ഭഗത്‌സിങ്ങിന്റെ സാര്‍വദേശീയ കാഴ്ചപ്പാടുകളെ വേണ്ടവിധം പരിഗണിക്കാതെ ഭഗത്‌സിങ്ങിനെയും മറ്റു വിപ്ലവകാരികളെയും ദേശീയവാദികളും ഭീകരവാദികളുമായി കാണാനാഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അസാമാന്യമായ ധീരതകൊണ്ട് ജനഹൃദയങ്ങളില്‍ ഇതിഹാസ പുരുഷനായി മാറിയ ഭഗത്‌സിങ്ങിനെ തങ്ങളുടെ ഭാഗത്തോടു ചേര്‍ത്തുനിര്‍ത്തി പറയാന്‍ കൊതിക്കുന്ന ചില ഫാസിസ്റ്റ് ശക്തികള്‍ തന്നെയാണ് ഇതിനു പിന്നില്‍. ദേശീയ വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രം തങ്ങളുടെ താല്പര്യങ്ങള്‍ക്ക് അനുകൂലമായി ചിത്രീകരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഭഗത്‌സിങ്ങിനെയും ചന്ദ്രശേഖര്‍ ആസാദിനെയുമൊക്കെ രക്തച്ചൊരിച്ചിലിലും കവര്‍ച്ചയിലുമൊക്കെ ഏര്‍പ്പെട്ടിരുന്ന ഭീകരവാദികളായി ചിത്രീകരിക്കാനാഗ്രഹിക്കുന്നവരെയും ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ കാണാം. ഇന്ത്യന്‍ വിപ്ലവകാരികളുടെയും രക്തസാക്ഷികളുടെയും പ്രതിഛായ ബോധപൂര്‍വം വികലപ്പെടുത്താനാഗ്രഹിക്കുന്നവരാണ് ഇവര്‍. എന്നാല്‍ വിപ്ലവ സങ്കല്പങ്ങളെ വികലമായി കാണാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്ന ചില അടിസ്ഥാന ഘടകങ്ങള്‍ ഇന്ത്യയിലെ ആദ്യകാല വിപ്ലവകാരികളില്‍ നിന്നുതന്നെ ഉണ്ടായിട്ടുമുണ്ട്. ഇന്ത്യ ഒരു ഹിന്ദുരാജ്യമാണെന്നും മറ്റുള്ളവരെല്ലാം ബ്രിട്ടീഷുകാരെപ്പോലെ ആട്ടിയോടിക്കപ്പെടേണ്ടവരാണെന്നും വിശ്വസിച്ച് ദേശീയവാദത്തിലധിഷ്ഠിതമായ വീരകൃത്യങ്ങള്‍ക്ക് അവര്‍ പ്രാമുഖ്യം നല്കി. രക്തസാക്ഷി ചരിതങ്ങള്‍ക്ക് അതിമാനുഷിക പരിവേഷവും അതിശയോക്തി കലര്‍ന്ന കഥകളും മെനഞ്ഞെടുത്തവരാണ് അവര്‍. എന്നാല്‍ 1931 മാര്‍ച്ച് 23ന് ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്ന ഭഗത്‌സിങ്ങിന്റെയും സുഖ്ദേവിന്റെയും രാജ്‌ഗുരുവിന്റെയും സ്ഥാനം എവിടെയാണ്? തല്പരകക്ഷികളുടെ ചിന്താഗതിയുടെ ചട്ടക്കൂടില്‍ ഇവരെ ഒതുക്കി നിര്‍ത്താനാവുമോ? മതത്തെ ദേശീയതയുമായി കൂട്ടിച്ചേര്‍ത്ത് ഇവരുടെ സമരപോരാട്ടങ്ങളെ ചിത്രീകരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ വിലപ്പോവുമോ? ഇല്ല എന്നതിലുപരി, ദേശീയ വിപ്ലവകാരികള്‍ എന്നതിനുമപ്പുറം എത്രയൊ മഹത്തായ സാര്‍വദേശീയ കാഴ്ചപ്പാടു പുലര്‍ത്തിയവരാണ് ഭഗത്‌സിങ്ങും മറ്റും വിപ്ലവകാരികളും എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ത്യന്‍ യുവത്വത്തിന് എന്നും ആവേശം ആവോളം വാരിവിതറുന്ന ഒരു ധീരവിപ്ലവകാരിയാണ് ഭഗത്‌സിങ് എന്നതില്‍ ആര്‍ക്കും ഒരു സംശയവുമില്ല. തീര്‍ച്ചയായും ഭഗത്‌സിങ് ഇന്ത്യയുടെ ഏറ്റവും മഹാനായ വിപ്ലവകാരിയും സ്വാതന്ത്ര്യസമരസേനാനിയുമാണ്. അതിനുമപ്പുറം ഇന്ത്യയുടെ ആദ്യകാല മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര ചിന്തകരില്‍ പ്രമുഖനുമാണ്. പക്ഷെ, ഇത് ബോധപൂര്‍വം മറച്ചുവച്ചുകൊണ്ട്, കമ്മ്യൂണിസ്റ്റ് വിരോധികളായ പലരും പ്രത്യേകിച്ചും വര്‍ഗീയവാദികള്‍, ഭഗത്‌സിങ്ങിന്റെയും മറ്റ് ഉശിരന്മാരായ ധീരസഖാക്കളുടെയും ത്യാഗോജ്ജ്വല പോരാട്ടങ്ങളെ തങ്ങളുടെ താല്പര്യങ്ങള്‍ക്കായി വളച്ചൊടിക്കുന്നു. ഭഗത്‌സിങ് തൂക്കിലേറ്റപ്പെടുമ്പോള്‍ വെറും ഇരുപത്തിമൂന്ന് വയസ് മാത്രമാണ് പ്രായം. എന്നാല്‍ ഈ പ്രായത്തില്‍ എത്തുംമുമ്പു ചെറുപ്പത്തില്‍ത്തന്നെ ഇരുത്തം വന്ന ഒരു വിപ്ലവകാരിയും സോഷ്യലിസത്തിലും കമ്മ്യൂണിസത്തിലും അഗാധമായ അറിവും നിരീക്ഷണപാടവവുമുള്ള ദാര്‍ശനികനുമായി അദ്ദേഹം മാറിയിരുന്നു. മറ്റുപലരെയും പോലെ ഗാന്ധിയന്‍ ചിന്താഗതിയില്‍ നിന്നും ദേശീയ ഭീകര വിപ്ലവപാതയിലെത്തിയ സമരഭടനാണ് ഭഗത്‌സിങ്. പക്ഷെ, വ്യക്തിഗത ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും വളരെ വേഗം മാര്‍ക്സിയന്‍ ചിന്താധാരയിലേക്ക് ഭഗത്‌സിങ്ങും കൂട്ടരും എത്തി. ഇതില്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് റഷ്യയിലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും ലെനിന്റെ പ്രായോഗിക സിദ്ധാന്തങ്ങളുമായിരുന്നു. 1925 മുതല്‍ 1928 വരെയുള്ള വേളയില്‍ റഷ്യന്‍ വിപ്ലവത്തെയും സോവിയറ്റ് യൂണിയനെയും കുറിച്ചുള്ള ഒട്ടേറെ ലേഖനങ്ങളും ഗ്രന്ഥങ്ങളും അദ്ദേഹം വായിച്ചു മനസിലാക്കി. സമചിത്തതയോടെ അറിവിനെ സ്വായത്തമാക്കാനുള്ള അദ്ദേഹത്തിന്റെ ഔത്സുക്യം ഇന്ത്യയിലെ പില്‍ക്കാല വിപ്ലവകാരികള്‍ക്ക് ഒരു മാതൃകയായി. ഭഗത്‌സിങ്ങിന്റെയും കൂട്ടരുടെയും വിപ്ലവ സംഘടനയുടെ പേര് ‘ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍’ എന്നതില്‍ നിന്നും ‘ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍’ എന്നാക്കി മാറ്റിയതില്‍ നിന്നും അദ്ദേഹത്തിന്റെ വീക്ഷണത്തിലുണ്ടായ മാറ്റം വ്യക്തമാണ്. ലാഹോര്‍ ഗൂഢാലോചനക്കേസില്‍ ഹെെക്കോടതി മുമ്പാകെ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്- ‘ചിന്തയുടെ ഉരകല്ലിലാണ് വിപ്ലവത്തിന്റെ വാളിനു മൂര്‍ച്ച വയ്ക്കുന്നത്.’ സങ്കുചിത ദേശീയവാദത്തില്‍ നിന്നും സാര്‍വദേശീയ സോഷ്യലിസ്റ്റ് ചിന്താഗതിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പ്രത്യയശാസ്ത്രപരമായ വശങ്ങള്‍ മറ്റു സഖാക്കളിലേക്കും എത്തിക്കുന്നതിന് ഭഗത്‌സിങ് പ്രത്യേക ശ്രദ്ധ പുലര്‍ത്തി.
സോവിയറ്റ് യൂണിയന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകമാത്രമല്ല, തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ പ്രസക്തിയും സാര്‍വദേശീയ കാഴ്ചപ്പാടും സ്വീകരിക്കുകയുമായിരുന്നു ഭഗത്‌സിങ്ങും മറ്റ് സമരസഖാക്കളും. ഭഗത്‌സിങ് മുന്നോട്ടുവച്ച മൂന്ന് മുദ്രാവാക്യങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. “വിപ്ലവം നീണാള്‍ വാഴട്ടെ”, “തൊഴിലാളിവര്‍ഗം നീണാള്‍ വാഴട്ടെ”, “സാമ്രാജ്യത്വം തുലയട്ടെ” എന്നിവയാണ് ഈ മൂന്ന് മുദ്രാവാക്യങ്ങള്‍. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തോടെ എല്ലാം നേടിയെന്നു പറയാനാവില്ലെന്നും രാജ്യത്തിന്റെ സാമൂഹിക‑സാമ്പത്തിക ഘടനയിലെ മൗലിക മാറ്റം അനിവാര്യമാണെന്നും തുറന്നു കാട്ടുന്ന കാഴ്ചപ്പാടാണ് ‘വിപ്ലവം നീണാള്‍ വാഴട്ടെ’ എന്നതിലൂടെ വ്യക്തമാവുന്നത്. മനുഷ്യനെ മനുഷ്യനും ഒരു രാജ്യത്തെ മറ്റൊരു രാജ്യവും ചൂഷണം ചെയ്യുന്നത് അവസാനിക്കണം. അതുവരെയും സമരം അനിവാര്യമാണ്. മാറ്റത്തിന്റെയും പുരോഗതിയുടെയും ചാലകശക്തി തൊഴിലാളിവര്‍ഗമാണെന്നുള്ള കാഴ്ചപ്പാടിനെ വിളിച്ചോതുന്നതാണ് ‘തൊഴിലാളിവര്‍ഗം നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യം. ഒരു രാജ്യവും മറ്റൊരു രാജ്യത്തിന് അടിമയാവാന്‍ പാടില്ല എന്ന അതിമഹത്തായ കാഴ്ചപ്പാടിനെ പ്രതിനിധാനം ചെയ്യുന്നതാണ് ‘സാമ്രാജ്യത്വം തുലയട്ടെ’ എന്ന മൂന്നാമത്തെ മുദ്രാവാക്യം. അസമത്വവും ചൂഷണവും അവസാനിപ്പിക്കാന്‍ ഒരു അടിമ രാജ്യത്തിനാവില്ല. സമത്വവും സാഹോദര്യവും സോഷ്യലിസവും ഒരു അടിമ രാജ്യത്തിനു നേടിയെടുക്കാനാവില്ല. സാമ്രാജ്യത്വരാജ്യത്തിന്റെ ദാസ്യപ്പണി ചെയ്യുന്ന ഒരു രാജ്യത്തിനും യഥാര്‍ത്ഥ വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാനുമാവില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍ കീഴില്‍ സമ്പത്തു മുഴുവന്‍ കൊള്ളയടിക്കപ്പെട്ട അടിമ രാജ്യത്തിന്റെ അവസ്ഥയില്‍ ഇന്ത്യ വീര്‍പ്പുമുട്ടുമ്പോഴാണ് ഭഗത്‌സിങ്ങ് ഈ മുദ്രാവാക്യം ഉയര്‍ത്തുന്നത്. എന്നാല്‍ ‘ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ’ എന്നല്ല ഭഗത്‌സിങ് പറഞ്ഞത്. സാര്‍വദേശീയ കാഴ്ചപ്പാടോടെ, ലോകത്തൊരിടത്തും സാമ്രാജ്യത്വത്തിന്‍ കീഴില്‍ ഒരു രാജ്യവും അടിമപ്പണി ചെയ്യേണ്ടിവരരുതെന്നാണ് അദ്ദേഹം ദര്‍ശിച്ചത്. അതായത്, സങ്കുചിത ദേശീയവാദത്തിനപ്പുറം മാനവരാശിയുടെയാകെ സ്വാതന്ത്ര്യവും പുരോഗതിയുമാണ് ഭഗത്‌സിങ് മുന്നോട്ടുവച്ചതെന്നര്‍ത്ഥം. ഇത്രയും ചെറുപ്രായത്തില്‍ ഒരു വിപ്ലവകാരിക്ക് ഇത്രയും വിപുലമായ ചിന്താഗതിയും അറിവും നേടിയെടുക്കാനാവുമോ എന്ന് ന്യായമായും ആര്‍ക്കും തോന്നാവുന്നതാണ്. ലാലാലജ്‌പത് റായിയുടെ വധത്തിനു പ്രതികാരമായി ബ്രിട്ടീഷ് സൈനിക ഓഫീസറായ സാന്റേഴ്‌സിനെ വധിക്കുകയും അസംബ്ലിയില്‍ ബോംബെറിഞ്ഞു വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത ധീരവിപ്ലവകാരിയും സ്വാതന്ത്ര്യ സമരസേനാനിയുമായിട്ടാണ് സാമാന്യജനം ഭഗത്‌സിങ്ങിനെ കാണുന്നത്. എന്നാല്‍ കാലദേശങ്ങള്‍ക്കതീതമായ ഭഗത്‌സിങ്ങിന്റെ വിശാല വീക്ഷണം ഒരു മഹാവിപ്ലവകാരിയുടെ സാര്‍വദേശീയ കാഴ്ചപ്പാട് എത്രമഹത്തരമാണെന്ന് വ്യക്തമാക്കുന്നു. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പുവരെയും ഭഗത്‌സിങ് വായിച്ചത് ലെനിന്റെ ജീവചരിത്രമാണ്. അന്ത്യാഭിലാഷം എന്താണെന്നു ചോദിച്ചപ്പോള്‍, മരിക്കും മുമ്പ് ഇതൊന്നു വായിച്ചു തീര്‍ക്കണം എന്നാണ് പറഞ്ഞത്. ആര്‍ത്തിയോടെ ജയിലില്‍ വച്ച് മാര്‍ക്സിയന്‍ ഗ്രന്ഥങ്ങള്‍ വായിച്ചു തീര്‍ക്കുന്നതിനിടയില്‍ ഭഗത്‌സിങ് നാല് ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. ‘സോഷ്യലിസത്തിന്റെ ആശയം’, ‘ആത്മകഥ’, ‘ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രം’, ‘മരണത്തിന്റെ പടിവാതില്‍ക്കല്‍’ എന്നിവയാണ് ഇവ. എന്നാല്‍ ഈ നാല് ഗ്രന്ഥങ്ങളുടെയും കയ്യെഴുത്തു പ്രതികള്‍ ഭഗത്‌സിങ് വിജയകരമായി ജയിലില്‍ നിന്നും ജലന്തറില്‍ എത്തിച്ചെങ്കിലും പ്രസിദ്ധീകരിക്കാനായില്ല. 1942 ലെ ക്വിറ്റിന്ത്യാ സമരത്തെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട അക്രമ ഭയത്താല്‍ ഭഗത്‌സിങ്ങിന്റെ സുഹൃത്ത് വിജയകുമാര്‍ സിങ് ബ്രിട്ടീഷുകാര്‍ അവ കൈവശപ്പെടുത്തും മുമ്പ് നശിപ്പിച്ചുകളഞ്ഞു. ഇവ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ ഭഗത്‌സിങ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മഹാനായ വിപ്ലവകാരിയെ, അത്യപൂര്‍വമായ മാര്‍ക്സിയന്‍ ദാര്‍ശനികതലങ്ങളില്‍ വായിക്കാന്‍ കഴിയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.