21 December 2024, Saturday
KSFE Galaxy Chits Banner 2

മൃതദേഹസംസ്കരണത്തിന് നിയമം വേണം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
September 26, 2024 4:30 am

തൊഴിലാളി നേതാവും മുൻ പാർലമെന്റംഗവുമായിരുന്ന എം എം ലോറൻസിന്റെ മൃതദേഹം സംസ്കരിക്കുന്നതുസംബന്ധിച്ചുണ്ടായ തർക്കം സാക്ഷരകേരളത്തെ വേദനിപ്പിക്കുന്നതായിരുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു. മരണാനന്തരം മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാക്കണം എന്ന ആ മനുഷ്യസ്നേഹിയുടെ ആഗ്രഹം അട്ടിമറിക്കാനുള്ള ശ്രമമാണ് അവിടെയുണ്ടായത്.

ലോറൻസ് സഖാവ്, ഫേസ്ബുക്ക് പോസ്റ്റിലൂടെ വിപ്രതിപത്തി രേഖപ്പെടുത്തിയിരുന്ന മകൾ, ശവപേടകത്തെ കെട്ടിപ്പിടിക്കുകയും സെക്രട്ടേറിയറ്റിനു മുന്നിൽ പിക്കറ്റിങ്ങിനു പോകുന്നവരെപ്പോലെ അറസ്റ്റ് വരിക്കാനുള്ള കഠിനശ്രമം നടത്തുകയുമായിരുന്നല്ലോ. ജനങ്ങളും പൊലീസ് സേനയും സംയമനം പാലിച്ചുനിന്നു. അവിടെയുണ്ടായിരുന്ന വനിതാസഖാക്കളാകട്ടെ നിലയവിദ്വാന്മാരുടെ വീണവായന പോലെ ശാന്തരായി, ‘ഇല്ല സഖാവ് മരിക്കുന്നില്ല’ എന്ന അനശ്വരമുദ്രാവാക്യം യാതൊരു പ്രകോപനവുമില്ലാതെ വിളിച്ചു. അവരെനോക്കി ദുഃഖിതയായ മകൾ മൂർദാബാദ് എന്ന് ആക്രോശിക്കുന്നതായിരുന്നല്ലോ നമ്മൾ കണ്ടത്.

കോടതി വിധിക്ക് പുല്ലുവിലപോലും കല്പിക്കാതെ ശബരിമലയിൽ നടത്തിയ വികാരവിക്ഷുബ്ധതയ്ക്ക് തുല്യമായിരുന്നു എറണാകുളത്തും കണ്ടത്. ഒരാൾ മതവിശ്വാസിയാണോ എന്നറിയാൻ മക്കൾക്കിട്ട പേരുമാത്രം നോക്കിയാൽ മതിയല്ലോ. ജനിച്ച മതത്തിന്റെ രീതിയനുസരിച്ച് മറിയം, ഫിലോമിന, യോഹന്നാൻ എന്നൊക്കെയിടുന്നതിനു പകരം ആശയെന്നും സജീവനെന്നും സുജാതയെന്നുമൊക്കെ മക്കൾക്ക് പേരിട്ടയാളെ മതവിശ്വാസിയായി കണക്കാക്കാൻ കഴിയില്ലല്ലോ.

ഇതിനൊരു പരിഹാരം, മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്ന്, ജീവിച്ചിരിക്കുമ്പോൾത്തന്നെ തീരുമാനിക്കാൻ കഴിയുന്നവിധത്തിൽ ഒരു നിയമം നിർമ്മിക്കുന്നതാണ്. ഇങ്ങനെയൊരു ബിൽ വി എസ് അച്യുതാനന്ദന്റെ കാലത്ത് നിയമസഭയിൽ വന്നതുമാണ്. അന്നത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്ന സൈമൺ ബ്രിട്ടോയാണ് ബിൽ മുന്നോട്ടുവച്ചത്. ശാസ്ത്രബോധമുള്ളവരും മതേതരവാദികളും ആയിട്ടുള്ളവരെയാണ് ബിൽ പ്രധാനമായും സുരക്ഷിതരാക്കുന്നത്. മതനിരപേക്ഷ മൃതദേഹസംസ്കരണ സ്വാതന്ത്ര്യം ഉറപ്പാക്കൽ ബിൽ എന്നായിരുന്നു അതിന്റെ പേര്.

ബില്ലനുസരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജനന മരണ രജിസ്ട്രാർമാരെയും ഇതിനുള്ള അധികാരികളായി സർക്കാർ ചുമതലപ്പെടുത്തേണ്ടതുണ്ട്. മതാതീത മനുഷ്യനായി മൃതദേഹം സംസ്കരിക്കപ്പെടണം എന്നുള്ളവർക്ക് ഈ അധികാരി മുമ്പാകെ പത്രിക സമർപ്പിക്കാം. പത്രികയിൽ, അവകാശിയായി നിർദേശിക്കപ്പെട്ടിട്ടുള്ള ആളുകളുടെ സമ്മതപത്രവും ചേർക്കേണ്ടതാണ്. വ്യക്തിയെയോ വിശ്വാസമുള്ള സംഘടനയെയോ അവകാശിയായി ചേർക്കാം.

സ്വീകരിക്കപ്പെടുന്ന അപേക്ഷകൾ പൊതുജനശ്രദ്ധയ്ക്കായി പ്രസിദ്ധീകരിക്കണം. കണ്ണുകളും മറ്റവയവങ്ങളും ദാനം ചെയ്യണമെങ്കിൽ അതും, മൃതദേഹം വൈദ്യപഠനത്തിനു നൽകണമെന്നാണ് ആഗ്രഹമെങ്കിൽ അതും അപേക്ഷയിൽ രേഖപ്പെടുത്താം. അഭിലാഷത്തിനു വിരുദ്ധമായി മൃതദേഹസംസ്കരണം നടത്തിയാൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും വേണം. പതിനായിരം രൂപയിൽ കുറയാത്ത പിഴയോ മൂന്നുമാസത്തിൽ കുറയാത്ത തടവോ ആണ് ബില്ലിൽ നിർദേശിച്ചിരുന്നത്. ജീവിച്ചിരിക്കുമ്പോൾ ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ മരിച്ചപ്പോൾ കെട്ടിപ്പുണർന്നു പള്ളിപ്പറമ്പിലേക്കോ ജാതിശ്മശാനത്തിലേക്കോ കൊണ്ടുപോകാൻ ബഹളമുണ്ടാക്കുന്നവരുടെ താല്പര്യങ്ങൾ ഈ നിയമത്തോടെ ഇല്ലാതാവും.

ബിൽ ചർച്ച ചെയ്യപ്പെടാതെ പോയപ്പോൾ സൈമൺ ബ്രിട്ടോ വിശ്വസ്തരോട് തന്റെ തീരുമാനം പറഞ്ഞു. അദ്ദേഹം മരിച്ചപ്പോൾ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിൽ പാഠപുസ്തകമായി. മൃതശരീരം, വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകുകയെന്നത് മഹത്തായ ഒരുകാര്യമാണ്. അതിനാൽ പുതിയൊരു നിയമനിർമ്മാണത്തെക്കുറിച്ച് കേരളസർക്കാർ ആലോചിക്കുന്നത് നന്നായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.