22 December 2024, Sunday
KSFE Galaxy Chits Banner 2

പൂരം കലക്കൽ: നിഗൂഢതയുടെ മറ നീക്കണം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
September 27, 2024 4:30 am

തൃശൂർപൂരം തൃശിവപേരൂര്‍കാരുടെ മാത്രം ഉത്സവമല്ല. നാടെങ്ങുമുള്ള മലയാളികളുടെ വൈകാരിക മുഹൂർത്തങ്ങളുടെ ആഘോഷമാണത്. ജാതിമത ഭേദങ്ങളില്ലാതെ മലയാളികൾ സാഹോദര്യത്തിന്റേതായ മഹനീയതയില്‍ കൈകോർക്കുന്ന വിശിഷ്ടോത്സവമാണ് പൂരം. ആനകളും വെഞ്ചാമരങ്ങളും കുടമാറ്റവും മേളവാദ്യങ്ങളും ആരവങ്ങളും വെടിക്കെട്ടും അരങ്ങൊരുക്കുന്ന തൃശൂർപൂരം കാണാനും ആസ്വദിക്കാനും വടക്കുംനാഥന്റെ മുന്നിലെത്തിച്ചേരുന്നത് പതിനായിരക്കണക്കിന് മനുഷ്യരാണ്. അവരിൽ ഭക്തർ മാത്രമല്ല സാംസ്കാരിക സാമൂഹ്യപ്രവർത്തകരുമുണ്ട്.
ആ മഹോത്സവം പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ അകാരണമായി, അലങ്കോലപ്പെടുത്തിയത് എല്ലാ മലയാളികളെയും ആശ്ചര്യപ്പെടുത്തി. ആസൂത്രിതമായ ഗൂഢാലോചന അതിനു പിന്നിലുണ്ടെന്ന് അന്നുതന്നെ വ്യാപകമായ നിലയിൽ ആക്ഷേപമുയർന്നിരുന്നു. നാളുകൾ പിന്നിടുമ്പോൾ അത് കൂടുതൽക്കൂടുതൽ സംശയാസ്പദമായ നിലയിൽ വളരുന്നു. പൂരം കലക്കൽ വിവാദമുയർന്നപ്പോൾ മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകിയിരുന്നു. ഒരാഴ്ചയെ അഞ്ചുമാസമായി മാറ്റുകയായിരുന്നു എഡിജിപി.
പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ തൃശൂർ പൊലീസ് കമ്മിഷണറുടെ അനുഭവപരിചയക്കുറവാണ് പൂരം അലങ്കോലമാകാൻ കാരണമെന്ന് എഡിജിപിയുടെ കണ്ടെത്തൽ. സിറ്റി പാെലീസ് കമ്മിഷണർക്ക് പൂരം കലങ്ങിയതിനു പിന്നാലെ തന്നെ സ്ഥാനചലനം സംഭവിച്ചിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പരാതികളും പൂരം നടത്തിപ്പിലെ അനാസ്ഥയെക്കുറിച്ച് നിലവിലുണ്ട്. തിരുവമ്പാടി ദേവസ്വം സിബിഐ അന്വേഷണം പോലും ആവശ്യപ്പെടുന്നുണ്ട്.


ഇടതുപക്ഷ രാഷ്ട്രീയം സംശയങ്ങൾക്കതീതം


ദുരൂഹതകൾ വർധിക്കുന്നത് പൂരം കലക്കൽ ദിനത്തിലും അതിനുമുമ്പും അന്വേഷണം നടത്തിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി തൃശൂരിൽത്തന്നെ ഉണ്ടായിരുന്നുവെന്നതാണ്. അദ്ദേഹം തന്നെ അന്വേഷണം നടത്തി കുറ്റഭാരം മുഴുവൻ കമ്മിഷണറുടെ ശിരസിൽ കെട്ടിവയ്ക്കുന്നതിലെ ഫലിതം ചെറുതല്ല. പൂരപ്രേമികളെ പൊലീസ് തടഞ്ഞുവയ്ക്കുകയും ലാത്തിചാർജ് നടത്തുകയും ബാരിക്കേഡുകൾ തീർത്ത് നഗരവഴികൾ അടച്ചിടുകയും വെടിക്കെട്ട് പാടില്ലെന്ന് നിർദേശിക്കുകയും ചെയ്യുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ പണിയെന്തായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെയാണ് ഗൂഢാലോചനയുടെ അന്തർധാരകൾ വെളിച്ചത്തുവരണമെന്ന ആവശ്യം പ്രസക്തമാവുന്നത്.

സുരക്ഷാക്രമീകരണങ്ങളുടെ ബ്ലൂപ്രിന്റുകൾ പൊളിച്ചടുക്കി, പുതിയ ക്രമീകരണങ്ങൾ സൃഷ്ടിച്ചത് ഇതേ ഉദ്യോഗസ്ഥനാണെന്ന് വാർത്തകൾ പുറത്തുവരുന്നു. തൃശൂർ പൊലീസ് ക്ലബ്ബിൽ തങ്ങുകയായിരുന്നു, പൂരം കലക്കൽ അരങ്ങേറുമ്പോൾ അന്വേഷണം നടത്തിയ ഈ ഉദ്യോഗസ്ഥപ്രമുഖൻ. ആ സമയം അദ്ദേഹത്തിന്റെ മൊബൈൽ ഫോണുകൾ ഉറക്കത്തിലായിരുന്നുവെന്നും മന്ത്രിമാർക്ക് പോലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ലെന്നും വാർത്തകൾ പുറത്തുവരുന്നു.
റവന്യു മന്ത്രിക്ക് പോലും പൂരം കലക്കൽ അരങ്ങേറുമ്പോൾ സംഭവസ്ഥലത്തേക്ക് ചെല്ലാൻ കഴിയാത്തവിധത്തിൽ വഴി മുടക്കിയിരുന്നു. അതേസമയം തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് സേവാ ഭാരതിയുടെ ആംബുലൻസിൽ പൂരപ്പറമ്പിലെത്താൻ അവസരമൊരുക്കുകയും ചെയ്തു. പൂരം കലക്കൽ തുടങ്ങുമ്പോൾ ആംബുലൻസ് തയ്യാറാക്കി സുരേഷ് ഗോപിയെ സംഭവസ്ഥലത്തെത്തിച്ചത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നതിന്റെ സൂചനയാണ്.
പൂരം കലക്കിയതിനു പിന്നാലെ സംഘ്പരിവാറുകാര്‍ നവമാധ്യമങ്ങളിലൂടെ പൂരം അലങ്കോലമാക്കിയത് എൽഡിഎഫ് സർക്കാരും എൽഡിഎഫ് സ്ഥാനാർത്ഥിയുമെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും കുത്തകാവകാശം തങ്ങൾക്കാണെന്ന് ഘോരഘോരം ഘോഷിക്കുന്ന ബിജെപിക്ക് തൃശൂർ പൂരം അലങ്കോലമാക്കിയതിൽ തെല്ലും വേദനയും രോഷവുമില്ലെന്നതും കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒരു പ്രസ്താവന പോലും നടത്താത്ത ബിജെപിയും സംഘ്പരിവാരവും വിശ്വാസവഞ്ചകരാണെന്ന് യഥാർത്ഥ വിശ്വാസികൾ തിരിച്ചറിയുന്നുണ്ട്.


മോഡിയുടെ ഏതു ഗ്യാരന്റിയെയും കേരളം പ്രതിരോധിക്കും


കേരളം മതനിരപേക്ഷതയുടെയും നവോത്ഥാനത്തിന്റെയും ഭൂമികയാണ്. വംശവിദ്വേഷത്തിനും വർഗീയ അജണ്ടകൾക്കും ഈ മണ്ണിൽ ഇടമില്ല. ഭൂരിപക്ഷ‑ന്യൂനപക്ഷ വർഗീയ ശക്തികളെ ചെറുത്തുതോല്പിക്കുന്നതിൽ എന്നും നിസ്തുലവും നിർണായകവുമായ പങ്കുവഹിച്ചത് ഇടതുപക്ഷ ശക്തികളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളം ഭരിക്കുമ്പോൾ ആർഎസ്എസ് മേധാവികളുമായി രഹസ്യ ചർച്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥര്‍ പോകുന്നത് ഇടതുപക്ഷ ആശയങ്ങൾക്കും പ്രത്യയശാസ്ത്രധാരകൾക്കും നിരക്കുന്നതല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുകയും നിരവധി വർഗീയ ലഹളകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും വംശവിദ്വേഷ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സംഘ്പരിവാരവുമായി കേരളത്തിലെ പൊലീസ് മേധാവികളിലെ ഉന്നതന് എന്താണ് ബാന്ധവം? അതിന്റെ വസ്തുതകൾ പുറത്തുവരണം.
പൂരം കലക്കലിൽ എഡിജിപിയുടെ പങ്കാളിത്തമെന്ത് എന്ന സംശയമുനകൾ ഉയരുന്നത് ആർഎസ്എസ് ബാന്ധവത്തിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ്. മതനിരപേക്ഷ കേരളത്തിൽ നിന്ന് പാർലമെന്റിലേക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ നടത്തിയ ആസൂത്രിത അജണ്ടയാണോ ഇതെന്ന് അറിയുവാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഗൂഢലക്ഷ്യങ്ങളുടെ തിരശീല നീക്കാനാവുന്ന അന്വേഷണമാണ് അനിവാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.