3 May 2024, Friday

Related news

April 26, 2024
April 24, 2024
April 20, 2024
March 23, 2024
March 23, 2024
March 21, 2024
March 20, 2024
March 19, 2024
March 19, 2024
March 17, 2024

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരിച്ഛേദമായി തിരുവനന്തപുരം മണ്ഡലം

Janayugom Webdesk
തിരുവനന്തപുരം
March 10, 2024 7:26 pm

ജനാധിപത്യത്തി​ന്റെ ആഘോഷമായ തെരഞ്ഞെടുപ്പ് പണാധിപത്യത്തിന് വഴിമാറുന്ന കാലത്ത് സമകാലിക ഇന്ത്യയുടെ നേര്‍ച്ചിത്രമാവുകയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. ചങ്ങാതിമാരായ കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭരണവര്‍ഗവും രാജ്യത്തെ സാധാരണക്കാര്‍ക്കുവേണ്ടി ഇടതുപക്ഷമുള്‍പ്പെടെയുള്ള മതേതര പുരോഗമന പ്രതിപക്ഷവും തമ്മിലാണ് പോരാട്ടം. അധികാരം നിലനിര്‍ത്താന്‍ കോര്‍പറേറ്റ് സ്ഥാനാര്‍ത്ഥികള്‍ പണമൊഴുക്കുമ്പോള്‍ രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാന്‍ ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇടതുപക്ഷമുള്‍പ്പെടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളായി യഥാക്രമം ശശി തരൂരും രാജീവ് ചന്ദ്രശേഖരനും മത്സരിക്കുമ്പോള്‍ കോര്‍പറേറ്റ്-ജനകീയ മത്സരത്തിന്റെ ഏറ്റവും മികച്ച മാതൃകയാവുകയാണ് തിരുവനന്തപുരം. കോര്‍പറേറ്റ് വ്യവസായികളും ശതകോടീശ്വരന്‍മാരുമാണ് യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍. സിറ്റിങ് എംപിയായ ശശി തരൂരിന്റെ ആസ്തി 2019 ലോക്‌സഭാ നോമിനേഷനിലെ കണക്കനുസരിച്ച് തന്നെ 35 കോടിയാണ്.

അഞ്ച് കോടി ബാങ്കിലും ഒരു കിലോയിലേറെ സ്വര്‍ണം കയ്യിലുമുണ്ട്. മറ്റു നിക്ഷേപങ്ങളായി 15 കോടിയും 35 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളും ഉണ്ടെന്നുമാണ് തരൂര്‍ വ്യക്തമാക്കിയത്. യഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണ്.
ബിജെപി സ്ഥാനാര്‍ത്ഥിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിന്റെ വാർഷിക വരുമാനം 2018ൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് 28 കോടിയും കുടുംബത്തിന്റെ ആസ്തി 65 കോടിയുമാണ്.

എന്നാൽ കഴിഞ്ഞ മൂന്നു തവണയും രാജ്യസഭാ നോമിനേഷനൊപ്പം സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ യഥാർത്ഥ സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ് രാജീവ് വെളിപ്പെടുത്തിയത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 140 കോടി വിലമതിക്കുന്ന സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാണെന്ന കാര്യം പോലും സൂചിപ്പിച്ചിട്ടില്ല. 2006ൽ ഇദ്ദേഹം സ്ഥാപിച്ച ജൂപ്പിറ്റർ ക്യാപിറ്റലിന് കീഴില്‍ വരുന്ന മാധ്യമ സ്ഥാപനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയവ.

ജുപ്പിറ്റർ കാപ്പിറ്റലിൽ 51 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിനുള്ളത്. 1350 കോടിയുടെ ഓഹരിയാണിതെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന് മുന്നിൽ സമർപ്പിച്ച രേഖകൾ പറയുന്നു. 7500 കോടിയിലേറെയാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ട്. 2023 ഒക്ടോബറിൽ, സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കൊച്ചി പൊലീസിന്റെ സൈബർ സെൽ എഫ്ഐആറും ഫയൽ ചെയ്തിട്ടുണ്ട്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിഭാഗീയപ്രചരണം നടത്തിയതിനാണ് കേസ്.

തിരുവനന്തപുരത്ത് നിന്നുള്ള മുന്‍ എംപി കൂടിയായ പന്ന്യന്‍ രവീന്ദ്രന്റെ ആകെ സ്വത്ത് കണ്ണൂര്‍ ജില്ലയിലെ 850 ചതുരശ്രയടി വീടും അഞ്ച് സെന്റ് പുരയിടവുമാണ്. മുന്‍ എംപിയെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന 25,000 രൂപയാണ് വരുമാനമാര്‍ഗം. തിരുവനന്തപുരം നഗരത്തിലെ മണിമാളികകളിലോ റിസോര്‍ട്ടുകളിലോ അല്ല, പാര്‍ട്ടി ഓഫിസിലാണ് താമസം.

2019ലെ തെരഞ്ഞെടുപ്പിൽ ഒരു ലോക്‌സഭാ മണ്ഡലത്തിൽ ശരാശരി 100 കോടിയാണ് ചെലവായതെന്ന് സെന്റർ ഫോർ മീഡിയ സ്റ്റഡീസ് (സിഎംഎസ്) നടത്തിയ പഠനത്തിൽ പറയുന്നു. എന്നാല്‍ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന തുക. നിരീക്ഷകർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ പണമൊഴുക്ക് തുടരുന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍. കേരളത്തിൽ വടകരയിലും തിരുവനന്തപുരത്തും കഴിഞ്ഞതവണ ചെലവ് 40 കോടിയിലേറെയായിരുന്നു. ശതകോടീശ്വരന്‍മാര്‍ ഇക്കുറിയും പണമൊഴുക്കാന്‍ തയ്യാറായി മത്സരിക്കുമ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ പറയുന്നു ‘ജനങ്ങളാണ് എന്റെ നിക്ഷേപം’.

Eng­lish Sum­ma­ry: thiru­vanan­tha­pu­ram lok sab­ha elec­tion campaign
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.