മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 10 സ്പിൽവേ ഷട്ടറുകളും ഘട്ടം ഘട്ടമായി തുറന്നു. 30 സെന്റീ മീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. 1876 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ജലനിരപ്പ് 137.70 അടിയായി തുടരുകയാണ്. ആകെ 13 സ്പിൽവേ ഷട്ടറുകളാണ് മുല്ലപ്പെരിയാറിൽ ഉള്ളത്.
ഡാമിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അധിക ജലം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. വൈഗ അണക്കെട്ട് നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുകയാണ്. നീരൊഴുക്ക് നിലയ്ക്കാത്തതിനാൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൂന്ന് ഷട്ടറുകൾ തുറന്നത്. തുടർന്ന് ജലനിരപ്പ് ക്രമീകരിക്കാനാകാതെ മൂന്നുമണിയോടെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു.
ജലനിരപ്പ് 138 അടിയിലേക്ക് എത്തിയതോടെയാണ് അഞ്ച്, ആറ്, പത്ത് ഷട്ടറുകൾ കൂടി വൈകീട്ട് ഉയർത്തിയത്. ശരാശരി 8063 ക്യുസെക് ജലം ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടണൽ വഴി 2166 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്.
പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുല്ലപ്പെരിയാർ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ വിലയിരുത്തുവാൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും വാഴൂർ സോമൻ എംഎൽഎയും വള്ളക്കടവിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. സെക്കന്റിൽ ആറായിരം ഘനയടി വെള്ളം പുറത്തേക്കൊഴുക്കിയാലേ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറൂവെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്ന് രാവിലെ 11.30ന് ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടർ തുറക്കുന്നത് തമിഴ്‌നാട് വൈകിപ്പിച്ചു. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ ജലനിരപ്പ് ക്രമീകരിക്കാനാകാതെ ഷട്ടറുകൾ തുറക്കുകയായിരുന്നു. പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിലനിൽക്കുകയാണ്.
ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്. വൃഷ്ടി പ്രദേശത്ത് 15.72 സെന്റീമീറ്റർ റെക്കോർഡ് മഴയാണ് ലഭിച്ചത്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 2381.53 അടിയിലെത്തിയതോടെ രണ്ടാമത്തെ ജാഗ്രത നിർദ്ദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു. 2382.53 അടിയിലെത്തിയാൽ ഡാം തുറക്കുന്നതിന് മുന്നോടിയായിട്ടുള്ള റെഡ് അലർട്ട് പ്രഖ്യാപിക്കും.
മഴയ്ക്ക് നേരിയ ശമനം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. അതിതീവ്ര മഴ കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ടില്ല. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ സംസ്ഥാനത്ത് കൂടുതൽ മഴ ഇടുക്കി ജില്ലയിലാണ് പെയ്തത്. 360 മില്ലീമീറ്റർ. കുറവ് തിരുവനന്തപുരത്താണ്. 115 മില്ലീമീറ്റര്‍. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനും നിരോധനമുണ്ട്.
English Summary:The water level rises; Idukki is on orange alert
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.