സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി.
ജിഫ്രി തങ്ങള്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അങ്ങനെയുണ്ടായാൽ തന്നെപറ്റി എഴുതുന്നവരെ പിടികൂടിയാൽ മതിയെന്ന്, ആനക്കയത്ത് അഖില കേരള ഹിഫ്ള് കോളജ് ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ജിഫ്രി തങ്ങള്‍ പറഞ്ഞു. ഇതിലൊന്നും താൻ പേടിക്കില്ലെന്നും അങ്ങനെയാണ് മരണമെങ്കിൽ അങ്ങനെ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മുസ്‌ലിം ലീഗ് പ്രതിരോധത്തിലായി.
സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുള്ള മൗലവിയെ 2010 ഫെബ്രുവരിയിലാണ് ചെമ്പരിക്ക കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വഖഫ് നിയമന വിഷയത്തിൽ വർഗീയ രാഷ്ട്രീയ ലക്ഷ്യവുമായി രംഗത്തെത്തിയ മുസ്‌ലിം ലീഗിന്റെ നീക്കങ്ങൾ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ നിലപാടിലൂടെയായിരുന്നു തകർന്നടിഞ്ഞത്. ജമാ അത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള വർഗീയ സംഘടനകളുമായി ചേർന്ന് പള്ളികൾ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനായിരുന്നു ലീഗ് നീക്കം. എന്നാൽ പള്ളികൾ കേന്ദ്രീകരിച്ച് പ്രക്ഷോഭത്തിനില്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കിയതോടെ ഈ നീക്കം പരാജയപ്പെട്ടു.
വർഗീയ നീക്കവുമായി ലീഗ് മുന്നോട്ടു പോകുന്നതിനിടെ മുഖ്യമന്ത്രിയുമായി സമസ്ത പ്രതിനിധികൾ ചർച്ച നടത്തുകയും ചർച്ചയിൽ സമസ്ത തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സർക്കാരുമായി ചർച്ചകൾക്ക് അവസരം ഉണ്ടായിട്ടും അതിന് ശ്രമിക്കാതെ ബോധപൂർവം രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുള്ള നീക്കമാണ് ലീഗ് നടത്തിയതെന്ന അഭിപ്രായം സമസ്ത പ്രകടിപ്പിക്കുകയും ചെയ്തു. സമസ്തയിലെ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള മതനേതാക്കളെ അനുകൂലമായി ഉപയോഗപ്പെടുത്താനായിരുന്നു ലീഗ് ശ്രമം. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കം തകർത്തത് സമസ്തയാണെന്ന പ്രചാരണവുമായി ലീഗ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയത്.
ലീഗിന്റെ പ്രമുഖ നേതാക്കളടക്കം സമസ്തയ്ക്കും ജിഫ്രി തങ്ങൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ മോശമായി പ്രതികരിക്കുകയും ചെയ്തു. സമസ്തയെ പിളർത്താനും സമസ്തയിൽ ജിഫ്രി തങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കമായിരുന്നു ലീഗിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മത രാഷ്ട്രവാദികളായ ജമാ അത്തെ ഇസ്‌ലാമിയുമൊത്ത് കേരളത്തിലെ മതേതര വാദികളായ മുസ്‌ലിങ്ങളെ വർഗീയവല്‍ക്കരിക്കാനുള്ള ലീഗ് നീക്കങ്ങളെ ചെറുത്തതിന്റെ പേരിൽ വലിയ തോതിലുള്ള അസഭ്യവർഷവും പരിഹാസവുമാണ് ലീഗ് പ്രവർത്തകർ ജിഫ്രി തങ്ങൾക്കെതിരെ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് വധഭീഷണിയും ഉണ്ടായിരിക്കുന്നത്.
English Summary: Threatens to Gifry Thangal: League under resistence
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.