4 March 2024, Monday

Related news

February 12, 2024
February 1, 2024
January 8, 2024
January 5, 2024
January 2, 2024
December 27, 2023
December 22, 2023
December 21, 2023
December 19, 2023
December 18, 2023

മഴയില്ല; ജലനിരപ്പ് ഉയരാതെ ഡാമുകൾ

എവിൻ പോൾ
ഇടുക്കി
August 13, 2023 11:07 pm

കർക്കടകം അവസാനിക്കാറായിട്ടും സംസ്ഥാനത്ത് മഴയുടെ ലഭ്യതയിൽ വലിയ കുറവ്, ഡാമുകളിലെ ആകെ ജലശേഖരം 37 ശതമാനം മാത്രം. കാലവർഷം ശക്തമല്ലാതിരുന്നതിനാൽ സംസ്ഥാനത്ത് ജൂൺ ആദ്യം മുതൽ ഇന്നലെ വരെ രേഖപ്പെടുത്തിയത് 876.3 മില്ലി മീറ്റർ മഴ മാത്രമാണ്. 1528.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഈ കുറവ്. 43 ശതമാനമാണ് മഴയുടെ കുറവ്. മഴ കുറയുകയും പകൽ ചൂട് വർധിക്കുകയും ചെയ്തതോടെ ഡാമുകളിൽ ജലശേഖരവും കുറഞ്ഞ് തുടങ്ങി. തൽസ്ഥിതി തുടർന്നാൽ വൈദ്യുത പ്രതിസന്ധിക്ക് പുറമെ കടുത്ത വരൾച്ചയും അഭിമുഖീകരിക്കേണ്ടി വരും. 

സംസ്ഥാനത്തെ ജലാശയങ്ങളിലാകെ 1542.281 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പ്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഉള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ കാലയളവിൽ 1917.783 ദശലക്ഷം യൂണിറ്റ് അധിക ജലം ഡാമുകളിലെല്ലാമായിട്ടുണ്ടായിരുന്നു.
ഇടുക്കിയിൽ ഇനി സംഭരണശേഷിയുടെ 32 ശതമാനം വെള്ളം മാത്രമെ അവശേഷിക്കുന്നുള്ളൂ. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളൊന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുമില്ല. ഓഗസ്റ്റ് ആദ്യം മുതല്‍ മഴയുടെ ലഭ്യതയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 88 ശതമാനമായിരുന്നു മഴയുടെ കുറവ്. ഇതോടെ ജല സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. നിലവിൽ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നേരിയ മഴ മാത്രമാണ് ലഭിക്കുന്നത്. 

വൈദ്യുതോപയോഗം വർധിച്ചതോടെ കെ എസ്ഇബിക്ക് പ്രതിദിനം ശരാശരി 64.1733 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറമേ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. സംസ്ഥാനത്തെ ശരാശരി വൈദ്യുത ഉപഭോഗം 82.8142 ദശലക്ഷം യൂണിറ്റായി ഉയർന്ന് നിൽക്കുകയാണ്.
ഇടുക്കിക്ക് പുറമെ മറ്റ് ജലാശയങ്ങളായ പമ്പയിൽ 35 ശതമാനവും ഷോളയാറിൽ 61 ഉം ഇടമലയാറിൽ 42ഉം കുണ്ടള 66,മാട്ടുപ്പെട്ടി 52, കുറ്റ്യാടി 39, തരിയോട് 61, ആനയിറങ്കൽ 25, പൊന്മുടി 50, നേര്യമംഗലം 54, ലോവർ പെരിയാർ 66 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. ജലസേചന ഡാമുകളിലും ജലശേഖരം വളരെ കുറവാണ്. വരും ദിവസങ്ങളിലും മഴ കുറഞ്ഞു നിന്നാൽ സ്ഥിതി വലിയ രീതിയിൽ സങ്കീർണമാകും. 

പസഫിക്ക് സമുദ്രത്തിൽ രൂപമെടുത്ത താപതരംഗമായ എൽനിനോ പ്രതിഭാസമാണ് മൺസൂൺ ഇത്രയും ദുർബലമാക്കിയതെന്നാണ് കേന്ദ്രാ കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. മൺസൂൺകാറ്റ് ശക്തിപ്പെടാത്തതും മഴ കുറയാൻ കാരണമായി. ഈ മാസം അവസാനത്തോടെയോ സെപ്റ്റംബറിലോ ഏതാനും ദിവസം നല്ല മഴകിട്ടുമെന്നാണ് പ്രതീക്ഷ. ജൂൺ ഒന്നു മുതൽ ഇന്നലെവരെ ഇടുക്കിയിൽ 59, വയനാട്ടിൽ 54, കോഴിക്കോട് 52 ശതമാനം വീതമാണ് മഴയുടെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 

Eng­lish Summary;no rain; Dams with­out water lev­el rise

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.