22 January 2026, Thursday

തിരോധാനം + തിരോത്ഥാനം

ശശിധരൻ കുണ്ടറ
December 1, 2024 7:00 am

1
ന്താ ത്ര ആൾക്കൂട്ടം
ആനന്ദനോടോ മുകുന്ദനോടോ
ചോയീരെടേ
ഏതോ ഒരു പെണ്ണ്
ന്താ വ്ളുടെ നെയിമ്
ചുറ്റിക്കറങ്ങി വന്നിട്ട്
ന്താ വ്ളുടെ എയ്മ്
പറ്റിക്കൂടി നടന്നിട്ട്
ഇനി എഐ പാവപെണ്ണാണോ
അതോ പാവം പെണ്ണോ
സർക്കാര് വെബ്സൈറ്റില്
പറയുന്നുണ്ട്, ജാഗ്രത
അല്ലപ്പാ
വിടാനുള്ളതോ അതോ
വീട്ടാനുള്ളതോ ഈ വീട്
ന്തായാലും അവള് വീടുവിട്ട്
നാടുവിട്ട് പുതുനാട്ടിലെത്തി
ഇപ്പോ പബ്ബിൽ നിന്നോ
ഹബ്ബിൽ നിന്നോ വന്നത്
വേഷോം ഭാഷേമെന്ത്,
ജാതീം മതോം അറിയാമ്പറ്റ്വോ
ഈ പാലമായ പാലാക്കെ
വരും മുമ്പേയുള്ള
കിണറിന്റെ പാലത്തില്
വ്ള് നടക്കുന്നെന്ന്
കേട്ടപ്ളേന്റെ
കാലും മേലും പെരുത്തപ്പനേ
ഉള്ളേ പോയോ?
നീറ്റിൽ കിടന്നു പുളയ്ക്കുന്നോ
മറിയുന്നോ മണ്ണിലിറങ്ങി
നടന്നു മറയുന്നോ?
നാണിനാരേണ്ണന്റെ
നാടുവിട്ട മോളാന്നും
കേൾക്കുന്നുണ്ട്
ഒറ്റയ്ക്ക് നാടുവിട്ട പെങ്കൊച്ച്,
ദൂരെക്കാണും വ്ളടെ കാമു
താന്തോന്നിത്തള്ളേടെ
തന്റേടത്തിത്താര 

2
ഞാൻ മീനായിരുന്നാൽ
നീ പരുന്തായി വന്ന്
കൊത്തിപ്പറക്കുമോ
എന്നുചോദിച്ചു പിടച്ചുപോൽ
കുമാരനോടു കൂട്ടുംകൂടി
നടന്നു പോൽ
കൊത്തി പറിക്കണേന്ന്
ചോര വാർത്തയ്ക്കൊരു ചോദന
വട്ടം ചുറ്റുന്നുണ്ട് സൈബർവല -
പ്പോരാളികൾ, ചാനൽ ചെള്ളുകൾ
സനാതന കടൽചൊറി
റീലുകളുടെ ചൂണ്ടക്കാർ
ഷോർട്ട്സിനു മുള്ളുമതി
വല്ലതും നമുക്കും കൊത്തണം
പിന്നെയൊരു കൊത്തംകല്ലുകളി
പ്രീ ഹിസ്റ്ററി ഫ്രീ സ്റ്റോറി
ആണ്ടുമാസം തീയതി
നാൾവഴി ചരിത്രപ്പുക
കരിഓയിൽ അണ്ടിക്കറ
ചോരാതെ നേരേ വാർത്തയാകണം
കാണാപ്പുറങ്ങൾ കരളണം
ചോര വാർന്നാലെന്ത്
മൊത്തിക്കുടിക്കാൻ ഭക്തരുണ്ട്
കൈ റിമോട്ടു കറങ്ങുമ്പോൾ
കടന്നുകൊത്തണം കണ്ണിൽ
അത്രയാവാം റേറ്റിങ്ങുയരണം
വങ്കന്മാരവർക്കറിയുമോ
പാചകപ്പുര രഹസ്യങ്ങൾ
ദൂരെയുള്ള കൂട്ടുകാർക്കും
ചാരെയുള്ള ശത്രുവിനും
പറയുവാനേറെയുണ്ടാവും
കൂടെക്കൂടി നിന്നേക്കണം
മാറ്റുകൂട്ടുന്ന കേട്ടറിവുകൾ
കേറ്റി വയ്ക്കണം വേണ്ട പോൽ
ചേറ്റുകണ്ടത്തിൽ പൂഴ്ന്നു പോയാൽ
പേറ്റനോവലായിടാം
ദൂരമെന്തിനു കൂട്ടുന്നു
ഉൾവിഹായസിൻ താര ചാരമായ്
ചോദ്യമെത്ര നെയ്തിരുന്നു നാം
നേരിലെത്തുമ്പോഴെയ്യുവാൻ
തിരയിലുത്ഥാനം ചെയ്തതോ
തിരക്കൊഴിഞ്ഞു നടന്നവർ
ആരുകണ്ടു പെൺപിറപ്പിനെ
ആണ്ടു പോയതു കിനാവിലോ 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.