സിഖ് വിഘടനവാദികളെ വധിക്കാന്‍ പദ്ധതിയിട്ട ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ നിരോധിക്കണമെന്ന് അമേരിക്കന്‍ മതസ്വാതന്ത്ര്യ പാനല്‍. മോഡി സര്‍ക്കാരിന്റെ കീഴില്‍ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം കൂടുതല്‍ വഷളാകുകയാണെന്നും പാനല്‍ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം ലംഘിക്കുന്ന വിധത്തില്‍ പെരുമാറുന്ന ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മിഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ് സിഐആര്‍എഫ്) ട്രംപ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വ്യാപകമായി അക്രമത്തിന് വിധേയമാകുകയാണ്. ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഖലിസ്ഥാനി വിഘടനവാദികള്‍ക്കെതിരായ കൊലപാതക പദ്ധതികളില്‍ ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസ് വിങ് (റോ) പങ്കാളികളാണെന്ന് യുഎസ് സിഐആര്‍എഫ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. കാനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ റോയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് യുഎസ് സിഐആര്‍എഫ് റിപ്പോര്‍ട്ട്.
കനേഡിയന്‍ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കടുത്ത വിള്ളല്‍ വീഴ്ത്തിയിരുന്നു. സമാനമായ ആരോപണമാണ് മതസ്വാതന്ത്ര്യ പാനലും ഇന്ത്യക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. കനേഡിയന്‍ അമേരിക്കന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായ ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാന്‍ റോ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്ന വിവരം നേരത്തെ പുറത്തായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ മുൻ റോ ഉദ്യോഗസ്ഥനായ വികാസ് യാദവിനെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി മാസങ്ങൾക്ക് ശേഷമാണ് മതസ്വാതന്ത്ര്യ പാനല്‍ റോയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് ഭരണകൂടത്തിന് കത്തയിച്ചിരിക്കുന്നത്. അമേരിക്കാന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ വികാസ് യാദവിനെതിരെ വധ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. എന്നാല്‍ വികാസ് യാദവ് റോ ഉദ്യോഗസ്ഥനായിരുന്നില്ല എന്ന മറുപടിയാണ് വിദേശകാര്യ മന്ത്രാലയം നടത്തിയത്. അതേസമയം മതസ്വാതന്ത്ര്യ പാനല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യ രംഗത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.