വ്യത്യാസപ്പെടുത്തിയാണ് മുഖത്തെഴുത്തുകൾക്ക് പേര് നൽകുന്നത്.
തെയ്യങ്ങളുടെ മുടിയിലും അനവധി വൈവിധ്യങ്ങളുണ്ട്. വട്ട മുടി, പൂക്കട്ടിമുടി, വലിയ മുടി, ചട്ടമുടി, ഓംകാരമുടി, കൊതച്ച മുടി എന്നിവ ഉദാഹരണങ്ങളാണ്.
വടക്കൻ കേരളത്തിൽ ഇനി തുലാം പത്ത് മുതൽ ഇടവപ്പാതി വരെ തെയ്യക്കാലമാണ് എങ്കിലും ചില അപൂർവ സ്ഥാനങ്ങളിൽ മാസ സംക്രമത്തിലും നേർച്ചയായും ചില തെയ്യങ്ങളെ കെട്ടിയാടിക്കാറുണ്ട്. കർക്കടകം, ചിങ്ങം എന്നീ മാസത്തിലും തെയ്യം കെട്ടിയാടുന്ന ചില സ്ഥാനങ്ങളുമുണ്ട്. ദേശം കാലം എന്നീ ഭേദമന്യേ കെട്ടിയാടുന്ന മുത്തപ്പൻ വെള്ളാട്ടം എല്ലാ മലയാളികൾക്കും പരിചിതമാണ്.
മറ്റൊരു തെയ്യക്കാലത്തെ വരവേൽക്കാൻ ഏവരും ഒരുങ്ങിക്കഴിഞ്ഞു. മഞ്ഞൾക്കുറി വിതറി വൈകല്യങ്ങളകറ്റി കൈവല്യമേകാൻ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങുന്ന ദേവതകൾക്കായി കാത്തിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.