23 December 2024, Monday
KSFE Galaxy Chits Banner 2

ഇത് പാമ്പുകൾ അക്രമാസക്തമാകുന്ന കാലം

ഋഷി ചിറയിൻകീഴ്
September 27, 2024 9:16 pm

മനുഷ്യൻ അവൻ നിയന്ത്രിക്കാൻ കഴിയാത്ത ഏതിനേയും ദൈവീക പരിവേഷം നൽകി ആരാധിച്ചിരുന്നു. അതിലേറ്റവും മുഖ്യമാണ് പാമ്പുകൾ. പാമ്പുകടിയേറ്റ് 2023ൽ 40പേർ കൊല്ലപ്പെട്ടപ്പോൾ 2024ൽ ഇതുവരെ 14പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഒരു മാസത്തിൽ ഒന്നിലധികം മരണം. പാമ്പുകടിയേൽക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കാലമാണ് കന്നി, തൂലാം മാസങ്ങൾ (സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ). കന്നിമാസമെന്നാൽ പാമ്പുകളുടെ പ്രജനനകാലവും. വനംവകുപ്പിന്റെ സർപ്പ(സ്നേക്ക് അവയർനെസ് ആന്റ് പ്രോട്ടക്ഷൻ ആപ്പ്)യുടെ സംസ്ഥാന നോഡൽ ഓഫിസർ വൈ മുഹമ്മദ് അൻവർ ഇക്കാലത്ത് സ്വീകരിക്കേണ്ട് മുൻകരുതലുകൾ സംബന്ധിച്ച വിശദാംശങ്ങൾ ജനയുഗവുമായി പങ്കുവച്ചു.

പൊതുവെ മനുഷ്യ സാന്നിധ്യം ബോധ്യപ്പെട്ടാൽ ഒഴിഞ്ഞുമാറി പുതിയ സഞ്ചാരപാത കണ്ടെത്തുകയും, ഒപ്പംതന്നെ ഒളിഞ്ഞിരിക്കാനുള്ള സുരക്ഷിത ഇടവും കണ്ടെത്തുകയാണ് പാമ്പുകളുടെ രീതി. എന്നാൽ പ്രജനനകാലഘട്ടത്തിൽ പെൺപാമ്പുകൾ പുറപ്പെടുവിക്കുന്ന ഫിറോമോണിന്റെ ഗന്ധത്തിനൊപ്പം ഇണയെത്തേടി ആൺപാമ്പുകൾ എത്തും. ഇണചേരലും പ്രത്യുല്പാദവും ലക്ഷ്യം. ആൺപാമ്പുകൾ തമ്മിൽ ഇണയ്ക്കായി മത്സരങ്ങൾ പോലും ഉണ്ടാകാറുണ്ട്. ചേരകളാണ് പോരാട്ടത്തിൽ മുമ്പിൽ നിൽക്കുന്നത്. പ്രജന മാസങ്ങളിൽ ഇണചേരൽ മാത്രമേ ലക്ഷ്യമായുള്ളു. ഇതിനായി ഇവ സ്വന്തമായിത്തന്നെ ഒരു ഭൂപ്രദേശം സൃഷ്ടിച്ചെടുക്കും. ഇരകളെപോലും ഈ സമയങ്ങളിൽ ശ്രദ്ധിക്കാതിരിക്കും. കാഴ്ചപോലും മങ്ങാം. ഇണചേരലിനായി ശരീരം പൂർണമായും സജ്ജമാകും. ഈ അവസരങ്ങളിൽ മനുഷ്യന്റെ സാന്നിധ്യം ഇവയെ അസ്വസ്ഥരാക്കുകയും ആക്രമിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. ഫിറോമോൺ എന്നത് ജീവജാലങ്ങളും, പ്രാണികളും പരസ്പരം സന്ദേശങ്ങൾ കൈമാറാനുപയോഗിക്കുന്ന രാസവസ്തുക്കളാണ്. ഇണകളെ ആകർഷിക്കുന്നതിനും ശത്രുക്കളെകുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും ഭക്ഷണം തേടുന്നതിനും രാസസന്ദേശങ്ങളായി ഫിറോമോൺ ഹോർമോൺ പ്രയോഗിക്കപ്പെടുന്നു.

ഇണരചേൽ കാലം തുടക്കംകുറിക്കൽ വെള്ളിക്കെട്ടനും തുടർന്ന് മൂർഖനും, പിന്നെ അണലിയുമാണ്. ഒക്ടോബർ ആദ്യവാരത്തോടെ വെള്ളിക്കെട്ടൻ (ശംഖ് വരയൻ) പാമ്പുകളുടെ പ്രജനനകാലം ആരംഭിക്കും. ഈ സമയങ്ങളിൽ സന്ധ്യയോടടുക്കുമ്പോൾ വെള്ളിക്കെട്ടൻ ജീവതസാഹചര്യങ്ങൾക്ക് അനുയോജ്യമായ സ്ഥലത്ത് കാണപ്പെടും, വളരെ അപൂർവമായി പകൽ സഞ്ചാരമുള്ള വെള്ളിക്കെട്ടൻ ഈ അവസരത്തിൽ ഒറ്റയ്ക്കും, ഇണയുമായും പരസ്പരം പ്രത്യുല്പാദന പ്രക്രിയയിൽ പങ്കുചേരും. ഒരു പെൺപാമ്പിനെ കാണുന്നിടത്ത് ചില അവസരങ്ങളിൽ ഒന്നിലധികം ആൺപാമ്പുകളെ കണ്ടേക്കാം. ഇവയുടെ ഇണചേരൽ കാലത്തെ തുടർന്ന് മൂർഖൻ, അണലി എന്നിവയുടെ പ്രജനനകാലം ആരംഭിക്കും. കേരളത്തിൽ 70ഓളം ഇനത്തിലുള്ള പാമ്പുകൾ ഉണ്ടെങ്കിലും 10നുതാഴെ മാത്രമാണ് മനുഷ്യജീവന് ഭീഷണിയായിട്ടുള്ള ഉഗ്രവിഷമുള്ളത്. വിഷമില്ലാത്ത പാമ്പുകളും ഈ കാലഘട്ടത്തിലാണ് ഇണചേരുന്നത്, ഇതു ഫെബ്രുവരി, മാർച്ച് മാസങ്ങൾവരെ നീണ്ടേക്കാം.

ഈ അവസരങ്ങളിലാണ് പാമ്പുകളെ പിടിച്ച് പുനരധിവാസ മേഖലകളിലെത്തിക്കുന്ന റെസ്ക്യു പ്രവർത്തകരുടെ തിരിക്ക് വർധിക്കുന്നത്, പൊതുവേ ശാന്തസ്വഭാവമുള്ള പാമ്പുകൾ പോലും ഇണചേരുന്ന കാലത്ത് അക്രമകാരികളാകാറുണ്ട്. പ്രധാനമായും രാത്രിയും, പുലർച്ചയും ടോർച്ച് ലൈറ്റ് ഇല്ലാതെയുള്ള സഞ്ചാരം ഒഴിവാക്കുക. വീടിനോട് ചേർത്തുവച്ചിട്ടുള്ള ചെടിച്ചട്ടികൾ, തൊണ്ട്, ചിരട്ട, വിറക് ഇവ സൂക്ഷിക്കുന്ന ഇടങ്ങളിൽ പാമ്പുകൾക്ക് ഇഷ്ടമേറെയായതിനാൽ വേണ്ട മുൻകരുതലുകൾ എടുത്തുവേണം ഈ സ്ഥലങ്ങളിൽ ഇടപെടലുകൾ നടത്താൻ. വീട്ടിൽ വളർത്തുന്ന പൂച്ചകളെ ഈ അവസരങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. പാമ്പും, പൂച്ചയുമായുള്ള ഉരസലുകൾ മൃത്യുപ്രായരായ പാമ്പുകളെ പൂച്ചകൾ എടുത്തുകൊണ്ടുവന്ന് വീട്ടിനുള്ളിലെ കിടക്കയ്ക്ക് മുകളിലോ, അടുക്കള ഭാഗങ്ങളിലോ കൊണ്ടിട്ടേക്കാം. ശ്രദ്ധയില്ലാതെ കടന്നുചെല്ലൽ ദംശനം ഏൽക്കാൻ ഇടയാക്കും. ഇത്തരത്തിൽ കഴിഞ്ഞ മാസം കോയമ്പത്തൂരിൽ വെള്ളിക്കെട്ടന്റെ കടിയേറ്റ് ഒരാൾ മരിച്ചു.

പാമ്പുകടിയേറ്റാൽ പ്രഥമ ശുശ്രുഷ അനിവാര്യം 

പാമ്പ് കടിയേറ്റാൽ രക്തത്തിൽ കലർന്ന പാമ്പിൻവിഷം നിർവീര്യമാക്കണം. തെറ്റായ ചികിത്സയും ഫലപ്രദമായ ചികിത്സ നൽകുന്നതിലെ കാലതാമസവുമാണ് മരണകാരണമാകുന്നത്. ആദ്യം നൽകേണ്ട പ്രഥമശുശ്രൂഷകളുടെ പട്ടികയിൽ മുറിവേറ്റ ഭാഗത്ത് കത്തികൊണ്ട് കുത്തി രക്തം ഒലിപ്പിച്ച് കളയുക, വായ്‌കൊണ്ട് ഊറിയെടുക്കുന്ന പ്രവണത, അതുപോലെ മുറിവിനുമുകളിൽ തുണിയോ, കയറോകൊണ്ട് മുറുക്കി‌ക്കെട്ടുന്ന പ്രവണതകൾ എന്നിവ ദോഷം ഉണ്ടാക്കുന്നവയാണ്. പാമ്പ് വിഷം തലച്ചോറിലെത്തി നമ്മുടെ നാഡീവ്യൂഹങ്ങളെ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. മേൽപ്പറഞ്ഞ കാര്യങ്ങൾ രക്തചംക്രമണത്തിന്റെ തോത് വർധിപ്പിക്കുകയും, രോഗിയെ മരണത്തോട് അടുപ്പിക്കുന്ന സമയം കുറയ്ക്കുകയും ചെയ്യും. മുറവേറ്റ ഭാഗത്ത് സോപ്പ് കൊണ്ടുള്ള കഴുകൽ പോലും ചെറിയ തോതിലുള്ള മസാജിങ്ങായി കണക്കിലെടുത്ത് രക്തചംക്രമണത്തിന്റെ തോത് വർധിക്കുമെന്നും സോപ്പ് ഉപയോഗിച്ചുള്ള കഴുകൽപോലും ഒഴിവാക്കേണ്ടതാണ്. പാമ്പ് കടിയേറ്റ ആളിനെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകി സുരക്ഷിതമാക്കുക. ആന്റിവെനം കരുതിയിട്ടുള്ളതും സൗകര്യങ്ങൾ ഉറപ്പായ ആശുപത്രികളുടെ ലിസ്റ്റ് വനം വകുപ്പിന്റെ സർപ്പ ആപ്പിൽ ലഭിക്കും.

കേരളത്തിൽ കാണുന്ന ഉഗ്രവിഷമുള്ള പാമ്പുകളിൽ പ്രധാനമായും മുന്‍പന്തിയിൽ നിൽക്കുന്നത് വെള്ളിക്കെട്ടനാണ്. ഇവയെ എട്ടടിവീരൻ, വളവളപ്പൻ, വളകഴപ്പൻ, മോതിരവളയൻ, എന്നിങ്ങനെ വിവിധ വിളിപ്പേരുകളാണ് കേരളത്തിലറിയപ്പെടുന്നത്. ഒന്ന് ഓർക്കുക മന്ത്രവാദമോ ഗുളികയോ പച്ചമരുന്നോ ഒറ്റമൂലിയോ ഒന്നും രക്തത്തിൽ കലർന്ന പാമ്പിൻവിഷത്തെ നിർവീര്യമാക്കാൻ കഴിയില്ല.

ഒരു മൊട്ടുസൂചിയുടെ മുനയിൽപ്പെടുന്ന വെള്ളിക്കെട്ടന്റെ വിഷം ഇരുപതു മിനിറ്റിനുള്ളിൽ മനുഷ്യജീവൻ നിശ്ചലമാക്കൂം. ഇവയുടെ കടി വേദനയുണ്ടാക്കുന്നവയല്ല, എന്നാൽ ശരീരത്തിൽ വിഷം പ്രവേശിച്ച് 10മിറ്റിനുള്ളിൽ പാമ്പുകടിയേറ്റയാൾ അസ്വസ്ഥതകൾ പ്രകടമാക്കുകയും, കടിയേറ്റ ഭാഗത്ത് കഠിനമായ വേദനയും ബോധക്ഷയവും സംഭവിച്ച് മരണത്തിലേക്ക് നീങ്ങും. മറ്റ് വിഷപാമ്പുകൾ വെള്ളിക്കെട്ടിനെ അപേക്ഷിച്ച് എട്ടിരട്ടിയോളം വിഷമാണ് ശരീരത്തിലേക്ക് കടത്തി വിടുന്നത്. സംസ്ഥാനത്ത് കാണപ്പെടുന്ന പ്രധാന വിഷപാമ്പുകൾ വെള്ളിക്കെട്ടൻ, മൂർഖൻ, അണലി, ചുരുട്ട, മണ്ഡരി, മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല തുടങ്ങിയവയാണ്. ഇതിൽ വെള്ളിക്കെട്ടൻ, മൂർഖൻ, അണലി എന്നിവയുടെ കടിമൂലമാണ് ബഹുഭൂരിപക്ഷം മരണങ്ങളും സംഭവിച്ചിട്ടുള്ളത്.

മുൻകരുതലുകൾ അനിവാര്യം

 

* കെട്ടിടത്തിന്റെ ഉൾഭാഗവും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽ നിന്നു കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.

* കെട്ടിടങ്ങൾക്കു സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ്‌വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ ചെയ്യരുത്. ഇത്തരം വസ്തുക്കൾ അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാൻ അനുവദിക്കരുത്. വെളിച്ചമുള്ള സമയത്ത് മാത്രം വീടിനു പുറത്ത് ശേഖരിച്ച വിറക് ശ്രദ്ധയോടെ അകത്തേക്കെടുക്കുക. അസമയങ്ങളിലും ഇരുട്ടിലും കൂട്ടിയിട്ടിരിക്കുന്ന വിറകെടുക്കരുത്.

* ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്കരിക്കണം. വലിച്ചെറിയുന്ന ഭക്ഷ്യ അവശിഷ്ടങ്ങൾ എലികളെ ആകർഷിക്കും. എലിയുടെ സാന്നിധ്യം പാമ്പുകളെ നമുക്കടുത്തേക്കെത്തിക്കും.

* കെട്ടിടത്തിനു മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യണം. ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധം വള്ളിച്ചെടികൾ വെട്ടി നിർത്തണം.

* ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം. തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾ കെട്ടിടത്തിലേക്കു പ്രവേശിക്കാം.

* വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകൾ കെട്ടിടത്തിലേക്ക് പ്രവേശിക്കാം. അതിനാൽ കെട്ടിടത്തിന്റെ പുറത്തേക്കുള്ള വാതിലുകളുടെ കീഴെ വിടവ് ഇല്ലാതാക്കണം.

* കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും അടയ്ക്കണം.

* രാത്രികളിൽ കാൽനടയാത്രയ്ക്ക് ടോർച്ച് നിർബന്ധമാക്കുക. വീടിന്റെ മുറ്റമുൾപ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കണം.

* വീടിന് പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റു ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഷൂവിനുള്ളിൽ കൈ കടത്താതെ നിലത്തുകൊട്ടി വേണമിതു ചെയ്യാൻ.

* വീടിന് മുന്നിൽ വച്ച ചെറിയ ചെടിച്ചട്ടികൾ ശ്രദ്ധിക്കണം. ഗേറ്റുണ്ടെങ്കിൽ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകൾ ചെടിച്ചട്ടിക്കു കീഴിൽ ചുരുണ്ടുകൂടാം.

* പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടുതന്നെ അവയെ പുറത്തുകാണാൻ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതൽ ഇടവപ്പാതി കാലത്തുവരെ ഇങ്ങനെ പാമ്പിൻ കുഞ്ഞുങ്ങളെ കാണാറുണ്ട്.

പാമ്പുകളിൽ നിന്നു രക്ഷനേടാൻ ‘സർപ്പ’ എന്ന പേരിൽ കേരള വനംവകുപ്പ് സുസംഘടിതമായ ഒരു സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

പാമ്പുകൾ കാരണം ജനങ്ങൾക്ക് ഭീതിയോ അപകടമോ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാനത്താകെ രണ്ടായിരത്തിൽപരം അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകർ ഇതിനുകീഴിൽ പ്രവർത്തിക്കുന്നു. കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാൽ വനം വകുപ്പ് സാക്ഷ്യപ്പെടുത്തിയ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടുക. അവർ ഉടൻ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.