15 November 2024, Friday
KSFE Galaxy Chits Banner 2

വെടിയൊച്ച നിലയ്ക്കാത്ത അമേരിക്ക

Janayugom Webdesk
January 8, 2022 5:00 am

തോക്കുപയോഗവും അതിന്റെ ഫലമായുള്ള കുറ്റകൃത്യങ്ങളും വല്ലാതെ ഭീതിപ്പെടുത്തുന്ന രാജ്യമായിരിക്കുന്നു യുഎസ്. ആ രാജ്യത്ത് വെടിവയ്പിന്റെ വാര്‍ത്തകളില്ലാതെ ഒരു ദിവസവും പുലരുന്നില്ലെന്നതാണ് സ്ഥിതി. കൂട്ട വെടിവയ്പുകളും സ്വയം വെടിവയ്പുകളും അവിടെ പതിവായിരിക്കുന്നുവെന്നാണ് പഠനങ്ങള്‍. ലോകത്തിലെ ഏറ്റവും സമ്പന്നവും സുഭിക്ഷവും സമാധാനപരവുമായ രാജ്യമെന്ന് മേനിനടിക്കുന്ന ആ രാജ്യത്ത് നടക്കുന്ന വെടിവയ്പുകളും അതേ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും ക്രമസമാധാന പ്രശ്നങ്ങളും അരക്ഷിതാവസ്ഥയും സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് (ജിവിഎ) പുറത്തുവിട്ട ഒടുവിലത്തെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. 2022 പിറന്നതിനു ശേഷമുള്ള ആദ്യ നാലു ദിവസത്തിനിടെ യുഎസില്‍ 400 പേരുടെ മരണമുണ്ടായത് വെടിയേറ്റായിരുന്നുവെന്നാണ് ജിവിഎ രേഖകള്‍ വ്യക്തമാക്കുന്നത്. വിവിധ സംഭവങ്ങളിലായി 282 പേര്‍ക്ക് പരിക്കേറ്റു. ഒമ്പതു വന്‍ വെടിവയ്പുകളാണ് നാലു ദിവസത്തിനിടെയുണ്ടായത്. നാലുദിവസത്തെ കണക്കുകള്‍ ആദ്യം അതിശയോക്തിപരമെന്ന് തോന്നുമെങ്കിലും മുന്‍കാല വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് വസ്തുതയാണെന്ന് ബോധ്യമാകും. ഡിസംബര്‍ 31 വരെ വെടിവയ്പിന്റെ ഫലമായി യുഎസില്‍ 44,750 മരണങ്ങളാണുണ്ടായത്. ഇതില്‍ 20,663 മരണങ്ങള്‍ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങളും 24,090 എണ്ണം വെടിവച്ചുള്ള ആത്മഹത്യകളുമായിരുന്നു. മരിച്ചവരില്‍ 17 വയസിന് താഴെയുള്ള 1,533 കുട്ടികളായിരുന്നുവെന്നതും ഞെട്ടിക്കുന്നതാണ്. ഈ സംഭവങ്ങളിലെല്ലാമായി 40,359 പേര്‍ക്ക് പരിക്കേറ്റതില്‍ 17 വയസില്‍ താഴെയുള്ള 4,107 പേര്‍ ഉള്‍പ്പെടുന്നു. യുഎസ് സര്‍ക്കാരിന്റെ രോ­ഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായുള്ള സ­മിതിയുടെ കണക്കുപ്രകാരം 2015നും 19 നുമിടയില്‍ വെടിയേറ്റു മരിച്ച സ്ത്രീകളുടെ എണ്ണം 11,000ത്തിലധികമാണ്. ലൈംഗികമായ കാരണങ്ങളാണ് സ്ത്രീകള്‍ക്കെതിരായ തോക്കുപയോഗത്തിന്റെ മുഖ്യകാരണമായി വിലയിരുത്തുന്നത്. ഇപ്പോള്‍ പ്രസിഡന്റായ ബൈഡനും ട്രംപ് ഉള്‍പ്പെടെയുള്ള മുന്‍പ്രസിഡന്റുമാരും രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്നമായി വെടിവയ്പുകളെ വിലയിരുത്തുന്നുവെങ്കിലും നാള്‍ക്കുനാള്‍ അത് കൂടിവരികയാണ്. ഇതുസംബന്ധിച്ച് പല പഠനങ്ങളും പരിഹാര മാര്‍ഗങ്ങളും സ്വീകരിക്കുവാന്‍ ശ്രമിക്കുന്നുവെങ്കിലും അവ ഫലപ്രദമാകുന്നില്ലെന്നാണ് വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നത്. മാനസികവും സാമ്പത്തികവും ശാരീരികവുമായ പ്രശ്നങ്ങളാണ് ഇത്തരം അക്രമങ്ങള്‍ക്കും ആത്മഹത്യകള്‍ക്കുമുള്ള കാരണമായി പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥ അതിനുശേഷം കുറ്റകൃത്യങ്ങളുടെ നിരക്കുവര്‍ധനയ്ക്കു കാരണമായെന്ന നിഗമനവും ഉണ്ടായിട്ടുണ്ട്.


ഇതുകൂടി വായിക്കാം; മനുഷ്യാവകാശങ്ങളുടെ ഭൂതം, വര്‍ത്തമാനം, ഭാവി


2013 ലാണ് ഗ­ണ്‍ വയലന്‍സ് ആര്‍ക്കൈവ് (ജിവിഎ) എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ആ രാജ്യത്തെ വെടിവയ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുവാന്‍ തുടങ്ങിയത്. അതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2021ല്‍ ഉണ്ടായതെന്നത് കോവിഡാനന്തരം അക്രമങ്ങളും ആത്മഹത്യകളും വര്‍ധിച്ചുവെന്ന നിഗമനത്തെ സാധൂകരിക്കുന്നു. ജനസംഖ്യയില്‍ മുതിര്‍ന്നവരിലെ മൂന്നിലൊന്നു ഭാഗവും തോക്ക് കൈവശം വയ്ക്കുന്നവരാണെന്നാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടന്ന സര്‍വേയില്‍ കണ്ടെത്തിയത്. കഴി‌ഞ്ഞ വര്‍ഷം ജനുവരിക്കും നവംബറിനും ഇടയില്‍ 1.70 കോടി തോക്കുകള്‍ വിറ്റഴിച്ചതായാണ് എഫ്ബിഐയുടെ കണക്കുകള്‍. തോ­ക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ സ്വന്തമാക്കുന്നതിന് നിയമപരമായ കാര്‍ക്കശ്യങ്ങളില്ലെന്നതാണ് തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം കൂടുന്നതിന് കാരണമെന്ന ഔദ്യോഗിക വിശദീകരണവുമുണ്ട്. പക്ഷേ കൈവശം വയ്ക്കുന്ന തോക്ക് ഉപയോഗിക്കേണ്ടി വരുന്ന കാരണങ്ങള്‍ പരിശോധിച്ചാല്‍ അത് രാജ്യത്ത് നിലനില്ക്കുന്ന സാമ്പത്തിക സാമൂഹ്യ അനിശ്ചിതാവസ്ഥകളുടെയും അരാജകത്വത്തിന്റെയും പ്രതിഫലനമാണെന്ന് കണ്ടെത്തുവാന്‍ സാധിക്കും. കോവിഡാനന്തരം വെടിവയ്പുകളും ആത്മഹത്യകളും വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ആശ്രയിച്ചാല്‍ മാത്രം അത് മനസിലാക്കാവുന്നതാണ്. അത്രമേല്‍ അരക്ഷിതമായൊരു ജീവിത സാഹചര്യമായിരുന്നു അതിസമ്പന്നര്‍ ഒഴികെയുള്ള ജനങ്ങള്‍ അവിടെ നേരിടേണ്ടിവരുന്നത്. കോവിഡ് കാലം അതിന്റെ പാരമ്യതയിലെത്തിയെന്നു മാത്രം. സ്വര്‍ഗസമാനമെന്ന് വലതുപക്ഷ മാധ്യമങ്ങളും ഭരണാധികാരികളും കൊട്ടിഘോഷിക്കുന്ന ഒരു രാജ്യത്തിന്റെ പൊള്ളയും അരക്ഷിതവുമായ ഉള്‍ഭാഗത്തെയാണ് ഈ കണക്കുകള്‍ തുറന്നുകാട്ടുന്നത്. കൂടാതെ ലോകത്തെ ഏറ്റവും വലിയ ആയുധ വ്യാപാരകേന്ദ്രമാണ് യുഎസ്. ലോകത്താകെ പല രാജ്യങ്ങളിലും ആഭ്യന്തരമായി ഇടപെട്ടും വിഭാഗീയ ശക്തികളെ പാലൂട്ടിയും അനിശ്ചിതാവസ്ഥയും യുദ്ധാന്തരീക്ഷവും സൃഷ്ടിച്ചാണ് യുഎസ് അതിന്റെ ആയുധ വ്യാപാരം പൊടിപൊടിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം ജനങ്ങളില്‍ ഒരു വിഭാഗം വെടിവച്ചു കൊല്ലുകയും തോക്കുപയോഗിച്ച് മരിക്കുകയും ചെയ്യുന്ന ഇത്തരമൊരു ദുരന്തം ആ രാജ്യത്തിന്റെ ആയുധ വ്യാപാര ഭ്രമത്തില്‍ നിന്നാണ് ഉണ്ടായതെന്നും സ്വയംകൃതാര്‍ത്ഥമാണെന്നും കരുതുന്നതില്‍ തെറ്റില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.