22 November 2024, Friday
KSFE Galaxy Chits Banner 2

സ്റ്റാർട്ടപ്പുകൾക്ക് കൈത്താങ്ങാകാൻ

കെഎൻ ബാലഗോപാല്‍
September 2, 2024 4:30 am

കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖല സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തുന്നതെന്ന് വ്യക്തമാക്കുന്ന ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോർട്ട് അഭിമാനകരമാണ്. ആഗോളതലത്തിൽ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ ശരാശരി മൂല്യവർധന 46 ശതമാനമായിരിക്കെ കേരളത്തിലേത് 254 ശതമാനമാണെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. അഫോഡബിൾ ടാലന്റ് ഇന്‍ഡക്സിൽ ഏഷ്യയിലെ നാലാം സ്ഥാനവും കേരളത്തിനാണ്. സ്റ്റാർട്ടപ്പ് ജീനോം, ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് നെറ്റ്‌വർക്ക് എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ തിരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു അംഗീകാരമാണ്. ബിസിനസ് ഇൻക്യുബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യുബിഐ ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിലാണ് സ്റ്റാർട്ടപ്പ് മിഷൻ ഈ നേട്ടം കൈവരിച്ചത്. അയ്യായിരത്തിൽപ്പരം സ്റ്റാർട്ടപ്പുകളുടെ തുടക്കത്തിന് കളമൊരുക്കിയ നമ്മുടെ പ്രവർത്തനങ്ങളാണ് ഇത്തരത്തിൽ അംഗീകരിക്കപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിൽനിന്നുള്ള ജെൻ റോബോട്ടിക്സാണ്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലാണ് എഐ ഗെയിം ചേഞ്ചേഴ്സ് വിഭാഗത്തിൽ ജെൻ റോബോട്ടിക്സ് ഈ നേട്ടം കൈവരിച്ചത്.
മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി ബാൻഡിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് അത്ഭുതം സൃഷ്ടിച്ച ജെൻ റോബോട്ടിക്സ് 2018ൽ കേരള സർക്കാരിന്റെ സഹകരണത്തോടുകൂടിയാണ് സ്റ്റാർട്ടപ്പ് ആയി പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളിൽ ഒന്നായി ഇത് വളർന്നിരിക്കുന്നു. നവീനമായ ആശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനും വർക്‌ഷോപ്പിനുമുള്ള സ്ഥലം ടെക്നോപാർക്കിൽ നൽകുകയും ചെയ്തത് സംസ്ഥാന സർക്കാരാണ്. അതുകൊണ്ടുതന്നെ ഈ നേട്ടം നാടിന്റെ അഭിമാനമായാണ് സർക്കാർ കാണുന്നത്.
യുവാക്കൾക്ക് നാട്ടിൽത്തന്നെ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ കഴിവുകൾ സംസ്ഥാനത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുക എന്നീ നയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം. അതിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ച സാധ്യമാക്കാനായിരുന്നു ശ്രമം. ഈ പരിശ്രമങ്ങളുടെ ഫലമായി കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. പുതിയ സംരംഭകർക്ക് വേണ്ടത് മതിയായ സാമ്പത്തിക പിന്തുണയാണ്. സ്റ്റാർട്ടപ്പ് എന്ന നിലയ്ക്ക് ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് സാമ്പത്തിക പിന്തുണ ഉറപ്പാക്കുക പ്രയാസകരമായ കാര്യമാണ്. ഈട്‌‌രഹിത വായ്പ നൽകാൻ ബാങ്കുകൾ പലപ്പോഴും തയ്യാറാകുന്നില്ല. ഉയർന്ന പലിശ നിരക്കിലുള്ള വായ്പകൾ പിച്ചവയ്ക്കുന്ന സ്റ്റാർട്ടപ്പുകളെ ശ്വാസം മുട്ടിക്കുന്ന അനുഭവങ്ങളും പലരും പങ്കുവയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫിനാൻഷ്യൽ കോർപറേഷനോ(കെഎഫ്‌സി)ട് ഈ രംഗത്ത് ഇടപെടാൻ സർക്കാർ നിർദേശിച്ചത്.
സാങ്കേതികവിദ്യാധിഷ്ഠിത ആശയങ്ങളായിരുന്നു നവസംരംഭകരുടെ മൂലധനം. അവർക്ക് എളുപ്പത്തിൽ ധനലഭ്യത ഉറപ്പാക്കുക എന്ന സർക്കാർ നയം കെഎഫ്‌സി നടപ്പാക്കി. ഇതിനകം 61 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണ നല്‍കി. 78.52 കോടി രൂപയാണ് വായ്പയായി വിതരണം ചെയ്തത്. കുറഞ്ഞ പലിശ നിരക്കാണ് ഈ വായ്പകളുടെ പ്രത്യേകത. ഈടില്ലാതെ 10 കോടിവരെ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കാൻ കെഎഫ്‌സിക്ക് പദ്ധതിയുണ്ട്. 5.6 ശതമാനമാണ് പലിശ നിരക്ക്. മൂന്നു ശതമാനം പലിശ സർക്കാർ ഏറ്റെടുക്കുന്നു. ഈ തുക സബ്സിഡിയായി നൽകുന്നതിനാവശ്യമായ പണം ബജറ്റിൽതന്നെ ഉറപ്പാക്കി. സബ്സിഡി ഉറപ്പാക്കിയതോടെ വായ്പയുടെ പലിശ സംരംഭകന് താങ്ങാൻ കഴിയുന്ന നിലയിലായി. അതുമൂലം തിരിച്ചടവിലും വലിയ പ്രയാസങ്ങളുണ്ടാകുന്നില്ലെന്ന് സംരംഭകൾ സാക്ഷ്യപ്പെടുത്തുന്നു.
ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ നിരവധി സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ നമുക്ക് സാധിച്ചു. അറുനൂറിലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും അത്രത്തോളം തന്നെ നേരിട്ടല്ലാതെയുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജെൻ റോബോട്ടിക്സിനൊപ്പം അണ്ടർ വാട്ടർ ഡ്രോണുകൾ നിർമ്മിക്കുന്ന ഐ റോവ്, സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന അലീബി തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളും ഉൾപ്പെടുന്നു.
ഈ വർഷം നൂറ് സ്റ്റാർട്ടപ്പുകൾക്കെങ്കിലും സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് കോർപറേഷന്റെ ലക്ഷ്യമെന്നാണ് ചുമതലക്കാർ അറിയിച്ചിട്ടുള്ളത്.
ചെറുപ്പക്കാരുടെ ആശയങ്ങൾക്ക് ഊർജം പകരുകയെന്ന എൽഡിഎഫ് സർക്കാരിന്റെ നയത്തിന് മികച്ച പിന്തുണയാണ് കെഎഫ്‌സി ഉറപ്പാക്കുന്നത്. എന്നാൽ, അതുമാത്രം പോര. കൂടുതൽ സ്റ്റാർട്ടപ്പുകൾക്കുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിലുണ്ട്. അതിനുതകുന്ന നിലയിലുള്ള നയപരിപാടി കെഎഫ്‌സിക്കും ആവശ്യമാണ്. കമ്പനിയുടെ വായ്പാ പോർട്ട്ഫോളിയോയിലെ മുഖ്യഘടകങ്ങളിൽ ഒന്നായി സ്റ്റാർട്ടപ്പ് വായ്പാ ഘടകത്തെ മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ.
കെഎഫ്‌സിയെ ഈ ചുമതല ഏല്പിക്കുന്നതിൽ സർക്കാരിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. കേരളത്തിലെ പ്രധാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായി കമ്പനിയെ മെച്ചപ്പെടുത്തിക്കൊണ്ടാണ് ഇത്തരം ചുമതലകളും ഏല്പിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനമായി കെഎഫ്‌സി മാറിക്കഴിഞ്ഞു. കമ്പനിയുടെ സാമ്പത്തിക പിന്തുണയോടെ ഒട്ടേറെ സ്ഥാപനങ്ങൾ സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനകരമാണ്. ഇവയിൽ 700 ‑800 കോടി വിറ്റുവരവുള്ള വ്യവസായ സ്ഥാപനങ്ങളുമുണ്ടെന്നത് ശ്രദ്ധിക്കപ്പെടാത്ത കാര്യമാണ്.
കെഎഫ്‌സിയെ നിക്ഷേപക സൗഹൃദമാക്കാൻ ഈ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. കടുത്ത സാമ്പത്തിക പ്രയാസം അഭിമുഖീകരിക്കുമ്പോഴും കമ്പനിയുടെ മൂലധന നിക്ഷേപം 50 കോടിയിൽ നിന്ന് 300 കോടിയിലേക്ക് ഉയർത്തി. സംസ്ഥാന സർക്കാരിന്റെ ഏജൻസി സ്ഥാപനമായി പ്രഖ്യാപിച്ചു. പണവിപണിയിൽ ‘എഎ’ എന്ന ഉയർന്ന റേറ്റിങ്ങുള്ള സ്ഥാപനമായി കെഎഫ്‌സി മാറി. സ്ഥാപനത്തിന്റെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് അത് വലിയ സഹായമായി. വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുക വഴി സംരംഭകർക്കും ആശ്വാസം ഉറപ്പാക്കാനായി. പൊതുമേഖലാ ബാങ്കുകളെക്കാൾ കുറഞ്ഞ നിരക്കിലുള്ള സംരംഭക വായ്പകൾ നൽകാനാകുന്നു. 50 കോടി രൂപ വരെയാണ് സംരംഭക വായ്പ ലഭ്യമാക്കുന്നത്. നിലവിൽ 7,368 കോടി രൂപ ഇത്തരത്തിൽ വിതരണം ചെയ്തിട്ടുണ്ട്.
ഉല്പാദന മേഖലയിലടക്കം നിരവധി വ്യവസായങ്ങൾ കേരളത്തിൽ പുതുതായി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷവും സമാധാനവും ഐടി മേഖലയിലെയും മറ്റും നിരവധി കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കുന്നുണ്ട്. നമ്മുടെ ഗ്രാമങ്ങളെപ്പോലും തങ്ങളുടെ പ്രവർത്തന കേന്ദ്രങ്ങളാക്കാൻ ബഹുരാഷ്ട്ര കമ്പനികൾ തയ്യാറാകുന്നു. അതിനുദാഹരണമാണ് സോഹോ കോർപറേഷൻ അവരുടെ ആർ ആന്റ് ഡി സെന്റർ കൊട്ടാരക്കര ഐഎച്ച്ആർഡി കാമ്പസിൽ തുറന്നത്. തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം തൊഴിൽദാതാക്കളായി പഠിതാക്കളെ പരിവർത്തനപ്പെടുത്തലും സെന്ററിന്റെ പ്രവർത്തന ലക്ഷ്യത്തിൽപ്പെടുന്നു.
തമിഴ്‌നാട്ടിലും അമേരിക്കയടക്കം വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന സോഹോ കോർപറേഷൻ നാട്ടിൻപുറത്തെ സ്കൂൾ വിദ്യാർത്ഥികൾ മുതലുള്ളവർക്ക് പരിശീലനത്തിലൂടെ തൊഴിൽ വൈദഗ്ധ്യം-അവസരങ്ങൾ ഉറപ്പാക്കുക എന്നതിന് ഊന്നൽ നൽകുന്നു. പഠനവും തൊഴിലും സമന്വയിപ്പിക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഐടി, സേവന മേഖലകൾക്ക് ഊന്നൽ നൽകുന്ന അവരുടെ വിശാല കാമ്പസ് നെടുവത്തൂർ പഞ്ചായത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികളും തുടങ്ങി. ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസിന്റെ കേരളത്തിലെ ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങിയത് കൊട്ടാരക്കര മണ്ഡലത്തിലെ കുളക്കട പഞ്ചായത്തിലാണ്. കുളക്കടയിൽ അസാപ് പാർക്കിലാണ് കമ്പനിയുടെ ഐടി സംരംഭം ആരംഭിച്ചത്. അമേരിക്കൻ സ്ഥാപനങ്ങളുടെ അക്കൗണ്ടിങ് ജോലികൾ ഏറ്റെടുക്കുന്ന എൻറോൾഡ് ഏജന്റുമാരുടെ ഒരു കേന്ദ്രമാണ് ജിആർ 8 അഫിനിറ്റി ഇവിടെ തുറന്നത്.
കേരളത്തിലെ അനന്ത സാധ്യതകളിലേക്കാണ് ഇത്തരം സംരംഭങ്ങൾ വിരൽ ചൂണ്ടുന്നത്. നവസംരംഭകരെ പ്രോത്സാഹിപ്പിക്കൽ, വ്യവസായങ്ങളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യൽ, പുതിയ സാങ്കേതികവിദ്യകളുടെ ഗുണഫലം ആദ്യംതന്നെ ഉപയോഗപ്പെടുത്തൽ തുടങ്ങി വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ ദൃഢീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. പുതിയ തലമുറയ്ക്ക് അവരുടെ ആശയങ്ങൾ കേരളത്തിൽതന്നെ നടപ്പാക്കാനാവും വിധമുള്ള സ്റ്റാർട്ടപ്പ് എക്കോസിസ്റ്റവും ഇതിനൊപ്പം രൂപപ്പെടുത്തിയിട്ടുണ്ട്. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.