ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയുടെ 96.51 ശതമാനമായി ഉയർന്നു. 2400.12 അടിയാണ് ഇന്നലെ ഡാമിലെ ജലനിരപ്പ്. പുതുക്കിയ അപ്പർ റൂൾ ലെവൽ പ്രകാരം 2401 അടിയിലെത്തിയാൽ ഡാമിൽ ഓറഞ്ച് അലർട്ടും 2402 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. നിലവിൽ ഡാമിൽ ബ്ലൂ അലർട്ടാണ്.ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ മാറി നിൽക്കുന്നതും നീരൊഴുക്ക് ശമിച്ചതും ആശ്വാസകരമാണ്. എന്നാൽ ഇന്ന് മുതൽ തുടർച്ചയായ ദിവസങ്ങളിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെടെ ഏഴു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് തിരിച്ചടിയാണ്. ഇടുക്കിയിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്നിരുന്ന മൂന്നാമത്തെ ഷട്ടർ ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം അടച്ചു. ഷട്ടർ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് വൻ മരം ഒഴുകി വന്നതിനെ തുടർന്നാണ് ഷട്ടർ അടച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഒരു സ്പില്‍വെ ഷട്ടര്‍ കൂടി തമിഴ്‌നാട് ഇന്നലെ രാവിലെ അടച്ചു. നിലവില്‍ ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 132 ഘനയടി ജലം മാത്രമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141. 05 അടിയായി തുടരുകയാണ്. ഈ മാസം 30 വരെ 142 അടി വരെ തമിഴ്നാടിന് ജലനിരപ്പ് നിലനിർത്താം. ഇതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2000 ഘനയടിയായി കുറച്ചു. നിലവിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നേരിയ മഴയുണ്ട്.
അതിനിടെ ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നിരുന്ന ഭാഗത്തേക്ക് വൻ മരം കടയോട് കൂടി ഒഴുകിയെത്തിയത് സമയോചിതമായി ഇടപെട്ട് നീക്കം ചെയ്തത് വലിയ ദുരന്തം ഒഴിവാക്കി. ശനിയാഴ്ച രാത്രി 10.15ഓടെ ഷട്ടർ അടയ്ക്കുകയും 12.15 ഓടെ ഫയർഫോഴ്സിന്റെ സഹായത്തോടെ ഡാമിൽ നിന്നും വൻ മരം നീക്കം ചെയ്യുകയുമായിരുന്നെന്ന് ഡാം സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
english summary;The water level in Idukki Dam has risen to 96.51 per cent of the maximum storage capacity
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.