23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

തിരുവഞ്ചൂരിന്റെ അച്ചടക്കസമതി ചെയര്‍മാന്‍സ്ഥാനം; കൂടെനിന്നതിനുള്ള സുധാകരന്റെ പ്രത്യുപകാരം

Janayugom Webdesk
തിരുവനന്തപുരം
December 27, 2021 10:06 pm

എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കെപിസിസി പ്രസിഡന്‍റായി കെ.സുധാകരനെയും,പ്രതിപക്ഷ നേതാവായി വി ഡി സതീശനേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചതിനെതുടര്‍ന്ന സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉദയം ചെയ്തു. മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രമേശ് ചെന്നിത്തലയേയും, ഉമ്മന്‍ചാണ്ടിയേയും ഒഴിവാക്കിയാണ് പുതിയ നേതൃത്വത്തെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ തങ്ങളുടേതായ ഗ്രൂപ്പു പ്രവര്‍ത്തനമായിട്ടാണ് പോകുന്നത്. ഗ്രൂപ്പില്ലാത്ത ഗ്രൂപ്പെന്നാണ് കോണ്‍ഗ്രസില്‍ തന്നെ വിശേഷിപ്പിക്കുന്നത്. പുതിയ ഗ്രൂപ്പിന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പൂര്‍ണ്ണപിന്തുണയും ഉണ്ട് കെസി- കെഎസ്- വിഡി ഗ്രൂപ്പ് എന്നാണ് അറിയപ്പെടുന്നത്. എ, ഐ ഗ്രൂപ്പുകളെ പിളര്‍ത്തുക എന്നതിനാണ് മുന്‍ഗണന നല്‍കിയത്.ഡിസിസി പ്രസിഡന്‍റുമാര്‍ , കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുത്തതിലും ആ പ്രവണത കണ്ടതാണ്. കെപിസിസി സെക്രട്ടറിമാരെ നിയമിക്കനൂള്ള തയ്യാറെടുപ്പിലാണ് നേതൃത്വം . ഈ നില തുടര്‍ന്നു പോയാല്‍ ഗ്രൂപ്പുകള്‍ക്ക് നിലനില്‍പ്പില്ലെന്നു മനസിലാക്കി ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കാണുവാന്‍ഡല്‍ഹിക്കു പോയിരുന്നു. പാര്‍ട്ടി സംഘടനാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുന സംഘടനയുമായി മുന്നോട്ട പോകുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ചെന്നിത്തലയും,ഉമ്മന്‍ചാണ്ടിയും .

ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് നിന്നവര്‍ക്കൊക്കെ സ്ഥാനങ്ങള്‍ നല്‍കുകയാണ് നേതൃത്വം.കെപിസിസി അച്ചടക്ക സമിതി അദ്ധ്യക്ഷനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയമിച്ചതിലൂടെ വെളിവാകുന്നത് ഇതാണ്. എ ഗ്രൂപ്പിലെ പ്രധാനിയായിരുന്നു തിരുവഞ്ചൂർ. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു, എന്നാൽ ഉമ്മൻ ചാണ്ടിയുമായി അകന്ന് സുധാകര പക്ഷത്ത് എത്തിയ ആദ്യ പ്രധാന നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ. പ്രതിപക്ഷ നേതാവായി തിരുവഞ്ചൂരിനെ ഉയർത്തിക്കാട്ടാതെ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മൻ ചാണ്ടി വാദിച്ചതാണ് ഇതിന് കാരണം. അതിന് ശേഷം നിഷ്പക്ഷ നിലപാടുമായി നിറഞ്ഞു. സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. മൂന്നംഗ അച്ചടക്ക സമിതിയില്‍ കൊല്ലം മുൻ ഡിസിസി പ്രസിഡന്റ് എൻ. അഴകേശൻ, ഡോ. ആരിഫ സൈനുദ്ദീൻ എന്നിവർ അംഗങ്ങളാണ്. ശശി തരൂരിനെതിരായ ആരോപണമാണ് തിരുവഞ്ചൂരിന് മുന്നിലേക്ക് ആദ്യമെത്തുക. ഇന്നലെ കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ എംപി.യുടെ പത്രസമ്മേളനത്തിൽ ശശി തരൂർ എംപിക്കെതിരേയുണ്ടായ വിമർശനം ഹൈക്കമാണ്ടിന്റെ മനമറിഞ്ഞുള്ള പ്രതികരണമെന്ന് സൂചന പുറത്തു വരുന്നുണ്ട്. കെ-റെയിൽ വിഷയത്തിൽ കേരളത്തിലെ യു.ഡി.എഫ്. എംപി.മാർ ഒന്നിച്ച് ഒപ്പിട്ടിട്ടും തരൂർ ഒപ്പിടാത്തതും മുഖ്യമന്ത്രി പിണറായി വിജയനെ വികസനകാര്യത്തിൽ പുകഴ്‌ത്തിപ്പറഞ്ഞതും കോൺഗ്രസിൽ ചർച്ചയായിരുന്നു. ഇത് അച്ചടക്ക ലംഘനമായി സുധാകരൻ കാണുന്നു.തരൂരിനെതിരേ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനമൊന്നും തുടക്കത്തിൽ ഉണ്ടായില്ല. കെ.പി.സിസി. പ്രസിഡന്റ് സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മിതത്വം പാലിച്ചാണ് സംസാരിച്ചത്. എന്നാൽ മുൻ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തുടന്ന് രാജ്‌മോഹൻ ഉണ്ണിത്താനും വിഷയത്തിൽ പൊട്ടിത്തെറിച്ചു. പിന്നാലെയാണ് അച്ചടക്ക സമിതിയും എത്തുന്നത്.

ശശി തരൂരിനെ കോൺഗ്രസ് ഒഴിവാക്കാനുള്ള സാധ്യത ഏറെയാണ്. നേരത്തേ ജി-23 ഗ്രൂപ്പിനോട് ആഭിമുഖ്യം പുലർത്തിയ തരൂർ ഹൈക്കമാണ്ടുമായി അത്ര രസത്തിലല്ല.കെപിസിസി. പ്രസിഡന്റും ശക്തമായ ഭാഷയിൽതന്നെയാണ് തരൂരിനെ ആക്രമിച്ചത്. തരൂർ കോൺഗ്രസിലെ ഒരു എംപി. മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ പുറത്തുപോകേണ്ടി വരുമെന്നുമാണ് സുധാകരൻ പറഞ്ഞത്. പാർട്ടി നിലപാട് അനുസരിച്ചുമാത്രമേ എംഎ‍ൽഎ.മാർക്കും എംപി മാർക്കും പെരുമാറാൻപറ്റൂ. തരൂരിനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയാൽ ചർച്ചചെയ്ത് തുടർകാര്യങ്ങൾ തീരുമാനിക്കുമെന്നാണ് സുധാകരൻ പറയുന്നത്.കെ-റെയിലിനെതിരേ ശക്തമായ സമരത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങുമ്പോൾ തരൂരിനെപ്പോലുള്ള വ്യക്തി എതിരുനിൽക്കുന്നത് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഗുണം ചെയ്തതായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ഇക്കാര്യം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. കെപിസിസി. പ്രസിഡന്റിന്റെ തുറന്നുപറച്ചിലോടെ തരൂരിനെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കളും പിൻവലിയാനാണ് സാധ്യത. വിശദീകരണം തരൂരിനോട് ചോദിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. എഴുതി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടതെന്നും പറയുന്നു. ഈ വിശദീകരണം തിരുവഞ്ചൂർ സമിതിക്ക് കൈമാറും. അവർ തരൂർ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും.

Eng­lish Sum­ma­ry: Thiru­van­choor Dis­ci­pli­nary Com­mit­tee Chair­man; Sud­hakaran’s com­pen­sa­tion for being together

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.