ഇന്ത്യയിൽ വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വ ഇനം നാടൻ പശുക്കളെ വാങ്ങി പരിപാലിക്കുന്നതിൽ കൗതുകം കണ്ടെത്തുകയാണ് ഫറോക്ക് കരുവൻതിരുത്തിയിലെ കെ എം ബഷീർ എന്ന ക്ഷീര കർഷകൻ. പിതാവായ കരുവൻതിരുത്തി കുണ്ടിൽ മണലൊടി ഉണ്ണി ഹസ്സൻ എന്ന ബാവ ക്ഷീര കർഷകനായിരുന്നു. പശു പരിപാലനത്തിൽ പിതാവിന്റെ വഴി പിന്തുടരാൻ മകനും ഇഷ്ടപ്പെടുകയായിരുന്നു.
ബഷീറിന്റെ കാലിത്തൊഴുത്തിൽ പത്തോളം ഇനങ്ങളിലുള്ള നാടൻ പശുക്കളുണ്ട്. പൊങ്കന്നൂർ, ഉംബ്ലശ്ശേരി, സ്വർണ്ണകപില, സഹിവാൾ, ഗിൾ, കങ്കരജ്, റാത്തി തുടങ്ങിയ നാടൻ വിഭാഗങ്ങളാണ് ബഷീറിന്റെ തൊഴുത്തിൽ ഇടം നേടിയത്.
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നു കണ്ടെത്തി സ്വന്തമാക്കിയതാണ് ഈ അപൂർവ്വയിനം നാടൻ പശുക്കൾ. പക്വമായ ശാരിരികാവസ്ഥയുള്ള ലോകത്തിലെ ഏറ്റവും ചെറിയ പശുവിനെ സംരക്ഷിക്കുന്നത് താനാണെന്ന് കെ എം ബഷീർ പറയുന്നു. കാലിത്തൊഴുത്തിൽ ഇപ്പോൾ പുതിയ ഒരു അതിഥി കൂടിയുണ്ട്.
കേവലം 26 ഇഞ്ച് ഉയരവും 37 ഇഞ്ച് നീളവും 54 കിലോഗ്രാം ഭാരവുമുള്ള തനി നാടൻ പശു. മീനാക്ഷിയെന്നാണ് ബഷീർ ഈ അപൂർവ്വ ഇനത്തിനു പേരിട്ടിരിക്കുന്നത്. ഇത് ബഷീറിന്റെ തൊഴുത്തിൽ പ്രസവിച്ചു. 20 ഇഞ്ച് നീളവും 15 ഇഞ്ച് ഉയരവുമുള്ള കിടാവ് ജനിച്ചു. പക്ഷേ രണ്ടാഴ്ചയേ കിടാവിന് ആയുസ്സുണ്ടായുള്ളു.ലോകത്തിൽ നിലവിലുള്ളതിൽ പ്രസവിക്കുന്നതും എല്ലാ ബാഹ്യ‑ആന്തരിക അവയവങ്ങളും സാധാരണ നിലയിലുള്ളതുമായ ഏറ്റവും ചെറിയ പശുവും കിടാവും ഇതാണെന്ന് ബഷീർ പറയുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ പശു ബംഗ്ലാദേശിലെ ധാക്ക ഹികോർ എന്ന സ്ഥലത്താണ്. 10 വയസ്സ് പ്രായമുള്ള ഈ പശുവും കേരളത്തിലും മറ്റിടങ്ങളിലുമുള്ള വിവിധയിനം ഏറ്റവും ചെറിയ പശുക്കളും പ്രസവിച്ചതല്ലെന്നും
ഇക്കാരണത്താൽ ലോകത്തിലെ ഏറ്റവും ചെറിയ പശുവിനെ പരിപാലിക്കുന്നത് താനാണെന്നുമാണ് ബഷീർ പറയുന്നത്. ലോകത്തിലെ എറ്റവും ചെറിയ പശുവിനെ പരിപാലിക്കുന്നതിനുള്ള അംഗീകാരങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് മികച്ച സഹകാരിയും കരുവൻ തിരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കെ എം ബഷീർ .
പോഷകമൂല്യമുള്ള പാലും അനുബന്ധ ഉല്പന്നങ്ങളും വിതരണം ചെയ്യുന്നതിനായി പുതുതായി ആരംഭിക്കുന്ന ഡിവൈൻ നാച്വറൽ എ ടു മിൽക്ക് എന്ന സ്ഥാപത്തിന്റെ നടത്തിപ്പിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്ന വ്യത്യസ്ത ഇനം പശുക്കളിൽ ഉൾപ്പെട്ട ഈ ചെറിയ പശുവിനെ ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് വലിയ വില കൊടുത്ത് വാങ്ങിയത്. മികച്ച കർഷകനും സംയോജിത ജൈവ കൃഷിയുടെ ഫറോക്ക് ഏരിയ ചെയർമാനുമായ ബഷീർ മികച്ച മാനേജുമെൻ്റ് ട്രെയിനർ കൂടിയാണ്. 2007 ൽ അദ്ദേഹത്തിന് മാനേജുമെൻ്റ് ഗുരു അവാർഡ് ലഭിച്ചിരുന്നു. ഇന്ത്യയുടെ വൈസ് പ്രസിഡന്റായിരുന്ന ഹമീദ് അൻസാരിയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം: കെ എം ബഷീർ ലോകത്തിലെ ഏറ്റവും ചെറിയ പശുവിനോടൊപ്പം തൊഴുത്തിൽ
English Summary: This is the real cowvigilant: the world’s smallest cow keeper
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.