25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 12, 2024
November 10, 2024
November 8, 2024
November 5, 2024
October 29, 2024

കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങള്‍

Janayugom Webdesk
കണ്ണൂര്‍
October 3, 2022 10:50 am

അന്തരിച്ച പ്രിയനേതാവിനെ ഒരുനോക്ക് കാണുവാനായി കൊടിയേരിലെ വീട്ടിലേക്കും, സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ ആഴിക്കോടന്‍ സ്മാരക മന്ദിരത്തിലും ജനസഹസ്രങ്ങളാണ് ഒഴുകിയെത്തുന്നത്.പ്രിയ നേതാവ് നടന്നുമുന്നേറിയ വഴികളിലാകെ ചുവന്ന പൂക്കൾ വിതറി സഖാക്കൾ അന്ത്യദർശനത്തിനായി കാത്തിരുന്നു. വാഹനത്തിൽ വിലാപയാത്രയായി തലശേരിയിലേക്ക്‌ കൊണ്ടുവന്ന മൃതദേഹത്തിൽ മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം പതിനാല്‌ കേന്ദ്രത്തിൽ ജനാവലി ആദരാഞ്‌ജലി അർപ്പിച്ചു.

അർബുദത്തെ തുടർന്ന് ശനി രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം പകൽ പന്ത്രണ്ടരയോടെയാണ് ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ ജനാവലി മുദ്രാവാക്യം വിളികളോടെ ഏറ്റുവാങ്ങി. ഭാര്യ വിനോദിനി, മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവരും എയർ ആംബുലൻസിൽ ഒപ്പം ഉണ്ടായിരുന്നു.പകൽ മൂന്നോടെ തലശേരി ടൗൺ ഹാളിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പിബി അംഗം എം എ ബേബി, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. പിബി അംഗം എ വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ഡോ. തോമസ് ഐസക്, എ കെ ബാലൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.ടൗൺ ഹാൾ മുറ്റത്ത് ഐജി ടി വിക്രമിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി.

രാത്രിയോടെ കോടിയേരി ഈങ്ങയിൽപീടികയിലെ വീട്ടിലേക്ക് മൃതദേഹം മാറ്റി. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി പ്രിയസഖാവിന് അന്തിമോപചാരം അര്‍പ്പിച്ചു. തിങ്കൾ രാവിലെ 10 വരെ വീട്ടിലും തുടര്‍ന്ന് 11 മുതൽ രണ്ടുവരെ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും എത്തിച്ചു. ഇവിടെ പൊതു ദർശനമുണ്ടാകും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവർ പങ്കെടുക്കും. മൂന്നിന് പയ്യാമ്പലത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക്‌ നടുവിലായാണ്‌ കോടിയേരിയടെ സംസ്കാരം.അഴീക്കോടൻ രാഘവന്റെ രക്തസാക്ഷികുടീരവും എ കെ ജിയുടെയും സുകുമാർ അഴീക്കോടിന്റെയും എൻ സി ശേഖറിന്റെയും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള ഉൾപ്പെടെയുള്ളവരുടെയും സ്‌മൃതികുടീരങ്ങളും സമീപത്തുണ്ട്‌. ഇവിടെ സംസ്‌കാരച്ചടങ്ങുകൾക്കായി വലിയ പന്തലുയർന്നു. 

Eng­lish Summary:Thousands flock to pay their last respects to Kodiyeri
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.