ചാമ്പ്യന്‍സ് ട്രോഫിയിലെ നാണംകെട്ട പുറത്താകലിന് പിന്നാലെ പുതിയ ക്യാപ്റ്റന്റെ കീഴിലെത്തിയിട്ടും പാകിസ്ഥാന് രക്ഷയില്ല. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ നാണംകെട്ട തോല്‍വി വഴങ്ങി. ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 18.4 ഓവറില്‍ 91 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് 10.1 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സിഫര്‍ട്ടും (44), ഫിന്‍ അലനും (29*) ടിം റോബിന്‍സണും (18) ചേർന്ന് ന്യൂസിലാന്‍ഡിന് വിജയമൊരുക്കി. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ കിവീസ് 1–0ന് മുന്നിലെത്തി. 32 റണ്‍സെടുത്ത കുഷ്ദില്‍ ഷായും 18 റണ്‍സെടുത്ത ക്യാപ്റ്റൻ സല്‍മാന്‍ ആഗയും 17 റണ്‍സെടുത്ത ജഹ്നാദ് ഖാനും മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ രണ്ടക്കം കടന്നത്. ന്യൂസിലാന്‍ഡിനായി ജേക്കബ് ഡഫി 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ കെയ്ല്‍ ജമൈസണ്‍ 8 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പാകിസ്ഥാന് സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുമ്പെ ഓപ്പണര്‍മാരായ മുഹമ്മദ് ഹാരിസിനെയും ഹസന്‍ നവാസിനെയും നഷ്ടമായി. ക്യാപ്റ്റൻ സല്‍മാന്‍ ആഗ പിടിച്ചു നിന്നെങ്കിലും ഇര്‍ഫാന്‍ ഖാനും(1), ഷദാബ് ഖാനും(3) കൂടി പുറത്തായതോടെ പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ 14–4ലേക്ക് കൂപ്പുകുത്തി. പിന്നീട് കുഷ്ദിലും ആഗ സല്‍മാനും ചേര്‍ന്ന് പാകിസ്ഥാനെ 50 കടത്തിയെങ്കിലും സല്‍മാന്‍ ആഗയെ ഇഷ് സോധി മടക്കി. പിന്നാലെ അബ്ദുള്‍ സമദും (7) പുറത്തായി. ഷഹീൻ അഫ്രീദി (എട്ട് പന്തിൽ ഒന്ന്), അബ്രാർ അഹമ്മദ് (നാലു പന്തിൽ രണ്ട്) എന്നിവരും നിരാശപ്പെടുത്തി. 11 റണ്‍സെടുക്കുന്നതിനിടെ തന്നെ അവസാനത്തെ നാലുപേരും മടങ്ങിയതോടെ പാകിസ്ഥാന്റെ കഥകഴിഞ്ഞു. ന്യൂസിലാന്‍ഡ് മണ്ണില്‍ പാകിസ്ഥാന്റെ ഏറ്റവും വലിയ ടി20 പരാജയമാണിത്. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഡുനെഡിനില്‍ നടക്കും. ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പ്രമുഖ താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ക്യാപ്റ്റനായിരുന്ന മുഹമ്മദ് റിസ്‌വാനെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയതുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.