3 May 2024, Friday

ഇനി തെരഞ്ഞെടുപ്പ് ചൂട്; കേരളം പോളിങ് ബൂത്തിലേക്ക് എത്താൻ ഇനി 40 ദിവസം

Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2024 8:45 am

തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങി. വേനലിനൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ഇനി തെരഞ്ഞെടുപ്പ് താപനിലയും ഉയരും. ഏഴ് ഘട്ടങ്ങളിലായി ജൂണ്‍ നാല് വരെ നീളുന്ന മൂന്നര മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ. ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിക്കുകയാണ്. കേരളത്തിലടക്കം സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കിയ ഇടതുപാര്‍ട്ടികള്‍ പ്രചാരണത്തില്‍ ബിജെപിയെക്കാളും കോണ്‍ഗ്രസിനെക്കാളും മുന്നിലെത്തിക്കഴിഞ്ഞു. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു.

ബിജെപി 257 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 82 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി 303 സീറ്റുകളും കോണ്‍ഗ്രസ് 52 സീറ്റുകളുമാണ് നേടിയത്. കേരളം പോളിങ് ബൂത്തിലേയ്ക്ക് എത്താൻ ഇനി ശേഷിക്കുന്നത് 40 ദിവസമാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നീട് ഫലമറിയാൻ 39 ദിവസം കൂടി കേരളം കാത്തിരിക്കണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലേക്ക് ഇനി കേരളം 79 ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ആരംഭിച്ച് ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. മേയ് 23 നായിരുന്നു ഫലപ്രഖ്യാപനം.

ആദ്യഘട്ട വിജ്ഞാപനം 20ന് 

ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം 20 ന് പുറപ്പെടുവിക്കും. ഈ മാസം ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂഷ്മ പരിശോധന മാര്‍ച്ച് 28ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30.

ബിഹാറില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും ഉത്സവങ്ങളും പരിഗണിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 28, സൂക്ഷ്മ പരിശോധന ഈ മാസം 30, പത്രിക പിന്‍വലിക്കാന്‍ ഏപ്രില്‍ രണ്ടുവരെയും കമ്മിഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. രണ്ടു മുതല്‍ ഏഴുവരെയുള്ള ഘട്ടങ്ങളില്‍ ഈ മാസം 28, ഏപ്രില്‍ 12, 18, 26, 29, മേയ് ഏഴ് എന്നിങ്ങനെയാണ് യഥാക്രമം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതികള്‍ ഏപ്രില്‍ നാല്, 19, 25, മേയ് മൂന്ന്, ആറ്, 14 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ച്, ജമ്മു കാശ്മീരില്‍ മാത്രം ഏപ്രില്‍ ആറ്, 20, 26, മേയ് നാല്, ഏഴ്, 15 എന്ന തീയതി ക്രമത്തില്‍ നടക്കും. പത്രിക പിന്‍വലിക്കാന്‍ രണ്ടാം ഘട്ടം മുതല്‍ ഏഴാം ഘട്ടം വരെയുള്ള അവസാന തീയതികള്‍ യഥാക്രമം ഏപ്രില്‍ എട്ട്, 22, 29, മേയ് ആറ്, ഒമ്പത്, 17 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടം 

ന്യൂഡല്‍ഹി: ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത് 22 സംസ്ഥാന‑കേന്ദ്രഭരണ പ്രദേശങ്ങളില്‍. അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, ചണ്ഡീഗഢ്, ദാമൻ ദിയു ദാദ്രാ നഗർഹവേലി, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള, ലക്ഷദ്വീപ്, ലഡാക്ക്, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, തമിഴ്‍നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒറ്റഘട്ടത്തിലായി വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത് നാല് സംസ്ഥാനങ്ങളിലാണ്.

കര്‍ണാടക, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. മൂന്ന് ഘട്ടങ്ങളായി ഛത്തീസ്ഗഢ്, അസം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. നാല് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളുണ്ട്. ഒഡിഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് നാല് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്.മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. ഏഴ് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളുണ്ട്,. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് ഏഴ് ഘട്ടമായി ജനവിധി രേഖപ്പെടുത്തുക.

Eng­lish Sum­ma­ry: loksab­ha elec­tion 2024
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.