26 September 2024, Thursday
KSFE Galaxy Chits Banner 2

പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതര്‍ക്ക് നീതി ലഭിക്കണം

Janayugom Webdesk
September 26, 2024 5:00 am

ക്കഴിഞ്ഞ സെപ്റ്റംബര്‍ 20ന് ഹോളിവുഡിലെ വിഖ്യാത ചലച്ചിത്രകാരന്‍ ഹാർവി വെയ്ൻസ്റ്റൈൻ ന്യൂയോർക്ക് സ്റ്റേറ്റ് കോടതിയിൽ ഹാജരായത് ചക്രക്കസേരയിലാണ്. 2006ൽ മൻഹട്ടനിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് 18 വര്‍ഷത്തിനു ശേഷം, വെയ്ൻസ്റ്റൈൻ കോടതിയിലെത്തിയത്. 2013ൽ ലോസ്ആഞ്ചലസിൽ വച്ച് നടിയെ പീഡിപ്പിച്ച കേസിൽ 16 വർഷം തടവ് അനുഭവിക്കുന്ന 72കാരനായ വെയ്ൻസ്റ്റൈൻ ജയിലില്‍ നിന്നാണ് പുതിയ കേസിലെ വിചാരണയ്ക്കെത്തിയത്. ഹോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച ‘മീ ടു’ തരംഗത്തിനിടയാക്കിയത് വെയ്ന്‍സ്റ്റെെനെതിരെയുള്ള വെളിപ്പെടുത്തലുകളായിരുന്നു. 2017 ഒക്‌ടോബറില്‍ 80ലധികം സ്ത്രീകളാണ് അദ്ദേഹത്തിനെതിരെ ലൈംഗിക പീഡനമോ ബലാത്സംഗമോ ഉന്നയിച്ചത്. ഇതോടെ #MeToo സമൂഹമാധ്യമ ക്യാമ്പയിന്‍ തുടങ്ങുകയും ലോകമെമ്പാടും നിരവധി പ്രമുഖർക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയരുകയുമുണ്ടായി. ‘വെയ്ൻസ്റ്റെെൻ പ്രഭാവം’ എന്ന് ഈ പ്രതിഭാസം വിളിക്കപ്പെട്ടു. സമാന അവസ്ഥയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള ചലച്ചിത്ര രംഗത്ത് ഉയര്‍ത്തിയത്. പ്രമുഖരും അല്ലാത്തവരുമായ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ തുരുതുരാ ലെെംഗിക‑പീഡനാരോപണങ്ങളുയര്‍ന്നു. ഹേമ കമ്മിറ്റിക്ക് മുമ്പാകെ പീഡനങ്ങളെക്കുറിച്ച് നല്‍കിയ മൊഴികള്‍ രഹസ്യസ്വാഭാവത്തിലുള്ളതായതിനാല്‍ പുറത്തുവന്നിട്ടില്ല. പക്ഷേ റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവന്നപ്പോള്‍ത്തന്നെ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ഇരകളാക്കപ്പെട്ട മറ്റുള്ളവര്‍ക്ക് ധെെര്യമുണ്ടായി. രാജ്യത്ത് ആദ്യമായി സിനിമാരംഗത്തെ വനിതകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി അതുകൊണ്ടുതന്നെ അഭിനന്ദനമര്‍ഹിക്കുന്നു.


മീടുവില്‍ പറയാനുള്ളത്


പീഡന പരാതിയില്‍ കഴിഞ്ഞദിവസം മൂന്ന് പ്രമുഖ നടന്മാര്‍ക്കെതിരെ നടപടികളുണ്ടായി. നടനും എംഎല്‍എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാഭാരവാഹിയുമായ ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത് വിട്ടയച്ചു. കോടതികള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചത്. അതേസമയം മറ്റൊരു നടന്‍ സിദ്ദിഖിന് ജാമ്യം നിഷേധിച്ചെങ്കിലും ഇതെഴുതുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മരടിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടിയുടെ പരാതി. എറണാകുളം നോർത്ത്‌ പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്‌. എഎംഎംഎയില്‍ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക്‌ വിളിച്ചെന്നും, മെമ്പർഷിപ്പ്‌ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചുവെന്നുമാണ്‌ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പീഡനം എന്നിവയാണ്‌ ഇവര്‍ക്കെതിരെ വകുപ്പുകൾ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്, തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരെയുള്ള പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇത്രയും കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദിഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാ​ഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.


സ്ത്രീ പുരുഷ സമത്വത്തിന്റെ സീതായനം


സിദ്ദിഖ് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യപേക്ഷ തള്ളിയതെങ്കിലും ലൈംഗികാതിക്രമണ പരാതിയായതിനാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയിലെത്തിയത്. അതേസമയം ഹർജി പരിഗണിക്കുംമുമ്പ്‌ തങ്ങളുടെ ഭാഗം കേൾക്കണമെന്നഭ്യർത്ഥിച്ചുള്ള തടസഹർജി (കേവിയറ്റ്‌) സംസ്ഥാന സർക്കാരും പരാതിക്കാരിയും ഫയൽ ചെയ്‌തിട്ടുണ്ട്‌. സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. സിദ്ദിഖിന്റെ അഭിഭാഷകന്‍ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പറഞ്ഞ കോടതി, ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീയുടെ അനുഭവം അവരുടെ സ്വഭാവത്തെയല്ല, അവര്‍ നേരിടുന്ന ദുരിതത്തെയാണ് കാട്ടുന്നതെന്നും ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് നിയമത്തിനെതിരാണന്നും ചൂണ്ടിക്കാട്ടി. പരാതിയുടെ ഗൗരവമാണ് പരാതിക്കാരിയുടെ സ്വഭാവമല്ല പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞിട്ടുണ്ട്. പരാതി നല്‍കാന്‍ വൈകിയതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിലും ഹാർവി വെയ്ൻസ്റ്റൈനെതിരെയുള്ള കേസുകള്‍ വീണ്ടും മാതൃകയാവുകയാണ്. 2017ൽ അലീസ മിലാനോ നടത്തിയ സാധാരണ ട്വീറ്റിലൂടെയാണ് അദ്ദേഹത്തിനെതിരെയുള്ള ലെെംഗിക പീഡനങ്ങളുടെ പരമ്പര പുറത്തായത്. 2013ലെ ഒരു കേസിന് ശിക്ഷയുണ്ടാകുന്നത് 2023ലാണ്. ഇപ്പോള്‍ ഇവടെയും പീഡകസ്ഥാനത്ത് പ്രമുഖരാണ്. അവര്‍ക്ക് കേസിനെ സ്വാധീനിക്കാന്‍ പണവും പ്രാപ്തിയുമുണ്ടാകും. അതിജീവിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാകുകയും അന്വേഷണ സംഘം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.