15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
September 8, 2024
June 16, 2024
April 20, 2024
February 17, 2024
February 13, 2024
October 1, 2023
September 5, 2023
August 1, 2023
July 23, 2023

സക്കര്‍ ഏറ്റെടുത്തത് മസ്‌കിന്റെ വെല്ലുവിളി

ഇരുവരുടെയും മത്സരബുദ്ധി അനുഭവിച്ച് ലോകം
വീണാ സുരേന്ദ്രന്‍
July 8, 2023 4:45 am

സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലാണ് കമ്പ്യൂട്ടര്‍ വിജ്ഞാനലോകത്തെ വിദഗ്ധരും അതിസമ്പന്നരുമായ ഇലോണ്‍ മസ്‌കും മാര്‍ക് സക്കര്‍ബര്‍ഗും തമ്മിലുള്ള വ്യാവസായിക മത്സരം. ഇത് പലപ്പോഴും തുറന്നപോരിനും വഴിയൊരുങ്ങാറുണ്ട്. സൗത് ആഫ്രിക്കക്കാരനായ ഇലോണ്‍ മസ്‌ക്, കാനഡ-അമേരിക്കന്‍ വ്യവസായിയും ശാസ്ത്രജ്ഞനുമാണ്. നിലവില്‍ ടെസ്ല മോട്ടോഴ്‌സിന്റെയും റോക്കറ്റ് വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സ്ഥാപകനുമാണ്. പന്ത്രണ്ടാം വയസില്‍ ബ്ലാസ്ടര്‍ എന്ന കമ്പ്യൂട്ടര്‍ ഗെയിം വികസിപ്പിച്ച മസ്‌ക്, ഉന്നതവിദ്യാഭ്യാസത്തിനുശേഷം ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ മനസിലാക്കി ആ മേഖലയിലേക്ക് തിരിഞ്ഞു. ഭൂമിയിലും ബഹിരാകാശത്തും മാസ്‌കിന്റെ കണ്ടുപിടിത്തങ്ങള്‍ ശ്രദ്ധനേടി. മനുഷ്യന്റെ ശരീരവും തലച്ചോറും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പരസ്പരം ബന്ധിപ്പിച്ചുള്ള രോഗനിര്‍ണയ വിദ്യ മസ്‌കിന്റെ കണ്ടുപിടിത്തമാണ്.

ശാസ്ത്രലോകത്ത് മസ്‌ക് എന്നും വിവാദപുരുഷനാണ്. എന്നും റൊബോട്ടുകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന മസ്‌ക് പ്രവര്‍ത്തിക്കുന്നത് നിര്‍മ്മിത ബുദ്ധികൊണ്ടാണെന്നുപോലും ആരോപണമുയര്‍ന്നു. അപ്പോഴും നിര്‍മ്മിത ബുദ്ധി മനുഷ്യന് വെല്ലുവിളിയാണെന്ന് മസ്‌ക് വാദിച്ചുകൊണ്ടേയിരുന്നു. നവമാധ്യമലോകത്തേക്ക് ഇലോണ്‍ മസ്‌ക് പ്രവേശിച്ചതോടെ അവിടെയും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉടലെടുത്തു. 2022 ജനുവരിയില്‍ ട്വിറ്ററിന്റെ ഓഹരി വാങ്ങാന്‍ തുടങ്ങിയ മസ്‌ക്, ഒക്ടോബര്‍ അവസാനത്തോടെ ട്വിറ്ററിനെ പൂര്‍ണമായും കൈക്കലാക്കുകയായിരുന്നു.

മസ്‌കിനെ പോലെയല്ല അമേരിക്കന്‍ പൗരനായ മാര്‍ക്ക് ഏലിയറ്റ് സക്കര്‍ബര്‍ഗ്. ശാസ്ത്രജ്ഞനായും നിര്‍മ്മിത ബുദ്ധി വികസന വിദഗ്ധനായും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ എന്‍ജീയറായും മനഃശാസ്ത്രജ്ഞനായും സക്കര്‍ബര്‍ഗ് തിളങ്ങിയ സക്കര്‍ബര്‍ഗ്, ഹാര്‍വാഡില്‍ പഠിക്കുന്ന കാലത്താണ് ഫേസ്ബുക്ക് സോഷ്യല്‍ മീഡിയ നെറ്റവര്‍ക്ക് ആരംഭിക്കുന്നത്.
ഈവിധം ബുദ്ധിയിലും വ്യവസായത്തിലും മത്സരിക്കുന്ന രണ്ട് പ്രമുഖരുടെ തര്‍ക്കങ്ങളെ ലോകം കൗതുകത്തോടെ നോക്കിക്കാണുക മാത്രമല്ല, മറിച്ച് അതിലൂടെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുതിയ പുതിയ പരീക്ഷണങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു.

സക്കര്‍ ഏറ്റെടുത്തത് മസ്‌കിന്റെ വെല്ലുവിളി

മസ്‌കിന്റെയും സക്കര്‍ബര്‍ഗിന്റെയും ഭിന്നതകള്‍ പരസ്യമായ കാര്യമാണ്. ‘എന്നെ തോല്‍പ്പിക്കാന്‍ പറ്റുമോ’? എന്ന ചോദ്യവുമായി വര്‍ഷങ്ങളായി ഇലോണ്‍ മസ്‌ക് സക്കര്‍ബര്‍ഗിനെ വെല്ലുവിളിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ പൊതുവേ, സക്കര്‍ബര്‍ഗ് അവഗണിക്കുകയാണ് പതിവ്. എന്നാല്‍, തല്ലുകൂടാന്‍ തയാറാണെന്ന് അറിയിച്ചുകൊണ്ട് ഇപ്പോള്‍ സക്കര്‍ബര്‍ഗ് രംഗത്തെത്തിയതോടെ അമ്പരന്നിരിക്കുകയാണ് ടെക് ലോകം. ട്വിറ്ററിന് എതിരാളിയായ പുതിയ ത്രെഡ്സ് എന്ന ആപ്പ് ഇറക്കിക്കൊണ്ടാണ് മെറ്റ തലവന്‍ ഇലോണ്‍ മസ്‌കിനെ സക്കര്‍ വെല്ലുവിളിച്ചിരിക്കുന്നത്. ത്രെഡ്സ് എന്നു പേരിട്ട ആപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ട്വിറ്ററിന് വെല്ലുവിളിയുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ത്രെഡ്‌സ് പുറത്തിറക്കിയത്. ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡ് ആണ് സജ്ജമാക്കിയിരിക്കുന്നത്. മെറ്റയും ട്വിറ്ററും നേരിട്ടൊരു ഏറ്റുമുട്ടലിലേക്കാണ് ഇതെത്തിയിരിക്കുന്നത്.

ത്രെഡ്‌സിനെ അറിയാം

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ പ്ലേ സ്റ്റോറിലും സൗജന്യമായി തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. കൂടാതെ ആളുകളെ വേഗത്തില്‍ തന്നെ ഈ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാന്‍ ഇന്‍സ്റ്റാഗ്രാമിലെ തന്നെ വിവരങ്ങള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് ആയി ലോഗിന്‍ ചെയ്യാനുള്ള അവസരവും ത്രെഡ്‌സ് നല്‍കുന്നു. ചെറുവാചകങ്ങളായി കുറിപ്പുകള്‍ പങ്കുവയ്ക്കാവുന്ന രീതിയില്‍ ട്വിറ്ററിന് സമാനമായ അനുഭവമായിരിക്കും ത്രെഡ്‌സിലും ലഭിക്കുക. ട്വിറ്റര്‍ മാതൃകയില്‍ ടെക്സ്റ്റ് ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്.

വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയല്ലാതെ എഴുത്തിനു പ്രാധാന്യം നല്‍കുന്നതാണ് ത്രെഡ്‌സ്. ഓരോ പോസ്റ്റുകളിലും 500 കാരക്ടര്‍ വരെ ചേര്‍ക്കാനും കഴിയും. അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ലിങ്കുകളും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനും സാധിക്കും. ട്വിറ്ററിന് സമാനമായ യൂസര്‍ ഇന്റര്‍ഫേസാണ് ത്രെഡ്സിനുള്ളത്. ത്രെഡ് പോസ്റ്റുകള്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമായി പങ്കിടാന്‍ സാധിക്കും. ത്രെഡ്സ് ആപ്പ് സൗജന്യ സേവനമായിരിക്കും.

ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവും ഉണ്ടാവില്ലെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറുകളില്‍ നിന്ന് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. അതിന് ശേഷം ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ഇന്‍സ്റ്റഗ്രാം ഇല്ലാത്തവര്‍ക്ക് ത്രെഡ്‌സില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ പുതിയ ഇന്‍സ്റ്റ അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ആപ് അനുമതി തേടുക മാത്രമാണ് ചെയ്യുക. അതായത് വീണ്ടും ലോഗിന്‍ വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടതില്ല. ത്രെഡ്‌സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാമിലേതിനു സമാനമായ റൂള്‍ തന്നെ ആണ് നല്‍കിയിരിക്കുന്നത്. നമുക്ക് താല്‍പര്യമില്ലാത്ത അക്കൗണ്ടുകളെ അണ്‍ഫോളോ, മ്യൂട്ട്, അല്ലെങ്കില്‍ ബ്ലോക്കിംഗ് എന്നീ മാര്‍ഗങ്ങള്‍ സ്വീകിരിക്കാം.

സ്വീകാര്യതയും പ്രതിസന്ധികളും

ത്രെഡ്‌സ് ആപ്പിന് ലഭിച്ച സ്വീകാര്യത അടുത്തകൊലത്തൊന്നും ഒരു സമൂഹമാധ്യമ ആപ്പിനും കിട്ടിയിട്ടില്ല. തുടക്കത്തില്‍ തന്നെ മില്യണ്‍ യൂസര്‍മാര്‍ എന്ന വലിയ നേട്ടം ത്രെഡ്‌സ് ആപ്പ് സ്വന്തമാക്കി. ട്വിറ്ററിന് സമാനമായ ആപ്പ് തന്നെയാണ് ത്രെഡ്‌സ്. ത്രെഡ്‌സ് ട്വിറ്ററിനെ അതേ പടി കോപ്പിയടിച്ചെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് തന്നെ പറയാം. ഇന്‍സ്റ്റയിലെ ഫോളോവേഴ്‌സിനെ അത് പോലെ ഇങ്ങോട്ട് കൊണ്ടുവരാം. വേണമെങ്കില്‍ ഒഴിവാക്കുകയും ആകാം. ട്വിറ്ററിലേത് പോലെ ചുരുക്കം വാക്കുകളില്‍ കാര്യം പറയണം. ലൈക്കും റീട്വിറ്റും റിപ്ലൈയും അല്ലാതെ മറ്റ് യാതൊരു സവിശേഷതകളും ഇല്ല.

ഹാഷ് ടാഗുകളും ട്രെന്‍ഡിങ്ങും ഒന്നും ഇല്ലാഞ്ഞിട്ടും ആളുകള്‍ ത്രെഡ്‌സിലേക്ക് ആകര്‍ഷിക്കപ്പെടുന്നതില്‍ കാരണം മറ്റൊന്നുമല്ല. മസ്‌ക് ട്വിറ്ററില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ തന്നെയാണ്. ഉപയോക്താക്കള്‍ക്ക് അധികം നിയന്ത്രണങ്ങള്‍ ഇല്ലാതെ എളുപ്പത്തിലും സുഗമമായ രീതിയിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന സോഷ്യല്‍ മീഡിയ സംവിധാനങ്ങളാണ് താല്പര്യം. ഇവിടെ നിയന്ത്രണങ്ങള്‍ ഉപയോക്താക്കളില്‍ താല്പര്യം കുറയ്ക്കും. അതുകൊണ്ട് തന്നെയാണ് മെറ്റയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രഡ്‌സിന് ചുരുങ്ങിയ സമയം കൊണ്ട് വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണമായത്.

കഴിഞ്ഞ ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് മസ്‌ക് ട്വിറ്റര്‍ വാങ്ങിയെങ്കിലും ഉപയോക്താക്കളെയും പരസ്യദാതാക്കളെയും അകറ്റുന്ന വിധം ജീവനക്കാരെ വെട്ടിക്കുറച്ചതും ഉള്ളടക്ക മോഡറേഷന്‍ വിവാദങ്ങളും കാരണം പ്ലാറ്റ്‌ഫോമിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ട്വിറ്ററിന്റെ പുതിയ നീക്കങ്ങള്‍ നിരവധി വിവാദങ്ങളും ഉണ്ടാക്കി. ഉപയോക്താക്കള്‍ക്ക് പ്രതിദിനം വായിക്കാന്‍ കഴിയുന്ന ട്വീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടുന്നയായിരുന്നു അവ. ഈ സാഹചര്യത്തിലാണ് ത്രെഡ്‌സ് വിപണിയില്‍ ചുവടുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ആദ്യദിനം തന്നെ തരംഗമായി

ചുരുങ്ങിയ സമയംകൊണ്ട് വലിയ ജനപ്രീതിയാണ് ത്രഡ്‌സിന് ലഭിച്ചത്. ആദ്യ ദിവസം തന്നെ 30 ദശലക്ഷം ഉപയോക്താക്കള്‍ ആപ്പില്‍ സൈന്‍ അപ്പ് ചെയ്തതായാണ് മെറ്റ സിഇഒ സക്കര്‍ബര്‍ഗ് അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ട്വിറ്റര്‍ മാതൃകയില്‍ ടെക്സ്റ്റ് ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ത്രെഡ്സ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അത് ട്വിറ്ററില്‍ ട്രെന്റിങ് ആയി എന്നത് എടുത്തുപറയേണ്ടതാണ്.

അടുത്തിടെയായി ട്വിറ്റര്‍ വലിയ പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമിടാക്കി തുടങ്ങിയതുമൊക്കെ ട്വിറ്ററിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്സ് ഗുണം ചെയ്തുവെന്നും അത് പ്രത്യക്ഷത്തില്‍ ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിന് തിരിച്ചടിയാണെന്നും ടെക് ലോകം വിലയിരുത്തുന്നു. ത്രെഡ്സ് ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡും എഴുത്തുരീതിയും പിന്തുടരുന്നതിനാല്‍ പുതിയ ഉപയോക്താക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് കുറക്കുന്നു. നേരത്തെ ടെലഗ്രാം അനുകരിച്ചുള്ള വ്ടാസ്ആപ്പ് ഫീച്ചറുകളും സ്നാപ്ചാറ്റ് അനുകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ഫീച്ചറും ടിക്ടോക് അനുകരിച്ചുള്ള റീല്‍സ് ഫീച്ചറും മെറ്റയുടെ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമിനെ കൂടുതല്‍ ജനപ്രീതിയാക്കുകയാണ് ചെയ്തിട്ടുള്ളത്.

ട്വിറ്ററും ത്രെഡ്‌സും

ഒറ്റ പോസ്റ്റില്‍ 500 ക്യാരക്ടര്‍ ആണ് പരമാവധി ഉള്‍ക്കൊള്ളിക്കാനാകുക എന്ന് മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ട്വിറ്ററില്‍ നിലവില്‍ 280 ക്യാരക്ടേഴ്‌സ് ആണ് പരമാവധി സംഖ്യ. ഇന്‍സ്റ്റഗ്രാമില്‍ വെരിഫൈഡ് ബ്ലൂ ബാഡ്ജ് ഉള്ളവര്‍ക്ക് ത്രെഡ്‌സിലും അതു പോലെ നിലനിര്‍ത്താം. അതേ സമയം ട്വിറ്ററില്‍ ബ്ലൂ ബാഡ്ജിനായി എട്ട് ഡോളര്‍ നല്‍കണം. അതായത് ഇന്ത്യന്‍ രൂപയില്‍ 661 രൂപയോളം. ഈ പണം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനും ക്യാരക്ടര്‍ ലിമിറ്റ് 25,000 വരെ ആക്കാനും കൂടി ഉപകരിക്കും. എന്നാല്‍ മെറ്റ നിലവില്‍ ഇത്തരത്തില്‍ ഒരു ഓപ്ഷന്‍ അവതരിപ്പിച്ചിട്ടില്ലെന്നു വേണം പറയാന്‍. പരസ്യങ്ങളൊന്നും നല്‍കാതെയാണ് ത്രെഡ്‌സ് ലോഞ്ച് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ ഫീഡില്‍ പരസ്യങ്ങള്‍ നല്‍കാറുണ്ട്.

ത്രെഡ്‌സിലെ ആശങ്കകള്‍

ത്രെഡ്‌സിന്റെ ഭാവി സംബന്ധിച്ച് ആശങ്കയുള്ളവരും ഉണ്ട്. നിലവില്‍ ഫേസ്ബുക്ക് അക്കൗണ്ടോ, ഇന്‍സ്റ്റ അക്കൗണ്ടോ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ ത്രെഡ്‌സ് ആരംഭിക്കാം. അതിനാല്‍ തന്നെ തുടക്കത്തില്‍ യൂസര്‍മാരെ ലഭിക്കാനുള്ള പ്രതിസന്ധി ത്രെഡ്‌സിന് മുന്നിലില്ല. എന്നാല്‍ ഇന്‍സ്റ്റാഗ്രാം ആപ്പ് ഡിലീറ്റ് ചെയ്യാതെ ത്രെഡ്‌സ് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ കഴിയാത്തതാണ് ഇതില്‍ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. അതായത് നിങ്ങളുടെ ത്രെഡ്സ് ഐഡി ഡിലീറ്റ് ചെയ്താല്‍ അതോടൊപ്പം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യപ്പെടും. കൂടാതെ ത്രെഡ്സ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്.

ട്വിറ്ററിന് വെല്ലുവളി തന്നെ

ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ ഒരു നിയന്ത്രണവും ഉണ്ടാവില്ല. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനമായതിനാല്‍ വലിയ ഒരു വിഭാഗം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ത്രെഡ്‌സിനു കഴിഞ്ഞേക്കും. ഇത് ട്വിറ്റര്‍ വഴിയുള്ള വ്യാപാര രംഗത്തെ വലിയ തോതില്‍ ബാധിച്ചേക്കുമെന്നാണ് സൂചന. ത്രെഡ്സ് ആപ്പ് സൗജന്യ സേവനമായിരിക്കുമെന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

മസ്‌ക് ചുമതലയേറ്റത് മുതല്‍ ട്വിറ്ററില്‍ തുടരെ തുടരെ മാറ്റങ്ങളാണ്. പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലും അദ്ദേഹം നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് ഉപയോക്താക്കളെയും ഏറെ അസ്വസ്ഥരാക്കി. സൗജന്യമായി ലഭിച്ചിരുന്ന പല ട്വിറ്റര്‍ സേവനങ്ങളും പെയ്ഡ് ആക്കാനുള്ള ശ്രമവും മസ്‌കിന്റെ ഭാഗത്ത് നിന്നുണ്ടായി. ഇത് ആളുകളുടെ കൊഴിഞ്ഞു പോക്കിനും സൗജന്യ സേവനമായി രംഗത്തെത്തിയിരിക്കുന്ന മെറ്റയുടെ ത്രെഡ്സ് ആപ്പിലേക്ക് ആകര്‍ഷിക്കാനും കാരണമായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ സക്കര്‍ കൊണ്ടുവരുന്ന സോഷ്യല്‍ മീഡിയയിലെ പുതുപരീക്ഷണങ്ങള്‍ മസ്‌കിനെ ഉന്നംവച്ചുതന്നെ ആണെന്ന് ഉറപ്പിക്കാം.

ത്രെഡ്‌സിനെതിരെ ട്വിറ്റര്‍ സ്ഥാപകന്‍

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ളതാണ് മെറ്റയുടെ ത്രെഡ്‌സ് എന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ജാക് ഡോഴ്‌സി. നിങ്ങളുടെ ത്രെഡ്‌സ് എല്ലാം ഞങ്ങളുടേതാണ് എന്ന ജാകിന്റെ ട്വീറ്റിന് ഇലോണ്‍ മസ്‌ക് അതെ എന്ന് കമന്റും ചെയ്തിട്ടുണ്ട്. ത്രെഡ്സ് ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍, വ്യക്തി വിവരങ്ങള്‍, ബ്രൗസിങ് ഹിസറ്ററി, സര്‍ച്ച് ഹിസ്റ്ററി, ലൊക്കേഷന്‍ എന്നിവയുള്‍പ്പെടെ ശേഖരിക്കുമെന്നാണ് ആരോപണം.

Eng­lish Sam­mury: Chal­lenge Twitter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.