4 October 2024, Friday
KSFE Galaxy Chits Banner 2

വൈശ്യ താപസ കുടുംബവും അവരുടെ ശാപവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍ 13
July 28, 2024 4:15 am

അയോധ്യാകാണ്ഡം എന്ന രാമായണത്തിലെ രണ്ടാം അധ്യായം അവസാനിക്കുന്നത് ദശരഥമരണത്തോടെയും ഭരതന്റെ അയോദ്ധ്യയിലേക്കുളള മടങ്ങിവരവോടെയും ആണ്. സഹൃദയർക്ക് കരളലിവുണരുന്ന വൈകാരിക സ്തോഭ സംഭവങ്ങളാൽ സമൃദ്ധമാണ് അയോധ്യാകാണ്ഡത്തിലെ അവസാനഭാഗം. സീതാലക്ഷ്മണ സമേതം ശ്രീരാമനെ കാട്ടിൽ വിട്ടു മടങ്ങി വന്ന സുമന്ത്രരോടു ദശരഥൻ വൃത്താന്തങ്ങൾ ചോദിച്ചറിയുന്നു. മക്കൾ കാടകം പൂകി എന്നറിഞ്ഞതും ദുഃഖാധിക്യത്താൽ ദശരഥൻ മോഹാലസ്യപ്പെടുന്നു. ഇടയ്ക്ക് ‘രാമ രാമ’ എന്നു വിതുമ്പി പറഞ്ഞ് ഉണരുന്ന ദശരഥൻ ഇത്രമേൽ കഠിനവും മരണഹേതുകവുമായ പുത്രദുഃഖം തനിക്കു വന്നത് വൃദ്ധരും അന്ധരുമായ വൈശ്യ താപസ ദമ്പതികളുടെ ശാപഫലമായാണ് എന്നു തിരിച്ചറിഞ്ഞ് ഏറ്റുപറയുന്നുണ്ട്. ഇതു രാമായണത്തിലെ ഒരു കുമ്പസാര സന്ദർഭമാണെന്നു വേണമെങ്കിൽ പറയാം.
ചൂതാട്ടവും മൃഗയാ വിനോദം എന്ന വേട്ടയാടലും രാജകീയമായ നേരമ്പോക്കുകളാണെങ്കിലും ചൂതാട്ട കമ്പത്താൽ യുധിഷ്ഠിര ജീവിതം തകർന്ന കാര്യം മഹാഭാരതവും, മൃഗയാ വിനോദത്താൽ മരണഹേതുകമായ പുത്രദുഃഖാഗ്നിയാൽ ജീവിതം തീപ്പെടുന്ന നില ദശരഥരാജനുണ്ടാവുന്നകാര്യം രാമായണവും പറയുന്നുണ്ട്. ഇതിനർത്ഥം ചൂതാട്ടവും വേട്ടയും ജീവിതം തകർക്കാം എന്ന നിരീക്ഷണവും ഇതിഹാസ കാവ്യ കർത്താക്കൾക്കുണ്ടെന്നാണ്.
എന്തായാലും രാത്രി വേട്ടയാടാനിറങ്ങവേ ആന വെള്ളം കുടിക്കുന്ന ഒച്ച കേട്ടെന്നു തോന്നിയിടത്തേക്ക് യുവാവായിരുന്ന ദശരഥൻ ശബ്ദവേധി എന്ന ശരം തൊടുക്കുന്നു. ആനയുടെ ചിന്നം വിളി ഉയരേണ്ടിടത്തു നിന്നു കേട്ടത് ഒരു മനുഷ്യന്റെ ആർത്തനാദമാണ്. ദശരഥന്റെ അമ്പേറ്റത് കുടത്തിൽ വെള്ളം മുക്കാൻ വന്ന മുനികുമാരനായിരുന്നു. വൃദ്ധരും അന്ധരും തപസ്വികളുമായ മാതാപിതാക്കൾക്ക് കുടിവെള്ളം എടുക്കാൻ വന്ന തന്നെ കൊന്നതിനു ദശരഥനു ബ്രഹ്മഹത്യാപാപം ഉണ്ടാവില്ലെന്നും അതിനു കാരണം താൻ വൈശ്യനാണെന്നും മുനികുമാരൻ പറയുന്നുണ്ട്. മുനികുമാരൻ മരിച്ചപ്പോൾ വെള്ളവും എടുത്തു വൃദ്ധരായ താപസ ദമ്പതികളുടെ സമക്ഷത്തേക്ക് ചെല്ലുന്നത് ദശരഥനാണ്. സംഭവിച്ചുപോയ അബദ്ധം ഏറ്റു പറഞ്ഞ ദശരഥനെ കേട്ടതും മാതാപിതാക്കൾ മകനോടൊപ്പം ചിതാഗ്നിയിൽ തങ്ങളേയും ദഹിപ്പിക്കാൻ ദശരഥനോടു അനുശാസനം ചെയ്യുന്നു. ദശരഥൻ അവരെ അനുസരിക്കുന്നു. ചിതയിലേക്ക് പ്രവേശിക്കും മുമ്പ് കഠിന വേദനയോടെ ‘നീയും പുത്രദുഃഖത്താൽ നെഞ്ചു വെന്തു ചാവും’ എന്ന ശാപം ദശരഥനു നേരെ പ്രയോഗിക്കുന്നു. താപസ ശാപം ഫലം കാണാതെ പോകില്ല എന്നതിനാലാണ് തനിക്ക് രാമനെ കാട്ടിലയച്ചതിന്റെ ദുഃഖത്തിൽ വെന്തുനീറി ചാവേണ്ട നില വന്നതെന്നാണ് ദശരഥൻ നിരീക്ഷിക്കുന്നത്.
ഈ കഥാഭാഗത്തിലെ പ്രസക്തമായ കാര്യം സകുടുംബം തപസുചെയ്യുന്നതിനു വൈശ്യർക്കും അധികാരം ഉണ്ടായിരുന്നു എന്നതിനു തെളിവേകുന്നു എന്നതും വൈശ്യ താപസരുടെ ശാപവും ക്ഷത്രിയരെ ബാധിച്ചു മുച്ചൂട നാശം ചെയ്യും എന്നു വാല്മീകിക്ക് അഭിപ്രായം ഉണ്ടായിരുന്നു എന്നതുമാണ്. വസിഷ്ഠർ, രാവണൻ തുടങ്ങിയ ബ്രാഹ്മണ കുലജാതരായ താപസരുടെ കാര്യം മാത്രമോ, വിശ്വാമിത്രൻ മുതലായ ക്ഷത്രിയ താപസരുടെ കാര്യം മാത്രമോ പറയുന്ന സവർണ മാടമ്പി പുസ്തകമല്ല രാമായണം എന്നു ദശരഥനെ ശപിച്ച വൈശ്യ താപസ ദമ്പതികളുടെ വൃത്താന്തവും രാമനെ സൽക്കരിക്കാൻ കടിച്ചു നോക്കി സ്വയം രുചി ഉറപ്പു വരുത്തിയ ഫലങ്ങൾ നൽകുന്ന ശബരി എന്ന അവർണ കുല ജാതയായ താപസ നാരിയുടെ വൃത്താന്തവും തെളിവു നൽകുന്നതും നമ്മുടെ ചിന്ത സമഗ്രമാണെങ്കിൽ കണ്ടെത്താനും വായിച്ചെടുക്കാനുമാവും. 

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.