രാജ്യത്തിന്റെ ഭരണകൂടം മതാത്മകമായ അടിത്തറയിൽ ഭരണനിർവഹണം നടത്തുകയും മതാഭിമുഖ്യം പുലർത്തുന്ന ദേശീയ വാദത്തിലൂടെയും വ്യാജ ചരിത്രങ്ങളാൽ കെട്ടിപ്പടുത്ത ഹിന്ദുത്വ സിദ്ധാന്തത്തിലൂടെയും ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥയെ കളങ്കപ്പെടുത്തുകയും ചെയ്യുമ്പോൾ ഗാന്ധിയുടെ വീക്ഷണങ്ങൾ രാജ്യം വീണ്ടും ചർച്ചചെയ്യുകയാണ്. ഇന്ത്യൻ ദേശീയതയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആദ്യത്തെ ആക്രമണ പദ്ധതിയായിരുന്ന ഗാന്ധിവധം നടത്തിയ മനുഷ്യത്വ വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗാന്ധിയെക്കുറിച്ച് നടത്തിയ, സിനിമ വന്നതിനുശേഷമാണ് അദ്ദേഹത്തെ ലോകം അറിഞ്ഞത് എന്ന പരാമർശം ഓർമ്മയിലുണ്ടല്ലോ.
ചരിത്രം പരിശോധിക്കുമ്പോൾ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകാർക്കുമെതിരായ വിദ്വേഷ പ്രചരണങ്ങൾ തന്നെയാണ് ഗാന്ധിക്കെതിരെയും സംഘ്പരിവാർ എക്കാലവും നടത്തിയിരുന്നത് എന്ന് കാണാൻ കഴിയും. ഗാന്ധിവധത്തിൽ തങ്ങൾക്ക് സംഘടനാതലത്തിൽ യാതൊരു പങ്കുമില്ലെന്നും ഗോഡ്സെ ആർഎസ്എസ് അംഗമല്ലെന്നും നിരന്തരമായി പ്രഖ്യാപിച്ചിരുന്നത് വിഷയത്തിൽ തങ്ങളുടെ അപരാധപൂർണമായ പങ്കിനെ മറച്ചുപിടിക്കാനുള്ള ആർഎസ്എസിന്റെ കൗശലം തന്നെയായിരുന്നു. എന്നാൽ 1991 ജൂൺ അഞ്ചിന് പൂനെയിലെ ഒരു വാര്‍ത്താസമ്മേളനത്തിൽ നാഥുറാം വിനായക് ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെ പ്രസ്താവിച്ചത് തന്റെ സഹോദരൻ തികഞ്ഞ ആർഎസ്എസ് ഭക്തനാണ് എന്നാണ്.
1993 നവംബർ 23 ലക്കത്തില്‍ ഫ്രണ്ട്‌ലൈൻ ദ്വെെവാരിക നടത്തിയ അഭിമുഖത്തിലും നാഥുറാം വിനായക് ഗോഡ്സെയുടെ ആർഎസ്എസ് ബന്ധം ഗോപാൽ ഗോഡ്സെ മറയില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജി കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് പലതവണ ആവർത്തിച്ചിട്ടുള്ള ഗോപാൽ ഗോഡ്സെ, ഹിന്ദു രാഷ്ട്രത്തെ അനുസ്യൂതം അപമാനിച്ച ഒരാളെ രാഷ്ട്രത്തിനുവേണ്ടി ഉന്മൂലനം ചെയ്തയാളാണ് തന്റെ സഹോദരനെന്ന് അഭിമാനപൂർവം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗാന്ധിജിയുടെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ ആശയസംഹിതകളെ ഹിന്ദു മഹാസഭ പോലെയുള്ള മൗലികവാദ സംഘടനകളും ആർഎസ്എസും എതിർത്തിരുന്നു. ഗാന്ധിജിയോടും ഗാന്ധിയുടെ മതനിരപേക്ഷ കാഴ്ചപ്പാടുകളോടും എന്നും നിഷേധാത്മക സമീപനം സ്വീകരിച്ച ആർഎസ്എസിന്റെ രാഷ്ട്രീയ ഉപകരണമായ ബിജെപി, വർത്തമാന കാലത്ത് തങ്ങളുടെ ഭരണകാലയളവിൽ ഹിന്ദുരാഷ്ട്രപദ്ധതിയുടെ നിർവഹണത്തിനുള്ള നയങ്ങൾ അടിച്ചേല്പിക്കാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ രൂപപ്പെടുത്തിയ സ്വാതന്ത്ര്യ സമരങ്ങളോടുപോലും ബന്ധപ്പെട്ടിട്ടില്ലാത്ത രാഷ്ട്രവഞ്ചനയുടേതായ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്ന പ്രസ്ഥാനത്തിന് ഗാന്ധിയെ എങ്ങനെ ഉൾക്കൊള്ളാൻ കഴിയും? ഹൈന്ദവരും മുസ്ലിങ്ങളും ഏക രാജ്യമാണെന്നും ബഹുമത ഐക്യത്തിലൂടെ മാത്രമേ സ്വരാജ്യം സാധ്യമാകൂവെന്നും ഗാന്ധിജി പ്രഖ്യാപിച്ചപ്പോൾ ഹിന്ദുക്കളും മുസ്ലിങ്ങളും ഏക രാജ്യമാണെന്ന് പറയുന്നവർ ഹിന്ദുക്കളുടെ ശത്രുവാണെന്ന് പ്രഖ്യാപിച്ചയാളാണ് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാർ. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ദേശീയമതം പിൻപറ്റണമെന്നും ജോൺ, തോമസ്, അലി, എബ്രഹാം, ഹസൻ തുടങ്ങിയ പേരുകളുപേക്ഷിച്ച് രാമൻ, കൃഷ്ണൻ, അശോക്, പ്രതാപ് തുടങ്ങിയ പേരുകൾ സ്വീകരിക്കണമെന്നും 1960ൽ ‘പാഞ്ചജന്യ’ത്തിൽ ലേഖനമെഴുതിയത് ആര്‍എസ്എസ് നേതാവ് ഗോൾവാൾക്കറാണ്.
ഭരണത്തിലേറിയ നാൾ മുതൽ തീവ്ര ഹിന്ദുത്വ അജണ്ട ലക്ഷ്യംവച്ച് ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും നിർമ്മൂലനം ചെയ്യാൻ മോഡിക്കും കൂട്ടർക്കും പ്രചോദനമാകുന്നത് അവർ പ്രഖ്യാപിത നയങ്ങളായി കാണുന്ന ഗാന്ധി വിരുദ്ധ കാഴ്ചപ്പാടുകൾ തന്നെയാണ്. തീവ്രദേശീയതയുടെ മറവിൽ ഹൈന്ദവ ഏകീകരണ വാദത്തെയും അപരമത ഉന്മൂലന നിർദേശത്തെയും ബുദ്ധിപരമായി സ്ഥാപിച്ചെടുക്കുന്ന രാഷ്ട്രീയ ദർശനം സാംസ്കാരികമായി സംയുക്തമായ ഒരു സമൂഹത്തെയും അതിന്റെ ആചാരങ്ങളെയും ഏകമുഖവും ഏകതാനവും ആക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.
വി ഡി സവർക്കർ ഉയർത്തിയ ‘സൈന്യത്തെ ഹിന്ദുവല്‍ക്കരിക്കുക; ഹിന്ദുക്കളെ സൈനികവല്‍ക്കരിക്കുക’ എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തെ മതാധിഷ്ഠിതമായി വിഭജിക്കുകയെന്ന ലക്ഷ്യത്തെ രാഷ്ട്രീയ സൈദ്ധാന്തിക പദ്ധതിയായിത്തന്നെ അവതരിപ്പിച്ച ആർഎസ്എസ്, ഭരണ സംവിധാനങ്ങളാകമാനം സംഘ്പരിവാർ നിയന്ത്രണത്തിൻകീഴിൽ കൊണ്ടുവരാനുള്ള നീക്കവും വ്യാപകമാക്കുകയാണ്. 1946 ജൂലൈ 14ന് നാഗ്പൂരിൽ നടന്ന ഗുരു പൂർണിമ സംഗമത്തിൽ തങ്ങളുടെ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നത് കാവിപ്പതാകയാണെന്ന് പ്രഖ്യാപിച്ച ഗോൾവാൾക്കർ അനന്തരം രാജ്യം മുഴുവൻ കാവിപ്പതാകയുടെ മുന്നിൽ വണങ്ങുന്ന ദിനമാണ് സ്വപ്നം കാണുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പതാകയുടെ നിറം കാവിയായിരിക്കണമെന്നാണ് 1947 ജൂലെെ 17ന് ‘ഓർഗനൈസറി’ൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലും ആർഎസ്എസ് ആവശ്യപ്പെട്ടത്.
ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികമായ 2025 ആകുമ്പോഴേക്കും ഹിന്ദുത്വരാഷ്ട്ര സംസ്ഥാപനമെന്ന ലക്ഷ്യത്തിന് വേണ്ടി മതരാഷ്ട്രവാദം ഉയർത്തി ഇന്ത്യൻ ദേശീയതയെ നിരന്തരം അസ്ഥിരീകരിക്കുകയാണ് സംഘ്പരിവാർ. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനില്പിനായുള്ള പോരാട്ടങ്ങളും പ്രതിരോധങ്ങളും കൂടുതൽ പ്രസക്തവും അനിവാര്യവുമായിരിക്കുന്ന സാമൂഹ്യ — രാഷ്ട്രീയ പശ്ചാത്തലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വർഗീയ ധ്രുവീകരണം ആസൂത്രിതമായി സൃഷ്ടിച്ച് പൗരന്മാരെ ഭിന്നിപ്പിക്കുകയും അതുവഴി ഭരണകൂടത്തിനെതിരെ ഉയർന്നുവരുന്ന യോജിച്ച ജനാധിപത്യ പ്രക്ഷോഭങ്ങളെ ഇല്ലായ്മ ചെയ്യുകയുമാണ് ഫാസിസ്റ്റ് ഭരണകൂടം.
ജനവിരുദ്ധ നയങ്ങൾക്കെതിരായ വിമർശനങ്ങളെ ദേശദ്രോഹകരമായി ചിത്രീകരിക്കുകയും എതിരഭിപ്രായം രേഖപ്പെടുത്തുന്നവർക്കെതിരെ നിരന്തരം രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്യുന്നു. ജനാധിപത്യ സമരങ്ങളെപ്പോലും കുറ്റകൃത്യമായി വ്യാഖ്യാനിക്കുന്ന നിയമനിർമ്മാണങ്ങളും ഭേദഗതികളും കഴിഞ്ഞനാളുകളിൽ രാജ്യം കാണുകയുണ്ടായി. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ബഹുസ്വരതയും സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ആവശ്യകതയാണ് ഈ ഗാന്ധി ജയന്തി ദിനത്തിൽ എഐവൈഎഫ് ഓർമ്മപ്പെടുത്തുന്നത്. അതിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് ജില്ലാ കേന്ദ്രങ്ങളിൽ എഐവൈഎഫ് ‘ഗാന്ധി സ്മൃതി സംഗമം’ നടത്തുകയാണ്. ജനാധിപത്യവിശ്വാസികളുടെ മുഴുവന്‍ സഹകരണം പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.